മൂന്നു ഷോകള്‍ റദ്ദാക്കി
പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേരെ ഓസ്ട്രിയന്‍ പോലീസ് പിടികൂടിയതോടെ പരിപാടി റദ്ദാക്കി. വിയന്നയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഓസ്ട്രിയന്‍ പൗരനായ 19കാരനാണ് പിടിക്കപ്പെട്ടവരില്‍ ഒരാള്‍. പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കരുതുന്ന വ്യക്തിയാണ് വിയന്നയില്‍ പിടിയിലായ രണ്ടാമത്തെയാള്‍. താന്‍ ഐഎസിനോട് കുറുള്ള വ്യക്തിയാണെന്ന് പിടിയിലായ 19കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഓസ്ട്രിയന്‍ സുരക്ഷാ വിഭാഗം മേധാവി ഫ്രന്‍സ് റഫ് വ്യക്തമാക്കിയത്. ഇയാളുടെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്‌റ്റേഡിയത്തിലാണ് സ്വിഫ്റ്റിന്റെ പരിപാടി നടക്കാനിരുന്നത്. ഇറാസ് ടൂറിന്റെ ഭാഗമായാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് പരിപാടിക്കായി വരാനിരുന്നത്.
ഭീകരാക്രമണ പദ്ധതി സ്ഥിരീകരിച്ചതോടെ സ്വിഫ്റ്റിന്റെ മൂന്ന് ഷോകളും റദ്ദാക്കുകയായിരുന്നു. സ്വിഫ്റ്റിന്റെ ഷോകള്‍ തന്നെയായിരുന്ന ആക്രമകാരികളുടെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 170,000 ആരാധകരെ പ്രതീക്ഷിച്ചിരുന്ന പരിപാടിയാണ് റദ്ദാക്കപ്പെട്ടത്. ടിക്കറ്റുകളെല്ലാം തന്നെ നേരത്തെ വിറ്റഴിച്ചിരുന്നു. അതേസമയം, എല്ലാവരുടെയും ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. പരിപാടി റദ്ദായതില്‍ വിഷമമുണ്ടെങ്കിലും സാഹചര്യം വളരെ ഗുരുതരമായിരുന്നു, ഭീഷണി നേരത്തെ തിരിച്ചറിയാനും നേരിടാനും ഒരു ദുരന്തം തടയാനും കഴിഞ്ഞു എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ആക്രമണത്തിന് മുന്‍പ് തന്നെ സംഭവം പുറത്തെത്തിക്കാന്‍ പോലീസിന് സാധിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷോ റദ്ദാക്കിയതിന്റെ നിരാശയിലാണ് സ്വിഫ്റ്റിന്റെ ആരാധകര്‍. ഒരു വര്‍ഷത്തിലേറെയായി ഇതിനായി കാത്തിരിക്കുകയായിരുന്നു, കനത്ത നിരാശയാണ് സംഭവം നല്‍കിയതെന്നാണ് ഒരു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വിഫ്റ്റിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പില്‍ മെസേജുകള്‍ ഒഴുകി വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
2017ല്‍ മാഞ്ചസ്റ്ററില്‍ അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിപാടിയുടെ അവസാന നിമിഷത്തില്‍ ആരാധകര്‍ പിരിഞ്ഞുപോകുന്ന വേളയിലാണ് ബോംബര്‍ സല്‍മാന്‍ അബേദി നാപ്‌സാക്ക് പൊട്ടിത്തെറിച്ചത്. 2020 നവംബറില്‍, ശിക്ഷിക്കപ്പെട്ട ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് അനുഭാവി സെന്‍ട്രല്‍ വിയന്നയില്‍ വെടിവയ്പ്പ് നടത്തിയിരുന്നു. നാല് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ ഐഎസ് ആക്രമണമായിരുന്നു അത്.
English Summary: Taylor Swift shows cancelled after Vienna police foil planned attack