സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലൻഡ്. എൽജിബിറ്റിക്യു കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് സ്വവർഗ ദമ്പതികൾ തായ്‌ലൻഡിൽ വിവാഹിതരായി.സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കലും അനന്തരാവകാശവും ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ നൽകുന്നതാണ് പുതിയ നിയമം. തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് തായ്‌ലൻഡ്. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടു ജെൻഡർ പോളിസി പ്രഖ്യാപിച്ച് ദിവസങ്ങൾക്കിപ്പുറമാണ് തായ്ലൻഡിലെ ഈ ചരിത്ര മുഹൂർത്തം എന്നതും ശ്രദ്ധേയമാണ്.
പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിന് പകരം ഇനിമുതൽ ലിംഗ-നിഷ്പക്ഷ പദങ്ങൾ ആയിരിക്കും തായ്ലൻഡിൽ ഉപയോഗിക്കുക. ഒരു ദശാബ്ദത്തിലേറെ നീണ്ട നിരന്തര പോരാട്ടത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ വർഷമാണ് സ്വവർഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള ബിൽ പാസാക്കുന്നത്. ‘ഇത് ലോകത്തിന് ഒരു മാതൃകയാകാം,’ തായ്‌ലൻഡിലെ റെയിൻബോ സ്കൈ അസോസിയേഷൻ പ്രസിഡൻ്റ് കിറ്റിനുൻ ദരമധജ് പറഞ്ഞു. നിയമപ്രകാരം ലെസ്ബിയൻസായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്.
പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി. കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു.
പുതിയ നിയമത്തിൽ എൽജിബിറ്റിക്യു ആക്ടിവിസ്റ്റുകളും അഭിഭാഷകരും ആവേശഭരിതരാണ്. എൽജിബിറ്റിക്യു കമ്മ്യൂണിറ്റിയുടെ വിജയമായവർ കണക്കാക്കുന്നു. എന്നാൽ ലിംഗഭേദം തിരിച്ചറിയുന്നത് ഉൾപ്പെടെ ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അവർ പറയുന്നു. അടുത്ത ഘട്ടം ട്രാൻസ്‌ജെൻഡറുകൾക്ക് അവരുടെ ലിംഗഭേദം നിയമപരമായി മാറ്റാൻ അനുവദിക്കുക എന്നതാണ്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും മുൻ പ്രധാനമന്ത്രിയും നവദമ്പതികളെ അഭിനന്ദിച്ചു, എല്ലാവരുടെയും സ്നേഹം ഇപ്പോൾ നിയമപരമായി ബഹുമാനത്തോടെയും അന്തസ്സോടെയും അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര പറഞ്ഞു.
Content Summary: Thailand legalizes same-sex marriage
the historic moment is During the announcement of the Two Gender Policy