താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥിയായ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റ കമ്പനിയോട് വിശദാംശങ്ങൾ തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവിശ്യപ്പെട്ടത്.
ഓഡിയോ സന്ദേശങ്ങളുടെ ഉറവിടെ തേടുന്നതിനും, അക്കൗണ്ടുകൾ വ്യാജമാണോ എന്ന് മനസിലാക്കുന്നതിനും വേണ്ടിയാണ് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളെക്കുറിച്ച് അന്വേഷിക്കുകയാണ് പോലിസ് സംഘം.
കോഴിക്കോട് താമരശ്ശേരിയിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലക്കേറ്റ ഗുരുതരമായ പരിക്ക് മൂലമായിരുന്നു ഷഹബാസിൻ്റെ അന്ത്യം. അതിനിടെ, ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്തുവന്നത്. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു.
അതേസമയം സൈബർ പോലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിൻറെ ഫോണുൾപ്പെടെ സംഘം പരിശോധനിച്ചു. ഈ കേസിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ റിമാൻറിൽ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളും പോലീസ് സുരക്ഷയിൽ പരീക്ഷ എഴുതി.
ഇവർ പരീക്ഷയെഴുതുന്ന ജുവൈനൽ ഹോമിലേക്ക് ഇന്നും പ്രതിഷേധ മാർച്ച് നടന്നു. കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ച് ഗേറ്റിൽപോലീസ് തടഞ്ഞു. മുഴുവൻ പ്രവർത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എം എസ് എഫ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയായി. പിന്നീട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. അക്രമം നടന്നസമയത്തെ ദൃശ്യങ്ങൾക്ക് പുറമേ അക്രമത്തിന് മുൻപും ശേഷവുമുള്ള പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിസരത്തുണ്ടായിരുന്ന മൊഴികളും പരിശോധിച്ച് അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരിലേറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തിൽ മർദനമേറ്റ ഷഹബാസിനെ സുഹൃത്ത് സ്കൂട്ടറിൽ വീട്ടിലെത്തിച്ചശേഷം വൈകീട്ട് 6.50-ന് താമരശ്ശേരിയിലെ ഒരു മാളിന് സമീപം കറുത്തഷർട്ട് ധരിച്ചെത്തിയ ഒരു സംഘം വിദ്യാർഥികൾ സംഘടിച്ചുനിന്ന സി.സി.ടി.വി. ദൃശ്യങ്ങൾകൂടി പോലീസിന് ലഭിച്ചിട്ടുണ്ട്.
content summary; Thamarassery Sahabas murder case, the investigating team has contacted Meta for additional data