UPDATES

ഉത്തരകാലം

‘അയാളുടെ നാക്ക് നല്ലതായിരുന്നുവെങ്കില്‍ ഇങ്ങനെ തോല്‍ക്കില്ലായിരുന്നു’

എല്ലാവരെയും തോല്‍പ്പിച്ചത് അണ്ണാമലൈ ആണെന്ന് എഐഎഡിഎംകെ

                       

തമിഴ്‌നാട്ടില്‍ അണ്ണാമലൈക്കെതിരേ പരാതിയും പ്രതിഷേധങ്ങളുമായി എഐഎഡിഎംകെ. ബിജെപിക്കും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അണ്ണാമലൈക്കാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്റെ നാവ് നിയന്ത്രിച്ചിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം നേരിടേണ്ടി വരില്ലായിരുന്നുവെന്ന് എഡിഎംകെ നേതാക്കള്‍ പറയുന്നു. tamil nadu election result 2024, aiadmk blame bjp state president k annamalai

ഡിഎംകെയുടെ നേതൃത്വത്തില്‍ മത്സരത്തിനിറങ്ങിയ ഇന്ത്യ സഖ്യം തമിഴ്‌നാട്ടിലെ 36 സീറ്റുകളും സ്വന്തമാക്കിയപ്പോള്‍, ബിജെപിയും എഐഎഡിഎംകെയും സംപൂജ്യരായി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അണ്ണൈമലൈ നടത്തിയ പ്രസ്താവനയാണ് എഡിഎംകെയെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്കയിടങ്ങളിലും എഡിഎംകെ മൂന്നാം സ്ഥാനത്താണെന്നും, ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് പാര്‍ട്ടിയുടെ വിജയമാണെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ അവകാശവാദം. ഇതിനു പിന്നാലെയാണ് ദ്രാവിഡ പാര്‍ട്ടി നേതാക്കള്‍ അണ്ണാമലൈക്കെതിരേ രംഗത്ത് വന്നത്.

രണ്ട് പാര്‍ട്ടികളുടെയും മോശം പ്രകടത്തിനും കാരണക്കാരന്‍ അണ്ണാമലൈ ആണെന്നാണ് മുന്‍ മന്ത്രി ആര്‍ ബി ഉദയകുമാര്‍ കുറ്റപ്പെടുത്തിയത്.

‘ അണ്ണാമലൈ അയാളുടെ നാക്ക് മര്യാദയ്ക്കിട്ടിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല റിസള്‍ട്ട്. എല്ലാവരുടെയും തോല്‍വിക്ക് ഒരൊറ്റ നേതാവ് മാത്രമാണ് കാരണം. അയാളുടെ പരിചയക്കുറവ് കാരണമാണ് ഇത്രയും ദുരന്തപൂര്‍ണമായ പരാജയം ഉണ്ടായത്. തനിക്ക് മുമ്പുണ്ടായിരുന്നവരെ കണ്ട് പഠിച്ചിരുന്നെങ്കില്‍, സംസാരം നിയന്ത്രിച്ചിരുന്നെങ്കില്‍ അയാളുടെ ഡല്‍ഹി നേതാക്കള്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. അയാളുടെ തെറ്റായ നീക്കമാണ് എളുപ്പമായിരുന്നു ഭൂരിപക്ഷം ഡല്‍ഹിയില്‍ നഷ്ടപ്പെടുത്തിയത്’ ഉദയകുമാറിന്റെ ആക്ഷേപങ്ങളാണിത്. എഐഎഡിഎംകെയുടെ ശക്തനായ നേതാവായിരുന്ന ഉദയകുമാര്‍ ഇത്തവണ മധുര മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിജെപിയുടെ ‘വാഷിംഗ് മെഷീന്‍’ വെളുപ്പിച്ചവരെ ജനം എന്തു ചെയ്തു?

ബിജെപി-എഐഎഡിഎംകെ സഖ്യം പൊളിച്ചതും അണ്ണാമലൈ ആണെന്നാണ് ഉദയകുമാര്‍ കുറ്റപ്പെടുത്തുന്നത്. ഒരുമിച്ച് നിന്നിരുന്നെങ്കില്‍ മികച്ച പ്രകടനം രണ്ടുപേര്‍ക്കും കാഴ്ച്ചവയ്ക്കാമായിരുന്നുവെന്നും തമിഴ് പാര്‍ട്ടിയുടെ നേതാവ് വിശ്വാസം പ്രകടിപ്പിക്കുന്നു. ‘ ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അയാള്‍ ഞങ്ങളെ കടന്നാക്രമിച്ചിരുന്നു. അയാള്‍ ഞങ്ങളെ അപമാനിച്ചു, അയാള്‍ക്കറിയില്ല, ആരാണ് സുഹൃത്ത്, ആരാണ് ശത്രു എന്ന്’ ഉദയകുമാര്‍ കുറ്റപ്പെടുത്തുന്നു.

കോയമ്പത്തൂരിലെ എഡിഎംകെയുടെ മറ്റൊരു പ്രധാന നേതാവും മുന്‍ മന്ത്രിയുമായ എസ് പി വേലുമണിയും അണ്ണാമലൈയ്ക്കു മേലാണ് പഴി ചാരുന്നത്. ബിജെപി-എഐഎഡിഎംകെ സഖ്യമായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ 30 മുതല്‍ 35 സീറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്നാണ് വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വേലുമണി അവകാശപ്പെട്ടത്. സഖ്യം യാഥാര്‍ത്ഥ്യമാകാതിരുന്നതിന്റെ പഴി അണ്ണാമലൈയുടെ തോളിലാണ് വേലുമണിയും ചാരുന്നത്.

‘ തമിളസൈ സൗന്ദര്‍രാജനും എല്‍ മുരുഗനും പാര്‍ട്ടിയെ നയിച്ചിരുന്നപ്പോള്‍ ബിജെപിയുമായുള്ള എഐഎഡിഎംകെ ബന്ധം തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു. അയാള്‍ ചുമതലയേറ്റെടുത്തശേഷമാണ് വിള്ളലുണ്ടായത്. അതിനു കാരണം അയാളുടെ വര്‍ത്തമാനമാണ്. ഞങ്ങളുടെ അഭിമാനമായ സി എന്‍ അണ്ണാദുരൈ, ജയലളിത എന്നിവരെ വരെ അയാള്‍ അവഹേളിച്ചു’ അണ്ണാമലൈയെ കുറ്റപ്പെടുത്തിക്കൊണ്ട് വേലുമണി പറഞ്ഞു. പാര്‍ട്ടി സ്ഥാപകനായ എംജിആറിനെയും നിലവിലെ പ്രസിഡന്റ് എടപ്പാടി പളനിസാമിയെയും അണ്ണാമലൈ അപമാനിച്ചിട്ടുണ്ടെന്നും വേലുമണി ആരോപിച്ചു. ബിജെപി-എഐഎഡിഎംകെ ബന്ധം തകരാന്‍ ഒരേയൊരു കാരണക്കാരന്‍ അണ്ണാമലൈയാണ്. കോയമ്പത്തൂരില്‍ അയാള്‍ക്ക് ഒന്നും ചെയ്യാനാകില്ലായിരുന്നു, ഇത്തവണ അയാള്‍ നേടിയതിനെക്കാള്‍ വോട്ട് മുമ്പ് ബിജെപിയുടെ തന്നെ സി പി രാധാകൃഷ്ണന്‍ നേടിയിട്ടുണ്ട്’ എന്നും വേലുമണി പറഞ്ഞു. ഡിഎംകെയുടെ രാജ് കുമാറിനോട് 1,18,068 വോട്ടുകള്‍ക്കാണ് കോയമ്പത്തൂരില്‍ അണ്ണൈമലൈ തോറ്റത്.

എഐഎഡിഎംകെ നേതാക്കള്‍ തനിക്കെതിരേ നടത്തിയ ആക്ഷേപങ്ങളില്‍ പ്രതികരിച്ച അണ്ണാമലൈ, തെരഞ്ഞെടുപ്പ് പരാജയത്തിന് വീണ്ടും കുറ്റപ്പെടുത്തുന്നത് ദ്രാവിഡ പാര്‍ട്ടിയെയാണ്. 2019 ലെ പരാജയത്തിന് പഴി പറഞ്ഞത് ബിജെപിയുമായി കൂട്ടുകൂടിയതുകൊണ്ടാണെന്നാണ്. ഇത്തവണ ബിജെപിയെ കൂട്ടാതെ മത്സരിച്ചിട്ട് എന്തായി എന്നാണ് അണ്ണാമലൈ ചോദിക്കുന്നത്. എടപ്പാടി പളനിസാമിയും വേലുമണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണമെന്നാണ് ബിജെപി നേതാവ് പറയുന്നത്.

‘ ബിജെപിയെ നോട്ട പാര്‍ട്ടിയെന്ന് ആക്ഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ പറയുന്നത് ബിജെപി കൂടെയുണ്ടായിരുന്നെങ്കില്‍ മികച്ച പ്രകടനം നടത്താമായിരുന്നുവെന്ന്. അവര്‍ ഞങ്ങളോട് പെരുമാറിയത് മോശമായിട്ടായിരുന്നു, 2019 ല്‍ അഞ്ചു സീറ്റുകള്‍ നേടിയ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചു, പ്രചാരണങ്ങളില്‍ ബിജെപി കൊടി പിടിക്കുന്നതില്‍ നിന്നും ഞങ്ങളെ വിലക്കി. എന്നിട്ടിപ്പോള്‍ പറയുന്നത്, ഒരുമിച്ചായിരുന്നുവെങ്കില്‍ എല്ലാ സീറ്റുകളും പിടിക്കാമായിരുന്നുവെന്ന്. അവര്‍ എന്തുകൊണ്ട് ഇക്കാര്യം നേരത്തെ മനസിലാക്കിയില്ല? ഈ തെരഞ്ഞെടുപ്പ് ഫലം, മോശം പെരുമാറ്റത്തിന് എഐഎഡിഎംകെയ്ക്ക് കിട്ടിയ ശിക്ഷയാണ്” അണ്ണാമലൈയുടെ വിശദീകരണം ഇങ്ങനെയാണ്.

യാതൊരു വിശ്വാസ്യതയുമില്ലാത്ത അണ്ണാമലൈക്ക് എഐഎഡിഎംകെയെ കുറിച്ച് പറയാന്‍ അവകാശവുമില്ലെന്നും, ഞങ്ങളുടെ നേതാക്കളെ വിമര്‍ശിക്കാന്‍ വരുന്നതിനു മുമ്പ് സ്വന്തം സ്ഥാനം പോകാതെ നോക്കാനുമാണ് പാര്‍ട്ടിയുടെ ഐടി വിംഗ് അണ്ണൈമലൈയെ പരിഹസിച്ചുകൊണ്ട് പ്രസ്തവാന പുറത്തിറക്കിയത്.

Content Summary; Tamil nadu election result 2024, aiadmk blame bjp state president k annamalai

Share on

മറ്റുവാര്‍ത്തകള്‍