നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിന് ഇന്ന് നാട് യാത്രാമൊഴി നൽകി. നാടിനും പ്രിയപ്പെട്ടവർക്കും നൊമ്പരമായാണ് ഐവിന്റെ മടക്കം. നാടും നാട്ടുകാരും ഐവിന് അന്ത്യാജ്ഞലി അർപ്പിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊല നടത്തിയതെന്ന് സംഭവത്തിൽ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. സിഐഎസ്ഐഫ് ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ ഇല്ലാതായത് ഒരു നാടിനാകെ പ്രിയപ്പെട്ട ഒരു ചെറുപ്പക്കാരനെയാണ്.
വളരെ വേദനയോടെയാണ് ഐവിന്റെ മരണവാർത്ത കേൾക്കുന്നതെന്ന് തുറവൂർ പഞ്ചായത്ത് ടൗൺ വാർഡ് മെമ്പറും ഐവിന്റെ അയൽവാസിയുമായ എം പി മാർട്ടിൻ അഴിമുഖത്തോട് പറഞ്ഞു. ഐവിന്റെ മാതാപിതാക്കളായ റോസ്മേരിയും ജിജോയും ആശുപത്രി ജീവനക്കാരാണ്, എല്ലാവർക്കും പ്രിയപ്പെട്ട കുടുംബമാണ്. എല്ലാവരോടും നല്ല മാന്യമായും സൗഹാർദ്ദപരമായും പെരുമാറുന്ന വ്യക്തിയായിരുന്നു ഐവിൻ. വിമാനത്തിലേക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്ന കാറ്ററിംഗ് സർവ്വീസിലാണ് ഐവിൻ ജോലി ചെയ്യുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പോവുന്ന വഴിയ്ക്കാണ് ഈ സംഭവമുണ്ടാവുന്നത്. സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിഷയം ചോദിച്ചറിയുക മാത്രമാണ് ഐവിൻ ചെയ്തത്. നമുക്ക് സുരക്ഷയൊരുക്കേണ്ടുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവർത്തി വളരെ നീചമാണ്. ഈ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ വാങ്ങി നൽകണമെന്നുമാണ് ഞങ്ങൾക്ക് പറയാനുള്ളതെന്ന് മാർട്ടിൻ പറഞ്ഞു
മറുള്ളവർക്ക് നേരെ വെല്ലുവിളി ഉയർത്താനോ ഭീഷണിപ്പെടുത്താനോ ഒന്നും നിൽക്കാത്ത പ്രകൃതമായിരുന്നു ഐവിന്റേത്. ഇതൊക്കെ പറഞ്ഞാണ് ഐവിന്റെ അമ്മ കരയുന്നത്. അവനൊരു പേടിത്തൊണ്ടനാ, പട്ടികടി പേടിച്ചാണ് ബൈക്കിൽ പോവാതെ കാറെടുത്ത് ജോലിയ്ക്ക് പോയതെന്ന് അമ്മ പറയുന്നുണ്ട്. അത് കലാശിച്ചതോ ഈ അപകടത്തിൽ. മദ്യപാനത്തിന്റെയോ ധാർഷ്ട്യത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ ചെയ്ത പ്രവർത്തിയാണിത്. ഐവിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവില്ലെന്ന് അവനെ അടുത്തറിയുന്ന എല്ലാവർക്കും ഉറപ്പാണ്. ഐവിനെ ഇടിച്ച് ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. എത്രമാത്രം ക്രൂരതയാണ് ഐവിൻ അനുഭവിച്ചതെന്ന് സംഭവസ്ഥലം സന്ദർശിച്ചാൽ അറിയാൻ പറ്റും. നെഞ്ചിന്റെ ഭാഗം ചതഞ്ഞിട്ടുണ്ട്. ക്രൂരമായ പ്രവർത്തി ചെയ്ത ഉദ്യോഗസ്ഥർ സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് മാർട്ടിൻ വ്യക്തമാക്കി
പരസ്പരമുള്ള വാക്കുതർക്കങ്ങളൊക്കെ സ്വഭാവികമാണ് അതിന്റെ വേറെ ഏതെല്ലാം വിധത്തിൽ പ്രതികരിക്കാം, ഇത് ഏറ്റവും കൊടിയ ക്രൂരതയാണ്. ഇടിച്ചിട്ടതിന് ശേഷം 90 മീറ്ററോളം ശരീരം വലിച്ചിഴച്ചു കൊണ്ട് പോയത് എവിടെയെങ്കിലും ഉപേക്ഷിക്കാൻ ആയിരുന്നു. ഈ പ്രവർത്തിയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ ഈ ഉദ്യോഗസ്ഥർ രണ്ടു പേരും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഒരിക്കലും ഇവർ മാപ്പ് അർഹിക്കുന്നില്ല. ആക്സിഡന്റ് സംഭവിച്ച് മകൻ റോഡിൽ കിടക്കുന്നുവെന്ന വാർത്തയാണ് നെടുമ്പാശേരി പൊലീസ് ജിജോയെ അറിയിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയതിന് ശേഷമാണ് സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുന്നത്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ പ്രതികളായി ഈ കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്ക ഞങ്ങൾക്കുണ്ട്. വലിയ രീതിയിൽ മാധ്യമ ചർച്ചയ്ക്ക് വിധേയമായ കേസ് നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് മാർട്ടിൻ വ്യക്തമാക്കി.
വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു ഐവിന്റെ മരണത്തിൽ കലാശിച്ചത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നായത്തോട് പ്രദേശത്ത് വച്ച് രണ്ട് കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഉരസുകയും ഇതിന് തീരുമാനമുണ്ടാക്കിയിട്ട് പോയാൽ മതിയെന്ന ഐവിന്റെ വാക്കുകളുമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പ്രകോപിതരാക്കിയത്. ഇതിന് പിന്നാലെ ഐവിനെ ഇടിച്ചു തെറിപ്പിച്ച് ഐവിനേയും ബോണറ്റിലിട്ട് 1 കിലോമീറ്ററോളം ദൂരം വാഹനമോടിച്ചു ഉദ്യോഗസ്ഥർ. സഡൻ ബ്രേക്കിട്ട വാഹനത്തിൽ നിന്ന് നിലത്തേക്ക് വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടാണ് വാഹനം നീങ്ങിയത്. കൊലപാതകത്തിന് മുമ്പ് ഐവിൻ ക്രൂരമായ മർദനത്തിന് ഇരയായതായും റിപ്പോർട്ടുകളുണ്ട്. ഐവിന്റെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നതായും സൂചനകളുണ്ട്.
content summary: The brutality of CISF officers is driven by arrogance and a sense of power; I’m concerned about whether he will ever receive justice