UPDATES

ട്രെന്‍ഡിങ്ങ്

മാവോയിസ്റ്റ് ബന്ധമാരോപിച്ച് സന്നദ്ധപ്രവര്‍ത്തകരെ വേട്ടയാടാന്‍ ഛത്തീസ്ഗഡ് പോലീസ് നോട്ട് നിരോധനം ആയുധമാക്കുന്നു

ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനയിലെ ഏഴംഗ സംഘത്തെ ചത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്തു

                       

ഛത്തീസ്ഗഢില്‍ സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിച്ച നോട്ടുകള്‍ മാറാന്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നു എന്ന പേരിലാണ് ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. ബിജാപൂര്‍ ജില്ലയില്‍ അടുത്തു നടന്ന ഒരു ഏറ്റുമുട്ടല്‍ കൊലയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോയ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനയിലെ ഏഴംഗ സംഘത്തെ മാവോയിസ്റ്റുകള്‍ക്ക് പഴയ നോട്ടുകള്‍ മാറി നല്‍കുന്നുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് അഭിഭാഷകര്‍, ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍, ഒസ്മാനിയ സര്‍കലാശാലയിലെ മൂന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സംഘം. ഇവരില്‍ നിന്നും 100,000 രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തതായി പോലീസ് അവകാശപ്പെടുന്നു.

‘ഭീകരമായ ഏറ്റുമുട്ടലിന് ശേഷം’ മാവോയിസ്റ്റ് വേഷമിട്ട ഒരു അജ്ഞാതനെ മേത്പാല്‍ വനത്തിലെ ഗാംഗല്ലൂരില്‍ വച്ച് വെടിവെച്ചു കൊന്നുവെന്നാണ് ബിജാപൂര്‍ പോലീസ് ഡിസംബര്‍ 16ന് വെളിപ്പെടുത്തിയത്. എന്നാല്‍ 13 വയസുള്ള ബധിരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി സോമരു പോട്ടം ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവപരമ്പരകളുടെ തുടക്കം. മേത്പാല്‍ നിവാസികള്‍ മൃതദേഹം പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ബിലസ്പൂരിലെ ഛത്തീസ്ഗഢ് ഹൈക്കോടതിയെ അഭയം പ്രാപിച്ചു.

മറ്റൊരു കുട്ടിയുമായി മേത്പാലിലേക്ക് വരുന്ന വഴി പോലീസ് പോട്ടത്തിനെ ആക്രമിച്ചു കീഴടക്കുകയായിരുന്നു. മറ്റേ കുട്ടി രക്ഷപ്പെട്ടോടി. ശാരീരിക വൈകല്യങ്ങള്‍ മൂലം രക്ഷപ്പെടാന്‍ കഴിയാതിരുന്ന പോട്ടത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. ബധിരനായ കുട്ടി ഉത്തരം പറയാത്തതില്‍ കുപിതരായ പോലീസുകാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് മാവോയിസ്റ്റ് യൂണിഫോം ധരിപ്പിക്കുകയും ഒരു തോക്ക് മൃതദേഹത്തിന് അരികില്‍ വെക്കുകയും ചെയ്തു.

ഏതായാലും മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ചത്തീസ്ഗഢ് ഹൈക്കോടതി 26ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ വസ്തുത അന്വേഷിക്കാനെത്തിയ സംഘത്തെയാണ് പോലീസ് നോട്ട് മാറ്റിക്കൊടുക്കല്‍ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്തത്. ആന്ധപ്രദേശിലെ ഖമ്മം ജില്ലയിലെ ദുമ്മുഗുഡം ഗ്രാമത്തില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ സുഗ്മ ജില്ലയിലെ കോണ്ട പ്രദേശത്ത് വച്ച് ഛത്തീസ്ഗഡ് പോലീസിന് കൈമാറുകയായിരുന്നുവെന്ന് തെലുങ്കാന ഡെമോക്രാറ്റി ഫ്രണ്ട് എന്ന മനുഷ്യാവകാശ സംഘടനയുടെ സിവില്‍ ലിബേര്‍ട്ടീസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ നാരായണ റാവു പറഞ്ഞു. പിസിഎ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കാണിക്കാനാണിതെന്നും അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ കൈയില്‍ ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ ഉണ്ടായിരുന്ന എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

വസ്തുതാന്വേഷണ സംഘത്തെ മാത്രമല്ല, സോമരു പോട്ടത്തിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ശാലിനി ഗെര എന്ന അഭിഭാഷകയെയും ഇതേ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം റിഷിത് നിയോഗി, നികിത അഗര്‍വാള്‍ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജഗദല്‍പൂര്‍ നിയമസഹായ സംഘത്തിലെ അംഗങ്ങളാണിവര്‍. പോലീസിന്റെ കൈയില്‍ അറസ്റ്റ് വാറണ്ട് ഇല്ലാത്തതിനാല്‍ അഭിഭാഷകര്‍ സഹകരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് മാവോയിസ്റ്റുകള്‍ക്കായി ഇവര്‍ പത്തുലക്ഷം രൂപയ്ക്ക് തുല്യമായ പഴയ ആയിരത്തിന്റെ നോട്ടുകള്‍ മാറ്റിക്കൊടുത്തു എന്ന വിനോദ് പാണ്ഡെ എന്നൊരാളിന്റെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തങ്ങളുടെ അറസ്റ്റ് അന്യായമാണെന്ന് കാണിച്ച് ഗെര ഡിസംബര്‍ 27ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അക്കാമിക് പണ്ഡിതര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, ആദിവാസി അവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ബസ്തര്‍ ഡിവിഷനില്‍ തുടരുന്ന പീഡനങ്ങളുടെ തുടര്‍ച്ചയാണോ പുതിയ സംഭവങ്ങളെന്ന് സംശയിക്കുന്നതായും അവര്‍ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. സംഭവം നടന്ന ദിവസം പോട്ടത്തിന്റെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം മേത്പാല്‍ ഗ്രാമത്തിലായിരുന്നു തങ്ങളെന്ന് അവര്‍ വിശദീകരിക്കുന്നു. ഞായറാഴ്ച താന്‍ സബ് ഡിവിഷണല്‍ മജിട്രേറ്റ്, ഡപ്യൂട്ടി കളക്ടര്‍, ബിജാപൂര്‍ തഹസില്‍ദാര്‍ എന്നിവരോടൊപ്പമാണ് ദിവസം മുഴുവന്‍ ചിലവിട്ടതെന്നും അതിനിടയില്‍ ദന്തേവാഡ കാട്ടിലേക്ക് യാത്ര ചെയ്ത് ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ക്ക് നോട്ട് മാറിക്കൊടുക്കല്‍ അസാധ്യമാണെന്നും ശാലിനി വെര തന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍