February 14, 2025 |
Share on

ഡോക്ടറെ കബളിപ്പിച്ച് മൂന്നുകോടി തട്ടിയെടുത്ത് ഐ ഫോണ്‍ വാങ്ങി പ്രതി

55കാരിയായ ഡോക്ടറുടെ സ്വത്തുക്കള്‍ പണമാക്കി കൈക്കലാക്കുന്നതിനായി പ്രതി പത്ത് ദിവസത്തോളമാണ് ഇരയെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്

അലഹബാദില്‍ ഡോക്ടറെ കബളിപ്പിച്ച് 3.99 കോടി രൂപ തട്ടിയെടുത്ത 26കാരനായ എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുംബൈ സ്വദേശിയായ ചേതന്‍ കൊക്കറെ കംബോഡിയ ആസ്ഥാനമായുള്ള സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. 55കാരിയായ ഡോക്ടറുടെ സ്വത്തുക്കള്‍ പണമാക്കി കൈക്കലാക്കുന്നതിനായി പ്രതി പത്ത് ദിവസത്തോളമാണ് ഇരയെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്. Digital arrest

55കാരിയില്‍ നിന്ന് പണം തട്ടിയെടുത്തതിന് പാരിതോഷികമായി കംബോഡിയയിലെ ക്രിമിനല്‍ സംഘം പ്രതിക്ക് 10 ലക്ഷം രൂപ നല്‍കിയിരുന്നു. ലഭിച്ച പണമുപയോഗിച്ച് വിദ്യാര്‍ത്ഥി തന്റെ എംബിഎ ഫീസ് അടയ്ക്കുകയും ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ വാങ്ങുകയും ചെയ്തുവെന്ന് ഗുജറാത്തിലെ സൈബര്‍ സെല്‍ സ്റ്റേറ്റ് എസ്പി ധര്‍മേന്ദ്ര ശര്‍മ പറഞ്ഞു. കംബോഡിയയില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് പ്രതിയെ പിടികൂടുന്നത്.

അലഹബാദില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ ഫെഡക്സ് കമ്പനിയിലെ ജീവനക്കാരനാണെന്ന പേരിലാണ് പ്രതി ഫോണ്‍ വിളിച്ചത്. മധ്യവയസ്‌കയുടെ പേരില്‍ ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന് പ്രതി അറിയിച്ചു. പാഴ്സലില്‍ അഞ്ച് പാസ്പോര്‍ട്ടുകള്‍, രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍, ഒരു ലാപ്ടോപ്പ്, 5 കിലോ വസ്ത്രങ്ങള്‍, 750 ഗ്രാം നിരോധിത എംഡിഎംഎ എന്നിവ ഉണ്ടായിരുന്നുവെന്ന് പ്രതി പരാതിക്കാരിയെ വിശ്വസിപ്പിക്കുകയും പാഴ്‌സലില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പതിപ്പിക്കണമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം ബ്രാഞ്ചിലേക്ക്, വിളിക്കുന്ന കോള്‍ ബന്ധിപ്പിച്ചതായി അഭിനയിച്ചു.

മുംബൈ ക്രൈംബ്രാഞ്ച് ഡിസിപി മിലിന്ദ് ബരാംഡെ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ഇരയുമായി സംസാരിക്കുകയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരിയോട് സ്‌കൈപ്പ് വീഡിയോ കോളില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം തട്ടിപ്പ് സംഘം പരാതിക്കാരിയെ 10 ദിവസം ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കി. ഇക്കാലയളവില്‍ ചൈനീസ്, കംബോഡിയന്‍ പൗരന്മാരുള്ള സംഘത്തിലെ അംഗങ്ങള്‍ ഇരയില്‍ നിന്ന് 3,99,22,578 രൂപ തട്ടിയെടുത്തു.

മധ്യവര്‍ഗ പശ്ചാത്തലമുള്ള ചേതന്‍ കൊക്കറെ ഒരു സൈബര്‍ സ്പേസ് അടിമയല്ലെന്നും എന്നാല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തുന്നതിന്റെ നൂലാമാലകള്‍ പഠിക്കാന്‍ 15 ദിവസത്തേക്ക് കംബോഡിയയില്‍ പോയിട്ടുണ്ടെന്നും എസ്പി ധര്‍മേന്ദ്ര ശര്‍മ വ്യക്തമാക്കി. ചേതന്‍ കൊക്കറെയില്‍ നിന്ന് രണ്ട് ഫോണുകള്‍, അഞ്ച് എടിഎം കാര്‍ഡുകള്‍, രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍, നാല് ചെക്ക് ബുക്കുകള്‍, കിംഗ്ഡം ഓഫ് കംബോഡിയ, കിംഗ്ഡം ഓഫ് ബഹ്റൈന്‍ വിസകളുടെ പകര്‍പ്പുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി തട്ടിപ്പ് നടത്തിയ 50 ലക്ഷം രൂപയും പോലീസ് മരവിപ്പിച്ചു. Digital arrest

Content summary: The accused defrauded the doctor of 3 crores and used the money to buy an iPhone

Cheating Deception Accused Defrauded 3 Crores Scam digital arrest 

×