ഇറ്റലിയിൽ കള്ളക്കടത്തിൽ നിന്നും ലഭിച്ചതാണന്ന സംശയത്താൽ പുരാതനമായ പാത്രം വിൽപ്പന വസ്തുക്കളിൽ നിന്ന് ഒഴിവാക്കി. ലണ്ടണിലെ കാലോസ് ഗാലറിയാണ് 550 ബിസിയിലുള്ള ബ്ലാക്ക് ഫിഗർ ആംഫോറ എന്ന പാത്രം പുരാവസ്തുക്കളിൽ നിന്ന് എടുത്തുമാറ്റിയത്.
പുരാവസ്തു ഗവേഷകനുമായ ഡോ. ക്രിസ്റ്റോസ് സിരോഗിയാനിസ് നടത്തിയ ഗവേഷണത്തിലാണ് പാത്രം അനധികൃത ഖനനത്തിൽ നിന്നും ലഭിച്ചതാണെന്ന തെളിവുകൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസം ലോകത്തിലെ ഏറ്റവും മികച്ച പുരാവസ്തു മേളകളിലൊന്നായ ടെഫാഫ് മാസ്ട്രിക്റ്റിൽ പ്രദർശിപ്പിച്ചപ്പോഴാണ് ആംഫോറ ഡോ. ക്രിസ്റ്റോസ് സിരോഗിയാനിസിന്റെ ശ്രദ്ധയിൽ പെട്ടത്. കളവ് പോകുന്ന പുരാവസ്തുക്കളുടെ വ്യാപാരം നടത്തുന്ന ജിയാക്കോമോ മെഡിസിയുടെ കൈവശമുള്ള ചിത്രവുമായി സാമ്യം തോന്നുകയും തുടർന്ന് ഡച്ച് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പാത്രത്തിന് ഏകദേശം 56 കോടി (50,000 പൗണ്ട്) വിലവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കലാ ശേഖരങ്ങൾക്ക് പേരുകേട്ട കാലോസ് ഗാലറി, 2014 ലാണ് സ്ഥാപിതമായത്. എന്നാൽ കാലോസ് ഗാലറിയുടെ ആംഫോറയുടെ ഓൺലൈൻ ലിസ്റ്റിംഗിൽ അതിന്റെ ഉടമസ്ഥാവകാശം 1986 മുതലുള്ളതാണെന്ന് കണ്ടെത്തി. ഇത് സിരോഗിയാനിസിനെ ആശയക്കുഴപ്പത്തിലാക്കി.
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സിരോഗിയാനിസ് 1,700ലധികം കൊള്ളയടിക്കപ്പെട്ട പുരാവസ്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് 15 രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്തു. 2018 ൽ സോത്ത്ബീസ് ലേലം ചെയ്യാൻ ശ്രമിച്ച ഒരു ഗ്രീക്ക് വെങ്കല കുതിരയും ഇതിൽ ഉൾപ്പെടുന്നു.
ഇറ്റാലിയൻ ശവകുടീരങ്ങളിൽ നിന്ന് കൊള്ളയടിച്ച സാധനങ്ങൾ കടത്തിയ ജിയാക്കോമോ മെഡിസിയുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ വീണ്ടെടുക്കാൻ സിരോഗിയാനിസ് സഹായിച്ചിട്ടുണ്ട്. ഈ ആംഫോറ ഒരു എട്രൂസ്കൻ ശവകുടീരത്തിൽ നിന്നായിരിക്കാമെന്ന് സിരോഗിയാനിസ് അഭിപ്രായപ്പെട്ടു.
ഒരു വസ്തുവിന്റെ ഉത്ഭവം പരിശോധിക്കുന്നതിനോ ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ അധികാരികളുമായി കൂടിയാലോചിക്കുന്നതിനോ ലേലശാലകളും ഗാലറികളും സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
Content Summary: Suspected to be a looted artifact; Pot removed from gallery worth Rs 56 crore