June 13, 2026 |
Share on

120 ല്‍ നിന്നും 70 ആയി; എക്‌സിറ്റ് പോള്‍ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ‘ദളപതി തരംഗം’

എന്‍.ഡി.ടി.വി- ആക്സിസ് മൈ ഇന്ത്യ ആദ്യം പ്രവചിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടുമെന്നാണ്‌

പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നിവടങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പ്രതീക്ഷിച്ചിരിക്കുന്ന ഫലങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവചനങ്ങളാണ് ഭൂരിപക്ഷം റിസള്‍ട്ടുകളിലും കാണാനാകുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളില്‍, തെന്നിന്ത്യന്‍ താരം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിയെഴുതുന്നു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പതിവ് തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ നിന്നും വ്യത്യസ്തമായി, തമിഴ് സിനിമയെ വെല്ലുന്ന നാടകീയതയാണ് ഇത്തവണത്തെ എക്‌സിറ്റ് പോളുകളില്‍ ദൃശ്യമാകുന്നത്.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്‍.ഡി.ടി.വി – ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട പ്രവചനങ്ങളാണ്. വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) 234 അംഗ നിയമസഭയില്‍ 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി അധികാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തുമെന്നാണ് ഇവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിനൊപ്പം തന്നെ 35 ശതമാനം വോട്ട് വിഹിതം ടി.വി.കെ നേടുമെന്നും, അതേസമയം എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി സഖ്യം 23 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും ഈ സര്‍വ്വേ പറയുന്നു.

എന്നാല്‍, ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ സംശയത്തോടെയാണ് കാണുന്നത്. ടി.വി.കെയ്ക്ക് നല്‍കിയ വലിയ മുന്നേറ്റത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍, ഈ കണക്കുകള്‍ 70 സീറ്റുകള്‍ വരെയായി കുറയാന്‍ സാധ്യതയുണ്ടെന്ന് ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത തന്നെ സൂചിപ്പിച്ചത് ഈ പ്രവചനങ്ങളുടെ വിശ്വാസ്യതയിലുള്ള സംശയത്തെ ബലപ്പെടുത്തുകയാണ്.

വോട്ടുകള്‍ എണ്ണുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ രാഷ്ട്രീയ തരംഗങ്ങള്‍ക്ക് വഴിവെക്കാം. ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ച ടി.വി.കെയുടെ 35 ശതമാനം വോട്ട് വിഹിതത്തില്‍ ഒരു 7 ശതമാനത്തിന്റെ കുറവുണ്ടാകുകയും, ആ വോട്ടുകള്‍ ദ്രാവിഡ കക്ഷികള്‍ക്കിടയില്‍ വിഭജിക്കപ്പെടുകയും ചെയ്താല്‍ ചിത്രം പൂര്‍ണ്ണമായും മാറും. അങ്ങനെയെങ്കില്‍ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടോടെ മുന്നിലെത്തുകയും, എ.ഐ.എ.ഡി.എം.കെ സഖ്യം 26.5 ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും. ടി.വി.കെ 28 ശതമാനത്തിലേക്ക് താഴുന്നതോടെ സീറ്റുകളുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകും.

മറ്റ് പ്രമുഖ സര്‍വ്വേകള്‍ ഡി.എം.കെയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. വിജയിയുടെ പാര്‍ട്ടിക്ക് പരമാവധി 40 സീറ്റുകള്‍ വരെയാണ് ഇത്തരം സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ചിലര്‍ ടി.വി.കെ സംപൂജ്യരായേക്കാം എന്നും നിരീക്ഷിക്കുന്നുണ്ട്. വോട്ട് വിഹിതത്തില്‍ ഇരട്ട അക്കങ്ങള്‍ കടന്നുകൊണ്ട് ഒരു നവാഗത പാര്‍ട്ടി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിജയിക്ക് സാധിച്ചേക്കാം. എങ്കിലും, സിനിമയിലെ ആദ്യ ദിന കളക്ഷന്‍ പോലെയായിരിക്കില്ല തിരഞ്ഞെടുപ്പിലെ അന്തിമ ഫലം എന്നതാണ് തമിഴ് രാഷ്ട്രീയ ചരിത്രം പഠിപ്പിക്കുന്നത്. വിജയകാന്തിന്റെ ഡി.എം.ഡി.കെ തുടക്കത്തില്‍ നേടിയ കുതിപ്പും പിന്നീട് നേരിട്ട തിരിച്ചടിയും രാഷ്ട്രീയ നിരീക്ഷകര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അഭേദ്യമായ ബന്ധം എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നിവരിലൂടെ നാം കണ്ടതാണ്. എന്നാല്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പരാജയപ്പെട്ട സാഹചര്യത്തില്‍, വിജയിയുടെ വരവ് യുവാക്കള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. ഡി.എം.കെ വിരുദ്ധ വോട്ടുകള്‍ എ.ഐ.എ.ഡി.എം.കെ-യില്‍ നിന്നും ടി.വി.കെ-യിലേക്ക് മാറിയാല്‍ അത് എം.കെ. സ്റ്റാലിന് ഭരണത്തുടര്‍ച്ച എളുപ്പമാക്കാനും സാധ്യതയുണ്ട്.

Content Summary: Tamil Nadu Exit Poll 2026; Vijay’s TVK is projected to win big, experts question the reliability of Exit Poll

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×