June 13, 2026 |
Share on

പ്രധാനമന്ത്രിയെ കോടതി സസ്‌പെന്‍ഡ് ചെയ്തു; തായ്‌ലന്‍ഡിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി ‘ഫോണ്‍ കോള്‍’

പൊയ്‌തോങ് ഷിനവത്രയുടെ മുന്നില്‍ രണ്ട് വഴികളാണ്; രാജിവയ്ക്കുക, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. മൂന്നാമത്തെ വഴി പട്ടാളം നോക്കും

തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കും ചൂടുപിടിച്ചു നില്‍ക്കെ, കംബോഡിയന്‍ മുന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണം തായ്ലന്‍ഡ് പ്രധാനമന്ത്രി പൊയ്തോങ്താന്‍ ഷിനവാത്രയുടെ പുറത്താക്കലിലേക്ക് എത്തുന്നു. തായ്ലന്‍ഡ് ഭരണഘടന കോടതി ചൊവ്വാഴ്ച്ച പൊയ്തോങ്താനെ പ്രധാനമന്ത്രിയുടെ ചുമതലയില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തി ഉത്തരവിട്ടിരിക്കുകയാണ്. രണ്ടിനെതിരേ ഏഴ് എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. കോടതി ഇപ്പോള്‍ പരിഗണിക്കുന്ന കേസിന്റെ അന്തിമ വിധിയില്‍ പൊയ്തോങ്താനെ സ്ഥിരമായി പുറത്താക്കുന്ന വിധി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോബോഡിയയുടെ മുന്‍ പ്രസിഡന്റ് ഹുന്‍ സെന്നുമായി അതിര്‍ത്തി വിഷയം സംസാരിച്ചു എന്നാണ് ആരോപണം. ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തിലൂടെ പ്രധാനമന്ത്രിയുടെ ധാര്‍മിക മൂല്യങ്ങള്‍ പൊയ്തോങ്താന്‍ ലംഘിച്ചുവെന്നാണ് അവര്‍ക്കെതിരേ കോടതിയില്‍ പരാതി നല്‍കിയ സെനറ്റര്‍മാര്‍ കുറ്റപ്പെടുത്തുന്നത്. ചൊവ്വാഴ്ച്ചയാണ് കോടതി ഹര്‍ജി സ്വീകരിച്ചതും പൊയ്‌തോങ്താനെ സസ്‌പെന്‍ഡ് ചെയ്യുന്നതും.

കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് പൊയ്‌തോങ്താന്‍ പ്രതികരിച്ചത്. തന്റെ ഭാഗം കോടതി അറിയിക്കുമെന്നും അവര്‍ പറയുന്നുണ്ട്. നേരത്തെ അവര്‍ രാജ്യത്തോട് മാപ്പ് അപേക്ഷിച്ചിരുന്നു. ‘എന്റെ ഉദ്ദേശ്യവും പരിശ്രമവും 100 ശതമാനത്തിലധികവും രാജ്യത്തിനുവേണ്ടിയായിരുന്നുവെന്ന് തെളിയിക്കാന്‍ ഞാന്‍ ശ്രമിക്കും,’ എന്നാണവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. ഹുന്‍ സെന്നുമായുള്ള സംഭാഷണം തന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ലെന്ന് പറഞ്ഞ അവര്‍ ഒരിക്കല്‍ കൂടി അതിന്റെ പേരില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ മുന്നില്‍ ഇനി രണ്ട് വഴികളാണുള്ളതെന്നാണ് അവിടുത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഒന്ന്, രാജിവയ്ക്കുക. രണ്ട്, പാര്‍ലമെന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഇതും രണ്ടും ചെയ്യുന്നില്ലെങ്കില്‍ മൂന്നാമതൊരു വഴി തുറക്കും. അത് രാജ്യത്തിന് നല്ലതാകില്ല. കാരണം, മൂന്നാമത്തെ വഴിയെന്നത് പട്ടാള ഭരണമാണ്, നിരീക്ഷകര്‍ പറയുന്നു. ഭരണഘടന കോടതി വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പട്ടാളം തത്കാലം നിശബദ്ത പാലിക്കാനാണ് സാധ്യത എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

പതിറ്റാണ്ടുകളായി പട്ടാള അട്ടിമറികളുടെയും രാഷ്ട്രീയ പ്രതിഷേധങ്ങളുടെയും തുടര്‍ച്ചയാണ് തായ്ലന്‍ഡ് നേരിട്ടു കൊണ്ടിരിക്കുന്നത്. രാജകീയ-സൈനിക സഖ്യം ജനാധിപത്യ ഭരണത്തിനെതിരേ നിരന്തരം ഭീഷണി ഉയര്‍ത്തുന്നുണ്ട്. 2000 കളുടെ തുടക്കം മുതല്‍, പൊയ്‌തോങ്താന്റെ പിതാവ് തക്സിന്‍ ഷിനവത്രയുടെ നേതൃത്വത്തിലുള്ള ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സൈന്യം രണ്ടുതവണ അട്ടിമറിച്ചിട്ടുണ്ട്. പിതാവിന്റെ അതേ ഗതി മകള്‍ക്കും നേരിടേണ്ടി വരുമോയെന്നാണ് പരും ഭയക്കുന്നത്.

ചോര്‍ന്ന ആ ടെലിഫോണ്‍ സംഭാഷണത്തില്‍ വളരെ ആദരവോടെയാണ് പൊയ്തോങ്താന്‍, ഹുന്‍ സെന്നിനോട് സംസാരിക്കുന്നത്. മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു പൊയ്‌തോങ്താന്റെ പ്രതികരണവും. തികച്ചും സ്വകാര്യമായ സംസാരമായിരുന്നുവെങ്കിലും ഹുന്‍ സെന്‍ കാര്യങ്ങള്‍ വഷളാക്കി. തന്റെ സ്വാധീനം കാണിക്കാനെന്നോണം അദ്ദേഹമാണ് ഫോണ്‍ സംഭാഷണം ഓണ്‍ലൈന്‍ വഴി പുറത്തു വിട്ടത്. 2023 ല്‍ ഹുന്‍ സെന്‍ കംബോഡിയയുടെ അധികാരത്തില്‍ നിന്നും പുറത്തായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ ഹുന്‍ മാനെറ്റാണ് അധികാരത്തില്‍. എന്നാല്‍ മകനെ നിഴലാക്കി അച്ഛന്‍ തന്നെയാണ് രാജ്യം ഭരിക്കുന്നതെന്ന വിമര്‍വും ശക്തമാണ്. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അതിര്‍ത്തി പ്രശ്നത്തില്‍ പൊയ്തോങ്താന്‍ ഹുന്‍ സെന്നിനെ ഫോണ്‍ വിളിച്ചത്.

രാജ്യത്ത് വലിയ പ്രതിഷേധത്തിനാണ് ഈ ഫോണ്‍ വിളി കാരണമായത്. പ്രധാനമന്ത്രിയുടെ രാജിക്കായി കഴിഞ്ഞ ഒരാഴ്ച്ചയായി ആഹ്വാനം നടക്കുകയാണ്. ശനിയാഴ്ച്ച ബാങ്കോക്കില്‍ ആയിരങ്ങളാണ്, പൊയ്തോങ്താന്റെ രാജി ആവശ്യപ്പെട്ട് തടിച്ചു കൂടിയത്. പൊയ്തോങാതാന്റെ സഖ്യകക്ഷി സര്‍ക്കാരില്‍ പലരും കൂറുമാറിയിട്ടുണ്ട്. ഉടന്‍ തന്നെ അവിശ്വാസ പ്രമേയം നേരിടേണ്ടി വരും.

ദീര്‍ഘകാലമായി രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന രാജ്യമാണ് തായ്ലന്‍ഡ്. അതിലെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ സാരമായി ബാധിക്കും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പദ്വ്യവസ്ഥയുള്ള രാജ്യം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതേസമയത്ത് തന്നെ രാഷ്ട്രീയനേതൃത്വത്തില്‍ ഉണ്ടാകുന്ന ശൂന്യത കാര്യങ്ങള്‍ വഷളാക്കും. Thailand’s Prime Minister Paetongtarn Shinawatra suspended by Constitutional Court amid phone call controversy with Cambodia’s former president 

Content Summary; Thailand’s Prime Minister Paetongtarn Shinawatra suspended by Constitutional Court amid phone call controversy with Cambodia’s former president

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×