54 വര്‍ഷം മുന്‍പ്, 1971 മെയ് 24 ന് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെ ചീഫ് കാഷ്യറായ വേദ് പ്രകാശ് മല്‍ഹോത്രക്ക് രാവിലെ 11.45 മണിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വളരെ പ്രധാനപ്പെട്ട ഫോണ്‍ കോള്‍.
റിസീവര്‍ എടുത്ത മല്‍ഹോത്ര വ്യക്തമായി ആ ശബ്ദം കേട്ടു.
‘പ്രധാനമന്ത്രിയുടെ സെക്രട്ടറി പി.എന്‍. ഹക്‌സറാണ് സംസാരിക്കുന്നത്. വളരെ രഹസ്യമാണ് കാര്യം. ‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പ്രധാനപ്പെട്ട രഹസ്യ സ്വഭാവമുള്ള ഒരു ദൗത്യത്തിനായി അടിയന്തരമായി 60 ലക്ഷം രൂപ വേണം. അത് കൈപ്പറ്റാന്‍ അവര്‍ ഒരാളെ അയക്കും’ ഫോണിലെ ശബ്ദം മല്‍ഹോത്രയോട് പറഞ്ഞു. എങ്ങനെ ഇത് ചെയ്യണമെന്ന നിര്‍ദേശവും ഫോണില്‍ ആ ശബ്ദം അയാളോട് പറഞ്ഞു.
ബാങ്കിംഗ് ഇടപാടില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മല്‍ഹോത്ര ഇത്തരമൊരു ഇടപാടിലെ സാങ്കേതിക തടസം വ്യക്തമാക്കിയപ്പോള്‍ ഫോണിലുള്ള ആള്‍ പറഞ്ഞു. എങ്കില്‍ പ്രധാനമന്ത്രി നിങ്ങളോട് നേരിട്ട് സംസാരിക്കും.
അടുത്ത മാത്രയില്‍ മല്‍ഹോത്രക്ക് സുപരിചിതമായ ശബ്ദം ഫോണിലൂടെ അയാള്‍ കേട്ടു; ‘ഞാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് സംസാരിക്കുന്നത്’. തുടര്‍ന്ന് ആ ശബ്ദം പണം കൈമാറേണ്ട രീതിയും, പണം നല്‍കേണ്ട വ്യക്തിയോട് പറയേണ്ട രഹസ്യ കോഡും, സന്ധിക്കേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞു.
‘പണം കൈമാറിയ ശേഷം നിങ്ങള്‍ എന്റെ താമസ സ്ഥലത്ത് വന്ന് തന്ന പണത്തിന്റെ രസീത് കൈപറ്റുക’ ആ ശബ്ദം പറഞ്ഞു. അതോടെ ഫോണ്‍ കട്ടായി. ഇന്ദിരാ ഗാന്ധി നേരിട്ട് വിളിച്ചതോടെ മല്‍ഹോത്രയുടെ ആശങ്ക മാറി. പറഞ്ഞ പോലെ മല്‍ഹോത്ര 60 ലക്ഷം രൂപ കറന്‍സിയായി കൈമാറി.
പക്ഷേ, അത് ഒരു വന്‍ തട്ടിപ്പായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും സെക്രട്ടറിയുടെയും സ്വരം ഫോണിലൂടെ അനുകരിച്ച് നടത്തിയ, സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. പിന്നീട് റുസ്തം സൊഹ്റാബ് നാഗര്‍വാല എന്നൊരാളെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ പിടിച്ചു കുലുക്കിയ ഇപ്പോഴും കെട്ടടങ്ങാത്ത ഇത് ‘നഗര്‍വാല അപവാദം’ എന്നറിയപ്പെടുന്നു.
ഫോണിലൂടെ നടത്തിയ ആ മിമിക്രിയില്‍ രാജ്യത്തിന് നഷ്ടമായത് 1970 ലെ 60 ലക്ഷം രൂപ. അത് ഇന്നത്തെ 170.62 കോടി രൂപ വരും. ഫോണിലൂടെ ഈ ഐറ്റം അവതരിപ്പിച്ച അജ്ഞാതനായ ആ മിമിക്രിക്കാരന്‍ നേടിയതാണ് മിമിക്രി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം. മിമിക്രി കുട്ടിക്കളിയല്ല എന്ന് തെളിയിച്ച നാഗര്‍വാല കേസില്‍ നിന്ന് ‘ഇന്ത്യന്‍ മിമിക്രിയുടെ ചരിത്രം ആരംഭിക്കുന്നു.
എഴുപതുകളുടെ ആരംഭത്തിലാണ് മിമിക്രിയെന്ന കലാരൂപം ഗാനമേളകളുടെ ഇടവേളകളില്‍ ഫില്ലറുകളായി വേദികളിലെത്തുന്നത്. പക്ഷികളുടെയും വാഹനങ്ങളുടേയും സ്വരം അനുകരിക്കുക, റെയില്‍വേ സ്റ്റേഷന്‍, ചായ വില്‍പ്പന, ലോട്ടറി അനൗണ്‍സ്‌മെന്റ് എന്നിവയുടെ സ്വരം അനുകരിച്ച് ചെറിയ തമാശകള്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു മിമിക്രിയുടെ ആദിമരൂപം.
അക്കാലത്തെ ഹാസ്യ നടനായ പട്ടം സദന്‍ ഈ അനുകരണ വിദ്യയില്‍ പ്രശസ്തനായിരുന്നു. വയലാര്‍ എഴുതിയ എം.എം വിശ്വനാഥന്‍ ഈണമിട്ട് ജയചന്ദ്രന്‍ പാടിയ ഹിറ്റ് ഗാനമായ ‘കളഭചുമരു വെച്ച വീട് ‘ എന്ന പാട്ടില്‍ നാം കേള്‍ക്കുന്ന പക്ഷിമൃഗാദികളുടെ സ്വരം അനുകരിച്ചത് പട്ടം സദനായിരുന്നു. സ്റ്റുഡിയോ സാങ്കേതിക വിദ്യ പുരോഗമിക്കാത്ത ആ കാലത്ത് ഈ അനുകരണങ്ങള്‍ ഗാനങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ പട്ടം സദനായിരുന്നു അവതരിപ്പിച്ചിരുന്നത്. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായിരുന്ന എം.എസ്. വിശ്വനാഥന്റെ സംഗീത പരിപാടികളില്‍ ഇത്തരം സ്വരാനുകരണങ്ങള്‍ സ്ഥിരമായി അക്കാലത്ത് അവതരിപ്പിച്ചത് പട്ടം സദനായിരുന്നു. നടന്മാരുടെ സ്വരം അനുകരിക്കുക എന്ന ഐറ്റം അന്ന് വേദികളില്‍ തുടങ്ങിയിട്ടില്ലായിരുന്നു.
കെ. വി. രാമകൃഷ്ണ അയ്യര്‍ അഥവാ പ്രശസ്തനായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുത്തുകാരനും കാര്‍ട്ടുണിസ്റ്റും മാത്രമല്ല മിമിക്രി കലാകാരനും കൂടിയായിരുന്നു. ‘സര്‍വീസിലിരിക്കെ ഒരു സ്വാതന്ത്ര ദിന പരേഡില്‍ ഹാജരാവാതിരുന്ന ജൂനിയര്‍ ഐ. എ. എസ് പ്രൊബേഷണര്‍മാരെ ടെലിഫോണില്‍ വിളിച്ച് അന്നത്തെ ചീഫ് സെകട്ടറിയായ പട്‌നായിക്കിന്റെ ശബ്ദത്തില്‍ മലയാറ്റൂര്‍ വിരട്ടിയ സംഭവമുണ്ട്. ഈ സംഭവം ഐ.എ.എസ് വൃത്തങ്ങളില്‍ പാട്ടായി. ഇങ്ങനെ പലരുടെയും ശബ്ദം അനുകരിച്ച് മറ്റുള്ളവരെ കമ്പളിപ്പിക്കുന്ന തനിക്കും ഇത് പോലെ തിരിച്ചടി കിട്ടുമെന്ന് മലയാറ്റൂരിന് തോന്നി. ഏറെ താമസിയാതെ മലയാറ്റൂരിന് ഒരു ഫോണ്‍ വന്നു;
‘രാമകൃഷ്ണന്‍, ജേക്കബ് ഹിയര്‍’
‘എത് ജേക്കബ്?’
‘ഹോം സെക്രട്ടറി ജേക്കബ്’
‘വേലയിറക്കാതെടോ മുരളി!’
‘രാമകൃഷ്ണന്‍, ദിസ് റിയലി ഈസ് ജേക്കബ് ആന്റ് ആം നോ ഗുഡ് അറ്റ് മിമിക്രി’. അത് ശരിക്കും ഹോം സെക്രട്ടറി തന്നെയായിരുന്നു.
മേലുദ്യോഗസ്ഥനെ പരിഹസിച്ച് പാരഡി എഴുതി പ്രചരിപ്പിക്കുന്നതിലും മലയാറ്റൂര്‍ വിദഗ്ധനായിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പില്‍ മലയാറ്റൂര്‍ ജോലി ചെയ്യുമ്പോള്‍ ഫുഡ് കോര്‍പ്പറേഷന്‍ പോളിത്തിന്‍ ബാഗുകളില്‍ വിതരണം ചെയ്ത റവ, മൈദ എന്നിവയില്‍ പുഴുവോ, മറ്റോ കണ്ടതായി ഒരു പത്രം വാര്‍ത്ത കൊടുത്തു.
ഉടനെ മഹാകവി മലയാറ്റൂരിന്റെ ഭാവന ഉണര്‍ന്നു.
വയലാറിന്റെ ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ എന്ന ഗാനത്തിന്റെ പാരഡി ഉടനെ വന്നു. കെ. എസ്. മേനോന്‍(കെ. ശുപ്പു മേനോന്‍ ) എന്ന ശക്തനായ ബ്യൂറോക്രാറ്റായിരുന്നു സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ പരിഷ്‌ക്കാരമായിരുന്നു റേഷന്‍ കടകളിലെ പോളിത്തില്‍ ബാഗ് സമ്പ്രദായം.
‘റേഷന്‍ കാര്‍ഡില്‍ അരികൊടുക്കുമ്പോള്‍
മേനവനേ നിന്നെ ഓര്‍മ്മ വരും;
അരി കുറഞ്ഞാലും ഗോതമ്പു പോയാലും
മേനവനേ നിന്നെ ഓര്‍മ്മ വരും.
മേനവാ- ശുപ്പുമേനവാ
എഫ്. സി. എ. വിച്ചുപിള്ള
പോളിത്തീന്‍ ബാഗുകളില്‍
മൈദയും റവയും നല്‍കുമ്പോള്‍
റേഷനരിയില്‍ പുഴു നുളയുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
മേനവാ- ശുപ്പു മേനവാ!.
60 കളിലായിരുന്നു മലയാറ്റൂരിന്റെ പ്രശസ്തമായ ഈ പാരഡി പ്രയോഗം. വി.ഡി. രാജപ്പനൊക്കെ മിമിക്രി പാരഡി വേദികളില്‍ കൊണ്ടുവരുന്നത്തിന് എത്രയോ മുന്‍പ്.
70 കളുടെ ആദ്യം കണ്ണൂരില്‍ മിമിക്രിയവതരിപ്പിച്ച ആദ്യത്തെ ഒരു പ്രൊഫഷണല്‍ മിമിക്രിക്കാരനായിരുന്നു പെരുന്താറ്റില്‍ ഗോപാലന്‍. ട്രെയിന്‍ യാത്ര, അണ്ണാ ദുരെ, ശിവാജി ഗണേശന്‍ എന്നിവരുടെ ഡയലോഗുകള്‍, ‘പ്രകൃതിയിലെ മറ്റ് ശബ്ദങ്ങള്‍ എന്നിവ അനുകരിച്ച് ഗോപാലന്‍ ശ്രദ്ധനേടി. അമ്പലങ്ങളും, നാട്ടുപ്രദേശങ്ങളിലെ വേദികളിലുമായിരുന്നു ഇദ്ദേഹം പരിപാടി അവതരിപ്പിച്ചത്. വടക്കന്‍ മലബാറില്‍ നിന്ന് വന്ന ആദ്യത്തെ മിമിക്രിക്കാരനായിരുന്നു അദ്ദേഹം. 1976 ല്‍ പെരുന്താനി ഗോപാലന്‍ ഒറ്റക്ക് അവതരിപ്പിച്ച മിമിക്രി കാസെറ്റിലാക്കി ‘ഹാസ്യ വേദി’ എന്ന പേരില്‍ ഇറക്കിയതാണ് മിമിക്രിയുടെ ആദ്യത്തെ ഓഡിയോ കാസറ്റ്.
പെരുന്താറ്റില്‍ ഗോപാലന്‍
മരുന്ന് വില്‍പ്പനക്കാരുടെ സംഭാഷണങ്ങള്‍, നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന വ്യക്തികള്‍ എന്നീ ഐറ്റങ്ങള്‍ അനുകരിച്ച ആ കാസറ്റിലെ ഏറ്റവും പ്രസിദ്ധമായ ഇനമായിരുന്നു തലശ്ശേരിയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറായ ലണ്ടന്‍ മൂസ ലോക ബോക്‌സിങ്ങ് ചാമ്പ്യന്‍ മുഹമ്മദ് അലിയെ ബോക്‌സിങ് മത്സരത്തിന് വെല്ലു വിളിക്കുന്നത്. കേട്ടവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ച ആ ഭയങ്കര ചിരി ഐറ്റം ഏറെ ശ്രദ്ധനേടി. പിന്നീട് ‘ലണ്ടന്‍ മൂസ’ എന്ന പേരിലാണ് ഈ ഓഡിയോ കാസറ്റ് അറിയപ്പെട്ടത്. ഇപ്പോള്‍ ചാനലില്‍ തരംഗമായ വിനോദ് കോവൂരിന്റെ എം.80 മൂസയൊക്കെ പ്രസിദ്ധമാകുന്നതിന് മൂന്നു പതിറ്റാണ്ട് മുന്‍പ് കാസറ്റിലൂടെ താരമായിരുന്നു ഈ ലണ്ടന്‍ മൂസ. പിന്നീട് 1988 കാലത്ത് ഗോപാലന്‍ കലാഭവനില്‍ ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും പിന്നിട് അവിടം വിട്ടുപോയി, ഒറ്റയ്ക്ക് തന്നെ പരിപാടികള്‍ നടത്തുകയായിരുന്നു. മിമിക്രി ജീവിതമാര്‍ഗമാക്കാമെന്ന് തെളിയിച്ച ആദ്യത്തെ പ്രൊഫഷണല്‍ കലാകാരനായിരുന്നു പെരുന്താനി ഗോപാലന്‍.
കോളേജ് മത്സരങ്ങളിലും സംസ്ഥാന യുവജനോത്സവങ്ങളിലും മിമിക്രി ഒരു ഇനമായതോടെ ആ കലാരൂപം വേദികള്‍ പിടിച്ചടക്കാന്‍ തുടങ്ങി. ആലപ്പി അഷറഫ്, നെടുമുടി വേണു, ഫാസില്‍ തുടങ്ങിവരൊക്കെയാണ് കോളേജുകളിലൂടേയും മറ്റ് വേദികളിലൂടേയും പ്രൊഫഷണല്‍ മിമിക്രിയെന്ന് നാം ഇന്ന് കാണുന്ന രൂപത്തിന്റെ ആദ്യത്തെ അവതാരകര്‍. നടന്മാരെ അനുകരിക്കുന്നത് കൂടാതെ നിലവാരം കുറഞ്ഞ തരം താണ തമാശകളെ ഒഴിവാക്കി അവര്‍ നിലവാരമുള്ള ചെറിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു പുതിയ രീതി അവതരിപ്പിച്ചു. ഇവരെല്ലാം തന്നെ നല്ല കലാകാരന്മാരും കോളേജ് വിദ്യാഭ്യാസകാലത്ത് അനേകം പരിപാടികള്‍ വിജയകരമായി അവതരിപ്പിച്ച് അനുഭവം നേടിയവരും, കലാലയങ്ങളില്‍ സ്ഥിരമായി നാടകങ്ങള്‍ അഭിനയിക്കുന്നവരും ആയിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ആദ്യമായി മിമിക്രി വിജയകരമാക്കിയ നല്ലൊരു ഡബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ സംവിധായകന്‍ ആലപ്പി അഷ്‌റഫാണ് ഇന്ന് നാം കേള്‍ക്കുന്ന കാണുന്ന മിമിക്രിയുടെ യഥാര്‍ത്ഥ ഉപജ്ഞാതാവ് എന്ന് പറയാം.
എഴുപതുകളുടെ മധ്യത്തില്‍ ജൂനിയര്‍ ആലുംമൂടന്‍ എന്ന പേരില്‍ വഞ്ചിയൂര്‍ രാമചന്ദ്രന്‍ എന്നൊരാള്‍ തിരുവനന്തപുരത്ത് കൊല്ലം സിറാജ് എന്നൊരാളുമായി ചേര്‍ന്ന്’ മിമിക്‌സ് ഫ്‌ളൈറ്റ് ‘ എന്ന പേരില്‍ മിമിക്രി അവതരിപ്പിച്ചിരുന്നു. നടന്‍ ജയനെ അനുകരിച്ച ആദ്യ മിമിക്രി ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ ഇന്നത്തെ പോലെ ജയനെ വികൃതമാക്കിയല്ല, മറിച്ച് അന്നത്തെ ജയന്‍ സിനിമകളിലെ ഡയലോഗ് അനുകരിച്ചാണ് കയ്യടി വാങ്ങിയത്.
വഞ്ചിയൂര്‍ രാമചന്ദ്രന്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ 73 കാലത്ത് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന ഒരു യുവകലാകാരന്‍ നസീര്‍, ശങ്കരാടി, ഉമ്മര്‍ എന്നിവരുടെ സ്വരം അനുകരിച്ച് കയ്യടി നേടി. അദ്ദേഹം അന്ന് വരെ ആരും ചെയ്യാത്ത ഒരു നമ്പര്‍ അവതരിപ്പിച്ച് വേദികളെ ഇളക്കി മറച്ചു. രാഷ്ട്രീയ നേതാക്കളെ മിമിക്രിയിലൂടെ അവതരിപ്പിക്കുക, ഇന്നത്തെ പോലെ ദൃശ്യമാധ്യമങ്ങള്‍ ഇല്ലെങ്കിലും അച്യുതമേനോന്‍, കെ. കരുണാകരന്‍, കെ.എം.മാണി എന്നിവരുടെ പ്രസംഗങ്ങളെല്ലാം പരിചിതമായിരുന്ന, രാഷ്ട്രീയ ബോധമുള്ള ഒരു തലമുറയായതിനാല്‍, ഈ ഐറ്റം ഏറെ കയ്യടി നേടി. അതിലും അദ്ദേഹം ഒരു നമ്പര്‍ ഇറക്കി. അയാള്‍ ‘പരിപാടിക്കിടയില്‍ പറയും’ നിങ്ങള്‍ എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ ഒരാളുടെ ശബ്ദം മാത്രം അനുകരിക്കില്ല. അത് ഞാന്‍ അച്ഛനു തുല്യം സ്‌നേഹിക്കുന്ന ഇ.എം.എസിന്റെ ശബ്ദമാണ്’. അതോടെ വിദ്യാര്‍ത്ഥികളുടെ വന്‍ കരഘോഷം ഉയരും ‘ ഒരു വെടിക്ക് രണ്ട് പക്ഷി.
ഇ എം എസിനെ അനുകരിക്കുന്നത് ഒഴിവാക്കാം. ഇടതു പക്ഷക്കാരെ സന്തോഷിപ്പിച്ച് പിന്‍തുണ നേടാം. ഈ ബുദ്ധിമാന്റെ പേര് ബാലചന്ദ്ര മേനോന്‍. നമ്മുടെ പ്രശസ്ത സംവിധായകനും നടനുമായ മേനോന്‍ തന്നെ(ഇ എം എസിനെ മിമിക്രിയില്‍ അവതരിപ്പിച്ചാല്‍ നല്ല തല്ല് കിട്ടുമെന്ന് ബുദ്ധിമാനായ ബാലചന്ദ്ര മേനോന് അറിയാം).
ഏതായാലും ബാലചന്ദ്ര മേനോനാണ് ആദ്യമായി മിമിക്രിയില്‍ രാഷ്ട്രീയ നേതാക്കളെ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ്.(റഹ്‌മാന്റെ കലാഭവന്‍ ഡയറിയില്‍ രാഷ്ട്രീയക്കാരെ ആദ്യമായി അവതരിപ്പിച്ചത് 1991 ല്‍ മിമിക്‌സ് വാര്‍ എന്ന പരിപാടിയില്‍ ആണ് എന്ന് എഴുതിയത് തെറ്റാണ്). ഇതായിരുന്നു കേരളത്തിലെ മിമിക്രിയുടെ ആദ്യകാല ചരിത്രം.
1993 ല്‍ എറണാകുളത്ത് നടന്ന മഹാത്മാ ഗാന്ധി സര്‍വകാലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് സലിം കുമാര്‍ പ്രശസ്തനാവുന്നത്. സ്വാഭാവികമായും പിന്നീട് കലാഭവനില്‍ എത്തി. അവിടത്തെ പെര്‍ഫോമന്‍സ് കണ്ടാണ് എഷ്യാനെറ്റ് വിളിക്കുന്നത്. സലിം കുമാര്‍ എഷ്യാനെറ്റിലെ സിനിമാല, കോമിക്കോള എന്നിവയുടെ അവതാരകനായതോടെ ഇത്തരം ഹാസ്യപരിപാടിയിലെ ഏറ്റവും ശ്രദ്ധേയനായി. സലിം കുമാര്‍ അവതരിപ്പിച്ച എഷ്യാനെറ്റിലെ ‘കണ്ണാടി’ യുടെ ടി.എന്‍. ഗോപകുമാര്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിന്ത രവി, നമിതാ സുരേഷ് തുടങ്ങിയ അവതാരകരേയും പിന്നീട് ടിവിയില്‍ തന്നെ സലിം കുമാര്‍ അവതരിപ്പിച്ചു. ടി വി അവതാരകരെ ആദ്യമായി മിമിക്രിയില്‍ അനുകരിച്ചതും സലിം കുമാറായിരുന്നു.
ജയറാം, സൈനുദീന്‍, കലാഭവന്‍ റഹ്‌മാന്‍, സിദ്ധിക്ക്, ലാല്‍, കലാഭവന്‍ മണി, ഹരിശ്രി അശോകന്‍, അന്‍സാര്‍, നാരായണന്‍ കുട്ടി, കലാഭവന്‍ ഹനീഫ്, നാര്‍ദിഷാ, ദിലീപ്, സലിം കുമാര്‍, അബി, ഷാജോണ്‍ തുടങ്ങിയവരൊക്കെ മിമിക്രിയിലൂടെ സിനിമയില്‍ എത്തിയത് മിമിക്രി കലാകാരന്മാര്‍ക്ക് കൂടുതല്‍ ജനപ്രീതിയും സ്വീകാര്യതയും നല്‍കി.
സ്ത്രീ ശബ്ദങ്ങള്‍ അനുകരിക്കുന്നതിന് സ്വീകാര്യത ഇല്ലാത്തതിനാലും, ഒരു കെ പി എ എ സി ലളിതയോ ഫിലോമിനയോ, കല്‍പ്പനയോ കഴിഞ്ഞാല്‍ തിരിച്ചറിയാവുന്ന നടികളുടെ ശബ്ദം മലയാളത്തില്‍ അംഗീകാരം നേടാത്തതിനാലാകാം മിമിക്രി രംഗത്ത് അവരുടെ സാന്നിധ്യം തീരെ കുറവായത്. മിക്ക നടിമാര്‍ക്കും ശബ്ദം കൊടുക്കുന്ന ഭാഗ്യലക്ഷ്മിയുടേയും ആനന്ദവല്ലിയുടേയും ശബ്ദമാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം എന്നതും ഒരു കാരണമാകാം.
1989 ല്‍ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടിന്റെ ‘റാംജിറാവ് സ്പീക്കിംഗ്’ മലയാള ചലച്ചിത്രങ്ങളെ കുറച്ചു കാലത്തേങ്കിലും ഹാസ്യ ട്രെന്‍ഡിലേക്ക് കൊണ്ടുവന്നു. ഇതിനെ പിന്‍തുടര്‍ന്ന പല സിനിമകളും വിജയകരമായതോടെ സൂപ്പര്‍ താരങ്ങളില്ലാതെ ഇത്തരം കുറെ ചിത്രങ്ങള്‍ രണ്ടാം നിര താരങ്ങളെ വെച്ച് കുറഞ്ഞ ചിലവില്‍ ഇറക്കി വിജയം നേടി. ഇതില്‍ അഭിനയിച്ചവരെല്ലാം തന്നെ മിമിക്രിയില്‍ നിന്ന് സിനിമയില്‍ വന്നവരായിരുന്നു. തുടര്‍ന്ന് മിമിക്രിയെ തന്നെ വിഷയമാക്കി സിനിമകള്‍ ഇറങ്ങി. ‘ മിമിക്‌സ് പരേഡ് (1991), ഗാനമേള (1991)കാസര്‍ഗോഡ് കാദര്‍ ഭായ് (1992), മിമിക്‌സ് ആക്ഷന്‍ 500 (1995). ഇവയൊക്കെ മലയാള സിനിമയെ മിമിക്രി എത്രമാത്രം സ്വാധീനിച്ചു എന്ന് വെളിപ്പെടുത്തിയതാണ്.
സമാന്തരമായി ഓഡിയോ കാസറ്റുകളും വഴി മിമിക്രി ജനപ്രിയമായി. നര്‍മ്മം കലര്‍ത്തിയ ആക്ഷേപഹാസ്യഗാനങ്ങള്‍ സമൂഹത്തിനെ ബാധിച്ച അഴിമതി, കാലു മാറ്റം, തൊഴിലില്ലായ്മ, മന്ത്രിമാരുടെ ധൂര്‍ത്ത്, സാധാരണക്കാരന്റെ ‘പ്രശ്‌നങ്ങളായ വിലക്കയറ്റം, വിദ്യാര്‍ത്ഥി സമരം തുടങ്ങിയവ പാരഡി രൂപത്തില്‍ കാസ്റ്റലിലാക്കി ഇറങ്ങാന്‍ തുടങ്ങിയത് ആദ്യകാലത്ത് നന്നായി ജനങ്ങള്‍ സ്വീകരിച്ച് ആസ്വദിച്ചിരുന്നതിനാല്‍ ഈ കാസറ്റുകള്‍ നന്നായി വിറ്റു പോയി. ഒരു ഓണക്കാലത്ത് കേരളത്തിലെത്തിയ മാവേലി കാണുന്ന കേരള സമൂഹത്തിലെ തകര്‍ച്ചയുടെ ഹാസ്യ വിശകലനമാണ് ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം'(സൈമണ്‍. ജെ. നവോദയ) ‘ദേ മാവേലി കൊമ്പത്ത് ‘(ദിലിപ്, നാദിഷാ) എന്ന കാസറ്റുകളിലെ നമ്പറുകള്‍ ജനങ്ങള്‍ ആസ്വദിച്ചു. ഇന്നസെന്റിന്റെ സ്വരത്തിലുള്ള ഡയലോഗുകള്‍ കുറെക്കൂടി അവയെ ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ചു. 80 കളുടെ ആദ്യം പക്ഷി മൃഗങ്ങളുടെ കഥകളുമായി, -ഹാസ്യകഥാപ്രസംഗവുമായി ഇറങ്ങി മിന്നലു പോലെ കടന്നുപോയ വി.ഡി. രാജപ്പന്റെ കഥാപ്രസംഗത്തിലെ പാരഡി ഗാനങ്ങളുടെ പിന്‍തുടര്‍ച്ചയായിരുന്നു ഇതിലെ ഹാസ്യ ഗാനങ്ങള്‍.
‘പാടാം പാടാം മാവേലി കണ്ടൊരു
കേരള നാടിന്‍ കഥകള്‍,
ക്രൂരകഥകള്‍, ശോകകകഥകള്‍.
സീരിയസ് കഥകള്‍ പാടാം’
(ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം. 1992).
ഇതൊക്കെ ആര്‍ക്കും ഏത് സമയത്തും പാടാവുന്ന ലളിതമായ ഹാസ്യ ഗാനങ്ങളായതിനാല്‍ സാധാരണക്കാര്‍ ഇഷ്ടപ്പെട്ടു. സ്‌ക്കൂള്‍- കോളേജ് തലത്തില്‍ മത്സരങ്ങള്‍ വഴി ഇതിന് നല്ല പ്രചാരം ലഭിച്ചു. ഇതിന്റെ വിജയം ഒട്ടെറെ ഇത്തരത്തിലുള്ള കാസറ്റുകള്‍ ഇറങ്ങാന്‍ പ്രേരണയായി.
ഇന്നും ചാനലുകളില്‍ നടക്കുന്ന ഹാസ്യപരിപാടികളില്‍ ഭൂരിഭാഗവും മിമിക്രിയെ അടിസ്ഥാനമാക്കിയാണ്. പണ്ട് വേഷം പ്രധാനമായിരുന്നില്ല. ഇപ്പോള്‍ ദൃശ്യമാധ്യമത്തില്‍ ക്ഷണിച്ചു വരുത്തിയ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന്നതിനാല്‍ വിവിധ വേഷം കെട്ടലുകള്‍ വേണ്ടി വരുന്ന മറ്റൊരു ശരീരം കൊണ്ടുള്ള മിമിക്രിയായി ഈ ഹാസ്യാനുകരണം മാറി കഴിഞ്ഞു.
മുന്‍പൊക്കെ നാടകത്തില്‍ നിന്ന് സിനിമയില്‍ വന്നവര്‍ക്ക് കിട്ടിയിരുന്ന ആദരവ് മിമിക്രിയില്‍ വന്നവര്‍ക്ക് സിനിമയില്‍ വന്നവര്‍ക്ക് കിട്ടിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയെ നശിപ്പിക്കുന്നവരാണ് മിമിക്രി താരങ്ങള്‍ എന്നൊരു വിവാദവും ചര്‍ച്ചയും ഒരു കാലത്ത് ഉയര്‍ന്നു വന്നിരുന്നു. ‘ഉദയനാണ് താരം’ എന്ന സിനിമയില്‍ ഇത് പരാമര്‍ശിക്കുന്നുമുണ്ട്.
‘ഹാസ്യം എഴുതാനറിയാത്തവരും സംവിധാനം ചെയ്യാനറിയാത്തവരും വന്നതാണ് മലയാള സിനിമയുടെ കഷ്ടകാലം അല്ലാതെ ഞങ്ങള്‍ കുറച്ചു മിമിക്രി അഭിനേതാക്കള്‍ വന്നതല്ല’ വിവാദ കാലത്ത് സലിം കുമാര്‍ പറഞ്ഞു. ‘സിനിമയൊരു ട്രാക്കാണ് അവിടെ ആര്‍ക്കും ഓടാം. നാടകക്കാര്‍ക്കോടാം, കഥകളിക്കാര്‍ക്കോടാം, മിമിക്രിക്കാര്‍ക്കോടാം. മിമിക്രിക്കാര്‍ ഫസ്റ്റ് എത്തിയെന്നേയുള്ളൂ’. ഒരു വടക്കന്‍ വീരഗാഥ കളിക്കുന്നതിന്റെ തൊട്ടടുത്ത കൊട്ടകയില്‍ അതിന്റെ തന്നെ പാരഡി എന്തു രസമായിരിക്കും’ വിദേശത്തൊക്കെ ഹിറ്റു സിനിമകളുടെ ഫുള്‍ ലങ്ത് പാരഡി വരുന്നുണ്ട്.(Hot Shots! Part Deux 1993 എന്ന ചിത്രം സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ റാംബോ ചിത്രങ്ങളെ പരിഹസിക്കുന്ന ക്ലാസിക്ക് ഉദാഹരണമാണ്). ഇത് താനല്ലയോ എന്ന് തോന്നിപ്പിക്കുന്ന ഉത്‌പ്രേക്ഷാ സിനിമകള്‍. ഇത് മിമിക്രിയുടെയും സിനിമയുടേയും സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം’: സലിം കുമാര്‍ പറയുന്നു.
സിനിമയിലേക്കുള്ള ചവിട്ടു പടിയായി മിമിക്രിയെ കണ്ടതോടെയാണ് ഇന്നിത് ആസന്ന മരണാവസ്ഥയിലായത്. ഇതില്‍ വന്നാല്‍ സിനിമാക്കാര്‍ വിളിക്കുമെന്ന് പറഞ്ഞ് ഒന്നുമറിയാത്തവരും വന്നു കേറുന്നു. പണ്ടൊക്കെ നമ്മള്‍ ജുബ്ബയും പൊതിഞ്ഞ് മിമിക്രിക്ക് പോകുമ്പോള്‍ ആള്‍ക്കാര്‍ക്ക് പുച്ഛമാണ്. ഇന്നാണെങ്കില്‍ നാളത്തെ സിനിമാ താരം എന്ന മട്ടിലാണ് ജനം മിമിക്രിക്കാരെ നോക്കുന്നത്. കലാമണ്ഡലത്തിനടുത്ത് ചായക്കട നടത്തിയിരുന്നവര്‍ പേരിന്റെ കൂടെ കലാമണ്ഡലം എന്ന് വെച്ചതുപോലെയാണിപ്പോള്‍. എറണാകുളം നോര്‍ത്തില്‍ തീവണ്ടിയിറങ്ങുന്നവരെല്ലാം പേരിന്റെ കൂടെ കലാഭവന്‍ എന്ന് വെച്ചു തുടങ്ങി. ഞാനൊക്കെ അരി വാങ്ങിയ സ്ഥപനമാണ്. കുറ്റം പറയാന്‍ പാടില്ലാത്തതാണ്. മിമിക്രി പഠിക്കാനയയ്ക്കുന്ന അവസ്ഥയായിട്ടുണ്ട്. ഉടയതമ്പുരാന്‍ വിചാരിച്ചിലും മിമിക്രി പഠിപ്പിക്കാന്‍ പറ്റില്ല. ഇവിടെയിത് എങ്ങനെ പഠിപ്പിക്കുന്നതെന്ന് എനിക്കറിയില്ല’ മിമിക്രി രംഗത്തെ അപചയത്തിനെ കുറിച്ച് സലിം കുമാര്‍ തന്റെ നിരീക്ഷണം വ്യക്തമാക്കുന്നു. The history of the evolution of the art of Mimicry in Malayalam
Content Summary; The history of the evolution of the art of Mimicry in Malayalam