UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയില്‍ ടെലിഗ്രാമിന് പൂട്ട് വീഴുമോ?

 31-ൽ അധികം രാജ്യങ്ങളിലാണ് സ്ഥിരമായോ താൽക്കാലികമായോ ടെലഗ്രാം ഇതുവരെ നിരോധിച്ചിരിക്കുന്നത്

                       

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത അഞ്ചാമത്തെ വലിയ ആപ്പാണ് ടെലിഗ്രാം. ഏകദേശം 950 മില്യൺ ആളുകളാണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇന്ത്യയിലും നിരവധി ഉപഭോക്താക്കളുള്ള ടെലിഗ്രാം ഇപ്പോളേറെ പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ടെലെഗ്രാമിന്റെ സിഇഒയും സ്ഥാപകനുമായ പവേൽ ദുരോവിനെ ആഗസ്റ്റ് 24 ന് പാരീസിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ പ്രവർത്തനം, ചൂതാട്ടം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്ക് ടെലിഗ്രാം കളമൊരുക്കുന്നു എന്ന കാരണത്താലാണ് പവേൽ ദുരോവിനെ അറസ്റ്റ് ചെയ്തത്. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നാണ് കാരണം. telegram to be banned in india

റഷ്യയുടെ സുക്കർബർഗ് എന്നാണ് പവേൽ ദുരോവ് അറിയപ്പെടുന്നത്. 2004 ൽ മാർക്ക് സുക്കർബർഗ് ഫേസ്ബുക് തുടങ്ങി ലോകമെമ്പാടും തരംഗമായി മാറിയ സമയതാണ് ദുരോവെ വികെ എന്ന ആപ്പ് കൊണ്ടുവരുന്നത്. റഷ്യ,ഉക്രൈൻ,ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ ഫേസ്ബുക്കിനേക്കാൾ പ്രാമുഖ്യം വികെ ക്ക് ലഭിച്ചു. വികെയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്ളാദ്മിൻ പുടിൻ റഷ്യയിലും ഉക്രൈയിനിലും പുടിനെതിരെ സംസാരിക്കുന്നവരുടെ ഡാറ്റ പവേൽ ദുരോവിനോട് ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങളുടെ സ്വകാര്യത വിൽക്കാൻ താൽപര്യമില്ലെന്ന് അദേഹം തുറന്നടിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ഡാറ്റ ചോദിച്ചതു തന്നെ വലിയ തെറ്റാണെന്നും മറ്റൊരു രാജ്യത്തെ വിവരങ്ങൾ ചോദിച്ചത് അതിനേക്കാൾ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. പ്രതികാരമായി വികെ ആപ്പിന്റെ ഷെയറുകൾ ബിനാമി വഴി പുടിൻ വാങ്ങിക്കൊണ്ടിരുന്നു. ആപ്പ് നൽകി രാജ്യം വിടാനായിരുന്നു പുടിന്റെ നിർദ്ദേശം . അവസാനം ഗത്യന്തരമില്ലാതെ ആപ്പ് നൽകി പവേൽ ദുരോവ് 2013 ൽ ദുബായിയിൽ അഭയം തേടി.

അവിടെ നിന്നാണ് ടെലിഗ്രാമിന്റെ തുടക്കം. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കി അദ്ദേഹം നിർമിച്ച മെസ്സേജിങ് ആപ്പാണ് ടെലിഗ്രാം. എന്നാൽ അദേഹം മുന്നോട്ടു വെച്ച ആശയത്തിന്റെ മറുപുറമാണ് ലോകം കണ്ടത്. ഭീകരവാദ പ്രവർത്തകരും, നിയമ വിരുദ്ധരും, മയക്കുമരുന്നു കച്ചവടക്കാരും ടെലിഗ്രാമിന്റെ സ്വകാര്യതയെ ചൂഷണം ചെയ്യുന്നു. ഇന്ത്യയിലെ ലഷ്‌കർ ഇ-തായ്ബ പോലുള്ള ഇന്ത്യ വിരുദ്ധ ഭീകര സംഘടനകളും അവയുടെ ശാഖകളും ആളുകളെ റിക്രൂട് ചെയ്യുന്നതിനും പണം സ്വരൂപിക്കുന്നതിനും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ടെലിഗ്രാം ഉപയോഗിക്കുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെ നിരീക്ഷണം.

കൂടാതെ സൈബർ കുറ്റവാളികളുടെ പിക്‌നിക് സ്പോട്ടായി ഈ മാധ്യമം മാറിയെന്ന പരാതിയും ഉയർന്നു കേൾക്കുന്നു. ചൂതാട്ടവും, പണനിക്ഷേപ തട്ടിപ്പും ടെലിഗ്രാമിൽ തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യയിലെ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടും ടെലിഗ്രാം ബന്ധപ്പെട്ടു കിടക്കുന്നു. ഈ ക്രമക്കേടിന്റെ ഭാഗമായി ടെലിഗ്രാമിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. മയക്കുമരുന്ന് കച്ചവടക്കാരും കുട്ടികളുടെ ലൈംഗിക വിഡിയോകൾ ഷെയർ ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ വന്നിട്ടുണ്ട്. ഹാക്കിങ് ടൂളുകൾ പങ്കിടാനും മോഷ്ടിച്ച ഡാറ്റ വിൽക്കാനും ടെലിഗ്രാം ബോട്ടുകൾ സഹായകമാവുന്നു. ഐ എസ് പോലുള്ള ഭീകരവാദ സംഘടനകൾ ആളുകളെ റിക്രൂട് ചെയ്യുന്നതിൽ ടെലിഗ്രാമിന്റെ പങ്ക് ചെറുതല്ല. 31-ൽ അധികം രാജ്യങ്ങളിലാണ് സ്ഥിരമായോ താൽക്കാലികമായോ ടെലഗ്രാം ഇതുവരെ നിരോധിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്‌ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലിഗ്രാമിൻറെ വാദം.

പവേൽ ദുരോവ് ജനങ്ങളുടെ സ്വകാര്യത സംരക്ഷിച്ചപ്പോൾ ആ സ്വകാര്യത തന്നെ ടെലിഗ്രാമിനും അദ്ദേഹത്തിനും വിനയായി. സാധാരണ പൊതുജനങ്ങൾക്കും കുറ്റവാളികൾക്കും വെവ്വേറെ സ്വകാര്യത നല്കാൻ കഴിയില്ലെന്ന വാദവും അവർ മുന്നോട്ടു വെക്കുന്നു. ഭീകരവാദ പ്രവർത്തനങ്ങളും മറ്റു സൈബർ കുറ്റങ്ങളും തടയാൻ കഴിയാത്തതിന്റെ പേരിലുള്ള അറസ്റ്റിൽ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നുണ്ട് . ഒരുതരത്തിൽ പറഞ്ഞാൽ പുടിന്റെ രാഷ്ട്രീയ പകപോക്കലായും ഈ അറസ്റ്റിനെ കാണാം. ദുരോവിന്റെ അറസ്റ്റിനു ശേഷമാണ് ഇന്ത്യയിൽ അന്വേഷണം പ്രഖ്യാപിച്ചത്. 2013 ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഡിയോകൾ നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിനാണ്(ഐ4സി) അന്വേഷണ ചുമതല.

content summary;  telegram to be banned in india home ministry investigation against telegram app

Share on

മറ്റുവാര്‍ത്തകള്‍