നാഷണല്‍ ഹെറാള്‍ഡും നെഹ്‌റു കുടുംബ കമ്പനിയും 2000 കോടി തട്ടിപ്പും!

കോണ്‍ഗ്രസ്സിനും ഭാവി പ്രധാനമന്ത്രിയാകാന്‍ കച്ച കെട്ടി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കും, സോണിയക്കും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാമ്പത്തിക തിരിമറി കേസാണ് ഇപ്പോള്‍ സജീവമായ നാഷണല്‍ ഹെറാള്‍ഡ് കുംഭകോണം

”I would gladly sell Anand Bhavan to keep National Herald alive’- Jawaharlal Nehru.

നാലു വര്‍ഷം മുന്‍പ്, ശതാഭിഷേകം കഴിഞ്ഞ, ആഘോഷങ്ങള്‍ പോയിട്ട്, നിലനില്‍പ്പ് തന്നെ ഇല്ലാതായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തില്‍ നെഹ്‌റുവിന്റെ അനന്തരാവകാശികള്‍ നടത്തിയ സാമ്പത്തിക തിരിമറികളുടെ മേലുള്ള കേസ് കോടതി ഇപ്പോള്‍ പരിഗണിക്കുകയാണ്. ദേശീയ രംഗത്ത് കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി നിലനില്‍ക്കേണ്ടിയിരുന്ന ആ പത്രം കോടതി വിധിയും കാത്ത് ചരിത്രമാകുന്ന കാഴ്ചയാണ് ഇന്ത്യന്‍ പത്രലോകം കാണാന്‍ പോകുന്നത്.

സാമ്പത്തിക ക്രമക്കേടെന്ന കുറ്റത്തില്‍ നെഹ്‌റു കുടുംബത്തിന്റെ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി നോട്ടിസ് പതിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിര്‍ണായക നീക്കം ആരംഭിച്ചു കഴിഞ്ഞു. പതിമൂന്ന് വര്‍ഷം മുന്‍പ്, 2012 ഒക്ടോബര്‍ 9 ന് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ദി പയനിയറില്‍ ‘യംഗ് ഇന്ത്യ’ എന്നൊരു കമ്പനി ഡല്‍ഹിയിലെ ‘നാഷണല്‍ ഹെറാള്‍ഡ്’ ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേര്‍ണല്‍ എന്ന സ്ഥാപനത്തെ ഏറ്റെടുത്തു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. പത്രം വീണ്ടും പുറത്തിറങ്ങാന്‍ പോകുന്നു എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സാധാരണ ഗതിയില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്ത ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജെ. ഗോപീകൃഷ്ണന്‍ എന്ന മലയാളിയായ പത്രപവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ പത്രലോകത്തിനും ജനങ്ങള്‍ക്കും അത്ര പെട്ടെന്ന് ഗോപീകൃഷ്ണനെ വിസ്മരിക്കാന്‍ കഴിയില്ല.

ജെ ഗോപീകൃഷ്ണന്‍

കോളിളക്കമുണ്ടാക്കിയ 2ജി ടെലികോം അഴിമതിയെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനാണ് ഗോപീകൃഷ്ണന്‍. 2008 ഡിസംബര്‍ 11-ന് ദി പയനിയറില്‍ പ്രത്യക്ഷപ്പെട്ട, ഗോപികൃഷ്ണന്‍െ അന്നത്തെ ടെലികോം മന്ത്രി എ. രാജയുടെ ബന്ധുക്കളുടെ കമ്പനികളുടെ രഹസ്യ പട്ടിക തുറന്നുകാട്ടി. 2ജി അഴിമതിയുടെ വിവിധ വശങ്ങള്‍, എയര്‍സെല്‍-മാക്‌സിസ് അഴിമതി, ടെലികോം അഴിമതിയുടെ മറ്റ് അനുബന്ധ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി നിരവധി റിപ്പോര്‍ട്ടുകള്‍ പയനിയറില്‍ എഴുതി, മൂന്ന് വര്‍ഷത്തിലേറെയായി ഉള്‍പ്പെട്ട രാഷ്ട്രീയ-കോര്‍പ്പറേറ്റ് കളിക്കാരെ കേന്ദ്രീകരിച്ചായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടെലികോം അഴിമതിയെക്കുറിച്ച് 200-ലധികം റിപ്പോര്‍ട്ടുകള്‍ ദി പയനിയര്‍ പ്രസിദ്ധീകരിച്ചു, 2014 ലെ അവരുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഈ റിപ്പോര്‍ട്ടുകള്‍ നിര്‍ണായക പങ്കു വഹിച്ചു. അന്നത്തെ ടെലികോം മന്ത്രി എ. രാജയുടെ രാജിയും പിന്നീട് തുടര്‍ന്ന് അയാളുടെ അറസ്റ്റിലേക്കും നയിച്ച
2ജി സ്‌പെക്ട്രം അഴിമതിയെ ലോകത്തിലെ രണ്ടാമത്തെ വലിയ അധികാര ദുര്‍വിനിയോഗമായിയാണ് അമേരിക്കന്‍ ടൈം മാസിക 2011 ല്‍ വിലയിരുത്തിയത്.

നാല് വര്‍ഷമായി മുടങ്ങി കിടന്ന ഒരു ദിനപത്രത്തിന്റെ ഉടമസ്ഥന്‍ മാറുന്നതും പത്രം വീണ്ടും പുറത്തിറക്കുന്നതും ഒരു സാധാരണ പ്രക്രിയയാണ്. അതിന്റെ ജോലിക്കാര്‍ക്ക് മാത്രം താല്‍പ്പര്യമുള്ള ഒരു കാര്യം മാത്രമാണിത്. എന്നാല്‍ .ഈ വാര്‍ത്ത തികച്ചും അസംബന്ധമാണെന്നും നാഷണല്‍ ഹെറാള്‍ഡ് പത്രം പുന:പ്രസിദ്ധീകരിക്കാന്‍ യാതൊരു ഉദേശവുമില്ലെന്നും പറഞ്ഞ് ഒരു മെയില്‍ പയനിയറിലെ ഗോപീകൃഷ്ണന് ലഭിച്ചു. അയച്ചത് രാഹുല്‍ ഗാന്ധി- പരാമര്‍ശിച്ച കമ്പനിയായ യംഗ് ഇന്ത്യയുടെ ഡയറക്ടര്‍- ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കുറെ നാളായി ശ്രമിക്കുന്ന നെഹ്‌റു കുടുംബക്കാരന്‍. ‘പത്രം പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെന്തിന് പത്രസ്ഥാപനം വില കൊടുത്ത് വാങ്ങണം? എന്ന ചോദ്യവുമായി ഡോക്ടര്‍ സുബ്രഹ്‌മണ്യന്‍ സ്വാമി അപ്പോള്‍ രംഗത്ത് വന്നു.

നാഷണല്‍ ഹെറാള്‍ഡ് പുന: പ്രസിദ്ധീകരിക്കുന്നതായി വന്ന വാര്‍ത്ത

അതോടെ കളികള്‍ പുറത്ത് വന്നു. ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കറക്കു കമ്പനി രൂപീകരിച്ച് ഏറ്റെടുത്ത കഥ വെളിയില്‍ വന്നു. നെഹ്‌റു കുടംബ കമ്പനി നടത്തിയ ‘ഈ അഭ്യാസം’ സ്വതന്ത്ര ഇന്ത്യയിലെ ഒരു പത്ര സ്ഥാപനത്തിന്റെ ചരിത്രത്തില്‍ നടന്ന അഴിമതി ഏറ്റവും വലിയ കുഭംകോണമായി മാറി.

നെഹ്‌റു കുടുംബം എന്ന് കേട്ടാലും കണ്ടാലും എല്ലാം മറന്ന് തൊഴുന്ന, നെഹ്‌റു കുടുംബ സ്തുതി പറയാനും, കേള്‍ക്കാനും മാത്രം ശീലിച്ച കോണ്‍ഗ്രസുകാര്‍ ഈ ആരോപണത്തില്‍ മൗനം പാലിച്ചു(കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാഞ്ഞിട്ടും ഒരു കോണ്‍ഗ്രസുകാരന്‍ ഇത്ര വലിയ അഴിമതി നടത്തിയല്ലോ എന്ന് അഭിമാനിക്കേണ്ട ഭാഗ്യം കിട്ടിയെന്ന് അവര്‍ക്കു തോന്നിക്കാണും).

സുബ്രഹ്‌മണ്യസ്വാമി

സുബ്രഹ്‌മണ്യ സ്വാമിയുടെ ആരോപണവെടി പൊട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ ജെയിന്‍ ‘നീതി സെന്‍ട്രല്‍’ എന്ന വെബ്‌സൈറ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന ഓഹരിത്തട്ടിപ്പുകള്‍ തെളിവ് സഹിതം വിശദമായി എഴുതി. 2012 നവംബര്‍ 1 ന് ഡോക്ടര്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ഹെറാള്‍ഡിനെ സംബന്ധിച്ചുള്ള രേഖകള്‍ പുറത്ത് വിട്ട് ഈ വന്‍ തട്ടിപ്പ് പൊളിച്ച് കാട്ടി. സ്വാമി പത്ര സമ്മേളനം നടത്തിയതോടെ നാഷണല്‍ ഹെറാള്‍ഡ് കുംഭകോണം പുറംലോകമറിഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷുഭിതനായി സ്വാമിക്കെതിരെ മാനഷ്ട കേസ് കൊടുക്കുമെന്ന് ആദ്യം വീമ്പടിച്ചെങ്കിലും, സംഗതി പിശകാണ് എന്ന് മനസിലാക്കി പിന്‍വാങ്ങി.

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും, വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി കോടതി മുമ്പാകെ 2012 നവംബര്‍ ഒന്നിന് ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചതാണ് ഈ കേസിന്റെ തുടക്കം. ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാന്‍ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി. അങ്ങനെ 2014 മുതല്‍ സോണിയയും, രാഹുലും മറ്റ് കോണ്‍ഗ്രസ് പ്രജകളും ജാമ്യത്തിലായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഈ ഏപ്രില്‍ ആദ്യവാരം ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചു. ഇതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഏപ്രില്‍ 25 ന് കോടതി വാദം കേള്‍ക്കും.

സ്ഥാപകന്‍ സ്ഥാപനത്തെക്കാള്‍ പ്രശസ്തനായ ചരിത്രമാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെത്. ജവഹര്‍ലാല്‍ നെഹ്‌റു 5000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്കാളിത്തത്തോടെ 1937 ല്‍ സ്ഥാപിച്ച പത്രമാണ്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷ് ദിനപത്രം. അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്നൊരു കമ്പനി ഇതിന് വേണ്ടി രൂപീകരിച്ചു. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ മൂന്നു പത്രങ്ങളാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷിലും, ഖ്വാമി ആവാസ് ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും. ഫിറോസ് ഗാന്ധി കുറച്ച് കാലം നാഷണല്‍ ഹെറാള്‍ഡിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. ബാലകൃഷ്ണ മേനോന്‍ എന്നൊരു മലയാളി പത്രത്തിന്റെ ലക്‌നൗ പതിപ്പില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹം പിന്‍ക്കാലത്ത്, സ്വാമി ചിന്മയാനന്ദന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ‘എന്റെ പോരാളിയായ എഡിറ്റര്‍’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കെ. രാമറാവുവും പിന്നീട് ഇന്ത്യന്‍ പത്രപവര്‍ത്തനത്തിലെ അതികായന്മാരിലൊളായ എം. ചലപതി റാവുവും സ്വാതന്ത്രത്തിന് മുന്‍പും പിന്‍പും ഈ പത്രത്തിനെ നിസ്തുലമായി സേവിച്ച എഡിറ്റര്‍മാരായിരുന്നു.

ഇപ്പോള്‍ 88 വയസായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം ജവഹര്‍ലാല്‍ നെഹറുവിന്റെ സ്വകാര്യ ദൗര്‍ബല്യങ്ങളൊന്നായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു, അലഹബാദിലെ ആനന്ദമന്ദിരം(പ്രശസ്തമായ നെഹറു കുടംബവീട്) വില്‍ക്കേണ്ടി വന്നാലും താന്‍ നാഷണല്‍ ഹെറാള്‍ഡ് കൈവിടില്ലെന്ന്. അത്രമാത്രം അദ്ദേഹം ഈ പത്രത്തെ സ്‌നേഹിച്ചിരുന്നു.

കെ. രാമറാവു എഡിറ്ററായിരിക്കെ ഒരിക്കല്‍ യുപിയിലെ ബാരബാന്‍കിയില്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് നാഷണല്‍ ഹെറാള്‍ഡില്‍ വന്നു. മനോഹരമായ ഭാഷയിലെഴുതപ്പെട്ട ആ ലേഖനം രാമറാവുവിന്റെയും ചലപതിറാവുവിന്റെയും ശ്രദ്ധയില്‍ പെട്ടു. ബാരബന്‍കിയിലെ ലേഖകന്റെ പരിമിതികളറിയാവുന്ന അവര്‍ അത് അയാളെഴുതിയതല്ലെന്ന നിഗമനത്തിലെത്തി. പ്രസ്സില്‍ നിന്ന് ലേഖനത്തിന്റെ ഒറിജിനല്‍ വരുത്തി പരിശോധിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ ലേഖനമായിരു മായിരുന്നു അത്. നാഷണല്‍ ഹെറാള്‍ഡിന്റെ കാര്യത്തില്‍ നെഹ്‌റു അത്രയേറെ, താല്‍പ്പര്യം കാണിച്ചിരുന്നു.

ദീര്‍ഘനാള്‍ രാജ്യത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ഒരിക്കല്‍ പോലും പ്രചാരത്തില്‍ ഡല്‍ഹിയിലെ മറ്റ് പത്രങ്ങളുടെ അടുത്തെങ്ങുമെത്തിയിരുന്നില്ല. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പത്രത്തിന്റെ പ്രചാരം പെട്ടെന്ന് വര്‍ദ്ധിച്ചു. കാരണം ലളിതമായിരുന്നു. അടിയന്തരാവസ്ഥയുടെ വക്താവായ ഹരിയാനയിലെ നേതാവ് ബന്‍സി ലാല്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാഷണല്‍ ഹെറാള്‍ഡ് പത്രം വാങ്ങണമെന്ന് രഹസ്യമായി നിര്‍ദ്ദേശിച്ചു. അതോടെ പത്രത്തിന്റെ പ്രചാരം ഉയര്‍ന്നു.

1975 ലെ അടിയന്തരാവസ്ഥയില്‍ പത്ര സെസര്‍ഷിപ്പ് നടപ്പിലായപ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന്റെ മുന്‍പേജില്‍ ഗാന്ധി ഊന്നുവടിയുമായി നില്‍ക്കുന്ന സ്ഥിരമായി കൊടുത്തിരുന്ന ചിത്രം സെന്‍സര്‍മാര്‍ എടുത്ത് കളഞ്ഞു. പടം അക്രമ വാസന പടര്‍ത്തും എന്നായിരുന്നു സെന്‍സര്‍മാരുടെ കാരണം. നാഷണല്‍ ഹെറാള്‍ഡിന്റെ മാസ്റ്റര്‍ ഹെഡില്‍ ആദ്യം മുതലേ ഉണ്ടായിരുന്ന ‘സ്വാതന്ത്ര്യം അപകടത്തിലാണ് സര്‍വ്വശക്തിയുമുപയോഗിച്ചതിനെ പ്രതിരോധിക്കു’ എന്ന പത്രത്തിന്റെ സ്ഥാപകന്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ പ്രശസ്തമായ വാക്യവും സെന്‍സര്‍മാര്‍ നീക്കം ചെയ്തു.

1976 ല്‍ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സ് ആരംഭിച്ചപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. അടിയന്തരാവസ്ഥയില്‍ കുപ്രസിദ്ധി നേടിയ മുഹമ്മദ് യൂനസ്സായിരുന്നു അക്കാലത്ത് ഹെറാള്‍ഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍. നെഹ്‌റു കുടുംബത്തിനോടുള്ള കൂറായിരുന്നു ഇതിനുള്ള അയാളുടെ യോഗ്യത. ഒളിമ്പിക്‌സ് പതിപ്പില്‍ ആദ്യ പേജില്‍ തന്നെ ഇന്ദിരാഗാന്ധിയുടേയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെയും പടം കൊടുക്കാന്‍ ഇയാള്‍ ഉത്തരവിട്ടു. കൂടാതെ എല്ലാ ദിവസവും ഹെറാള്‍ഡിന്‌റെ സ്‌പോര്‍ട്‌സ് പേജില്‍ ഇരുവരുടേയും ചിത്രം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡിന്റെ സ്‌പോര്‍ട്‌സ് പേജില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളുടെ പടങ്ങളോടൊപ്പം ഇന്ദിരാഗാന്ധിയുടേയും ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെയും ചിത്രങ്ങള്‍ തിളങ്ങി നിന്നു. യുക്തിക്ക് നിരക്കാത്ത ഈ നടപടി കണ്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉടന്‍ തന്നെ ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

പിന്നീട് സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ, കുപ്രസിദ്ധനായ യശ്പാല്‍ കപൂര്‍ നാഷണല്‍ ഹെറാള്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. അയാളാണ് ചലപതി റാവുവിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ചരട് വലിച്ചത്. ഇങ്ങനെ പല വിചിത്ര കഥകള്‍ കൊണ്ട് സമ്പന്നമാണ് നെഹ്‌റു കുടുംബ പത്രത്തിന്റെ ചരിത്രം.

30 വർഷം തുടർച്ചയായി നാഷ്ണൽ ഹെറാൾഡിൻ്റെ എഡിറ്ററായിരുന്ന
എം. ചലപതി റാവു

അടച്ചുപൂട്ടലും സാമ്പത്തിക കുഴപ്പങ്ങളും പത്രത്തിന്റെ ചരിത്രത്തില്‍ ഒരു പുതുമയില്ലാത്ത വസ്തുതയാണ്. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് അടച്ച് പൂട്ടിയ പത്രത്തിന് തുടങ്ങിയ ദുര്യോഗം ഇന്നും തുടരുന്നു. കാരണം മറ്റൊന്നാണ് എന്ന് മാത്രം!

ഇന്ത്യ സ്വതന്ത്രമായ ശേഷം പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണലിന് കാലാകാലങ്ങളില്‍ പലയിടങ്ങളിലും പത്രം നടത്താന്‍ സര്‍ക്കാരുകളുടെ സഹായത്താന്‍ ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചു. ഡല്‍ഹി, മുംബെ, ലക്‌നൗ, അലഹാബാദ്, കാണ്‍പൂര്‍, പാറ്റ്‌ന, പഞ്ച്കുള, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ കണ്ണായ സ്ഥലത്ത് ഭൂമിയും കെട്ടിടങ്ങളും ഉണ്ടായി. ആസ്തി വര്‍ദ്ധിച്ചെങ്കിലും പത്രം നടത്താന്‍ അറിയാത്ത, കെടുകാര്യസ്ഥത കാരണം കമ്പനി നഷ്ടത്തില്‍ കലാശിച്ചപ്പോള്‍, 2008 ല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ച് വിട്ട് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

കാലകാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടമായി സ്ഥാപനത്തിന് പണം നല്‍കിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും കമ്പനികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പണം കടം നല്‍കാന്‍ കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം. കടം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ല. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഖജാന്‍ജിയായിരുന്ന മോത്തിലാല്‍ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ ചെര്‍മാനും മാനേജിംഗ് ഡയറക്ടറും. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. 2010 ഡിസംബറില്‍ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ‘യംഗ് ഇന്ത്യ’ എന്നൊരു കമ്പനി രൂപീകരിച്ചു. ദോഷം പറയരുതല്ലോ പണ്ട് മഹാത്മാഗാന്ധിയുടെ പ്രസിദ്ധീകരണമായിരുന്നു ‘യംഗ് ഇന്ത്യ’, ആ പേരു തന്നെ ഇവര്‍ കമ്പനിക്ക് നല്‍കി(ഗാന്ധി പേര് അടിച്ച് മാറ്റി പിന്നെയാണോ മാസികയുടെ പേര്) ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എന്നായിരുന്നു വെയ്പ്പ്. ഇരുവര്‍ക്കും ചേര്‍ന്ന് 38 % ഷെയര്‍. വിശ്വസ്തനായ മോത്തിലാല്‍ വോറയ്ക്ക് 12%, ഷെയര്‍. കുടുംബ സുഹൃത്തുക്കളായ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരേയും ഓഹരി നല്‍കി പുതിയ കമ്പനിയുടെ ഡയറക്ടര്‍മാരാക്കി.

ഇനിയാണ് കളി തുടങ്ങുന്നത്. ഏതിനും ദിവസങ്ങള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടില്‍ വെച്ച് ഈ കറക്കു കമ്പനി ഡയറക്ടര്‍മാര്‍ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി. അസ്സോസ്സിയേറ്റഡ് ജേര്‍ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ’യംഗ് ഇന്ത്യ’ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. വിചിത്രമായ ഈ പ്രമേയം വായിച്ച കോടതിയിലെ ജഡ്ജിമാര്‍ ചോദിച്ചു; ’90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപില്‍ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ കോടതി മുറിയിലെ ഉത്തരത്തിലേക്ക് നോക്കിയെത്ര!

മറ്റൊരു തട്ടിപ്പു കൂടി പുറത്തായി. 90 കോടിയുടെ കടം വെറും 50 ലക്ഷത്തിന് ഏറ്റെടുത്തതിന്റെ നന്ദി സൂചകമായി അസ്സോസ്സിയേറ്റഡ് ജേര്‍ണലും ഒരു പ്രമേയം പാസ്സാക്കി. അതും പോരാഞ്ഞ് കൂടുതല്‍ നന്ദി കാട്ടി 10 രൂപ വിലയുള്ള തങ്ങളുടെ 9 കോടി ഓഹരി എറ്റെടുത്ത യംഗ് ഇന്ത്യക്ക് നല്‍കി. അതോടെ ഈ നെഹ്‌റു കുടുംബ കറക്കു കമ്പനി അസോസിയേറ്റഡ് ജേര്‍ണലിന്റെ 99.1 % ഉടമകളായി മാറി. മറ്റ് ഓഹരിയുടമകളുടെ പങ്കാളിത്തം 09% മായി ചുരുങ്ങി. ഒറ്റരാത്രി കൊണ്ട് 2000 കോടി ആസ്തിയുള്ള അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ നിയന്തണം ഈ തട്ടിപ്പു കമ്പനിയായ യംഗ് ഇന്ത്യയുടെ കൈവശമായി.

2013 ജനുവരിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 18 മാസം വാദം നടന്നു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും’ സ്വാമിയുടെ പരാതിയില്‍ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ , 269-ാം വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയില്‍ സ്വാമി ആരോപിക്കുന്നു.

ഡല്‍ഹിയില്‍ യംഗ് ഇന്ത്യ ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് പ്രസ്സിന്റെ സ്ഥലം, ഇന്ത്യന്‍ സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യംഗ് ഇന്ത്യ കമ്പനി അവിടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി ആരോപിച്ചു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയതും നിയമവിരുദ്ധമാണ് എന്ന് സ്വാമിയുടെ പരാതിയാല്‍ പറയുന്നു. 2010 ല്‍ അഞ്ചു ലക്ഷം രൂപ മൂലധനം അടിസ്ഥാനമാക്കി രൂപീകരിച്ച യംഗ് ഇന്ത്യ എന്ന പുതിയ കമ്പനി വഴി കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകളുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തി, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും സ്വാമി പരാതിപ്പെട്ടു. അങ്ങനെയാണ് ഈ കേസ് സജീവമായത്. പലപ്പോഴും കേസ് കേള്‍ക്കേണ്ട മുന്നോളം ജഡ്ജിമാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മാറി. ഒടുവില്‍ ജസ്റ്റീസ് സുനില്‍ ഗൗഡില്‍ നിന്നും പ്രതികൂലമായി വിധി വന്നു. ഒടുവില്‍ സോണിയ ഗാന്ധി ജീവിതത്തിലാദ്യമായി കോടതിയില്‍ ഹാജരായി. സോണിയാജി ജാമ്യമെടുക്കില്ല, ജയിലില്‍ പോകും എന്ന് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തട്ടി മൂളിച്ചെങ്കിലും, ചിന്താശേഷിയില്ലാത്ത, കോണ്‍ഗ്രസ് അണികളെ പോലെ വിഡ്ഡികളല്ല നെഹ്‌റു കുടുംബക്കാര്‍ എന്ന് തെളിയിച്ച് കൊണ്ട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി സോണിയ ജാമ്യമെടുത്തു.

സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്നു നിരീക്ഷിക്കുകയാണ് കോടതി ചെയ്തത്. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 25 ന് കേസ് കോടതി പരിഗണിക്കും.

നാഷണല്‍ ഹെറാള്‍ഡിനെ ചുറ്റിപ്പറ്റി സാമ്പത്തിക ഇടപാടിലെ തിരിമറിയും അപവാദങ്ങളും ആ സ്ഥാപനത്തിന് പുത്തിരിയല്ല. 1950 കളുടെ അവസാനത്തില്‍ അത്തരമൊരു സംഭവം നടന്ന കാര്യം പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സെക്രട്ടറിയായിരുന്ന മത്തായി എഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയായിരുന്നു ഇതിലെ കഥാനായകന്‍. ഇന്ദിരാ ഗാന്ധിയെ വിവാഹം കഴിച്ച ശേഷം അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഫിറോസ് ഗാന്ധി രണ്ട് ലക്ഷം രൂപ കമ്പനിയുടെ പത്രമായ നാഷണല്‍ ഹെറാള്‍ഡിന് കടം നല്‍കിയെന്ന് കാണിക്കുന്ന ഒരു രേഖ സ്ഥാപനത്തിലുണ്ടായിരുന്നു. വാസ്തവത്തില്‍ ആ തുക ബറോഡ മഹാരാജാവ് പ്രതാപ് സിങ്ങ് പലിശ കൂടാതെ കടമായി നല്‍കിയ തുകയായിരുന്നു.

ജവഹര്‍ ലാല്‍ നെഹ്‌റു ഇതില്‍ ഇടപെട്ടു. നെഹറു അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ റാഫി അഹമ്മദ് ക്വിദ്ദായിയോട് പറഞ്ഞ് ആ പണം തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ക്വിദ്ദായി ഫിറോസിനോട് പറഞ്ഞ്, മഹാരാജാവിന് ആ പണം തിരികെ നല്‍കി. അക്കാലത്ത് അളവറ്റ സ്വാധീനമുണ്ടായിരുന്ന നെഹ്‌റുവിന്റെ സ്‌പെഷല്‍ അസിസ്റ്റന്റും ഫിറോസ് ഗാന്ധിയുടെ ബദ്ധശത്രുവുമായ എം.ഒ മത്തായിയുടെ ആത്മകഥ ‘നെഹ്‌റു യുഗ സ്മരണകളില്‍’ രണ്ടിടത്ത് ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്.

1955 ല്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ നിയന്ത്രിക്കാന്‍ ‘ജന്‍ഹിത് നിധി ‘യെന്നൊരു ട്രസ്റ്റും രൂപീകരിച്ചിരുന്നു. ജസ്റ്റീസ് പി. എന്‍. സപ്രു, പത്മജ നായിഡു, ഇന്ദിരാ ഗാന്ധി എന്നിവരൊക്കെയായിരുന്നു ട്രസ്റ്റിലെ അംഗങ്ങള്‍. പത്രത്തില്‍ നിന്ന് വരുമാനം കിട്ടിയില്ലെങ്കിലും സംഭാവനയായി നല്ല ഫണ്ട് ലഭിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഉടമ രാംനാഥ് ഗോയങ്ക 1,75000 രൂപ വിലയുള്ള ഒരു പ്രിന്റിംഗ് പ്രസ്സ് അസ്സോസ്സിയേറ്റഡ് ജേണല്‍ന് സമ്മാനമായി നല്‍കി. 1955 മുതല്‍ 1957 വരെ ടാറ്റ, മഫ്ത്ത ലാല്‍, ബിര്‍ള തുടങ്ങിയ വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ പ്രത്യേക പരസ്യങ്ങള്‍ വഴി 8 ലക്ഷം രൂപയോളം പത്രം നേടി. കോടികള്‍ സമ്പാദിച്ചു. പിന്നീട് വന്നവര്‍ അതൊക്കെ കൈകാര്യം ചെയ്ത് സ്ഥാപനം കുട്ടിച്ചോറാക്കിയെന്നത് ചരിത്രം.

രാഷ്ട്രീയമായ ആരോപണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ഇത് യഥാര്‍ത്ഥ സാമ്പത്തിക ക്രമകേടാണ്. കോണ്‍ഗ്രസ്സിനും ഭാവി പ്രധാനമന്ത്രിയാകാന്‍ കച്ച കെട്ടി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കും, സോണിയക്കും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാമ്പത്തിക തിരിമറി കേസാണ് ഇപ്പോള്‍ സജീവമായ നാഷണല്‍ ഹെറാള്‍ഡ് കുംഭകോണം. പ്രപിതാമഹന്‍ മോട്ടിലാല്‍ നെഹ്‌റു, പിതാമഹന്‍ ജവഹര്‍ ലാല്‍ നെഹറു, മുത്തച്ഛന്‍ ഫിറോസ് ഗാന്ധി ഇവരൊക്കെ സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസ് കേസിന്റെ വഴിക്ക് തന്നെ ശരിക്ക് പോയാല്‍ രാഹുല്‍ ഗാന്ധിക്ക് ആ പാരമ്പര്യം തുടരാം. ഇപ്പോഴും നല്ല ജയിലുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ.  The history of the National Herald, Sonia Gandhi, Rahul Gandhi and the alleged corruption

Content Summary; The history of the National Herald, Sonia Gandhi, Rahul Gandhi and the alleged corruption

This post was last modified on April 17, 2025 1:56 pm

അമർനാഥ്‌:
Related Post
Leave a Comment