March 28, 2025 |

പൈതൃകത്തിന്റെ കഥ പറയുന്ന വസ്ത്രവുമായി ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിൽ

ആധുനികതയിൽ കൂട്ടിയിണക്കിയ പാരമ്പര്യം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ കഥ പറയുന്ന വസ്ത്രങ്ങൾ ധരിച്ചാണ്‌ ഓരോ താരവും എത്തുക. പ്രമുഖ ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുടെ റെഡി-ടു-വെയർ ലേബൽ തസ്വ യാണ് പാരീസ് ഒളിമ്പിക്‌സ് 2024 -ൽ ടീം ഇന്ത്യയ്‌ക്കായി വസ്ത്രം രൂപകൽപ്പന ചെയ്യുക എന്ന അഭിമാനകരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ടീം ഇന്ത്യയുടെ ഔദ്യോഗിക വസ്ത്രം ജൂൺ 30 -ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡൻ്റ പി ടി ഉഷയുടെ സാന്നിധ്യത്തിൽ യുവജനകാര്യ കായിക മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ അനാച്ഛാദനം ചെയ്‌തു. 2024 paris olympics

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ വസ്ത്രത്തിൽ ത്രിവർണ്ണ പതാകയുടെ നിറങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ടീം ഇന്ത്യയുടെ പുരുഷ അത്‌ലറ്റുകൾ കുർത്ത ബുണ്ടി സെറ്റ് ആയിരിക്കും ധരിക്കുക. അതേ സമയം സമാധാനത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ഐവറി നിറത്തിൽ ഇക്കട്ട് ഡിസൈനുകളിൽ കുങ്കുമം, പച്ച, നീല നിറങ്ങൽ അടങ്ങിയ സാരിയാണ് വനിതാ താരങ്ങൾ ധരിക്കുക. ഇതോടൊപ്പം പരമ്പരാഗതവും ആധുനികവുമായ ഫാഷൻ ഘടകങ്ങൾ സമന്വയിപ്പിച്ച് കൊണ്ട് പരമ്പരാഗത ബനാറസ് ബ്രോക്കേഡ് കൊണ്ട് അലങ്കരിച്ച സ്‌നീക്കറുകളുമുണ്ട്.

‘ ഇന്ത്യയെക്കുറിച്ച് കഥ പറയുന്ന വസ്ത്രം സൃഷ്ടിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചത്. വസ്ത്രത്തിന്റെ ഭംഗിക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം ധരിക്കുന്നവരുടെ സ്വാതന്ത്യത്തിനും സുഖത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനായി അത്ലറ്റുകൾ എത്തുമ്പോൾ പാരീസിലെ വേനൽ കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്’, എന്നാണ് താൻ രൂപ കല്പന ചെയ്ത വസ്ത്രത്തെ കുറിച്ച് തരുൺ തഹിലിയാനി പറയുന്നത്. ആഗോള തലത്തിലേക്ക് ഇന്ത്യ ഉയരുമ്പോൾ നമ്മുടെ കായികതാരങ്ങൾ ഇന്ത്യൻ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും അംബാസഡർമാരായി തോന്നണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങളുടെ സൗകര്യത്തിന് മുൻഗണന നൽകികൊണ്ട് കുർത്ത ബുണ്ടി സെറ്റ് ഭാരം കുറഞ്ഞ മോസ് കോട്ടൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, വിസ്കോസ് ക്രേപ്പ് തുണി ഉപയോഗിച്ചാണ് സാരി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

content summary ; team india to paris olympics outfits designed by tarun tahiliani

Leave a Reply

Your email address will not be published. Required fields are marked *

×