June 04, 2026 |

ഇന്ത്യ- പാക് സംഘർഷം; വ്യോമയാന മേഖലയെ ബാധിക്കുന്നത് എങ്ങനെ?

പാക് അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്

ഇന്ത്യ പാക് സംഘ‍ർഷം വഷളാകുന്നത് മൂലം തലസ്ഥാന നഗരിയിലും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലുമൊക്കെ സേന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങൾ അടച്ചു കൊണ്ടാണ് പാകിസ്ഥാന്റെ പ്രത്യാക്രമണത്തിനെതിരെ ഇന്ത്യ പ്രതിരോധം തീർക്കുന്നത്. പ്രതിസന്ധി ഗുരുതരമാകുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ ടൂറിസം ഉൾപ്പെടെയുള്ള ചില മേഖലകളെയും പ്രതിസന്ധിയിലാക്കിയേക്കാം. നിലവിൽ പാക് ഓഹരി വിപണിയുടെ തക‍ർച്ചക്കും ഇന്ത്യൻ വിപണിയിലെ അസ്ഥിരതക്കും സംഘ‍ഷങ്ങൾ വഴിവെച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരും തുടർന്നുണ്ടായ സുരക്ഷാ ആശങ്കകളും ഇന്ത്യയുടെ വ്യോമയാന മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

പാക് അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്. ചണ്ഡീഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പൂർ, ബിക്കാനിർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാം നഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 10 വരെ വിമാനത്താവളങ്ങൾ അടച്ചിടുമെന്നാണ് നിലവിൽ സേന അറിയിച്ചിരിക്കുന്നത് എന്നാൽ ഇത് അനിശ്ചിത കാലത്തേക്ക് തുടർന്നേക്കാമെന്നും സൂചനയുണ്ട്.

നിരവധി സംസ്ഥാനങ്ങളിലായി 30ഓളം വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇതിന് പുറമേ നൂറിന് മുകളിൽ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇത് ആയിരത്തിന് മുകളിൽ യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. പാക് വ്യോമയാന അതിർത്തി അടച്ചത് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ചിലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ താളം തെറ്റിയത് ഇന്ധനചിലവ് ടിക്കറ്റ് നിരക്ക് എന്നിവയുടെ വർധനവിന് കാരണമായേക്കാം. ഇക്കാര്യം മുൻനിർത്തി എയർ ഇന്ത്യ, ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ ആശങ്കയറിച്ചിട്ടുണ്ട്. വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതിന് പുറമേ വിമാനക്കമ്പനികളുടെ വരുമാനത്തെയും ഇത് കാര്യമായി ബാധിക്കാം.

അപ്രതീക്ഷിത പ്രത്യാക്രമണങ്ങൾ തടുക്കാൻ വേണ്ടിയാണ് ഇന്ത്യൻ സേന അടിയന്തരമായി വിമാന താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചത്. എന്നാൽ ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിലയിരുത്തകൾ. വിമാനങ്ങളുടെ റദ്ദാക്കൽ സംബന്ധിച്ച് വിശദവിവരങ്ങൾ വിമാന കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത്സർ, ബിക്കാനീർ, ചണ്ഡീഗഡ്, ഗ്വാളിയോർ, ജമ്മു, ജോധ്പൂർ, ലേ, ശ്രീനഗർ എന്നിവടങ്ങളിലേക്കുള്ള 165 വിമാന സർവ്വീസുകളാണ് ഇൻഡിഗോ നിർത്തിവച്ചിരിക്കുന്നത്. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ എയർ ഇന്ത്യയും നിർത്തലാക്കി. ലേ, ജമ്മു, ശ്രീനഗർ, കാണ്ട്ല, അമൃത്സർ എന്നിവടങ്ങളിലേക്കുള്ള വിമാന സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നിർത്തിവച്ചത്. ആകാശ എയർ ശ്രീനഗറിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.

സുരക്ഷ മുൻനിത്തിയാണ് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിട്ടതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്. രൺധാവ പറയുന്നു. സ്ഥിതിഗതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും സ്ഥിതിഗതികൾ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. മെയ് 10ന് ശേഷവും നിലവിലുള്ള തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും അതിനെ നേരിടാൻ യാത്രക്കാർ തയ്യാറായിരിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

content summary: The aftermath of Operation Sindoor and its impact on flight operations across India

Leave a Reply

Your email address will not be published. Required fields are marked *

×