അദാനിയുടെ പ്രതിനിധിയുടെ 31 കോടി യുഎസ് ഡോളർ സ്വിറ്റ്‌സർലൻഡ് മരവിപ്പിച്ചു.
അദാനി ഓഹരികളില്‍ കള്ളത്തരവും കബളിപ്പിക്കലും നടത്തിയതിന് 2021 ഡിസംബര്‍ മുതല്‍ തായ്‌വാന്‍കാരനായ ചാങ് ചങ് ലിങിന് ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. Switzerland freezes USD 31 crore of Adani’s representative
രവി നായര്‍, എന്‍.ബി.ആര്‍ ആര്‍ക്കേഡിയോ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചതിനും, വ്യാജ രേഖകള്‍ സൃഷ്ടിച്ചതിനും, കള്ളപ്പണ ഇടപാടുകള്‍ക്കും അദാനി ഗ്രൂപ്പിലെ പ്രമുഖനായ ചാങ് ചങ് ലിങ്ങിന്റെ 2610 കോടി രൂപയിലധികം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വിറ്റ്‌സര്‍ലാന്‍ഡ് അധികൃതര്‍ മരവിപ്പിച്ചു. എന്നാല്‍ ചാങ് ചങ് ലിങ്ങല്ല, അന്വേഷണത്തിന് വിധേയമായ കമ്പിനിയുടെ ആത്യന്തിക ഗുണഭോക്താവായ ഉടമയെന്നും ഇയാള്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധി മാത്രമാണെന്നുമാണ് സ്വിസ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
അദാനി ഗ്രൂപ്പ് ‘കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ പണമിടപാടുകള്‍ തുടങ്ങി അനധികൃത ഇടപാടുകള്‍’ നടത്തിയതായി സംശയിക്കുന്നുവെന്ന് കഴിഞ്ഞ ആഗസ്ത് പത്തിന്റെ കോടതി ഉത്തരവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സെപ്തംബര്‍ പത്തിന് പ്രസിദ്ധീകരിച്ച ഈ ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. അദാനി ഗ്രൂപ്പ് ‘ദുരൂഹമായ ഫണ്ടുകളുടെ’ രൂപത്തില്‍ ചാങ് ചങ് ലിങിനെ ഏല്‍പ്പിച്ചിരുന്ന വലിയൊരു തുകയാണ് അദ്ദേഹത്തിന്റെ സ്ഥാപനം നിക്ഷേപിച്ചത്. എന്നാല്‍ ആ ഫണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പ് നേരിട്ടോ അവരുടെ ഡറക്ടര്‍മാരോ ആണ് എന്ന് കോടതി ഉത്തരവില്‍ പറയുന്നു. Switzerland freezes USD 31 crore of Adani’s representative Switzerland freezes USD 31 crore of Adani’s representative
2021 ഡിസംബര്‍ മുതല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് അധികൃതര്‍ ചാങ് ചങ് ലിങ്ങിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു. ചാങിന്റേയോ അന്വേഷണത്തിന് വിധേയമായ അദ്ദേഹത്തിന്റെ കമ്പിനിയുടേയോ അദാനി ഗ്രൂപ്പിന്റേയോ പേര് ഉത്തരവില്‍ എടുത്ത് പറയുന്നില്ലെങ്കിലും സെബി അന്വേഷണം അടക്കമുള്ള ഒട്ടേറെ പരാമര്‍ശങ്ങളില്‍ നിന്ന് ഈ കാര്യങ്ങള്‍ വ്യക്തമാണ്. കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി ഗൗതം അദാനിയെ യു.എസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതിന് മുമ്പ് തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡ് അധികൃതരുടെ അന്വേഷണം ആരംഭിച്ചതാണ്. മൂന്ന് വര്‍ഷം മുമ്പ് തന്നെ ഒ.സി.സി.ആര്‍.പിയുടെ നേതൃത്വത്തില്‍ നടന്ന ആഗോള അന്വേഷണത്തില്‍ ഒളിവില്‍ കഴിയുന്ന വിനോദ് അദാനിയും അദ്ദേഹത്തിന്റെ രണ്ട് പ്രതിപുരുഷന്മാരും തായ്‌വാന്‍ സ്വദേശി ചാങ് ചങ് ലിങ്ങും യു.എ.ഇ സ്വദേശി നാസര്‍ അലി ഷബാന്‍ ആലിയും ചേര്‍ന്ന് 2012 മുതല്‍ ചുരുങ്ങിയത് 2018 വരെ അദാനി ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് ഫിനാന്‍ഷ്യല്‍ റ്റൈംസും ഗാര്‍ഡിയനും പ്രസിദ്ധീകരിക്കുകയും ചെയ്തു.
സെബി നടത്തുന്ന അന്വേഷണങ്ങളെ കുറിച്ച് മാത്രമല്ല സിറ്റ്‌സര്‍ലാന്‍ഡ് കോടതിയുടെ ഉത്തരവില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നത്. സെബിയുടെ അന്വേഷണങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനെ കുറിച്ചും അദാനി ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ മടിക്കുന്ന ഇന്ത്യന്‍ അന്വേഷണ സംവിധാനങ്ങളുടേയും അവയുടെ ആഗോള നയതന്ത്ര, രഹസ്യാന്വേഷണ വിഭാഗങ്ങളെ കുറിച്ചും ഈ ഉത്തരവില്‍ പരാമര്‍ശങ്ങളുണ്ട്.
സ്വറ്റ്‌സര്‍ലാന്‍ഡ് ഫെഡറല്‍ ക്രിമിനല്‍ കോടതിയുടെ ആഗസ്ത് ഏഴിലെ ഉത്തരവ് പ്രകാരം 2021 ഡിസംബര്‍ 28നാണ് സ്വിസ് അധികൃതര്‍ ഔദ്യോഗിക അന്വേഷണം ഈ വിഷയത്തില്‍ ആരംഭിക്കുന്നത്. അദാനി ഗ്രൂപ്പിനോട് ഏറെ അടുപ്പമുള്ള ഒരു വ്യവസായിയുടെ കമ്പിനിക്കെതിരെ അദാനി ഗൂപ്പിന്റെ ഓഹരി വിലയിലെ കൃത്രിമം, വ്യാജരേഖനിര്‍മ്മാണം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെയുള്ള ആരോപങ്ങള്‍ ഉയര്‍ത്തി ജനീവയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിന് മണി ലോണ്ടറിങ് റിപ്പോര്‍ട്ടിങ് ഓഫീസ് ഓഫ് സ്വിറ്റ്‌സര്‍ലാന്‍ഡ് രേഖകള്‍ കൈമാറി. അതേ ദിവസം തന്നെ ഈ കമ്പിനിയുടെ ആത്യന്തിക ഗുണഭോക്താവായ ഉടമ (അള്‍ട്ടിമേറ്റ് ബെനിഫിഷ്യറി ഓണര്‍ യു.ബി.ഒ)ക്കെതിരെ പ്രോസിക്യൂട്ടറുടെ ഓഫീസ് ക്രിമിനല്‍ നടപടിക്രമങ്ങളും ആരംഭിച്ചു.
2021 ഡിസംബര്‍ 28 നും 2023 നവംബര്‍ 17 നും ഇടയില്‍ ഈ കമ്പിനിക്ക് ആറു ബാങ്കുകളിലായി ഉള്ള അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ഇതിലെല്ലാം ചേര്‍ന്നാണ് 2610 കോടി രൂപയിലധികം നിക്ഷേപമുണ്ടായിരുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ”അദാനി ഗ്രൂപ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെങ്ങനെ’ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം 2023 ജൂലായ് ഇരുപതിന് സ്വിസ് ഫെഡറല്‍ പ്രോസിക്യൂഷന്‍ ഓഫീസ് അഥവാ സ്വിസ് അറ്റോര്‍ണി ജനറല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ഈ കേസ് ഏറ്റെടുത്തു. 2023 ജൂലായ് 20നായിരുന്നു അത്.
2022 ഒക്‌ടോബര്‍ ഏഴിന്റെ കോടതി ഉത്തരവ് പ്രകാരം ഈ കമ്പിനികളുടെ ആത്യന്തിക ഗുണഭോക്താക്കളായ ഉടമ (യു.ബി.ഒ) ഈ അക്കൗണ്ടുകളുടെ മരവിപ്പിക്കല്‍ റദ്ദ് ചെയ്യുന്നതിന് പല അപേക്ഷകളും സ്വിറ്റ്‌സര്‍ലാന്‍ഡ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ കളവും വ്യാജവുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണത്. ഇത് മറുപടിയായി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും പിന്നീട് അറ്റോര്‍ണി ജനറലിന്റെ ഓഫീസും ഹാജറാക്കിയ രേഖകളുടെ കൂട്ടത്തില്‍ ഒ.സി.സി.ആര്‍.പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഫിനാന്‍ഷ്യല്‍ റ്റൈംസ് പ്രസിദ്ധീകരിച്ചതും ഉള്‍പ്പെടുന്നു. മരവിപ്പിക്കല്‍ റദ്ദാക്കുന്നതിനുള്ള അവസാന അപേക്ഷ സമര്‍പ്പിച്ചത് 2024 മാര്‍ച്ച് നാലിനാണ്, അത് മാര്‍ച്ച് 11ന് തള്ളി.
2024 മാര്‍ച്ച് 25ന് പ്രതികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഫെഡറല്‍ ക്രിമിനല്‍ കോടതിയുടെ ലോവര്‍ അപ്പീല്‍സ് ചേംബറില്‍ അപേക്ഷ സമര്‍പ്പിച്ചു. സ്വിസ് അന്വേഷണ ഏജന്‍സികള്‍ക്കും അറ്റോര്‍ണി ജനറലിന്റെ ഓഫീസിനും എതിരെയുള്ള പരാതികള്‍ പരിശോധിക്കുന്ന ചേംബറാണത്. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് വ്യവസായത്തിന്റെ നയങ്ങളുടേയും നിയമങ്ങളുടേയും ലംഘനമാണ് എന്നാണ് പ്രതി വാദിച്ചത്. രണ്ടര വര്‍ഷത്തോളം അന്വേഷണം പൂര്‍ണമായി കേന്ദ്രീകരിച്ചിരുന്നത് വാര്‍ത്തമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളേയും മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണങ്ങളേയും കേന്ദ്രീകരിച്ചാണ് എന്നും പ്രതി ചൂണ്ടിക്കാണിച്ചു. ഈ അന്വേഷണങ്ങള്‍ നിയമസാധുതയുള്ളതല്ല. അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സ്വന്തമായ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ല. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പ് ഓഫ് കമ്പിനികളുടെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണവും ഈ മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് ഈ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും എ.ജി ഓഫീസിനും ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം അഞ്ച് അക്കൗണ്ടുകള്‍ മരപ്പിക്കുന്നത് അന്യായമാണെന്ന് പ്രതി വാദിച്ചു.
ആഗസ്ത് ഒന്‍പതിന് ഈ അപേക്ഷ തള്ളിക്കൊണ്ട് കോടതി പ്രതിക്കെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതും കൃത്രിമ രേഖകള്‍ ഉണ്ടാക്കുന്നതും സംബന്ധിച്ച ആരോപണങ്ങളില്‍ 2022 ഡിസംബര്‍ 28ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി ചൂണ്ടിക്കാണിച്ചു. അന്വേഷണ ഏജന്‍സി 2023 ഏപ്രില്‍ ഒന്നിലും നവംബര്‍ 13നും മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പ്രതി ആരോപണ വിധേയമായ കമ്പിനിയുടെ ആത്യന്തിക ഗുണഭോക്താവായ ഉടമയല്ല എന്നും അദാനി ഗ്രൂപ്പിന്റെ പല പ്രതിപുരുഷന്മാരില്‍ ഒരാളാണെന്നും സംശയിക്കുന്നതായും ചൂണ്ടിക്കാണിച്ചു.
അദാനി ഗ്രൂപ്പാകട്ടെ ”കള്ളപ്പണം വെളുപ്പിക്കലും, വ്യാജപണമിടപാടും അടക്കം കള്ളത്തരങ്ങളില്‍ സംശയിക്കപ്പെടുന്നതായും’ കോടതി ഉത്തരവ് പറയുന്നു. അദാനി ഗ്രൂപ്പിന്റെ ‘ദുഹൂര ഫണ്ടുകള്‍’ ഈ പ്രതിപരുഷന്‍ വഴി നിക്ഷേപിക്കപ്പെടുകയാണെന്നും ഈ ഫണ്ടുകളെല്ലാം യഥാര്‍ത്ഥത്തില്‍ അദാനി ഗ്രൂപ്പ് നേരിട്ടോ അവരുടെ ഡയക്ടര്‍മാരോ കൈകാര്യം ചെയ്യുകയാണെന്നും കോടതി ഉത്തരവ് പറയുന്നു. സ്വിസ് അന്വേഷകര്‍ നല്‍കിയ രേഖകള്‍ പ്രകാരം ഈ കമ്പിനിയുടെ ആത്യന്തിക ഗുണഭോക്താവായ ഉടമ ഈ ദുരൂഹമായ ഫണ്ടുകള്‍ സെക്യൂരിറ്റിയായി നല്‍കി വിവിധ ബാങ്കുകളില്‍ നിന്ന് വലിയ തുകകളും വായ്പകളുമെടുത്തിട്ടുണ്ട്. ഇത് ചെയ്യുന്നത് വഴി ഈ പ്രതിയും അവരുടെ ആത്യന്തിക ഉടമയും കള്ളത്തരമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഈടുനല്‍കുന്ന വസ്തുവിന്റെ മൂല്യം ഇവിടെ കൃത്രിമമായി ഉയര്‍ത്തിയാണ് ചിത്രീകരിച്ചിരുന്നത്.
പ്രതിക്ക് അക്കൗണ്ടുകളുള്ള ബാങ്കുകളില്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാണിക്കുന്നത് ആരോപണ വിധേയമായ കമ്പിനിയുടെ ഓഹരി മൂലധനം ശൂന്യമാണെന്നും പിന്നീട് ഇല്ലാതായി പോയ ഒരു ലിമിറ്റഡ് ലയബലിറ്റി കമ്പിനി (എല്‍.എല്‍.സി)യില്‍ നിന്നുള്ള ആദായം മാത്രമാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത് എന്നുമാണ്. ബാങ്ക് രേഖകള്‍ പ്രകാരം പ്രതിക്ക് മറ്റ് നിക്ഷേപകരോ ഓഹരി ഉടമകളോ ഇല്ലതാനും. ഈ ബാങ്കിന്റെ അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ഒത്തുപോകുന്നതായും കോടതി കണ്ടെത്തി. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഇന്‍സൈഡര്‍ ട്രേഡിങും ഓഹരി വിലയില്‍ കൃത്രിമത്വം കാണിക്കുന്നതും കണ്ടെത്തിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വിനോദ് അദാനിയും ചങ് ലിങുമായി വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്ന ബന്ധമുള്ളതായും പറയുന്നതും കോടതി ചൂണ്ടിക്കാണിച്ചു.
പ്രതിയുടെ 99 ശതമാനം സമ്പത്തും രണ്ട് ഫണ്ടുകളില്‍ നിന്ന് മാത്രമുള്ളതാണെന്ന് ഈ ബാങ്ക് അന്വേഷകരെ അറിയിച്ചിട്ടുണ്ട്. ഒന്ന് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മൗറീഷ്യസ് ആസ്ഥാനമായുള്ളതുമാണ്, മറ്റേത് ബര്‍മൂഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൗറീഷ്യസ് ഫണ്ടിന്റെ മുഴുവന്‍ സ്വഭാവവും വിരല്‍ ചൂണ്ടുന്നത് അദാനി ഗ്രൂപ്പ് കമ്പിനികളിലേയ്ക്കാണ്. മറ്റൊരു ഫണ്ട് യാതൊരു കാരണവും കാണിക്കാതെ വേറൊന്നുമായി ചേര്‍ന്ന് കിടക്കുന്നതും അന്വേഷകരെ കുഴക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് കമ്പിനികളുടെ ഓഹരികള്‍ ഈടായി പത്ത് മുതല്‍ 126 കോടിയോളം വായ്പയെടുക്കാനുള്ള ആരോപണ വിധേയമായ കമ്പിനിയുടെ അപേക്ഷ ബാങ്ക് തള്ളിയതായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി കമ്പിനികളിലെ ഓഹരി വിപണിയില്‍ ഇന്‍സൈഡര്‍ ട്രേഡിങും ഓഹരി വിലകളിലെ കൃത്രിമത്വവും നടക്കുന്നുണ്ട് എന്ന ആരോപണത്തെ തുടര്‍ന്നാണ് ബാങ്ക് ഈ തീരുമാനമെടുത്തത്.
മറ്റൊരു ബാങ്ക് ചങ് ലിങ്ങിന്റെ കമ്പിനിയുമായി ബന്ധപ്പെട്ട ഒരു സംശയത്തക്ക ഇടപാടും അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. 2023 ജനുവരിക്കും നവംബറിനുമിടയില്‍ അഞ്ച് ബാങ്കുകളും ഈ അക്കൗണ്ടുകളിലെ സംശയിക്കത്തക്ക ഇടപാടുകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കി. ഇവയെല്ലാം വിനോദ് അദാനിയും ഈ അക്കൗണ്ടുകളുടെ ആത്യന്തിക ഗുണഭോക്താവായ ഉടമയും തമ്മിലുള്ള ബന്ധവും അവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കലിനും ഇന്ത്യയിലെ അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമമായി ഇടപെടുന്നതിലും ബന്ധമുണ്ടെന്ന ആരോപണവും സംബന്ധിച്ചുള്ളതായിരുന്നു. ഒ.സി.സി.ആര്‍.പിയുടെ അദാനി ഗ്രൂപ് അന്വേഷണം പുറത്ത് വന്നതിനെ തുടര്‍ന്ന് ഇതിലൊരു ബാങ്ക് ചങ് ലിങ്ങിനോട് വിശദീകരണം ചോദിക്കാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ സഹകരിച്ചില്ല. ഇക്കാര്യവും ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികളുടെ നടപടികള്‍ കൃത്രിമ രേഖ ചമയ്ക്കുക, ക്രെഡിറ്റ് തട്ടിപ്പ് തടത്തുക, കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ സ്വിസ് ക്രിമിനല്‍ നിയമങ്ങളുടെ ലംഘനമാണ് എന്ന് എ.ജി ഓഫീസ് വാദിച്ചു. അന്വേഷണങ്ങള്‍ നടക്കുകയാണ്. വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റമാണിത്. ഇതില്‍ ഒട്ടേറെ വ്യക്തികളും കമ്പിനികളും ദുരൂഹ ഫണ്ടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആരോപണവിധേയര്‍ക്ക് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടികള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായത് കൊണ്ട് തന്നെ സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസോ ഇന്ത്യന്‍ സുപ്രീം കോടതി നിയമിച്ചിട്ടുള്ള സമിതിയുടെ റിപ്പോര്‍ട്ടോ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അനുബന്ധ മാധ്യമവാര്‍ത്തകളും തെറ്റാണെന്നുള്ള ആരോപണങ്ങളോ സ്വിസ് കോടതി അധികൃതര്‍ക്ക് മുഖവിലയ്ക്ക് എടുക്കാന്‍ കഴില്ല എന്നും കോടതി വ്യക്തിമാക്കി.
എത്രമാത്രം കള്ളപ്പണം ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്നും ചങ് ലിങ്ങിന്റെ കമ്പിനിയുടെ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഒട്ടേറെ വ്യക്തികളും കമ്പിനികളും ഒട്ടനവിധി നിയമമേഖലകളും ഉള്‍പ്പെട്ട സങ്കീര്‍ണമായ ഒരു കുറ്റകൃത്യമാണ് ആരോപിക്കപ്പെടുന്നത്. സ്വാഭാവികമായും വളരെ എളുപ്പത്തില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് കോടതി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് റദ്ദ് ചെയ്യണമെന്ന അപേക്ഷ അംഗീകരിക്കാനാവില്ല കോടതി വ്യക്തമാക്കി. നിയമനടപടികള്‍ക്ക് 5000 സ്വിസ് ഫ്രാങ്ക് (ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ) പിഴയായി അടയ്ക്കാനും ചങ് ലിങ്ങിന്റെ കമ്പിനിയോട് കോടതി ഉത്തരവിട്ടു.
Content summary; Switzerland freezes USD 31 crore of Adani’s representative