April 20, 2025 |

തമിഴ്-ഹിന്ദി ഭാഷ തര്‍ക്കം രൂപയുടെ രൂപം മാറ്റിയ ‘തമിഴന്‍’, വിവാദത്തില്‍ പ്രതികരിച്ച് ഡിസൈനര്‍

തമിഴ്നാട് സ്വദേശിയും ഡിസൈനറുമായ ഡി ഉദയകുമാറായിരുന്നു രൂപയുടെ നിലവിലുള്ള ചിഹ്നം ഡിസൈൻ ചെയ്തത്

ഭാഷാതർക്കം നിലനിൽക്കുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴിലാക്കിയത് വിവാദങ്ങൾക്ക് വഴി വച്ചിരിക്കയാണ്. രൂപയുടെ ദേവനാഗരി ലിപിയിലെ “₹” എന്ന അക്ഷരത്തിനു പകരം തമിഴിൽ “ரூ” എന്ന അക്ഷരം കൊടുത്തതാണ് വിവാദങ്ങൾക്ക് തിരികൊളുത്താനുള്ള കാരണം. ബജറ്റിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് രൂപയുടെ തമിഴ് ചിഹ്നം അവതരിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കൽ, ദേശീയ വിദ്യാഭ്യാസ നയം എന്നിവയ്ക്കെതിരെ കേന്ദ്ര സർക്കാരുമായുള്ള അസ്വാരസ്യങ്ങൾക്ക് ഇടയിലാണ് തമിഴ്നാട് ഗവൺമെന്റിന്റെ പുതിയ തീരുമാനം എന്നതാണ് ശ്രദ്ധേയം.

തമിഴ്നാട് സ്വദേശിയും ഡിസൈനറുമായ ഡി ഉദയകുമാറായിരുന്നു രൂപയുടെ നിലവിലുള്ള ചിഹ്നം ഡിസൈൻ ചെയ്തത്. അതുകൊണ്ട് തന്നെ ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ഒരു തമിഴ്നാട് സ്വദേശിയാണെന്ന് മറക്കരുതെന്ന് പ്രസ്താവിച്ച് കൊണ്ടുള്ള ബിജെപി പ്രതിഷേധങ്ങളും വ്യാപകമാണ്. ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കയാണ് ഉദയകുമാർ. താൻ ചെയ്ത ജോലിയിൽ അഭിമാനിക്കുന്നുവെന്നും ആക്രമണങ്ങൾക്കും ആരോപണങ്ങൾക്കുമെതിരെ പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും ഉദയകുമാർ പറഞ്ഞു. ഒരു ഡിസൈനർ തന്റെ ജോലിയിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ ബാധ്യസ്ഥനാണെന്നും അതുകൊണ്ട് വിവാദങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും ഉദയകുമാർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചിട്ടെല്ലെന്ന് ഉ​ദയകുമാർ കൂട്ടിച്ചേർത്തു. 2009ൽ നടന്ന ഒരു മത്സരത്തിന്റെ ഭാ​ഗമായാണ് ഉദയകുമാർ “₹” എന്ന ചിഹ്നം രൂപകല്പന ചെയ്യുന്നത്. എല്ലാ ഡിസൈനുകളും അം​ഗീകരിക്കപ്പെടണമെന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ പ്രവർത്തി തന്റെ ജോലിയോടുള്ള അനാദരവായി തോന്നുന്നില്ലെന്നും ഉദയകുമാർ പറഞ്ഞു. തനിക്ക് ലഭിച്ച കുറഞ്ഞ സമയത്തിനുള്ളിൽ മേന്മയുള്ള ഒരു ഡിസൈൻ തയ്യാറാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. സാർവ്വത്രികവും ലളിതവുമായിരിക്കണമെന്ന് ഉദയകുമാറിന് നിർബന്ധമുണ്ടായിരുന്നു. ഭാവിയിൽ ഇത്തരത്തിലൊരു വിവാദമുണ്ടാകുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്ന് ഉദയകുമാർ വ്യക്തമാക്കി.

ചിഹ്നത്തെ തമിഴിൽ എഴുതി അവതരിപ്പിക്കുന്ന ഡിഎംകെ നീക്കത്തെ മണ്ടത്തരമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ വിമർശിച്ചത്. രൂപയുടെ ചിഹ്നത്തെ സംസ്ഥാന സർക്കാർ അപമാനിച്ചതായും അണ്ണാമലൈ ആരോപിക്കുന്നു. രൂപയുടെ ചിഹ്നത്തെ എതിർക്കാനുള്ള ഒരു നീക്കമല്ല ഇതെന്നും തമിഴ് ഭാഷയുടെ ഉയർത്തിപിടിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്നും ഡിഎംകെ വ്യക്തമാക്കി. താൻ ഒരു മുൻ ഡിഎംകെ എംഎൽഎയുടെ മകനായത് യാദൃശ്ചികമാണെന്നാണ് ആരോപണങ്ങൾക്കെതിരെ ഉദയകുമാർ പ്രതികരിച്ചത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട് ഉദയകുമാർ. 2010 ൽ മൻമോഹൻ സിംഗിന്റെ ഭരണകാലത്താണ് ഉദയകുമാർ രൂപകൽപ്പന ചെയ്ത ചിഹ്നം ദേശീയതലത്തിൽ അംഗീകരിച്ചത്. ദേവന​ഗരി ലിപിയിലെ ‘ര’ എന്ന അക്ഷരം രൂപയ്ക്കും റോമൻ ഭാഷയിലെ ‘ര’ എന്ന അക്ഷരവും ചേർത്താണ് താൻ ചിഹ്നം നിർമ്മിച്ചതെന്ന് ഉദയകുമാർ അന്ന് വിശദീകരിച്ചിരുന്നു. ചിഹ്നത്തിന് സാർവത്രികമായ ഒരു ആകർഷണം ഉണ്ടാവണമെന്നും എന്നാൽ ഇന്ത്യൻ സംസ്കാരത്തോട് യോജിച്ച് നിൽക്കുന്നതായിരിക്കണമെന്ന് ഉദയകുമാറിന് നിർബന്ധമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് വേറിട്ട് നിൽക്കാനുള്ള തമിഴ്നാടിന്റെ നീക്കമായാണ് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ഇതിനെ വിശേഷിപ്പിച്ചത്. രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസിലാക്കുന്നതെന്നും നാരായണൻ തിരുപ്പതി പറഞ്ഞു. മുൻപത്തെ രണ്ട് ബജറ്റിലും രൂപയുടെ ചിഹ്നമാണ് ഉപയോ​ഗിച്ചിരുന്നത് ഇത്തവണയാണ് ഇതിൽ മാറ്റം വരുത്തിയിരിക്കുന്നത്. ത്രിഭാഷാ നയത്തിനെതിരെ രൂ​ക്ഷ വിമർശനമാണ് ഡിഎംകെ ഉന്നയിക്കുന്നത്. ത്രിഭാഷാനയം നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ അഭിയാനിലെ കേന്ദ്രസഹായമായ 573 കോടി രൂപ കേന്ദ്രസര്‍ക്കാർ പിടിച്ചുവെച്ചിരുന്നു.

content summary: Tamil Nadu Replaces Rupee Symbol Designed By Tamilian state BJP chief flagged this to target the state’s DMK government

 

Leave a Reply

Your email address will not be published. Required fields are marked *

×