July 03, 2026 |
Share on

‘ഞങ്ങള്‍ മുസ്ലീമായതിനാല്‍ മാത്രം കുറ്റവാളികളാകുന്നു’; ഗുജറാത്തിലെ ഗോരക്ഷാ രാഷ്ട്രീയവും തകരുന്ന ജീവിതങ്ങളും

2017 ലെ ഭേദഗതി പശുവധത്തെ കൊലപാതകത്തിന് തുല്യമായ കുറ്റമായി കണക്കാക്കുന്നു

ഇന്ത്യയുടെ ക്ഷീരവികസന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഗുജറാത്ത് ഇന്ന് മറ്റൊരു കാരണത്താലാണ് വാര്‍ത്തകളില്‍ നിറയുന്നത്. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന നിയമനിര്‍മ്മാണങ്ങളും, അതിന്റെ മറവില്‍ അരങ്ങേറുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും ഒരു വലിയ ജനവിഭാഗത്തെ ദാരിദ്ര്യത്തിലേക്കും ഭീതിയിലേക്കും തള്ളിവിട്ടിരിക്കുന്നതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ മുസ്ലീം സമുദായങ്ങളും നാടോടി വിഭാഗങ്ങളുമാണ് പുതിയ നിയമനിര്‍മാണത്തെ തുടര്‍ന്ന് വ്യാപകമായി ദുരിതം അനുഭവിക്കുന്നത്.

അമ്രേലി ജില്ലയിലെ മോട്ട കാക്കിവാദ് ഗ്രാമത്തിലെ സോളങ്കി കുടുംബത്തിന്റെ അനുഭവം ഗുജറാത്തിലെ മാറുന്ന നിയമവ്യവസ്ഥയുടെ നേര്‍ച്ചിത്രമാണ്. ഗോവധം ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതോടെ ആ കുടുംബം ഗ്രാമം വിട്ടുപോയി. 2025 നവംബറില്‍ അമ്രേലി സെഷന്‍സ് കോടതി വിധിച്ച ശിക്ഷയും 18 ലക്ഷം രൂപയുടെ പിഴയും ആ കുടുംബത്തെ തകര്‍ത്തു കളഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡുകളും തുടര്‍ന്നുള്ള കടുത്ത ശിക്ഷാനടപടികളും നിയമവ്യവസ്ഥയുടെ കാര്‍ക്കശ്യത്തെയാണ് കാണിക്കുന്നത്.

ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ 2017 ലെ ഭേദഗതി പ്രകാരം പശുവധത്തിന് ജീവപര്യന്തം തടവ് വരെ ലഭിക്കാം. ‘ഒരു പശുവിനെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണ്’ എന്ന അന്നത്തെ ആഭ്യന്തര മന്ത്രി പ്രദീപ്‌സിങ് ജഡേജയുടെ പ്രസ്താവന ഈ നിയമത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണെന്ന് ദി വയര്‍ ചൂണ്ടിക്കാട്ടുന്നു.

ഗോരക്ഷകരുടെ ആള്‍ക്കൂട്ട അതിക്രമങ്ങള്‍

പോലീസിനും നിയമസംവിധാനങ്ങള്‍ക്കും ഉപരിയായി ഗോരക്ഷകര്‍ എന്ന് സ്വയം വിളിക്കുന്ന ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍ ഗുജറാത്തില്‍ സജീവമാണ്. ഇവര്‍ തെരുവില്‍ നിയമം കയ്യിലെടുക്കുന്ന കാഴ്ചയാണ് ഗുജറാത്തില്‍ ഉടനീളം കാണുന്നത്.

2024 മെയ് മാസത്തില്‍ ബനസ്‌കന്ത ജില്ലയില്‍, എരുമകളുമായി പോയ മിശ്രി ഖാന്‍ എന്ന വ്യക്തിയെ ഇരുമ്പ് വടികള്‍ കൊണ്ട് തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതാണ്. തന്റെ സഹോദരിക്ക് എരുമകളെ കൈമാറാന്‍ പോയ അദ്ദേഹത്തിന്റെ കൈവശം ചത്ത കന്നുകാലികളോ കശാപ്പ് ചെയ്ത മാംസമോ ഉണ്ടായിരുന്നില്ല. മിശ്രി ഖാന്റെ കൊലയാളികളില്‍ മിക്കവരും മാസങ്ങള്‍ക്കുള്ളില്‍ ജാമ്യത്തിലിറങ്ങി സ്വതന്ത്രരായി വിഹരിക്കുന്നത് ഇരകളുടെ കുടുംബങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുന്നു.

സമാനമായ സംഭവം 2025 ഫെബ്രുവരിയിലും ഗാന്ധിനഗറില്‍ ഉണ്ടായി. എരുമകളെ കടത്തി എന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ക്രൂരമായി ആക്രമിച്ചു. സംഭവസ്ഥലത്ത് ചത്ത മൃഗങ്ങളെ കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും അക്രമികള്‍ക്ക് നേരെ കടുത്ത നടപടികള്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും മുസ്ലിം എന്ന ഐഡന്റിറ്റി മാത്രം വഴി അക്രമം അഴിച്ചുവിടുന്നതായി ആരോപിക്കപ്പെടുന്നു.

തകരുന്ന സമ്പദ് വ്യവസ്ഥയും ഉപജീവനമാര്‍ഗങ്ങളും

ഗുജറാത്തിലെ മുസ്ലീം, ദളിത്, നാടോടി വിഭാഗങ്ങളുടെ പരമ്പരാഗതമായി കന്നുകാലി വളര്‍ത്തലിലും വ്യാപാരത്തിലും ഏര്‍പ്പെടുന്നവരാണ്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഈ തൊഴില്‍ മേഖലയെ വലിയ അപകടക്കെണിയാക്കി മാറ്റിയിരിക്കുകയാണ്.
ആയിരക്കണക്കിന് രൂപ വരുമാനമുണ്ടായിരുന്ന കന്നുകാലി വ്യാപാരികള്‍ ഇന്ന് ദിവസക്കൂലിക്ക് പണിയെടുക്കുന്നു. ദിനേശ് എന്ന മുന്‍ കന്നുകാലി ഉടമ ഇന്ന് പെയിന്റിംഗ് പണിക്ക് പോകുന്നത് തന്റെ പത്ത് പശുക്കളെയും വിറ്റഴിച്ച ശേഷമാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്നുകാലി വ്യാപാരികളെ തടഞ്ഞുനിര്‍ത്തി പണം തട്ടുന്ന രീതിയും വ്യാപകമാണ്. കന്നുകാലികളെ മേയ്ക്കാന്‍ പോകുമ്പോള്‍ പോലും അക്രമിക്കപ്പെടുമെന്ന ഭയത്താല്‍ പലരും മൃഗങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുകയാണ്. റഹ്‌മാന്‍ ബലോച്ചിനെപ്പോലെയുള്ള ഡ്രൈവര്‍മാര്‍ പോലീസിന്റെയും ഗോരക്ഷകരുടെയും പീഡനം ഭയന്ന് ഈ മേഖല തന്നെ ഉപേക്ഷിച്ചു. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

നിയമത്തിലെ ഇരട്ടത്താപ്പ്

ഇന്ത്യ, ലോകത്തെ മുന്‍നിര പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായി തുടരുമ്പോഴും, പ്രാദേശികമായി കന്നുകാലി വളര്‍ത്തുന്നവര്‍ പീഡിപ്പിക്കപ്പെടുന്നത് വൈരുദ്ധ്യമാണ്. ഇന്ത്യയില്‍ പശുവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് മാതൃകയിലുള്ള കഠിനമായ നിയമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. 2017 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതി പശുവധത്തെ കൊലപാതകത്തിന് തുല്യമായ കുറ്റമായി കണക്കാക്കുന്നു. 2024 ലെ കശാപ്പ് തടയല്‍ ബില്ലും 2025 ലെ പശു സംരക്ഷണ ബില്ലും ലക്ഷ്യമിടുന്നത് ഒരു ദേശീയ അതോറിറ്റി സ്ഥാപിക്കാനാണ്. ഇത് പശുസംരക്ഷണത്തെ ഒരു സംസ്ഥാന വിഷയമെന്ന നിലയില്‍ നിന്ന് രാജ്യവ്യാപകമായ ഒരു കര്‍ശന നിയന്ത്രണ സംവിധാനത്തിലേക്ക് മാറ്റുന്നു.

ഹരിയാന, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ 2025-ഓടെ ദേശീയ തലത്തില്‍ ഏകീകൃത പശു സംരക്ഷണ അതോറിറ്റി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നു.

ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്നത് മൃഗസംരക്ഷണത്തിനായുള്ള ജാഗ്രതയല്ല, മറിച്ച് ഒരു പ്രത്യേക വിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാനുള്ള നീക്കങ്ങളാണെന്ന് ‘ദി വയര്‍’ അടിവരയിടുന്നു. ഇതിലൂടെ അതിജീവനം തന്നെ ഒരു കുറ്റകൃത്യമായി മാറുന്ന കാഴ്ചയാണ് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഇന്ന് കാണുന്നത്.

Content Summary: The cow laws in Gujarat is significantly contributing to the impoverishment of rural societies

Leave a Reply

Your email address will not be published. Required fields are marked *

×