June 04, 2026 |
Share on

ഈ വിജയം അമൃതയുടെതാണ്, വിധി ജാതീയതയ്‌ക്കെതിരെയും

പ്രണയ് കുമാര്‍ ജാതിക്കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ, ആറ് പേര്‍ക്ക് ജീവപര്യന്തം

തെലങ്കാനയില്‍ ദളിത് യുവാവിനെ ദുരഭിമാന കൊല ചെയ്ത കേസില്‍ ഒരു പ്രതിക്ക് വധശിക്ഷയും ആറ് പേര്‍ക്ക് ജീവപര്യന്തവും വിധിച്ച് നല്‍ഗോണ്ട പ്രത്യേക കോടതി. രണ്ടാം പ്രതി സുഭാഷ് കുമാറിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികള്‍ 15,000 രൂപ വീതം പിഴയും സ്‌പെഷ്യല്‍ കോടതി ജഡ്ജി റോജ രമണി വിധിച്ചിട്ടുണ്ട്.

പെരുമല്ല പ്രണയ് കുമാറിനെയാണ് ഭാര്യയുടെ അച്ഛന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. 2018 സെപ്തംബര്‍ 14 നായിരുന്നു ഇന്ത്യയില്‍ തന്നെ ചര്‍ച്ചയായി മാറിയ ദുരഭിമാന കൊല നടന്നത്. അഞ്ചു മാസം ഗര്‍ഭിണായായിരുന്ന ഭാര്യ അമൃതവര്‍ഷിണിയെ ആശുപത്രിയില്‍ ചെക്കപ്പിനുകൊണ്ടുപോയി മടങ്ങും വഴിയായിരുന്നു പ്രണയിനെ വെട്ടിക്കൊന്നത്. പ്രണയുടെ അമ്മ പ്രേമലതയും ഒപ്പമുണ്ടായിരുന്നു. മുന്നോക്ക ജാതിയില്‍പ്പെട്ട മകളെ ദളിതന്‍ വിവാഹം ചെയ്തതാണ് അമൃതയുടെ പിതാവ് ടി മാരുതിറാവുവിനെ പ്രകോപിതനാക്കിയത്.

സ്‌കൂള്‍ കാലം മുതല്‍ പരിചയമുള്ളവരായിരുന്നു പ്രണയ് കുമാറും അമൃതവര്‍ഷിണിയും. 2018 ജനുവരി 30 ന് ആണ് ഹൈദരാബാദിലെ ആര്യ സമാജത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇരുവരും നാട്ടില്‍ തിരിച്ചെത്തി. മിരിയാല്‍ഗുഡയില്‍ തിരിച്ചെത്തിയ അമൃതയും പ്രണയും പൊലീസില്‍ നിന്നും സംരക്ഷണം തേടി. അമൃതയുടെ വീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഇരുവരും ജാഗ്രതയിലായിരുന്നു. മുതിറെഡ്ഡികുന്തയിലുള്ള പ്രണയിന്റെ വീട്ടില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചതും ശത്രുക്കളെ ഭയന്നായിരുന്നു. ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള വഴികളും നടന്നിരുന്നു. ദമ്പതിമാരെയും അവരുടെ മാതാപിതാക്കളെയും ഒരുമിച്ചിരുത്തി പൊലീസിന്റെയും പ്രാദേശിക നേതാക്കളുടെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തി. പക്ഷേ, മാരുതി റാവു കരുതികൂട്ടി തന്നെയായിരുന്നു.

2018 ജൂണില്‍ മാരുതി റാവു ഒരു കൊലപാതക പദ്ധതി ആവിഷ്‌കരിച്ചു. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡയുടെ കൊലപാതക കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട രണ്ടുപേരെ റാവു ബന്ധപ്പെട്ടു. നല്‍ഗോണ്ട സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ അലി, സഹായി മുഹമ്മദ് അബ്ദുള്‍ ബാരി എന്നിവരെയായിരുന്നു പ്രണയിന്റെ ജീവനെടുക്കാന്‍ നിയോഗിച്ചത്. കരിം എന്നൊരാള്‍ വഴിയായിരുന്നു റാവു രണ്ടുപേരെയും ബന്ധപ്പെടുന്നത്. 2018 ജൂലൈ 10 ന് കരി, ബാരി, അലി എന്നിവര്‍ക്ക് 15 ലക്ഷം രൂപ റാവു അഡ്വാന്‍സ് നല്‍കി.

പ്രണയിനെ വകവരുത്താനും അലിയും ബാരിയും സുഭാഷ് കുമാര്‍ അഥവ ശര്‍മ എന്ന വാടകക്കൊളയാളിയെയും കൂടെക്കൂട്ടി. മൂവരും മിരിയാല്‍ഗുഡയിലെത്തി. ആദ്യത്തെ രണ്ടു തവണയും പദ്ധതി പാളി. കൊലയാളികളുടെ അടുത്ത ചില നീക്കങ്ങളില്‍ നിന്നും പ്രണയ് രക്ഷപ്പെട്ടു. ഒടുവില്‍ 2018 സെപ്തംബര്‍ 14 ന് അവര്‍ പ്രണയിന്റെ ജീവനെടുത്തു. റോഡില്‍ കൂടി നടന്നു വരികയായിരുന്ന പ്രണയിനെ ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് പിന്നില്‍ നിന്നും വെട്ടുകയായിരുന്നു. താഴെ വീണ പ്രണയിയെ കൊലപാതകികള്‍ തുരുതുരാ വെട്ടി. പ്രണയ് വെട്ടേറ്റ് പിടയുമ്പോള്‍ ഒന്നും ചെയ്യാനാകാതെ തൊട്ടടുത്ത് തന്നെ അമൃതയുമുണ്ടായിരുന്നു.

Amrutha Varshini-pranay

അമൃത വര്‍ഷിണിയും പ്രണയും

വൈകാതെ തന്നെ മാരുതി റാവുവിനെയും മറ്റ് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വാടക കൊലയാളി സുഭാഷ് കുമാറിനെ ബിഹാറില്‍ നിന്നാണ് പിടികൂടിയത്. ബാരി, അലി, കരിം, റാവുവിന്റെ സഹോദരന്‍ ശ്രാവണ്‍ കുമാര്‍, റാവുവിന്റെ ഡ്രൈവര്‍ സമുദ്രാല ശിവ എന്നിവരും പിടിയിലായി.

2019 ഏപ്രിലില്‍ തെലങ്കാന ഹൈക്കോടതി മാരുതി റാവുവിനും മറ്റ് രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

‘ എന്റെ മകളെക്കാള്‍ വലുത്, സമൂഹത്തിലുള്ള എന്റെ പദവിയായിരുന്നു. പ്രണയിനെ കൊല്ലുന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ലായിരുന്നു, എല്ലാം ആസൂത്രണം ചെയ്ത് തന്നെയായിരുന്നു, ജയിലില്‍ പോകാന്‍ ഞാന്‍ തയ്യാറായിരുന്നു”- ദുരഭിമാനം വിടാതെ റാവു പറഞ്ഞ വാക്കുകളാണിത്.

പക്ഷേ, അയാളെക്കാള്‍ വാശിയിലായിരുന്നു അമൃത. ഭര്‍ത്താവിന്റെ ഘാതകര്‍ക്ക് നിയമത്തിന്റെ ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച നിലപാടെടുത്ത അമൃതവര്‍ഷണി, ദുരഭിമാന കൊലകള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറി. ഇന്ത്യക്ക് പുറത്തു പോലും ആ പേര് ചര്‍ച്ചയായി.

‘ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മറ്റ് ജാതികളിലുള്ള കുട്ടികളോട് സംസാരിക്കാനോ കൂട്ടുകൂടാനോ സമ്മതിക്കാറില്ലായിരുന്നു. പ്രണയിന്റെ കാര്യം വീട്ടില്‍ അറിഞ്ഞപ്പോഴും അവര്‍ ശക്തമായി എതിര്‍ത്തു. പക്ഷെ, അവന്റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ലായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു.’ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളെ കുറിച്ച് ബിബിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ അമൃത പറയുന്ന വാക്കുകളാണിത്. സ്വന്തം ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന അമൃതയ്ക്ക് അന്ന് പ്രായം വെറും 21 വയസായിരുന്നു.

പ്രണയ്ക്ക് നീതി ലഭിക്കാനും പോരാട്ടങ്ങളെ ഏകോപിപ്പിക്കാനുമായി ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’എന്ന പേരില്‍ അമൃത ഒരു ഫേസ്ബുക്ക് പേജ്/ഗ്രൂപ്പ് തുടങ്ങിയിരുന്നു. അതിലൂടെ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അച്ഛനെതിരെ അമൃത ക്യാമ്പെയിന്‍ നടത്തി. 2019 ജനുവരി 30 ന് അമൃത ഒരു കുഞ്ഞിന് ജന്മം നല്‍കി. അവരുടെ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അതേ ദിവസം തന്നെ. ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’എന്ന പേജിലൂടെയാണ് അമൃത തന്റെ കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയതും. എന്ത് സംഭവിച്ചാലും കുഞ്ഞിനെ വളര്‍ത്തുമെന്നും അച്ഛന്‍ ഉള്‍പ്പെടെ ജാതിഭ്രാന്ത് പിടിച്ചവര്‍ അഴിയെണ്ണുന്നത് തനിക്ക് കാണണമെന്നും അന്ന് അമൃത ഉറപ്പോടെ പറഞ്ഞിരുന്നു.

തന്റെ പോരാട്ടം കേവലം കൊലയാളികളോട് മാത്രമല്ല, ജാതീയതയ്ക്കെതിരെ കൂടിയാണെന്ന് അമൃത തുടക്കത്തിലെ പ്രഖ്യാപിച്ചിരുന്നു. ജാതീയതയാണ് പ്രണയിനെ കൊന്നത്. ജാതിയെ വേരോടെ പിഴുതെറിയണം. അംബേദ്കര്‍ മുന്‍പോട്ടുവച്ച പാതയിലൂടെയേ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയതയെ, അത്തരം മനോഭാവത്തെ നമുക്ക് തകര്‍ത്തെറിയാന്‍ കഴിയൂ എന്നതായിരുന്നു അമൃതവര്‍ഷിണിയുടെ ആഹ്വാനം.

2020 മാര്‍ച്ച് എട്ടിന്, ഹൈദരാബാദിലെ ആര്യവൈശ്യ ഭവനില്‍ വച്ച് മാരുതി റാവു തന്റെ ജീവന്‍ അവസാനിപ്പിച്ചു. ‘പ്രണയ്ക്കുവേണ്ടി നീതി തേടുകയായിരുന്നു ഞാന്‍. മാരുതി റാവുവിന് വധശിക്ഷയോ, ജീവപര്യന്തമോ, അല്ലെങ്കില്‍ കോടതി വിധിക്കുന്ന മറ്റേത് ശിക്ഷയിലും ഞാന്‍ സന്തോഷിക്കുമായിരുന്നു. പക്ഷേ ആത്മഹത്യ ദുഃഖകരമായ കാര്യമായിപ്പോയി’ എന്നായിരുന്നു അച്ഛന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ അമൃതവര്‍ഷിണിയുടെ പ്രതികരണം.  Telangana Pranay caste killing case, second accused gets death sentence

Content Summary; Telangana Pranay caste killing case, second accused gets death sentence

Leave a Reply

Your email address will not be published. Required fields are marked *

×