സഹായിച്ച എല്ലാവരോടും നന്ദി, മൂർത്തി നാട്ടിലേക്ക് മടങ്ങുന്നു

തന്റെ ദുരിതത്തെക്കുറിച്ച് വാർത്ത നൽകുകയും അത് കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത അഴിമുഖത്തിനോട് മൂർത്തി നന്ദി പറഞ്ഞു

ഇപ്പോൾ മൂർത്തിയുടെ കണ്ണിൽ നിരാശയോ ഭയമോ ഇല്ല, മറിച്ച് ആശ്വാസമാണ്. പ്രതീക്ഷ നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് ആലോചിച്ച് കഴിഞ്ഞിരുന്ന നാളുകളെ ഓർത്തുള്ള അങ്കലാപ്പൊന്നും തന്നെ ആ 23കാരന്റെ മുഖത്തില്ല. മൂർത്തി ഇന്ന് നാട്ടിലേക്ക് മടങ്ങുകയാണ്. അപകടത്തിൽ തകർന്ന ലോറിയുടെ കുറച്ച് പണികൾ പൂർത്തിയായി, ലോറി  സഞ്ചാരയോഗ്യമായാൽ മൂർത്തി ഇന്ന് തന്നെ ചെന്നൈയിലേക്ക് തിരിക്കും. ​

എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ ഇടപെടൽ കാരണമാണ് കെഎസ്ഇബി നടപടികൾ വേ​ഗം പൂർത്തിയാക്കി മൂർത്തിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നത്. കെഎസ്ഇബി ഉദ്യോ​ഗസ്ഥരോട് സംസാരിച്ച കളക്ടർ മൂർത്തി നൽകാനുള്ള ബാക്കി തുകയിലും തീരുമാനമുണ്ടാക്കി. ലോറി ശരിയാക്കി നൽകാനും കളക്ടർ തന്നെയാണ് മുൻകൈയെടുത്തത്.

തന്റെ ദുരിതത്തെക്കുറിച്ച് വാർത്ത നൽകുകയും അത് കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത അഴിമുഖത്തിനോട് മൂർത്തി നന്ദി പറഞ്ഞു. എനിക്ക് എന്റെ ലൈസൻസും ഇൻഷുറൻസ് പേപ്പറുമെല്ലാം തിരികെ ലഭിച്ചു. കെഎസ്ഇബി ആവശ്യപ്പെട്ട പണവും അടച്ചുതീർക്കാൻ കഴിഞ്ഞു. ഇനി എനിക്ക് സമാധാനമായി എന്റെ ലോറിയുമായി നാട്ടിലേക്ക് തിരിച്ചു പോകാം. 15 ദിവസത്തിൽ കൂടുതലായി ഞാൻ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ലോറിയില്ലാതെ എങ്ങനെ നാട്ടിലേക്ക് തിരിച്ച് പോകുമെന്ന വിഷമത്തിലാണ് ഞാൻ ഇത്രയും ദിവസം ഇവിടെ കഴിച്ച്കൂട്ടിയത്. ഇപ്പോൾ എനിക്ക് സന്തോഷമായി. എന്നെ നാട്ടിലേക്ക് പോകാൻ സഹായിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്റെ പ്രശ്നത്തെക്കുറിച്ച് വാർത്ത നൽകിയ അഴിമുഖം മാധ്യമത്തോട് ഞാൻ നന്ദി പറയുന്നു, മൂർത്തി അഴിമുഖത്തോട് പറഞ്ഞു.

മൂർത്തിയുടെ വിവരം അഴിമുഖം നൽകിയ വാർത്തയിലൂടെ അറിഞ്ഞ എറണാകുളം ജില്ലാ കളക്ടർ മൂർത്തിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് മൂർത്തിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തു.

ഡിസംബർ 19 രാത്രിയാണ് മൂർത്തിയുടെ ജീവിതത്തിലെ മറക്കാനാകാത്ത ആ അപകടം ഉണ്ടാകുന്നത്. ചെന്നൈയിലേക്ക് സൾഫറുമായി പോകുകയായിരുന്ന മൂർത്തിയുടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയും എറണാകുളം തൃക്കാക്കര വേളാങ്കണ്ണി പള്ളിക്ക് സമീപം ഉണ്ടായിരുന്ന കെഎസ്ഇബിയുടെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് കെഎസ്ഇബിയുടെ രണ്ട് പോസ്റ്റുകൾ തകർന്നു. നഷ്ടപരിഹാരമായി 50000 രൂപയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ വണ്ടിപ്പണി നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന മൂർത്തിയുടെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. പണം നൽകാതെ ലോറി കൊണ്ട് പോകാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. വണ്ടിയുടെ ലൈസൻസും പോലീസ് പിടിച്ചെടുത്തു. ലോറി ഇല്ലാതെ നാട്ടിലേക്ക് പോകാൻ മൂർത്തിക്കും കഴിയുമായിരുന്നില്ല. പരിചയമില്ലാത്ത, ഭാഷയറിയാത്ത നാട്ടിൽ ഭക്ഷണം പോലും കഴിക്കാതെ രണ്ടാഴ്ചയിലേറെയാണ് മൂർത്തി കഴിച്ചുകൂട്ടിയത്.

Content summary:Thanks to all who helped, Murthy returns home

KSEB ernakulam trikkakara nsk umesh 

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment