June 16, 2025 |
Share on

നയിക്കാന്‍ പാണ്ഡ്യയല്ല, സൂര്യകുമാര്‍; പന്തും പരാഗും സഞ്ജുവിന്റെ വഴി മുടക്കുമോ?

ശ്രദ്ധേയമായ മറ്റൊരു തീരുമാനം ശ്രേയസ് അയ്യരുടെ കാര്യത്തിലാണ്

അപ്രതീക്ഷിതമായ ചില മാറ്റങ്ങളാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍. മൂന്നു മത്സരങ്ങള്‍ വീതമുള്ള ഏകദിന-ട്വന്റി 20 പരമ്പരകളാണ് അടുത്തമാസം ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.

ഇന്ത്യ കിരീടം ചൂടിയ ട്വന്റി-20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവ് ആയിരിക്കും ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മ ടി20 യില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ഉപനായകനായ പാണ്ഡ്യ നായക സ്ഥാനത്തേക്ക് വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്ലാന്‍ വിശദമാക്കാന്‍ സിലക്ഷന്‍ കമ്മിറ്റി ഹര്‍ദിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷകന്‍ കമ്മിറ്റി ബിസിസിഐയുമായുള്ള കൂടിയാലോചനയ്‌ക്കൊടുവില്‍ സൂര്യകുമാര്‍ യാദവിനെ ട്വന്റി 20യില്‍ നായക സ്ഥാനത്തേക്ക് തീരുമാനിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനായി മാത്രമാകില്ല സൂര്യയുടെ തെരഞ്ഞെടുപ്പ്. ക്യാപ്റ്റന്റെ തൊപ്പി സൂര്യയുടെ തലയില്‍ സ്ഥിരമായി വച്ചുകൊടുക്കാനാണ് സിലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ അത് ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടനം പോലെയിരിക്കും, ടീമിന്റെയും ഒപ്പം സൂര്യയുടെയും. അതുകൊണ്ട് ശ്രീലങ്കന്‍ മണ്ണിലായിരിക്കും സൂര്യയുടെ ഭാവി തീരുമാനിക്കപ്പെടുക.

2026 ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായും സൂര്യയെ സിലക്ടര്‍മാര്‍ കാണുന്നുണ്ട്. എന്നാല്‍ അതെല്ലാം സൂര്യയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും. പ്രതീക്ഷകള്‍ സഫലമാക്കുന്നില്ലെങ്കില്‍, പകരക്കാരനെ തിരയുമെന്ന മുന്നറിയിപ്പ് ബിസിസിഐ നല്‍കിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യയെ എന്തുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതിന് വ്യക്തമായ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് തടസമായിരിക്കുന്നതെന്നാണ് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്.

ട്വന്റി-20 യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏകദിന മത്സരങ്ങള്‍ കളിക്കും.  രോഹിത് തന്നെയാകും ഏകദിന ടീമിനെ നയിക്കുക. ഹര്‍ദിക് പാണ്ഡ്യ ട്വന്റി 20 പരമ്പരയ്ക്കുണ്ടാകുമെങ്കിലും ഏകദിനത്തില്‍ കളിക്കില്ല. അതുപോലെ ജസ്പ്രീത് ബുമ്രയെ പര്യടനത്തില്‍ നിന്നും ഒഴിവാക്കി. ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഋഷഭ് പന്ത് രണ്ട് ടീമിലും ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ റിയാന്‍ പരാഗിനെ ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടുണ്ട്. മധ്യനിരയിലേക്കാണ് പരാഗിന് സീറ്റ് കൊടുത്തിരിക്കുന്നത്. പന്തും പരാഗും സ്ഥാനം പിടിക്കുകയാണെങ്കില്‍ സഞ്ജു സാംസന്റെ കാര്യം സംശയത്തിലാകും. സഞ്ജുവിനെ ട്വന്റി-20യിലേക്ക് മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. മധ്യനിരയിലേക്ക് പുതിയ മുഖങ്ങളെ തേടുകയാണ് ബോര്‍ഡ്. ബാറ്റ് ചെയ്യുന്നതിനൊപ്പം ബൗളര്‍ ആണെന്നതും പരാഗിന് സഹായകമാകും. സഞ്ജുവിനെ ഒഴിവാക്കിക്കൊണ്ടാണ് പരാഗ് ഏകദിന ടീമിലേക്കും എത്തിയിരിക്കുന്നത്. സൂര്യയെ ഏകദിന ടീമില്‍ പരിഗണിച്ചിട്ടില്ല. പരാഗിന്റെ സ്ഥാനം അതുകൊണ്ട് തന്നെ ഏകദിനത്തിലും ഉറപ്പാകുമെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാല്‍ ഒരിക്കല്‍ കൂടി സഞ്ജുവിനെ ഒഴിവാക്കി എന്നു പറയേണ്ടി വരും. അതുപോലെ യശസ്വി ജയ്സ്വാളിനെ ട്വന്റി 20 യിലേക്ക് മാത്രമായണ് പരിഗണിച്ചിരിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു തീരുമാനം ശ്രേയസ് അയ്യരുടെ കാര്യത്തിലാണ്. ബിസിസിഐയുടെ കോണ്‍ട്രാക്റ്റില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ട അയ്യര്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പിന് ശേഷം അയ്യര്‍ ടീമിനു പുറത്താണ്. എന്നാല്‍ ഐപിഎല്‍ കിരീടം അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സാണ് നേടിയത്. ടീമില്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ കരാര്‍ ബിസിസിഐ വീണ്ടും പുതുക്കും. കെ എല്‍ രാഹുലും ഏകദിന ടീമിലേക്ക് മടങ്ങി വന്നിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ ശിവം ദുബെയും രണ്ട് സ്‌ക്വാഡുകളിലും ഇടം പിടിച്ചിട്ടുണ്ട്. ട്വന്റി 20 യില്‍ ഉറപ്പായിരുന്ന ദുബെ, പാണ്ഡ്യയുടെ അഭാവത്തിലാകണം ഏകദിന ടീമിലേക്കും പരിഗണിക്കപ്പെട്ടത്.

രാഹുല്‍ ദ്രാവിഡിന് പകരം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട ഗൗതം ഗംഭീറിന്റെ അരങ്ങേറ്റം കൂടിയാണ് ശ്രീലങ്കന്‍ പര്യടനം.  suryakumar yadav will lead instead of hardik pandya india’s t20-squad in-sri lankan tour, virat and rohit will play odi

Content Summary; suryakumar yadav will lead instead of hardik pandya india’s t20-squad in sri lanka tour, virat and rohit will play odi

Leave a Reply

Your email address will not be published. Required fields are marked *

×