സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് ഒരു നിശ്ചിത പരിധി നിശ്ചയിക്കണമെന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ ആവശ്യം തള്ളി ജനങ്ങള്‍. ‘സ്വിസ് ബ്രെക്‌സിറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിര്‍ണ്ണായക ജനഹിതപരിശോധനയില്‍ 54.79 ശതമാനം വോട്ടര്‍മാര്‍ നിര്‍ദ്ദേശത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍, 45.21 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. രാജ്യത്ത് കനത്ത രാഷ്ട്രീയ ചേരിതിരിവ് സൃഷ്ടിച്ച ഈ വോട്ടെടുപ്പില്‍ 58.86 ശതമാനം വോട്ടര്‍മാര്‍ പങ്കാളികളായി.
സ്വിസ് പാര്‍ലമെന്റില്‍ ഏറ്റവുമധികം സീറ്റുകളുള്ള തീവ്രവലതുപക്ഷ സംഘടന ‘സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി’ (എസ് വി പി) ആണ് ഈ സവിശേഷമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. നിലവില്‍ 9.1 ദശലക്ഷമുള്ള രാജ്യത്തെ ജനസംഖ്യ 2050-ഓടെ പരമാവധി 10 ദശലക്ഷമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതായിരുന്നു ഈ പദ്ധതി. ജനസംഖ്യ 9.5 ദശലക്ഷത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ വിദേശികളുടെ കുടുംബ പുനരേകീകരണം, പുതിയ റസിഡന്‍സി പെര്‍മിറ്റുകള്‍, അഭയാര്‍ത്ഥി പ്രവേശനം എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു.
ഏറ്റവും വിവാദപരമായ കാര്യം, 2050-ന് മുമ്പ് ജനസംഖ്യ 10 ദശലക്ഷം കടക്കുകയാണെങ്കില്‍, യൂറോപ്യന്‍ യൂണിയനുമായുള്ള ‘സ്വതന്ത്ര സഞ്ചാര കരാറില്‍’ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍ബന്ധമായും പിന്മാറേണ്ടി വരുമായിരുന്നു എന്നതാണ്. ഇത് യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത വിപണിയിലേക്കുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രവേശനത്തിന് അറുതി വരുത്തുമായിരുന്നു. വര്‍ഷങ്ങളായി രാജ്യത്ത് കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിടുന്ന എസ് വി പി, ഈ ‘സുസ്ഥിരതാ സംരംഭം’ രാജ്യത്തിന് അത്യാവശ്യമാണെന്ന നിലപാടിലായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിട മേഖല, സാമൂഹിക സുരക്ഷാ പദ്ധതികള്‍, പ്രകൃതിവിഭവങ്ങള്‍, തനത് ജീവിതരീതി എന്നിവയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ വാദം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2002-ല്‍ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര സഞ്ചാര കരാര്‍ നിലവില്‍ വന്നതിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് അതിവേഗം വര്‍ദ്ധിക്കുകയും 23 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ 24 ശതമാനം വര്‍ദ്ധനവുണ്ടായി. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ താമസക്കാരില്‍ 27 ശതമാനത്തോളം പേര്‍ വിദേശ പൗരന്മാരാണ്.
ജനസംഖ്യാ വളര്‍ച്ചയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നിട്ടും, ഈ പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയമാണ് നിര്‍ദ്ദേശം പരാജയപ്പെടാന്‍ കാരണമെന്ന് പ്രമുഖ പോളിംഗ് ഏജന്‍സിയായ ജിഎഫ്എസ് ബേണിലെ ഉര്‍സ് ബിയേരി വിലയിരുത്തി. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വഷളാകുന്നതും തൊഴില്‍ വിപണിയിലുണ്ടാകുന്ന പ്രതിസന്ധിയുമാണ് വോട്ടര്‍മാരെ പിന്നോട്ട് വലിച്ചത്. പ്രത്യേകിച്ച് ആരോഗ്യ-പരിചരണ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോലുള്ള ഒരു ചെറിയ രാജ്യം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്ന ചിന്തയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവലതുപക്ഷ പാര്‍ട്ടിയായ എസ് വി പി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നാല് കക്ഷികളുടെ മന്ത്രിമാര്‍ അടങ്ങുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏഴംഗ ഭരണകൂടം ഈ സംരംഭത്തെ സംയുക്തമായി എതിര്‍ത്തിരുന്നു. ഈ നിയമം രാജ്യത്തിന്റെ സ്ഥിരതയെ തകര്‍ക്കുമെന്നും സമ്പദ്വ്യവസ്ഥയെയും രാജ്യത്തിന്റെ അഭിവൃദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യവസായ ഗ്രൂപ്പുകളും ഈ ജനസംഖ്യാ പരിധിക്കെതിരെ രംഗത്തുവന്നിരുന്നു. വിദേശ തൊഴിലാളികളുടെ വരവ് തടയുന്നത് ബിസിനസ് മേഖലയെ തളര്‍ത്തുമെന്നും ബ്രസ്സല്‍സുമായുള്ള( യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം) ബന്ധം നശിപ്പിക്കുമെന്നും അവര്‍ ആശങ്കപ്പെട്ടു.
സ്വിറ്റ്സര്‍ലന്‍ഡിന്റെ നേരിട്ടുള്ള ജനാധിപത്യ രീതി അനുസരിച്ച്, 18 മാസത്തിനുള്ളില്‍ ഒരു ലക്ഷം പേരുടെ പിന്തുണ ലഭിക്കുന്ന ഏത് ജനകീയ നിര്‍ദ്ദേശവും രാജ്യത്ത് ജനഹിതപരിശോധനയ്ക്ക് വിടാം. സാധാരണയായി വര്‍ഷത്തില്‍ നാല് തവണ നടക്കുന്ന ഇത്തരം വോട്ടെടുപ്പുകള്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എസ് വി പി തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കാറുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, സ്വന്തം രാജ്യത്തെ ജനസംഖ്യയ്ക്ക് പരമാവധി പരിധി നിശ്ചയിക്കുന്നതിനായി ഒരു രാജ്യം വോട്ടെടുപ്പ് നടത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. എന്നാല്‍ ആ ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടിയാണ് സ്വിസ് ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
Content Summary; Swiss voters have rejected a controversial far-right proposal to cap the country’s population at 10 million, avoiding a potential ‘Swiss Brexit’ from the EU free movement agreement.
This post was last modified on June 15, 2026 8:09 am
Leave a Comment