ഇറാന്‍ യുദ്ധം; ട്രംപിനെ യു-ടേണ്‍ അടുപ്പിച്ച നയതന്ത്ര നീക്കങ്ങള്‍

റിയാദില്‍ നടന്ന ചര്‍ച്ചകള്‍ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ചിട്ടുണ്ട്

Donald Trump U-Turn in Iran War

മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടത്തിനും ഇറാന്‍ സൈനിക നേതൃത്വത്തിനും ഇടയില്‍ മധ്യസ്ഥതയ്ക്ക് പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു(യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്‍; ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നു). യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്.

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ റിയാദില്‍ ഒത്തുകൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്ന് ആരുമായാണ് ചര്‍ച്ച നടത്തേണ്ടത് എന്നതായിരുന്നു മധ്യസ്ഥര്‍ നേരിട്ട പ്രധാന പ്രതിസന്ധിയെന്ന് അറബ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളുമായി സംസാരിക്കാന്‍ പ്രാപ്തനെന്ന് കരുതപ്പെട്ടിരുന്ന ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ചീഫ് അലി ലാരിജാനി കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം.

നിലവില്‍ ഇറാന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ-സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐആര്‍ജിസി) ഒരു ആശയവിനിമയ പാത തുറക്കാന്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുണ്ട്. വിശ്വാസം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തേക്ക് ശത്രുത അവസാനിപ്പിക്കാനുള്ള ഒരു നിര്‍ദ്ദേശം ഇവര്‍ മുന്നോട്ട് വെച്ചു. ഈ ചര്‍ച്ചകളാണ് ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ ക്ലബ്ബിലുണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളില്‍ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായതും.

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് ശനിയാഴ്ച രാത്രി ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ റിയാദിലെ ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈറ്റ് ഹൗസില്‍ എത്തിയതോടെ തിങ്കളാഴ്ച ട്രംപ് തന്റെ നിലപാട് മാറ്റി. ഇറാനുമായുള്ള നയതന്ത്ര നീക്കങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുദ്ധം മൂലമുണ്ടാകുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ട്രംപിനെയും അദ്ദേഹത്തിന്റെ ഉപദേശകരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാനുള്ള ട്രംപിന്റെ തീരുമാനം ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ആഗോള വിപണിയില്‍ എണ്ണവില 11 ശതമാനം ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തി. എന്നാല്‍ ഇറാനും അമേരിക്കയും തമ്മില്‍ പെട്ടെന്നൊരു കരാറിലെത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അറബ് മധ്യസ്ഥര്‍ക്ക് സംശയമുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിക്കളഞ്ഞു. യുദ്ധം അവസാനിക്കണമെങ്കില്‍ തങ്ങള്‍ക്ക് നേരെ ഇനി ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്കയും ഇസ്രയേലും ഉറപ്പ് നല്‍കണമെന്നും യുദ്ധനഷ്ടം പരിഹരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഇറാന്റെ ആണവ പദ്ധതികല്‍ അവസാനിപ്പിക്കണമെന്നും മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.

ഈ ആഴ്ച പാകിസ്താനിലോ തുര്‍ക്കിയിലോ വച്ച് അമേരിക്കന്‍-ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇറാനിലെ ചില നേതാക്കള്‍ വളരെ വിവേകമുള്ളവരാണെന്നും അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ഈ പ്രതീക്ഷകളെ തള്ളിക്കളഞ്ഞു. ഇസ്രയേലും അമേരിക്കയും അകപ്പെട്ടിരിക്കുന്ന ചതുപ്പില്‍ നിന്ന് രക്ഷപ്പെടാനും വിപണികളെ സ്വാധീനിക്കാനുമുള്ള തന്ത്രമാണ് ഇതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഒരു നിഷ്പക്ഷ സമിതിക്ക് വിടണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, സൂയസ് കനാലിലെ പോലെ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഇതിനെ സൗദി അറേബ്യ ശക്തമായി എതിര്‍ക്കുന്നു.

പാകിസ്താനില്‍ വെച്ച് നടക്കാന്‍ സാധ്യതയുള്ള ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ പങ്കെടുത്തേക്കും. ആവശ്യമെങ്കില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും എത്തിയേക്കാം. ഇറാന്‍ തങ്ങളുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ അയച്ചേക്കും. പാര്‍ലമെന്റ് സ്പീക്കര്‍ ഘാലിബാഫിനും ചര്‍ച്ചകളില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു മുന്‍ ഐആര്‍ജിസി കമാന്‍ഡര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇറാന്റെ സൈനിക നേതൃത്വത്തില്‍ വലിയ വിലയുണ്ട്.

യുദ്ധം അവസാനിച്ചാലും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കും എന്ന ചോദ്യത്തിന്, ‘ഒരുപക്ഷേ എനിക്കും അയത്തുള്ളയ്ക്കും ആയിരിക്കും’ എന്നാണ് ട്രംപ് തമാശരൂപേണ മറുപടി നല്‍കിയത്. നിലവില്‍ യുദ്ധം അവസാനിച്ചാലും ഇറാന്റെ സൈനിക ശേഷി തകര്‍ന്നിട്ടുണ്ടെങ്കിലും ഭരണകൂടം ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത.

Content Summary: The diplomatic talks in Riyadh and Trump’s U-turn on the war against Iran.

This post was last modified on March 24, 2026 6:45 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment