June 04, 2026 |
Share on

കേരള രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച ട്രോളര്‍; ഇ.കെ.നായനാര്‍

കരുണാകരന്‍ തൃശ്ശൂരിലെത്തിയിട്ടാണ് രാഷ്ട്രീയത്തില്‍ സജീവമായത്

തിരഞ്ഞെടുപ്പ് വരുമ്പോള്‍ തന്റെ പ്രസംഗങ്ങളിലൂടെ പ്രചരണ യോഗങ്ങളെ ജനപക്ഷത്തോടടുപ്പിച്ച ഏറ്റവും മികച്ച നേതാക്കളിലൊളായിരുന്നു ഇ.കെ. നായനാര്‍. ലളിതവും സുന്ദരവും രസകരവുമായ അദ്ദേഹത്തിന്റെ വാചാലത സാധാരണക്കാരുടെ മനം കവരുകയും, സ്വാധീനിക്കുകയും ചെയ്തു. കരുണാകരനെയും ഗുരുവായൂരപ്പനേയും, വിമാന യാത്രയേയും വിവരമില്ലാത്ത തന്റെ പാര്‍ട്ടി പത്രക്കാരനേയും കുറിച്ച് ഒരേപോലെ നര്‍മ്മം കലര്‍ത്തി അദ്ദേഹം പ്രസംഗ വേദികളില്‍ ജനങ്ങളോട് പറഞ്ഞു. മറ്റാര്‍ക്കും നല്‍കാന്‍ സാധിക്കാത്ത ‘ആ രാഷ്ടീയ ട്രോളുകള്‍’ എങ്ങനെ രാഷ്ട്രീയ കേരളം മറക്കും.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും രസികന്‍ മുഖ്യമന്ത്രി ആരാണ്? അന്നും ഇന്നും ഒരു പേര്‍ മാത്രം. ഇ.കെ. നായനാര്‍. പൊതു ജീവിതത്തില്‍ തന്റെ ശുദ്ധമനസ്സിലുള്ളത് പരസ്യമായി പ്രകടിപ്പിച്ച അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍.

ഇ.കെ. നായനാർ

1980, 1987, 1996 വര്‍ഷങ്ങളില്‍ കേരള മുഖ്യമന്ത്രി. രണ്ടുതവണ പ്രതിപക്ഷ നേതാവ്. പോളിറ്റ് ബ്യൂറോ അംഗം. എഴുത്തുകാരന്‍, ദേശാഭിമാനി പത്രാധിപര്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന നായനാര്‍ പാര്‍ട്ടി ഭേദമില്ലാതെ സാധാരണക്കാരുടെ സ്‌നേഹവും ബഹുമാനവും നേടിയ അപൂര്‍വ്വം രാഷ്ട്രീയക്കാരനായിരുന്നു. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇ.കെ നായനാരുടെ പ്രസംഗത്തിലെ എന്തെങ്കിലും രസികന്‍ വാചക വിശേഷം പിറ്റേന്ന് മലയാള പത്രങ്ങളില്‍ ബോക്‌സ് ഐറ്റമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഇന്ന് നാം കാണുന്ന ട്രോളുകള്‍ സങ്കല്‍പ്പത്തിലില്ലാത്ത കാലത്ത് തന്റെ മനോഹരമായ രസികന്‍ വാചാലതയില്‍ ജനങ്ങള്‍ക്ക് ട്രോളുകള്‍ നല്‍കിയ അപൂര്‍വ്വം നേതാവായിരുന്നു നായനാര്‍. വ്യക്തി വിദ്വേഷം കലരാത്ത ആ രസികന്‍ ട്രോളുകള്‍ കഥാപാത്രവും, ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ടു, ആസ്വദിച്ചു.

ആ നായനാര്‍ ട്രോളുകളിലൂടെ ഒരു യാത്ര

എറണാകുളത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി വിശദീകരണ യോഗം. എല്‍.ഡി.എഫ് കണ്‍വീനര്‍ എം.എം. ലോറന്‍സ്, പി.കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ വേദിയില്‍. ജനസമുദ്രത്തെ കണ്ട് നായനാര്‍ ആവേശത്തോടെ കത്തിക്കേറുകയാണ്. ‘പ്രസംഗത്തിനിടയില്‍ സഖാവ് ഇ.കെ. നായനാര്‍ പറഞ്ഞു – ”പ്രധാനമന്ത്രി നരസിംഹറാവു അയച്ചുകൊടുക്കുന്ന പ്രത്യേക വിമാനത്തില്‍ എ.കെ. ആന്റണി ദില്ലിക്ക് പേകേണ്ട വല്ല കാര്യവുമുണ്ടോ. എത്ര ലക്ഷം രൂപയാണ് അധിക ചെലവ്. ആന്റണിക്ക് ബസ്സില്‍ ദില്ലിക്ക് പോയാല്‍ പോരേ?.’

ഇത് കേട്ടപ്പോള്‍ പ്രസംഗവേദിയിലും ആള്‍ക്കൂട്ടത്തിലും ഞെട്ടല്‍. ങേ, ദില്ലിക്ക് ബസിലോ? സഖാവ് പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്തിക്കോട്ടേ എന്നു കരുതി അധ്യക്ഷനായിരുന്ന എം.എം. ലോറന്‍സ് ഉടനെ വിളിച്ചു പറഞ്ഞു – ‘സഖാവെ, ഇവിടെ നിന്ന് ദില്ലിക്ക് പോകാന്‍ ബസില്ല’. നായനാര്‍ ഉടനെ ലോറന്‍സിനെ നോക്കി.
‘ഇതിലെ ഓടുന്ന പൊട്ട ബസ്സിന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്. ബസ്, ബസ്, എയര്‍ബസ്.’ വേദിയിലും സദസ്സിലും കൂട്ടച്ചിരി.

കെ. കരുണാകരനും ഇ.കെ. നായനാരും

തൃശൂര്‍ രാമനിലയത്തില്‍ താമസം ഇലക്ഷന്‍ പ്രചരണത്തിനായി നായനാര്‍ ചേലക്കരയ്ക്ക് പോകുകയാണ്. തൊട്ടു മുറിയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ഉണ്ട്. ചേലക്കരയിലെ യോഗത്തിന് നായനാരെ കൊണ്ടുപോകാന്‍ എസ്.എഫ്.ഐ നേതാവ് ഫിറോസിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. ചേലക്കര എത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസ് എവിടെയാണെന്ന് ഫിറോസിന് അറിയില്ല. ചില വഴികളിലൂടെ കറങ്ങി. വഴിതെറ്റിയതോടെ നായനാര്‍ ചൂടായിത്തുടങ്ങി. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെത്തി. ഫിറോസ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയ ഉടന്‍ സഖാവ് – ‘ഓനെ വിടരുത്, പിടിച്ചു രണ്ട് ഇടി കൊടുക്കണം.’

യോഗം കഴിഞ്ഞ് രാമനിലയത്തിലെത്തി തൊട്ടടുത്ത മുറിയില്‍ ഇ.എം.എസ് ഉണ്ട്. ഇനി അടുത്ത പ്രചരണയോഗം മലപ്പുറത്താണ്. ജില്ലാസെക്രട്ടറി സെയ്താലിക്കുട്ടിയെ വിളിച്ച് മലപ്പുറത്ത് വരുന്ന വിവരം അറിയിക്കണമെന്ന് പറഞ്ഞു. അന്ന് രാമനിലയത്തില്‍ എസ്.ടി.ഡി ഇല്ലാത്തതിനാല്‍ തൃശ്ശൂര്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു മലപ്പുറത്ത് വിവരമറിയിക്കാന്‍ നായനാര്‍ തന്റെ സെകട്ടറി പി.ആര്‍.വി. വാര്യരോട് പറഞ്ഞു. കുറെ കഴിഞ്ഞ് വിവരമറിയിച്ചോ എന്ന് നായനാര്‍ തിരക്കി. തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയില്‍ വിളിച്ചു പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് വാര്യര്‍ പറഞ്ഞപ്പോള്‍ ആരാണവിടെ ഫോണ്‍ അറ്റന്റ് ചെയ്തതെന്ന് നായനാര്‍ ചോദിച്ചു.
‘നേരത്തെ ചേലക്കരയ്ക്ക് കൂടെയുണ്ടായിരുന്ന ആ പയ്യന്‍’ എന്നു വാര്യര്‍ പറഞ്ഞപ്പോള്‍ നായനാര്‍ ഉറക്കെ- ‘അയ്യോ, അവന്‍ പറയില്ല. മൂന്നരതരം’ ഇത് കേട്ട് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഇ.എം.എസ് ഉറക്കെ ചിരിച്ചു.

നായനാർ ഇ.എം.എസിനോടൊപ്പം

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ പാര്‍ട്ടി പൊതുയോഗം. തൃശൂര്‍ പൂരത്തിന്റെ തിരക്ക്. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ സഖാവ് ആവേശഭരിതനായി. ആരോഗ്യ പ്രശ്‌നം കാരണം അധികം നേരം പ്രസംഗിക്കരുതെന്ന ഡോക്ടറുടെ വിലക്കുണ്ട്. പ്രസംഗം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പോടെ സെക്രട്ടറി വാര്യര്‍ വേദിയിലുണ്ട്. നായനാരുടെ പ്രസംഗം നീണ്ടു. മുപ്പത് മിനിട്ട് കഴിഞ്ഞു. പ്രസംഗം തുടങ്ങി ഒരു മണിക്കൂറായി. നായനാര്‍ നിര്‍ത്താന്‍ ഭാവമില്ല. മുന്‍ധാരണാപ്രകാരം വാര്യര്‍ ഡയറി ഉയര്‍ത്തിക്കാട്ടി ഒന്നല്ല, രണ്ടു മൂന്നു തവണ. സഖാവ് നായനാര്‍ അത് കണ്ടു. ‘പ്രസംഗത്തിനിടയില്‍ പ്രസംഗം നിര്‍ത്താറായിട്ടില്ല. ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി പറയാനുണ്ട്’ കേള്‍വിക്കാരായ ആളുകള്‍ ചിരിച്ചു. പിന്നെയും കുറേ സമയം പ്രസംഗം കാച്ചി കാറില്‍ കയറുമ്പോള്‍ സെക്രട്ടറി വാര്യരോട് പറഞ്ഞു ‘ഇങ്ങനെ നിങ്ങള്‍ എന്റെ പ്രസംഗം നിര്‍ത്തിച്ചാല്‍ ആളുകള്‍ നിങ്ങളെ തല്ലും സൂക്ഷിച്ചോ.’

1991 ല്‍ വൈക്കത്ത് വമ്പിച്ച പൊതുയോഗം. സഖാവ് നായനാര്‍ കത്തിക്കയറുകയാണ്. രസം പിടിച്ച വലിയ സദസ്സ്. സഖാവ് പറഞ്ഞു -”ഈയിടെ നമ്മുടെ പ്രധാനമന്ത്രി രാജീവ്ഗാന്ധി അരുവിപ്പുറത്ത് ഒരു തറക്കല്ലിടല്‍ പരിപാടിക്ക് വന്നിരുന്നു. കരുണാകരനും ഉണ്ട്. അയാള്‍ പ്രതിപക്ഷ നേതാവാണ്. ആ വേദിയില്‍ മുഖ്യമന്ത്രിക്ക് നീക്കിവച്ച കസേരയില്‍ അയാള്‍ ഇരുന്നു. എന്നാല്‍ ഇതൊക്കെ എഴുതാന്‍ ഏതെങ്കിലും ഒരു പത്രക്കാരനെങ്കിലും വേണ്ടെ?”
ഉടനെ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ്
”എന്താ അവിടെ ദേശാഭിമാനിക്കാരന്‍ ഉണ്ടായിരുന്നില്ലേ”
ഉടനെ നായനാരുടെ മറുപടി -”ഉണ്ട്. അവനും, വിവരമില്ല.”

വേദിയിലേക്ക് കയറുന്ന നായനാർ

ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലം. കൊല്ലം ചിന്നക്കടയിലെ യോഗസ്ഥലത്തെത്തി. വലിയ ജനക്കൂട്ടം. കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങളും കഷ്ടപ്പാടുകളും വിവരിച്ചുകൊണ്ടുള്ള പ്രസംഗം. ഒടുവില്‍ വേദിയിലേക്ക് തിരിഞ്ഞ് അവിടെ ഇരിക്കുന്നവരോട് ഒറ്റ ചോദ്യം, ”ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാരാണ്?” ഉത്തരം വന്നു.
”എം.പി. ഗംഗാധരന്‍”
”ഹ, നിങ്ങളുടേത് പറ്റിയ സ്ഥാനാര്‍ത്ഥിയാണ്. ഗംഗാധരനെ സംബന്ധിച്ച് തോറ്റാലും കുഴപ്പമില്ല. ജയിച്ചാലും കുഴപ്പമില്ല. നല്ല പണപ്പിരിവ് നടത്തിയിട്ടുണ്ടാകും. ഗംഗാധരാ, പൊന്നാനിയിലേക്കുള്ള ടിക്കറ്റ് നേരത്തെ എടുത്തുവച്ചു കൊള്ളണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം കൂടി മകളുടെ വീട്ടില്‍ വിശ്രമിച്ചിട്ട് പിറ്റേന്ന് പോയാല്‍ മതി.” ജനക്കൂട്ടം ഇളകിമറഞ്ഞു. നീണ്ട പൊട്ടിച്ചിരികള്‍ ഉയര്‍ന്നു.

1982 ല്‍ സഖാവ് ഇ.കെ. നായനാര്‍ മലമ്പുഴയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥി. മണ്ഡല പര്യടനം. കൂടെ കാറില്‍ ടി. ശിവദാസമേനോനും ഒരപരനും. ഇരുവരും നായനാരുടെ അടുത്ത് ഇരുന്ന് യാത്ര ചെയ്യുകയാണ്. നായനാര്‍ ശിവദാസമേനോനോട് ചോദിച്ചു ”കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എനിക്കെതിരായി മത്സരിച്ച ആ നായര്‍ ഇപ്പോള്‍ എവിടെ?” ശിവദാസമേനോന്‍ ഒന്നു പരുങ്ങി.
തൊട്ടടുത്തിരുന്ന ആളെ ചൂണ്ടി ”ദാ, ഈ ആള്‍ തന്നെ”. ഉടനെ നായനാരുടെ ഉറക്കെയുള്ള ചിരി. ഉടനെ ഡ്രൈവറോട് എന്നാല്‍ വണ്ടി വിട്ടോ… നമ്മള്‍ ജയിച്ചതു തന്നെ.

അയ്യങ്കാളിപ്പട, പാലക്കാട് കളക്ടറെ ബന്ദിയാക്കി. 1996-ലെ തലശ്ശേരി ഉപതെരഞ്ഞെടുപ്പ് സമയം, നായനാര്‍ സ്ഥാനാര്‍ത്ഥിയാണ്. അന്ന് മുഖ്യമന്ത്രിയായ നായനാര്‍ കണ്ണൂരിലായിരുന്നു. പാലക്കാട് കലക്ടറെ ബന്ദിയാക്കിയെന്ന വാര്‍ത്ത കിട്ടിയപ്പോള്‍ നായനാര്‍ ചീഫ് സെക്രട്ടറിയെയും ഐ.ജിയേയും വിളിച്ചു. ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചേര്‍ന്ന് കളക്ടറെ ഉടനെ മോചിപ്പിക്കുന്ന കാര്യം നിര്‍ദ്ദേശിച്ചു. തീരുമാനം നീണ്ടു പോകുന്നതുകണ്ട് സഖാവ് പറഞ്ഞു: ”അക്രമികളെ വെടിവെച്ചാണെങ്കിലും കളക്ടറെ മോചിപ്പിക്കണം.” കളക്ടറെ ബന്ദിയാക്കിയ മുറി യാതൊന്നും ചെയ്യാന്‍ കഴിയാത്തതാണെന്നായിരുന്നു മറുപടി. അന്നത്തെ ക്രൈസിസ് മാനേജ്മെന്റ് അമ്പേ പരാജയമായിരുന്നു. പിന്നീട് ഒരിക്കല്‍ സഖാവ് പാലക്കാട് ചെന്നപ്പോള്‍ കളക്ടറെ ബന്ദിയാക്കിയ മുറികണ്ട് ആത്മഗതമായി പറഞ്ഞു: ”പൊലീസുകാര്‍ അന്ന് എന്നോട് ഒഴിവുകഴിവു പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.” ഈ സംഭവമാണ് പിന്നീട് 2022ല്‍ ‘പട’ എന്ന പേരില്‍ മലയാള സിനിമയായത്.

25 വർഷം നായനാരുടെ സെക്രട്ടിയായിരുന്ന പി.ആർ.വി. വാര്യർ

1985 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ ടി.ശിവദാസ മേനോനായിരുന്നു ലോക്‌സഭാ സ്ഥാനാര്‍ത്ഥി. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും പാലക്കാട് മണ്ഡലത്തില്‍ നായനാരുടെ പര്യടനം ഉണ്ടാകും. ഒരു ദിവസം പത്ത് പൊതുയോഗം. സമയം കിട്ടിയാല്‍ കുടുംബയോഗങ്ങളിലും പങ്കെടുക്കും. നായനാരുടെ കൂടെ പട്ടാമ്പിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സഖാവ് അച്യുതനും ഉണ്ടാകും. ഒരു ദിവസം ഒരു തമാശയുണ്ടായി. ഉച്ചയൂണും കഴിഞ്ഞ് സഖാവ് റസ്റ്റ്ഹൗസിലെ മുറിയില്‍ ഉറങ്ങുകയാണ്. കൃത്യം നാലു മണിക്ക് പര്യടനം തുടങ്ങണമെന്നായിരുന്നു തീരുമാനം. സമയം നാലു മണിയാവാറായി. നായനാര്‍ പോകാന്‍ തയ്യാറായിട്ടില്ല. പ്രവര്‍ത്തകര്‍ വിളി തുടങ്ങി. സമയമായിട്ടില്ലെന്നായിരുന്നു നായനാരുടെ മറുപടി. സഖാക്കള്‍ കാത്ത് നില്‍ക്കുകയാണ്. വളരെ നേരം കഴിഞ്ഞപ്പോള്‍ ഉറക്കം കഴിഞ്ഞ് നായനാര്‍ എഴുന്നേറ്റു. കാര്യം മനസ്സിലായി. നായനാരുടെ കയ്യിലെ വാച്ച് മൂന്നരയ്ക്ക് നിന്നിരിക്കുകയാണ്. സഖാവിന് ശുണ്ഠിയായി. അച്യുതന്‍ സമ്മാനിച്ച വാച്ചായിരുന്നു അത്. കേടായ, പൊട്ടവാച്ച് നല്‍കിയതിന് അച്യുതന് സ്‌നേഹപൂര്‍വ്വം ശകാരം. സെക്രട്ടറിയായ വാര്യരോട് പറഞ്ഞു: ”ഈ അച്യുതനെയും വാച്ചിനെയും വിശ്വസിക്കരുത്”.

വളരെ പണ്ട് കാസര്‍ഗോട്ടെ ‘കുന്നുകൈ’ പ്രദേശത്ത് ഒരു തിരഞ്ഞെടുപ്പ് വേളയില്‍ എട്ട് സഹ പ്രവര്‍ത്തകരോടൊപ്പം നായനാര്‍ ഒരു ജീപ്പില്‍ യാത്ര ചെയ്യുകയാണ്. വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളംകുറവ്. പുഴ കടന്ന് അക്കരെ പോകാന്‍ ഡ്രൈവര്‍ക്ക് മടി. നായനാര്‍ ഡ്രൈവറെ മാറ്റി സ്റ്റിയറിങ്ങ് കൈക്കലാക്കി ജീപ്പ് ഓടിച്ചു. പുഴ കടന്ന് ഒരു കയറ്റം കയറുന്നതിനിടയില്‍ ജീപ്പ് മറിഞ്ഞ് ഡ്രൈവറായ നായനാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പരിക്കേറ്റു. നായനാരുടെ തുടയെല്ല് പൊട്ടി രണ്ട് മാസം ആശുപത്രിയില്‍ കിടന്നു. അന്ന് താന്‍ ശീട്ട് കീറിയെന്ന് (ലൈസന്‍സ്) നായനാര്‍. പിന്നെ ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല. അതോടൊപ്പം എല്ലാവരും കേള്‍ക്കാന്‍ ഒരു മുന്നറിയിപ്പും നല്‍കും -”രാഷ്ട്രീയ നേതാക്കള്‍ സ്വന്തമായി വണ്ടി ഓടിക്കരുത്. അവരുടെ തലയില്‍ വേറെ ചിന്തകളാണ്.’

1987 കാലത്ത് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയോട് ഒരു ദിവസം പറഞ്ഞു: ഞാന്‍ വീണ സ്ഥലത്ത് ഒരു പാലം പണിയണം. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പാലം പണിയെക്കുറിച്ച് ഹംസയോട് തിരക്കിയപ്പോള്‍ പറഞ്ഞു- ‘സഖാവ് ഞാന്‍ വീണ സ്ഥലത്ത് പാലം എന്നേ പറയുന്നുള്ളൂ. വീണ സ്ഥലം കണ്ടുപിടിക്കാന്‍ ഞാന്‍ ആറു മാസമെടുത്തു. ഉടനെ പണി തുടങ്ങും.’ 1990-91 ല്‍ നായനാര്‍ തന്നെ ആ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇറാന്‍-ഇറാഖ് യുദ്ധം കൊടുമ്പിരികൊണ്ട കാലം. ഒരിക്കല്‍ പാലാ കുരിശു പള്ളിക്കവലയില്‍ പാര്‍ട്ടിയോഗത്തില്‍ ഇ.കെ. നായനാര്‍ പ്രസംഗിക്കുകയാണ്. പ്രസംഗ വിഷയവും യുദ്ധത്തിലെത്തി. നായനാര്‍ പറഞ്ഞു. – ”രാവിലെ എഴുന്നേറ്റാല്‍ ഇറാനും ഇറാഖും ഓരോ വെടി അങ്ങോട്ടും ഇങ്ങോട്ടും പൊട്ടിച്ച ശേഷമായിരിക്കും ചായ കുടി തുടങ്ങുക. സാമ്രാജ്യത്വശക്തിയായ അമേരിക്ക വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണ്. ലോകത്തെ അമ്പത് പ്രാവശ്യം നശിപ്പിച്ചാലും അമേരിക്കയുടെ കയ്യില്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ മിച്ചമാകും. മാങ്ങ പോലെയുള്ള ഒരു സാധനം ഈ പാലായിലെങ്ങാനും വന്നുവീണാല്‍ ഈ പട്ടണം തവിടു പൊടിയാകും.” ഇത് കേട്ട പാലാക്കാര്‍ അന്തംവിട്ടു.

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അത്ഭുതത്തോടെ ”ഈ പാലായിലോ” എന്ന് ചോദിച്ചു. ഉടനെ സഖാവ് ”അതെ, ഈ പാലായില്‍ തന്നെ.” ഉഗ്രന്‍ കയ്യടിയും കൂട്ടച്ചിരിയും.

മഞ്ചേരിയില്‍ ഇലക്ഷന്‍ പ്രചാരണ യോഗം ഒരു ഹോട്ടല്‍ മുറിയാണ് നായനാര്‍ക്ക് താമസിക്കാന്‍, ഏര്‍പ്പാടാക്കിയിരുന്നത്. ചെന്ന വഴി കുളികഴിഞ്ഞ് നായനാര്‍ പ്രചാരണത്തിനിറങ്ങി. നാല് യോഗങ്ങളില്‍ പ്രസംഗിച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി.

തൊട്ടപ്പുറത്തെ മുറിയില്‍ ഗാനമേളാ ട്രൂപ്പ് തമ്പടിക്കുന്നുണ്ട്. അവര്‍ വന്ന് സഖാവിനെ പരിചയപ്പെട്ടു. പാട്ട് പാടണമെന്നായി നായനാര്‍. ഗാനമേളക്കാരെ മുറിയിലേക്ക് വിളിപ്പിച്ചു. വാദ്യോപകരണങ്ങള്‍ സഖാവിന്റെ കട്ടിലിലും മേശപ്പുറത്തും വെച്ച് പാട്ട് തുടങ്ങി. പാട്ടുകേട്ട് ജനം മുറിയുടെ വാതിലിനു പുറത്ത് തടിച്ചുകൂടാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അന്ന് കോണ്‍ഗ്രസ് (എസ്) നേതാവായിരുന്ന പി.സി. ചാക്കോ ഹോട്ടലില്‍ വന്നു. നോക്കുമ്പോള്‍ സഖാവ് നായനാര്‍ പാട്ടില്‍ ലയിച്ച് താളം പിടിക്കുന്നു. ഗാനമേളക്കാര്‍ പോയപ്പോള്‍ ചാക്കോ പറഞ്ഞു -”സഖാവിനെ സമ്മതിച്ചു. ഏതു കൂട്ടത്തിലും കൂടുവാന്‍ ഒരു മടിയുമില്ല”

സിനിമാ തിരക്കഥാകൃത്ത് ജോണ്‍ പോള്‍

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അവിടെ പോയി പല യോഗങ്ങളിലും പ്രസംഗിച്ചു. തമാശകളും കഥകളും ഉപകഥകളുമൊക്കെ അവിടെയുമുണ്ടായി. ‘മലയാളം പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. തമിഴ് കേട്ടാല്‍ എനിക്കും. ‘തുടക്കം ഇങ്ങനെ. പ്രസംഗം പരിഭാഷപ്പെടുത്തുക തമിഴ്നാട്ടിലെ പാര്‍ട്ടി നേതാവ് പരമേശ്വരനാണ്. പൊതുയോഗങ്ങള്‍ തുടങ്ങുന്നത് രാത്രി പത്തു മണിക്കാണ്. പുലരുംവരെ തുടരും. യോഗത്തിന്റെ തുടക്കം പ്രാദേശിക നേതാവിന്റെ പ്രസംഗത്തോടെയാണ്. മുഖ്യ പ്രാസംഗികന്‍ അവസാനം പ്രസംഗിക്കും. ഇതിനിടയില്‍ ഒരു ഡസന്‍ പേരെങ്കിലും പ്രസംഗിക്കാന്‍ ഉണ്ടാകും. ഈ ഊഴവും കാത്ത് ഇരിക്കല്‍ നായനാര്‍ക്ക് ഒട്ടും രസിക്കാത്ത മുഷിപ്പന്‍ പണിയാണ്.

കോവില്‍വട്ടിയില്‍ ഇങ്ങനെയൊരു കാത്തിരിപ്പില്‍ പ്രതിഷേധിച്ച് നായനാര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ഒരുങ്ങിയപ്പോള്‍ നേതാക്കള്‍ ഇടപെട്ട് നായനാര്‍ക്ക് പ്രസംഗിക്കാന്‍ അവസരമൊരുക്കി. അപ്പോള്‍ സഖാവ് പറഞ്ഞു -”എനിക്ക് നിങ്ങളുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കാന്‍ നേരമില്ല. കേരളത്തില്‍ ചെന്നിട്ട് വേറെ പണിയുണ്ട്”.
‘മറുനാടന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം ആര്‍ത്തിരമ്പി. നായനാരുടെ പ്രസംഗം ആകാംക്ഷയോടെ ആളുകള്‍ കാതോര്‍ക്കും. ‘ഉറ്റവര്‍കളെ, ഉടൈവര്‍കളെ’ നായനാര്‍ പ്രസംഗം തുടങ്ങിയതോടെ നീണ്ട കരഘോഷം. തുടര്‍ന്ന് മലയാളത്തില്‍ നായനാര്‍ ശൈലി ഒഴുകും. തമിഴിന്റെ മകളാണ് മലയാളമെന്ന് ഉദാഹരണസഹിതം നായനാര്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കും.

ലീഡര്‍ കെ. കരുണാകരനുമായി പല തവണ നിയമസഭയില്‍ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും നായനാര്‍ക്ക് ലീഡറെ വലിയ കാര്യമായിരുന്നു. ഇരുവരും രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നെങ്കില്‍പ്പോലും അവരുടെ വ്യക്തിബന്ധത്തിന് ഒരിക്കലും പോറല്‍ ഏറ്റിരുന്നില്ല. കരുണാകരന്റെ വ്യക്തിത്വത്തെക്കുറിച്ചും രാഷ്ട്രീയ തീരുമാനങ്ങളെക്കുറിച്ചുമൊക്കെ നായനാര്‍ക്ക് മതിപ്പുണ്ടായിരുന്നു. കരുണാകരനെ മറ്റു കോണ്‍ഗ്രസ് നേതാക്കളെപ്പോലെ കാലുമാറ്റക്കാരനായി കാണാന്‍ കഴിയില്ല. ആശ്രിതവാത്സല്യം ചിലപ്പോഴൊക്കെ, അയാള്‍ക്ക് അപകടം ചെയ്തിട്ടുണ്ട്. അതായിരുന്നു നായനാരുടെ വിലയിരുത്തല്‍.

കരുണാകരനെക്കുറിച്ച് പറയുമ്പോഴൊക്കെ നായനാര്‍ ആവര്‍ത്തിച്ചു പറയുന്നൊരു കാര്യമുണ്ട് ‘കണ്ണൂരില്‍ എന്റെ വീടും കരുണാകരന്റെ തറവാടും തമ്മില്‍ രണ്ടു കിലോമീറ്റര്‍ അകലമേയുള്ളൂ. കരുണാകരന്‍ തൃശ്ശൂരിലെത്തിയിട്ടാണ് രാഷ്ട്രീയത്തില്‍ സജീവമായത്’.

നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ എസ്‌കോര്‍ട്ടും പൈലറ്റുവണ്ടിയും കൂടെ സഞ്ചരിക്കുന്നത് ഇഷ്ടമില്ലാത്തതിനാല്‍ ഒഴിവാക്കി. 1987-ല്‍ ഇവരെ ഒഴിവാക്കിയപ്പോള്‍ പ്രശ്‌നമായി. വാഹനത്തിരക്കില്‍ കുടുങ്ങി പലയിടത്തും സമയത്ത് എത്താന്‍ കഴിയാതെയായി. ആഭ്യന്തര വകുപ്പിനാണെങ്കില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം. മുഖ്യമന്ത്രിയുടെ കാറില്‍ നിന്ന് വളരെ അകലെ, അദ്ദേഹം കാണാതെ പൈലറ്റ് കാര്‍ ഓടിക്കാന്‍ തുടങ്ങി. ഇത് നായനാര്‍ കണ്ടുപിടിച്ചപ്പോള്‍ അവരെ വിരട്ടി. ഞാന്‍ സാധാരണക്കാരനായ്. പിന്നെ എന്തിന് ഈ പത്രാസ്. ഇതായിരുന്നു നായനാര്‍.

എങ്കിലും ഒരിക്കല്‍ തന്റെ ശൈലിയില്‍ നായനാരെ വേല വെയ്ക്കാന്‍ ലീഡര്‍ മറന്നില്ല. രണ്ട് പേരും കാര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവരും നിരന്തരം യാത്ര ചെയ്യുന്നവരുമാണ്. ഒരിക്കല്‍ ആരോഗ്യ പ്രശ്‌നം ഇരുവരും സംസാരിച്ചപ്പോള്‍ ലീഡര്‍ പറഞ്ഞു. ബെന്‍സ് കാര്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും. യാത്രാക്ലേശം അറിയില്ല. ലീഡര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂര്‍ക്ക് തൊഴാന്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ബെന്‍സ് കാറില്‍ ചീറിപ്പായുന്നത് കേരളം കണ്ടതാണല്ലോ. മുഖ്യമന്ത്രി നായനാര്‍ താന്‍ ഉപയോഗിച്ചിരുന്ന അംബാസിഡര്‍ കാറ് മാറ്റി ബെന്‍സില്‍ യാത്ര തുടങ്ങി.

അടുത്ത നാളില്‍ പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍ ഒരു പ്രസംഗത്തില്‍ കാച്ചി -”ബെന്‍സ് കാറില്‍ സഞ്ചരിക്കുന്ന പ്രിയപ്പെട്ട എന്റെ മുഖ്യമന്ത്രി”
ഇത് കേട്ട, നായനാര്‍ ”കരുണാകരനെ വിശ്വസിക്കാന്‍ കൊള്ളില്ല”

1996 ഏപ്രിലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ മാവേലിക്കരയില്‍ വെച്ചാണ് സുപ്രസിദ്ധ കാഥികന്‍ സാംബശിവന്റെ മരണവാര്‍ത്ത നായനാര്‍ അറിയുന്നത്. സാംബശിവന്റെ കഥാപ്രസംഗം സ്ഥിരമായി കേള്‍ക്കുന്ന നായനാര്‍ക്ക് സാംബശിവന്റെ പ്രസിദ്ധമായ കഥാപ്രസംഗം ‘ ആയിഷ’ പ്രിയപ്പെട്ടതായിരുന്നു. മരണവാര്‍ത്ത കേട്ടപ്പോഴെ നായനാര്‍ ദുഃഖിതനായി. തന്റെ അനുശോചനം ദേശാഭിമാനിയില്‍ കൊടുക്കാന്‍ പറഞ്ഞു. അതില്‍ പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ, നായനാരുടെ സ്വന്തം വാചകം ചേര്‍ത്തു
”നാലര പതിറ്റാണ്ടിലധിക കാലം കേരളത്തിലുടനീളം ജൈത്ര യാത്ര നടത്തിയ വി. സാംബശിവന്‍, അമ്പല പറമ്പുകളെ സര്‍വകലാശാലകളാക്കി മാറ്റിയിരുന്നു.” സന്ദര്‍ഭോചിതമായ വാചകം!

കലാകാരന്മാരോട് നായനാര്‍ക്ക് പ്രത്യേകം പ്രതിപത്തിയുണ്ടായിരുന്നു. 1984ല്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നായനാരും, ഇ.എം.എസും താമസിക്കുന്നു. ഒരാഴ്ച നീണ്ട എന്തോ പ്രധാന സമ്മേളനമാണ്. തൊട്ടു മുറികളില്‍ ‘ഇത്തിരിപ്പുവേ ചുവന്ന പൂവേ’ എന്ന പടത്തിന്റെ തിരക്കഥാ ചര്‍ച്ചകള്‍ക്കായി സിനിമാസംവിധായകന്‍ ഭരതന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എന്നിവരുണ്ട്. ഗസ്റ്റ് ഹൗസില്‍ ഭക്ഷണ സമയത്ത് ഭക്ഷണ മുറിയില്‍ വെച്ച് സിനിമാക്കാരായ ഭരതനും ജോണ്‍ പോളും രണ്ടുനേരം ഇ.എം.എസിനേയും ഇ.കെ. നായനാരെയും കാണും. ഇ.എം.എസും നായനാരും ഇവരെ കണ്ട ഭാവമില്ല. സാമാന്യം പ്രശസ്തരായ തങ്ങളെ കണ്ടിട്ട് ഒരു വാക്ക് പോലും പറയാതെ ഇരുവരും അവഗണിക്കുന്നത് കണ്ട് ജോണ്‍ പോളും ഭരതനും ദേഷ്യം കടിച്ച് പിടിച്ച് സഹിച്ചു.

ജോണ്‍ പോള്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഈ സംഭവത്തിലെ കഥാപാത്രമായ നായനാരെ കുറിച്ച് എഴുതിയത് ഇങ്ങനെ: ഞങ്ങളുടെ സാന്നിധ്യത്തെ അംഗീകരിക്കാന്‍ വയ്യാത്ത ഇരുവരെയും (അവരെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ള എല്ലാ നല്ല കഥകളുടെയും അപ്പുറത്ത്) മനുഷ്യപ്പറ്റില്ലാത്തവരെന്ന് ഞങ്ങള്‍ ഏകമനസോടെ വിധിയെഴുതി. ഇങ്ങനെ രണ്ടു ചരിത്രപുരുഷന്മാര്‍ തൊട്ടടുത്ത മുറികളില്‍ താമസിക്കുന്നുവെന്ന വിവരം ഞങ്ങള്‍ കരുതിക്കൂട്ടി മറന്നു. വാതില്‍ക്കല്‍വച്ചോ, കോറിഡോറില്‍ വച്ചോ ഭക്ഷണമുറിയില്‍വച്ചോ ഇവരെ കണ്ടാല്‍ കണ്ടില്ലെന്ന ഭാവത്തില്‍ ബോധപൂര്‍വം അവഗണിക്കാന്‍ ഞങ്ങള്‍ സ്വയം ശീലിച്ചു

ഒരു ദിവസം തീന്‍ മേശയില്‍ കഴിക്കാന്‍ നാലു പേരും ഒരുമിച്ചായിരുന്നു എത്തിയത്. പെട്ടെന്ന് നായനാര്‍ ഭരതനെയും ജോണ്‍ പോളിനേയും കൈചൂണ്ടി കാണിച്ച് ഇ.എം.എസിനോട് പറഞ്ഞു.

”ഈയെമ്മിന് ഇവരാരാണെന്ന് മനസിലായോ?”
ഉവ്വെന്നോ ഇല്ലെന്നോ യഥേഷ്ടം വ്യാഖ്യാനിക്കാന്‍ പാകത്തിന് ഇഎംഎസ് ഞങ്ങളെ നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിച്ചു.

നായനാര്‍ ഞങ്ങളെ വിശദമായി പരിചയപ്പെടുത്തി.
”ഇത് ഫിലിം ഡയറക്ടര്‍ ഭരതന്‍”
ഭരതന്‍ കണ്ണുമിഴിച്ചു
”ഇത് തിരക്കഥാകൃത്ത് ജോണ്‍ പോള്‍.”
ഇക്കുറി കണ്ണുമിഴിക്കേണ്ട ഊഴം എന്റേതായി.

നായനാര്‍ തുടര്‍ന്നു: മനസിലായ മട്ടില്‍ ഇ എം എസ് തലയാട്ടി.

ഭരതനെ ചൂണ്ടിക്കാട്ടിക്കൊണ്ട് നായനാര്‍ പറഞ്ഞു.
”ഇയാളുമായിട്ട് നമ്മുടെ പ്രസ്ഥാനത്തിന് ഒരടുത്ത ബന്ധമുണ്ട്.”

ഇഎംഎസ് ചോദ്യ ഭാവത്തില്‍ നായനാരെ നോക്കി.

നായനാര്‍ പറഞ്ഞു:
”കെപിഎസി യിലുണ്ടായിരുന്ന നടി ലളിതയില്ലേ… ഓള്‍ടെ കെട്ടിയവനാ ഭരതന്‍.”

മനസിലായെന്ന മട്ടില്‍ തുറന്ന ചിരിയോടെ ഇ.എം.എസ് തലയാട്ടി.

മുറികളിലെത്തിയശേഷം ആദ്യം ചെയ്തത് കഥാപാത്രങ്ങളുടെ നാഡിഞരമ്പുകള്‍ വരെ അപഗ്രഥിച്ച് കഥാസന്ധികളില്‍ അവരെ പ്രതിഷ്ഠിക്കുകയും ഇളക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്നവര്‍ എന്ന നിലയില്‍ മനുഷ്യരെ വിലയിരുത്താന്‍ ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഊറ്റംകൊണ്ടിരുന്ന വൈദഗ്ധ്യത്തിന്റെ കൊമ്പ് മുറിക്കുകയായിരുന്നു. ഞങ്ങള്‍ ആരെന്നും എന്താണിവിടെ ചെയ്യുന്നതെന്നും എല്ലാം വിശദമായി അറിഞ്ഞിരുന്ന ഇവരെക്കുറിച്ച് എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ആലോചിച്ച് കൂട്ടിയത്! പല തലമുറകളില്‍ വ്യാപിച്ചുകിടക്കുന്ന ജനസമ്പര്‍ക്കത്തിലൂടെ അവര്‍ നേടിയെടുത്ത ജീവിതാവബോധമെവിടെ? അല്‍പ്പപ്രശസ്തിയുടെ പേരില്‍, പരിമിതനേട്ടങ്ങളുടെ പേരില്‍ നേടിയെടുത്തു കഴിഞ്ഞെന്ന് ഞങ്ങള്‍ അഹങ്കരിച്ച മനുഷ്യപരിചയം എവിടെ? താന്‍ അറിഞ്ഞ ഇ.കെ. നായനാര്‍ എന്ന വ്യത്യസ്തനായ നേതാവിനെ കുറിച്ച് ജോണ്‍ പോള്‍ എഴുതി.

നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭാസമാണ് തന്റെ വ്യക്തിത്വമെന്ന് ഒരിക്കല്‍ക്കൂടി നായനാര്‍ ജോണ്‍ പോളിനെ ബോധ്യപ്പെടുത്തിയത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പങ്കെടുത്ത അവസാനത്തെ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ് ജോണ്‍ പോളിനായിരുന്നു. അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ എത്തിയ ജോണ്‍ പോളിനെ കണ്ടമാത്രയില്‍ ചിരകാലപരിചിതനോടുള്ള വാല്‍സല്യവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ജോണ്‍ പോളിനെ നോക്കി മലര്‍ക്കെ ചിരിച്ചു.
”ങ്ഹാ…ഹലോ.. ഹലോ…” ഇരുകൈകളും സ്‌നേഹപൂര്‍വം എന്റെ ചുമലുകളില്‍ തലോടി. ”വെല്‍ഡണ്‍… വെല്‍ഡണ്‍’ എന്ന് പുഞ്ചിരിയോടെ ഉരുവിട്ടുകൊണ്ട് അവാര്‍ഡ് സമ്മാനിച്ചു.

ജോണ്‍ പോള്‍ എഴുതി: ”അനായാസമായി മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് നേരെ പ്രവേശിക്കാനുള്ള ഒരത്ഭുതസിദ്ധി ഇഎംഎസിനും നായനാര്‍ക്കും സ്വായത്തമായിരുന്നു എന്നുള്ളതിന്റെ പ്രത്യക്ഷ തെളിവായിരുന്നല്ലോ… അവരുടെ മരണാനന്തര വിലാപയാത്രകളില്‍ കേരളത്തിലുടനീളം മഴയും രാത്രിയും വകവയ്ക്കാതെ കക്ഷിഭേദമെന്യേ തിങ്ങിക്കൂടിയ സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളികള്‍ മറ്റൊരു നേതാവിനും നല്‍കിയിട്ടില്ലാത്തവിധം അവര്‍ക്കിരുവര്‍ക്കും ഹൃദയംകൊണ്ടു നല്‍കിയ യാത്രയയപ്പ്!”

പല നേതാക്കള്‍ക്കും ഈ യാത്രകള്‍ സഖാവിന് ഹരമായിരുന്നു. ഇഷ്ടം കാര്‍ യാത്ര. ആരോഗ്യം മോശമാകും തോറും പിന്നെ ട്രെയിന്‍ യാത്രയായി. അത് മടുപ്പുളവാക്കിയിരുന്നു. ട്രെയിന്‍ കിട്ടാന്‍ കാത്തുനില്‍പ്പ്. കയറി ഇറങ്ങാന്‍ പ്രയാസം. കാറില്‍ സൗകര്യമനുസരിച്ച് യാത്ര ചെയ്യാം. സമയം നോക്കിയുള്ള യാത്ര ഒഴിവാക്കാം. രാത്രി എത്ര വൈകി കിടക്കാം.

കെ. കരുണാകരൻ

പാര്‍ട്ടി പരിപാടിയാണെങ്കില്‍ കൂടെ ജില്ലാ സെക്രട്ടറി വേണം. അല്ലെങ്കില്‍ സെക്രട്ടറിയുടെ പ്രതിനിധി. കൂടെ ചെല്ലുന്ന ആള്‍ക്ക് ആ പ്രദേശത്തെക്കുറിച്ചും അവിടത്തെ ജനവിഭാഗങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കാനുള്ള കഴിവുണ്ടാവണം. ചെല്ലുന്നത് കയര്‍ മേഖലയിലാണെന്ന് കരുതുക. ആ തൊഴിലാളികളുടെ പൊതുസ്ഥിതി വിശദമാക്കി കൊടുക്കണം. അത് മനസ്സിലാക്കിയിട്ടാവും പ്രസംഗം. ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഇതൊക്കെ ഗൗരവമായി കണ്ട ഒരു നേതാവായിരുന്നു ഇ.കെ. നായനാര്‍.

കാല്‍ നൂറ്റാണ്ടുകാലം ഇ.കെ. നായനാരുടെ സെക്രട്ടറിയായിരുന്ന പി.ആര്‍.വി. വാര്യര്‍ ‘കാണാപ്പുറങ്ങളിലെ നായനാര്‍’ എന്ന തന്റെ ഓര്‍മകുറിപ്പില്‍ നായനാരെ കുറിച്ച് എഴുതുന്നു.

”വരുമാനമനുസരിച്ച് ജീവിക്കാന്‍ അറിയാമായിരുന്നു. അതുകൊണ്ട് ഒറ്റപൈസപോലും കടമില്ലാത്ത മനുഷ്യനായിരുന്നു. തൃക്കരിപ്പൂരില്‍ (1991) സഖാവ് സഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരു വ്യവസായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു മന്ത്രി മുഖാന്തിരം സംഭാവന കൊടുത്തയച്ചു. ഉടനെ പണം എ.കെ.ജി. സെന്ററില്‍ കൊടുത്ത് രശീതി വാങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സഖാവ് ഒരു പൈസപോലും സംഭാവനയായി വാങ്ങുകയോ ചോദിക്കുകയോ ചെയ്യില്ല. ആ ചുമതല പാര്‍ട്ടിക്ക്.”

തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നല്‍കുന്ന സ്വീകരണയോഗങ്ങളില്‍ ഇ.കെ. നായനാര്‍ ജനങ്ങളോട് പറയുന്ന ഒരു സ്ഥിരം വാചകമുണ്ട്
‘നിങ്ങള്‍. നിങ്ങളുടെ കടമ പൂര്‍ത്തീകരിച്ചു.’

Content Summary: The king of political trolls: remembering E.K. Nayanar’s sharp wit

Leave a Reply

Your email address will not be published. Required fields are marked *

×