പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കി തായ്‌ലൻഡ് കോടതി. ഇതോടെ തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതിയുള്ള രാജ്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിനാണ് പ്രധാനമന്ത്രി ശ്രേത്ത തവിസിനെ പുറത്താക്കിയിരിക്കുന്നത്. Thai Court Ejects Prime Minister
ബുധനാഴ്ച വാദം കേട്ട അഞ്ചിൽ നാല് ജഡ്ജിമാരും പുറത്താക്കലിനോട് യോജിച്ചു. കോടതിയുടെ തീരുമാനം തായ്‌ലൻഡ് ജനതയെ നിരാശരാക്കിയതായാണ് പറയുന്നത്. തായ്‌ലൻഡിൽ, തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും സൈന്യവും ജുഡീഷ്യറിയും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെടാത്ത ഗ്രൂപ്പുകളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെടാത്ത ഈ ഗ്രൂപ്പുകളുടെ ഇടപെടലായി പല തായ്‌ലൻഡുകാരും നിരാശരാണ്. ശ്രേത്ത തവിസിനെ പുറത്താക്കാനുള്ള സമീപകാല കോടതി വിധി ഈ വിശാലമായ പ്രശ്നത്തിൻ്റെ ഭാഗമായാണ് കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത ഈ ഗ്രൂപ്പുകൾ വോട്ടർമാർ തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ തുരങ്കം വയ്ക്കുന്നുവെന്ന തോന്നലിൽ ജനങ്ങൾ അസ്വസ്ഥരാണ്. മൂവ് ഫോർവേഡ് പാർട്ടി പിരിച്ചുവിടാൻ കഴിഞ്ഞ ആഴ്ചയും ഇതേ കോടതി ഉത്തരവിട്ടിരുന്നു.
നിലവിലുള്ള രാഷ്ട്രീയ അരാജകത്വം, സമ്പദ്‌വ്യവസ്ഥയെ പുഷ്ട്ടിപ്പെടുത്തുന്ന വിനോദസഞ്ചാരം പോലുള്ളവയെ പ്രതികൂലമായി ബാധിക്കുന്നതായും പറയുന്നുണ്ട്. ജനപ്രീതി നേടിയെടുക്കാൻ അധികാര കാലയളവിൽ ശ്രേത്തയ്ക്ക് കഴിയാത്തതു കൊണ്ട് തന്നെ കോടതിയുടെ തീരുമാനത്തിൽ ജനങ്ങളെ രോഷാകുലരാക്കുകയോ, പ്രതിഷേധത്തിന് വഴി തെളിക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ വിദഗ്ധരും ചൂണ്ടികാണിക്കുന്നു. സൈനിക പിന്തുണയുള്ള സെനറ്റ്, മൂവ് ഫോർവേഡ് പാർട്ടിയുടെ മുൻ നേതാവായിരുന്ന പിറ്റാ ലിംജാരോൻറാറ്റിനെ പിന്തള്ളിയാണ് ശ്രേത്ത തെരഞ്ഞെടുക്കപ്പെട്ടത്. 62 കാരനായ കോടീശ്വരനായ വ്യവസായി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമെന്ന പേരിൽ നടത്തിയ വിദേശ യാത്രകളും വിവാദം വിളിച്ചു വരുത്തിയിരുന്നു.
വിധി അംഗീകരിക്കുന്നതായി ബുധനാഴ്ച ശ്രേത്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഭരണഘടനാ കോടതി തീരുമാനിച്ചതുപോലെ ഈ അധ്യായം അവസാനിച്ചു,” അദ്ദേഹം പറഞ്ഞു. ശ്രേത്തയുടെ ഉപദേഷ്ടാവായ ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് ശ്രേത്തയുടെ ഉപദേശകനായ വിസ്സാനു ക്രീ-ംഗം അറിയിച്ചിട്ടുണ്ട്. കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട അഭിഭാഷകനായ പിച്ചിത് ചുൻബാനെ മെയ് മാസത്തിൽ ഒരു പ്രധാന സ്ഥാനത്തേക്ക് നിയമിച്ചതോടെയാണ് ശ്രേത്തയ്‌ക്കെതിരായ കേസ് ആരംഭിച്ചത്. നിയമ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് ശ്രേത്തയെ പ്രധാനമന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 40 സൈനിക സെനറ്റർമാർ നിവേദനം നൽകിയിരുന്നു. പിന്നീട് പിച്ചിത് രാജിവെച്ചെങ്കിലും ശ്രേത്തയ്‌ക്കെതിരായ കേസ് കോടതി തുടർന്നു. എന്നാൽ കേസിൽ നിന്ന് ശ്രേത്ത തലയൂരുമെന്ന് കരുതിയിരുന്ന പലർക്കും വിധി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
തായ്‌ലൻഡ് പാർലമെൻ്റ് അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും, എന്നാൽ കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ നിന്ന് മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാകു. ഉപപ്രധാനമന്ത്രിയായ അനുതിൻ ചർൺവിരാകുൽ, തക്‌സിൻ്റെ ഇളയ മകൾ പേറ്റോങ്‌താർൺ ഷിനവത്ര എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മുൻ മൂവ് ഫോർവേഡ് നേതാവായ മിസ്റ്റർ പിറ്റയെ തിരഞ്ഞെടുക്കാൻ കഴിയില്ല. കോടതി കഴിഞ്ഞയാഴ്ച അദ്ദേഹത്തിൻ്റെ പാർട്ടി പിരിച്ചുവിടുക മാത്രമല്ല, രാഷ്ട്രീയത്തിൽ നിന്ന് 10 വർഷത്തേക്ക് വിലക്കുകയും ചെയ്തു.
Content summary; Thai Court Ejects Prime Minister Srettha Thavisin From Office Thai Court Ejects Prime Minister