January 18, 2025 |

‘ആ ഓട്ടത്തിനിടയില്‍ ഒരു നിമിഷം ഞാന്‍ രോഹിത് ഭായിയെ നോക്കി, അദ്ദേഹം എന്നെയും’

ലോക കിരീടത്തോളം വിലയുള്ള ആ ക്യാച്ചിനെ കുറിച്ച് സൂര്യകുമാര്‍ യാദവ്

അതിര്‍ത്തി വരയിലെ ആ മായാജാലത്തിലൂടെ സൂര്യ കൈപ്പിടിയിലൊതുക്കിയത് നൂറ്റമ്പത് കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്നു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആകാശത്തോളം തെളിമയുള്ള അധ്യായമായി ഫൈനല്‍ മത്സരത്തിലെ ആ ക്യാച്ച് മാറപ്പെടും; അതിലൂടെ ഇന്ത്യയുടെ ‘സ്‌കൈ’ ആയ സൂര്യകുമാര്‍ യാദവും.

ട്വന്റി-20 ക്രിക്കറ്റ് ലോക കിരീടവും ആ ക്യാച്ചും ഒരു സ്വപ്‌നം പോലെയാണ് സൂര്യയ്ക്ക് ഇപ്പോഴും. ശരിക്കും ഉറങ്ങാന്‍ പോലും കഴിയാതെ, നടന്നത് യാഥാര്‍ത്ഥ്യമോ അതോ താന്‍ കണ്ട സ്വപ്‌നമോ എന്നറിയാത്ത അവസ്ഥയിലാണെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് പറയുന്നത്.

ഇതുവരെ ഒരു വിജയത്തിലും തനിക്ക് ലഭിക്കാത്തയത്ര പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു. ‘ ഞാനെന്റെ ഫോണില്‍ നോക്കുമ്പോള്‍, 1014 വാട്‌സ് ആപ്പ് മെസേജുകള്‍. ഇന്നുവരെ എനിക്കിത്രയും മെസേജുകള്‍ കിട്ടിയിട്ടില്ല, ഏത് ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടും. പലപല ആളുകളില്‍ നിന്നാണ് മെസേജുകള്‍ വരുന്നത്. ഹൃദയത്തില്‍ തട്ടുന്ന വീഡിയോയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ അയച്ചത്’; സൂര്യ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ഫൈനലിന് ശേഷം ഡ്രസ്സിംഗ് റൂം ആഘോഷത്തിലായിരുന്നുവെന്നും ഒരാളുടെ പോലും കാലുകള്‍ വിശ്രമിച്ചിരുന്നില്ലെന്നും സൂര്യ പറയുന്നു. എല്ലാവരും ആഹ്ലാദനൃത്തം വയ്ക്കുകയായിരുന്നു, എന്നാല്‍ എല്ലാവരും തന്നെ ശരിക്കും ക്ഷീണിതരുമായിരുന്നു, എവിടെയെങ്കിലും വിശ്രമിക്കാന്‍ തക്ക ക്ഷീണമുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നാണ് അദ്ദേഹം പറയുന്നത്.’ ഇത്തരമൊരു നിമിഷം ഇനിയുണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയമായിരുന്നു, കാരണം ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുള്ള ഏതാനും മുതിര്‍ന്ന താരങ്ങള്‍ ഇനി ട്വന്റി-20യില്‍ ഇന്ത്യക്കായി കളിക്കില്ല, അവര്‍ ഞങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമില്‍ ഉണ്ടാകില്ല’ അതുകൊണ്ട് ക്ഷീണം പോലും മറന്ന് ഓരോരുത്തരും ആഘോഷിക്കുകയായിരുന്നുവെന്നാണ് സൂര്യ പറയുന്നത്.

ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഞങ്ങളൊരു തീരുമാനം എടുത്തിരുന്നു, ഈ ടൂര്‍ണമെന്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് സംസാരിക്കില്ല, സൂപ്പര്‍ എട്ടില്‍ കടക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല, അതുപോലെ ഫൈനലിനെ കുറിച്ചും, എന്താണ് നമ്മള്‍ ചെയ്യുന്നത് അതില്‍ മാത്രമായിരിക്കണം മനസ് എന്നായിരുന്നു തീരുമാനിച്ചത്’ സൂര്യയുടെ വാക്കുകള്‍.

surya kumar yadav t20 worldcup catch

ഒരിന്ത്യന്‍ ക്രിക്കറ്റ പ്രേമിയും ഒരിക്കലും മറക്കാത്ത ആ ക്യാച്ചിനെക്കുറിച്ച് സൂര്യകുമാര്‍ യാദവ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് മനസ് തുറക്കുന്നുണ്ട്.

‘ ഫീല്‍ഡിംഗ് കോച്ച് ദിലീപ് സര്‍(ടി ദിലീപ്) ആവശ്യപ്പെട്ടിരുന്നത് സൂര്യയും വിരാടും അക്‌സറും ജഡേജയും ഹോട് സ്‌പോട്ട് ഏരിയകളില്‍ തന്നെ ഫീല്‍ഡ് ചെയ്യണമെന്നായിരുന്നു. അതായത് പന്ത് അതിര്‍ത്തി കടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍. ഞാനെടുത്ത ആ ക്യാച്ച്, മുന്‍പ് പല ഗ്രൗണ്ടുകളിലും പരിശീലിച്ചിട്ടുണ്ട്, കാറ്റിന്റെ വിവിധ ഗതിക്കനുസരിച്ചായിരുന്നു പരിശീലനം. രോഹിത് ഭായിയും ഹര്‍ദികും ചേര്‍ന്ന് തീരുമാനമെടുത്തത് ഒരു വൈഡ് യോര്‍ക്കര്‍ എറിയാനായിരുന്നു, അതിനനുസരിച്ച് കുറച്ച് അകന്നായിരുന്നു ഞാന്‍ നിലയുറപ്പിച്ചിരുന്നത്. മില്ലര്‍ ആ ബോള്‍ നേരെയടിച്ചു പൊക്കി. എന്ത് വന്നാലും ആ ബോള്‍ ഞാന്‍ പിടിക്കുമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. സാധരാണ രോഹിത് ഭായ് ലോംഗ് ഓണില്‍ വരാറില്ല, പക്ഷേ, ആ സമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നു. ബോള്‍ എന്റെ നേര്‍ക്ക് വരുന്നതിനിടയില്‍ ഒരു നിമിഷം ഞാന്‍ രോഹിത് ഭായിയെ നോക്കി, അദ്ദേഹം എന്നെയും. ഞാനോടി, ക്യാച്ച് എടുക്കണമെന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. രോഹിത് ഭായ് എന്റെ അടുത്ത് ഉണ്ടെങ്കില്‍ പന്ത് പിടിച്ചശേഷം അദ്ദേഹത്തിന് എറിഞ്ഞു കൊടുക്കാമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ, അദ്ദേഹം അത്ര അടുത്തായിരുന്നില്ല. അടുത്ത നാലോ അഞ്ചോ സെക്കന്‍ഡിനുള്ളില്‍ എന്തൊക്കയോ സംഭവിച്ചു, എനിക്കത് വിവരിക്കാനറിയില്ല. എനിക്ക് കിട്ടുന്ന പ്രതികരണങ്ങളെക്കുറിച്ച് എന്ത് പറയണമെന്നറിയില്ല, ആളുകള്‍ എന്നെ വിളിക്കുകയും മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയുമാണ്. ആയിരത്തോളം മെസേജുകള്‍ വായിക്കാത്തതായി ഇപ്പോഴും എന്റെ ഫോണിലുണ്ട്. ആ ക്യാച്ചാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ആ മത്സരത്തിന്റെ അഞ്ചു സെക്കന്‍ഡില്‍ ഞാനവിടെ ഉണ്ടായിരുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’- സൂര്യയുടെ വാക്കുകള്‍.

Post Thumbnail
ടി20 അധിപരാകുന്ന ടീം ഇന്ത്യവായിക്കുക

ബൗണ്ടിറക്കപ്പുറത്ത് നിന്ന് പുറത്തേക്കിട്ട ബോള്‍ വീണ്ടും പിടിക്കുമ്പോള്‍, അതിര്‍ത്തി തിരിച്ചിരുന്ന കയറില്‍ തൊട്ടിട്ടില്ലെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നുവെന്നും സൂര്യ പറയുന്നു. കാല് ബൗണ്ടിറി ലൈനില്‍ മുട്ടരുതെന്ന കാര്യത്തില്‍ മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. ഔട്ടായൊരു ക്യാച്ച് തന്നെയാണെന്ന് എനിക്കുറപ്പായിരുന്നു. എന്തും സംഭവിക്കാമായിരുന്നു, ആ പന്ത് സിക്‌സ് പോകുമായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചു പന്തുകളില്‍ പത്ത് റണ്‍സ് എന്ന നിലയിലേക്ക് കളി മാറുമായിരുന്നു. നമ്മള്‍ തന്നെ ജയിക്കുമായിരുന്നു, പക്ഷേ വിജയലക്ഷ്യം മാറുമായിരുന്നു’.

വര്‍ഷങ്ങളായി തുടരുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഫൈനലിലെ ക്യാച്ച് എന്നാണ് സൂര്യ പറയുന്നത്. ഫൈനല്‍ മത്സരത്തിന്റെ തലേന്നും പത്തു പന്ത്രണ്ട് മിനിട്ട് നീളുന്നൊരു ക്വാളിറ്റി ഫീല്‍ഡിംഗ് സെഷന്‍ നടത്തിയിരുന്നു. പത്തിനു മുകളില്‍ തവണ ഉയര്‍ത്തിയടിച്ചുള്ള പന്ത് കൈപ്പിടിയില്‍ ഒതുക്കി പരിശീലിച്ചു. കൂടാതെ ഫ്‌ളാറ്റ് ക്യാച്ചുകള്‍, ഡയറക്ട് ഹിറ്റ്, സ്ലിപ്പ് ക്യാച്ച് എന്നിവയൊക്കെ പരിശീലിച്ചു. ഒരു ദിവസം നീളുന്ന പരിശീലനമൊന്നുമായിരുന്നില്ല. ഇത്തരം ക്യാച്ചുകളെടുക്കാന്‍ ഐപിഎല്ലിലും, ദ്വിരാഷ്ട്ര ടൂര്‍ണമെന്റുകളിലുമെല്ലാം ഞാന്‍ ശ്രമിച്ചിരുന്നു. വര്‍ഷങ്ങളായി ചെയ്തുവന്ന കഠിനാദ്ധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഫൈനലിലെ ക്യാച്ച്’ സൂര്യ പറയുന്നു.

ഇപ്പോള്‍ ടീമില്‍ ഫീല്‍ഡിംഗ് മെഡല്‍ നല്‍കാറുണ്ട്. ആ മെഡല്‍ കിട്ടുകയെന്നത് ഓരോരുത്തര്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കുകയാണ്. ഗ്രൗണ്ടില്‍ കുറച്ചധികമായി എന്തെങ്കിലും ചെയ്യാന്‍ നമ്മളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗില്‍ വന്ന വ്യത്യാസത്തെക്കുറിച്ച് സൂര്യ പറയുന്നു.

ഫിറ്റ്‌നസില്‍ വരുത്തിയ മാറ്റങ്ങളും തന്നെ ആ ക്യാച്ച് എടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് വരെ ഞാന്‍ 93 കിലോയുണ്ടായിരുന്നു. ലോക്കല്‍ ഫുഡ് ധാരാളം കഴിക്കുമായിരുന്നു. ഇതിനിടയില്‍ എനിക്ക് പരിക്കേറ്റു. കൂടാതെ ഹെര്‍ണിയയുടെ ഓപ്പേറഷനും നടന്നു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. അവധി ദിവസങ്ങളില്‍ വീട്ടില്‍ പോകുന്നത് ഞാനൊഴിവാക്കി, കാരണം തിങ്കളാഴ്ച്ച രാവിലെ എന്റെ സെഷന്‍ ആയിരിക്കും, അതുകൊണ്ട് സമയം വെറുതെ കളയണ്ടായെന്നു തീരുമാനിച്ചു. ഷെഫ് ഉണ്ടാക്കുന്ന ആഹാരം മാത്രം കൃത്യമായി കഴിക്കാന്‍ തുടങ്ങി. രാത്രിയില്‍ കൃത്യം 10 മണിക്ക് ഉറങ്ങും. പുലര്‍ച്ചെ എഴുന്നേല്‍ക്കും. ഓരോ ആഴ്ച്ചയിലേക്കുമുള്ള ആഹാര ക്രമം ഷെഫിന്റെയും പോഷകാഹാര വിദഗ്ധന്റെയും സഹായത്തോടെ തീരുമാനിക്കും. എന്റെ ആരോഗ്യകാര്യത്തിനു വേണ്ടി ഒരു സംഘം പ്രവര്‍ത്തിച്ചു, എന്റെ ഭാര്യയുള്‍പ്പെടെ. അവര്‍ തീരുമാനിക്കുന്നത് ഞാന്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. അതാണെന്നെ ഇവിടെ വരെ എത്തിച്ചത്’ സൂര്യ പറയുന്നു. സൂര്യകുമാര്‍ യാദവുമായുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാംSuryaKumar yadav reveals about the magical catch t20 world cup final match

Content Summary; Suryakumar yadav reveals about the magical catch t20 world cup final match

×