എം ആന്റ് എസ് സൈബർ അറ്റാക്ക്; ടാറ്റ കൺസൾട്ടൻസിക്ക് പങ്കുണ്ടോ?

ആഭ്യന്തര അന്വേഷണം നടത്തുമെന്നറിയിച്ച് ടിസിഎസ്

പ്രമുഖ മൾട്ടിനാഷണൽ റീട്ടെയിലറായ മാർക്ക്സ് ആൻഡ് സ്പെൻസറിനെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നറിയിച്ച് ലോകത്തെ മുന്‍നിര കമ്പനികളിലൊന്നും എം ആന്റ് എസിന്റെ ദീർഘകാല സാങ്കേതിക പങ്കാളിയുമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). സൈബർ ആക്രമണത്തിൽ ടാറ്റ കൺസൾട്ടൻസിക്ക് പങ്കുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തുക.

ഉപഭോക്തൃ ഡാറ്റ മോഷ്ടിക്കുന്നതിനും റീട്ടെയിലറിൽ ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഹാക്കർമാർ എം ആന്റ് എസിന്റെ സിസ്റ്റങ്ങളിൽ കടന്നുകയറിയതെന്ന് സംശയിക്കുന്നുണ്ടെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണത്തിനൊരുങ്ങുന്നത്.

ഈ മാസാവസാനത്തോടെ അന്വേഷണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുള്ളതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപാണ് സൈബർ ആക്രമണത്തെക്കുറിച്ച് എം ആന്റ് എസ് അറിയിച്ചത്. അന്ന് മുതൽ എം ആന്റ് എസുമായി ചേർന്ന് ടിസിഎസ് അന്വേഷണം നടത്തുന്നുണ്ട്.

സൈബർ ആക്രമണത്തെ തുടർന്ന് എം ആന്റ് എസ് തങ്ങളുടെ ഓൺലൈൻ വസ്ത്ര സ്റ്റോർ മൂന്നാഴ്ചയിലേറെയാണ് അടച്ചുപൂട്ടേണ്ടിവന്നത്. ഇത് വിപണിയിൽ 750 മില്യൺ പൗണ്ടിലധികം നഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ വരെ എം ആന്റ് എസിന്റെ സൈറ്റിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെ്. സംഭവം യുകെ പോലീസും അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.

മനുഷ്യനിർമിത പിശക് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും തേർഡ് പാർട്ടി കരാറുകാരന്റെ ജീവനക്കാരനെ കബളിപ്പിച്ചാണ് ഹാക്കർമാർ എം ആന്റ് എസിൽ ഹാക്കിങ്ങ് നടത്തിയതെന്നും എം ആന്റ് എസ് സിഇഒ സ്റ്റുവർട്ട് മാച്ചിൻ പറഞ്ഞു. ടിസിഎസിലൂടെയാണോ ഹാക്കർമാർ ഇത് സാധ്യമാക്കിയതെന്നോ എം ആന്റ് എസിലുള്ളവർക്ക് പണം വാ​ഗ്ദാനം നൽകി നേടിയതാണെന്നോ എന്ന കാര്യം സ്റ്റുവർട്ട് മാച്ചിൻ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാൻ ടിസിഎസും എം ആൻഡ് എസ്സും തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ടിസിഎസ് ആണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയാൽ അത് കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. അടുത്തിടെ സൈബർ ആക്രമണങ്ങൾ നേരിട്ട കോ-ഓപ്പ്, ഹാരോഡ്‌സ് തുടങ്ങിയ യുകെയിലെ മറ്റ് റീട്ടെയിലർമാരുമായും ടിസിഎസ് പങ്കാളികളായിട്ടുണ്ട്. കോ-ഓപ്പ് സൈബർ ആക്രമണത്തിൽ ടിസിഎസ് അന്വേഷണം നടത്തുന്നില്ലയെന്നാണ് ലഭിക്കുന്ന വിവരം.

എം ആന്റ് എസിലുണ്ടായ സൈബർ അറ്റാക്ക് ഇന്ത്യയുടെ 280 ബില്യൺ ഡോളർ മൂല്യമുള്ള ടെക് വ്യവസായത്തിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാക്കിയിട്ടുണ്ട്. യുഎസ് പോലുള്ള പ്രധാന വിപണികളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതിനാൽ ഈ വ്യവസായം ഇതിനകം തന്നെ സമ്മർദ്ദത്തിലാണ്. ഈ വർഷം ആദ്യം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ്, ഒരു പ്രത്യേക സൈബർ ആക്രമണവുമായി ബന്ധപ്പെട്ട യുഎസിലെ കേസുകൾ തീർപ്പാക്കാൻ 17.5 മില്യൺ ഡോളർ നൽകി.

നിലവിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഹാക്കർമാർ കൂടുതൽ സംഘടിതരാകുന്നുവെന്നും മുംബൈ ആസ്ഥാനമായുള്ള അനലിസ്റ്റ് വൈഭവ് ചെച്ചാനി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Summary: Tata Consultancy Services carries out internal probe into M&S cyber attack

This post was last modified on May 26, 2025 11:05 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment