December 11, 2024 |

കാന്‍സറിനെ തോല്‍പ്പിച്ച ക്യാപ്റ്റന്‍

ക്രിക്കറ്റും ജീവിതവും അവസാനിച്ചെന്നു കരുതിയിടത്തു നിന്നും നായകനായുള്ള തിരിച്ചു വരവ്

ട്വന്റി-20 ലോകകപ്പില്‍ ഇന്ന് (ജൂണ്‍ 3) ഒമാന്‍ ടീമിന്റെ ആദ്യ മത്സരമാണ്. നമീബിയയാണ് എതിരാളികള്‍. കളിയുടെ ഫലമോ, ഈ ടൂര്‍ണമെന്റില്‍ ഒമാന്‍ എത്രത്തോളം മുന്നോട്ടു പോകുമെന്നതോ അല്ല ഇവിടെ പറയുന്നത്. ഇന്ന് ഒമാന്റെ കളി കാണാനിരിക്കുമ്പോള്‍, അക്വിബ് ഇല്യാസ് എന്ന അവരുടെ ക്യാപ്റ്റനെ ശ്രദ്ധിക്കുക. വലിയൊരു പ്രചോദനമാണ് അക്വിബ്. T20 world cup, oman team captain aqib ilyas cancer survivor story

എല്ലാം അവസാനിച്ചു എന്ന് അക്വിബ് കരുതിയൊരു സമയമുണ്ടായിരുന്നു. ക്രിക്കറ്റ് മാത്രമല്ല, ജീവിതവും. ഇടതു കണങ്കാലിലെ വേദനയുമായി ആശുപത്രിയിലെത്തിയ അക്വിബിന്റെ എക്‌സ്‌റേയും സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞത് അത് ക്യാന്‍സര്‍ ആണെന്നായിരുന്നു. എല്ലാം ഇവിടെ അവസാനിക്കുന്നു എന്ന് താന്‍ ഉറപ്പിച്ചതപ്പോഴായിരുന്നുവെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഒമാന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററും ലെഗ് ബ്രേക് ബൗളറുമായ അക്വിബ് ഇല്യാസ് പറയുന്നു.

2021 ലെ ടി-20 ലോകകപ്പിന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് അക്വിബിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാള്‍ മരിക്കുന്നത്. ഇടതു കണങ്കാലിലെ ക്യാന്‍സര്‍ ആയിരുന്നു മരണ കാരണം. അക്വിബില്‍ കണ്ടെത്തിയ അതേ രോഗം. ‘ ഡോക്ടര്‍ എന്നോട് വിവരം പറഞ്ഞപ്പോള്‍ ലോകം എന്റെ മുന്നില്‍ തകര്‍ന്നു വീണതുപോലെയാണ് അനുഭവപ്പെട്ടത്. എന്റെ പ്രതീക്ഷകളെല്ലാം നശിച്ചു, വീണ്ടും നടക്കാനാകുമെന്നോ ക്രിക്കറ്റ് കളിക്കാനാകുമെന്നോ ഒന്നും ഞാന്‍ കരുതിയില്ല. എന്റെ മനസില്‍ വന്ന ആദ്യത്തെ ചോദ്യം എനിക്കിത് മറി കടക്കാന്‍ കഴിയുമോ എന്നു മാത്രമായിരുന്നു’ അക്വിബ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ആശുപത്രിയില്‍ നിന്നും മടങ്ങി വരുന്നവഴിയില്‍ അക്വിബ് കാറിലിരുന്ന് ഒമാന്‍ കോച്ച് ദുലീപ് മെന്‍ഡിസിന് അയച്ച മെസേജില്‍ പറഞ്ഞത്, സര്‍, എന്റെ കാലിലെ വേദന കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞു, എന്റെ ക്രിക്കറ്റ് അവസാനിച്ചു’ എന്നായിരുന്നു. പിന്നീട് അയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. സഹോദരന്‍ വിളിക്കുമ്പോള്‍ ഒന്നും പറയാനാകാതെ പൊട്ടിക്കരയുകയായിരുന്നു അക്വിബ്.

എന്നാല്‍ അക്വിബിനെ കൈയൊഴിയാന്‍ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറല്ലായിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ പങ്കജ് ഖിംജിയുടെ ഫോണ്‍ അക്വിബിന് വന്നു. എവിടെയാണോ ആഗ്രഹിക്കുന്നത് അവിടെ കൊണ്ടു പോയി ചികിത്സിക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്. ലണ്ടനിലേക്ക് പോകാമെന്നായിരുന്നു പങ്കജിന്റെ ഉപദേശം. എന്നാല്‍ അക്വിബ് ആദ്യം ആവശ്യപ്പെട്ടത് ജന്മനാടായ പാകിസ്താനിലേക്ക് പോകാനായിരുന്നു. അവിടെ കുടുംബത്തോടൊപ്പം ചേരണം. പാകിസ്താനിലെത്തിയ അക്വിബ് അവിടെയൊരു ആശുപത്രിയില്‍ പ്രവേശിച്ചു. ക്രിക്കറ്റ് ബോര്‍ഡ് ചുമതലപ്പെടുത്തിയ ഡോക്ടറും ലഹോറില്‍ പറന്നെത്തി. ലഹോറിലെ ആശുപത്രിയില്‍ അക്വിബിന്റെ ശസ്ത്രക്രിയ നടന്നു.

സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. എങ്കിലും ആശ്വാസകരമായൊരു കാര്യം, കാന്‍സര്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമായിരുന്നു എന്നതാണ്. സുഖം പ്രാപിക്കുമെന്നും വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അക്വിബിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. എന്നാല്‍, പഴയപോലെ ഊര്‍ജസ്വലനായി എന്ന് അക്വിബ് മടങ്ങി വരുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല.

ഏകദേശം എട്ടു മാസം കഴിഞ്ഞാണ് ക്രച്ചസുകളുടെ സഹായമില്ലാതെ സ്വയം നടക്കാന്‍ അക്വിബിന് സാധിച്ചത്. 18 മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തുകയും ചെയ്തു.

‘ രോഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞു എന്നതിലായിരുന്നു എന്റെ ആദ്യ സന്തോഷം. തിരിച്ചു വരവിന്റെ യാത്ര കഠിനമായിരുന്നു. ഞാനതിനായി ശരിക്കും പരിശ്രമിച്ചു. കാന്‍സര്‍ മറികടക്കാന്‍ അതിന്റെതായ സമയമെടുക്കും. ഞാന്‍ തീര്‍ത്തും ദുര്‍ബലനായിരുന്നു. ശരീരഭാരമൊക്കെ വളരെയധികം കുറഞ്ഞു. ഞാന്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, എന്റെ കാലുകള്‍ക്ക് കുഴപ്പമൊന്നും വന്നിട്ടില്ല. ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത് വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നായിരുന്നു. 18 മാസങ്ങള്‍ക്കിപ്പുറം ഞാന്‍ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി’ അക്വിബ് പറയുന്നു.

ക്രിക്കറ്റിലേക്കുള്ള അക്വിബ് ഇല്യാസിന്റെ തിരിച്ചു വരവ് കൂടുതല്‍ കരുത്തോടെയായിരുന്നു. ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ അയര്‍ലണ്ടിനെതിരേ 52 റണ്‍സ് അടിച്ചു. രണ്ടു ദിവസത്തിനുശേഷം യുഎഇയുമായി നടന്ന മത്സരത്തില്‍ നേടിയത് 53 റണ്‍സും. ഒന്നര വര്‍ഷത്തിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയശേഷം നേടുന്ന ഫിഫ്റ്റി ആയതിനാല്‍ അയര്‍ലണ്ടിനെതിരായ 52 റണ്‍സ് തനിക്ക് വളരെ പ്രത്യേകയുള്ളതാണെന്ന് അക്വിബ് പറയുന്നു.

2016 മുതല്‍ ഒമാന്‍ ടീമിനെ നയിക്കുന്നത് സീഷാന്‍ മഖ്‌സൂദ് ആയിരുന്നു. കഴിഞ്ഞ മാസമാണ് ടി-20 ലോകകപ്പിനുള്ള ടീമിന്റെ നായകനായി അക്വിബ് ഇല്യാസിനെ തെരഞ്ഞെടുക്കുന്നത്.

അക്വിബിന്റെ സഹോദരങ്ങളും ക്രിക്കറ്റര്‍മാരാണ്. സഹോദരന്‍ അഡ്‌നാന്‍ ഇല്യാസ് 12 ട്വന്റി-20 മത്സരങ്ങള്‍ ഒമാനു വേണ്ടി കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് തങ്ങളുടെ രക്തത്തിലുള്ളതാണെന്നാണ് അക്വിബ് പറയുന്നത്. ഇവരുടെ മൂത്ത സഹോദരന്‍ ബാബര്‍ ഇല്യാസ് മികച്ച താരമായിരുന്നുവെന്നും പാകിസ്താനു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ടെന്നും അക്വിബ് പറയുന്നത്. എന്നാല്‍ കുടുംബത്തിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ബാബര്‍ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് പാകിസ്താനിലെ സിയാല്‍കോട്ടില്‍ നിന്നും അക്വിബിന്റെ കുടുംബം ഒമാനിലേക്ക് പോരുന്നത്. അന്ന് അഡ്‌നാന് പ്രായം ഒമ്പതായിരുന്നു, അക്വിബ് ആകട്ടെ ആറു മാസം പ്രായമുള്ള കൈക്കുഞ്ഞും.

ജൂണ്‍ മൂന്നിന് ട്വന്റി-20 ലോകകപ്പില്‍ നമീബിയ്‌ക്കെതിരേ തങ്ങളുടെ ആദ്യ മത്സരത്തിന് ഒമാന്‍ ഇങ്ങുമ്പോള്‍ അക്വിബ് വലിയ ആവേശത്തിലാണ്. ആദ്യമായി ദേശീയ ടീമിനെ നയിക്കുകയാണ്. അതും ഇനിയൊരിക്കലും തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ല എന്നു വിചാരിച്ചിടത്തു നിന്ന്.

‘ക്യാന്‍സര്‍ എന്റെ ജീവിതത്തില്‍ ഒരു മുറിവുണ്ടാക്കി. കൂടുതല്‍ നേരം പരിശീലിക്കുമ്പോള്‍ എനിക്കിപ്പോഴും വേദന തോന്നാറുണ്ട്. പക്ഷേ ആ വേദന ഞാന്‍ കാര്യമാക്കുന്നില്ല. കാരണം ഒരു ഘട്ടത്തില്‍ എന്റെ കാല്‍ മുറിച്ചു മാറ്റുമെന്നും, ഞാന്‍ മരിച്ചു പോകുമെന്നും ഭയപ്പെട്ടിരുന്നു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു, സ്വന്തം കാലില്‍ ചവിട്ടി നടക്കുന്നു, ക്രിക്കറ്റ് കളിക്കുന്നു, എന്റെ രാജ്യത്തെ നയിക്കുന്നു…’ ആവേശത്തോടെ അക്വിബ് ഇല്യാസ് പറയുന്നു.

Content Summary; T20 world cup, oman team captain aqib ilyas cancer survivor story

×