ഡൽഹി നിയമസഭ മന്ദിരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് എഎപി എംഎൽഎമാരെ പോലീസ് തടഞ്ഞുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംഎൽഎയുടെ ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷി. ലഫ്. ഗവർണർ വി കെ സക്സേനയുടെ നയപ്രഖ്യാപനം തടസപ്പെടുത്തിയതിന് അതിഷിയെയും 21 എഎപി എംഎൽഎമാരെയും സ്പീക്കർ വിജേന്ദ്രഗുപ്ത സസ്പെൻഡ് ചെയ്തിരുന്നു.
ഓഖ്ല എംഎൽഎ അമാനത്തുള്ള ഖാൻ മാത്രമാണ് സസ്പെൻഡ് ചെയ്യപ്പെടാത്ത ഏക എഎപി നിയമസഭാംഗം. നിയമസഭയിലെ പ്രതിഷേധത്തിൽ അമാനത്തുള്ള ഖാൻ പങ്കെടുത്തിരുന്നില്ല. ജയ് ഭീം മുദ്രാവാക്യം വിളിച്ചതിന് എഎപി എംഎൽഎമാരെ മൂന്ന് ദിവസമാണ് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മാത്രമല്ല, എഎപി നിയമസഭാംഗങ്ങളെ നിയമസഭാ വളപ്പിനുള്ളിൽ പോലും കയറാൻ അനുവദിക്കുന്നില്ല. ഡൽഹിയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം മുൻപ് ഉണ്ടായിട്ടില്ല, ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി എംഎൽഎയുമായ അതിഷി സോഷ്യൽ മീഡിയയിൽ കുറിച്ചു. അധികാരത്തിലെത്തിയതിന് ശേഷം സേച്ഛാധിപത്യ ഭരണം നടത്തുന്ന ഭാരതീയ ജനത പാർട്ടി എല്ലാ അതിർ വരമ്പുകളും ലംഘിച്ചുവെന്നും അതിഷി വിമർശിച്ചു.
നിയമസഭയിൽ കയറ്റാത്തിനെ തുടർന്ന് അതിഷിയുടെ നേതൃത്വത്തിൽ എഎപി എംഎൽഎമാർ നിയമസഭക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.
എംഎൽഎമാരെ നിയമസഭാ വളപ്പിനുള്ളിൽ പോലും കയറ്റരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായി അതിഷി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ നിന്ന് മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നാൽ നിയമസഭയുടെ പരിസരത്തേക്ക് എംഎൽഎമാരെ അനുവദിക്കാൻ പാടില്ല എന്നല്ല അർത്ഥമാക്കുന്നതെന്നും ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിഷി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡോ. ബി. ആർ അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ നീക്കം ചെയ്തതിന്റെ പേരിൽ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് എഎപി എംഎൽഎമാരെ നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
Content Summary: Suspended for Chanting ‘Jai Bheem,’ Later Banned from Assembly; Atishi and MLAs Protest
Atishi AAP delhi assembly