UPDATES

നാല് ജൂത പെണ്ണുങ്ങളുടെ സപര്യ മട്ടാഞ്ചേരിയുടെ ജീവചരിത്രമാണ്

മാട്ടഞ്ചേരിയിലെ അവസാന ജൂത വനിതയും ഓർമ്മയായി

                       

അഞ്ചേരി മറ്റം, മട്ടഞ്ചേരിയായി വളർന്നത് ഒരു കോസ്മോപോളിറ്റൻ സംസ്കാരത്തിന്റെ ഈറ്റില്ലമായാണ്. ആ ചരിത്രത്തിന്റെ ചുവട് പിടിച്ചു നടന്നാൽ, മട്ടഞ്ചേരിയുടെ വൈവിധ്യത്തിലേക്ക് ലയിച്ചു ചേർന്ന ജൂത തെരുവിലെത്തും. തെരുവിന്റെ ഏറ്റവും അറ്റത്തായി എല്ലാത്തിനും സാക്ഷിയായ സിനഗോഗ്, അവിടെ സിനഗോഗ് മാത്രമായിരുന്നോ ഇക്കാലങ്ങളുടെ സാക്ഷി എന്ന് ചോദിച്ചാൽ അല്ലെന്ന് പറയേണ്ടി വരും. last Jewish woman of Kochi Queenie Hallegua

ജൂലിയറ്റ് , സാറ, ക്വീനി ഹലേഖ, റീമ കേരളത്തിലെ ജൂത ചരിത്രത്തോട് (പ്രത്യേകിച്ച് മട്ടാഞ്ചേരിയിലെ) ഏറ്റവും അടുത്ത് കിടക്കുന്ന നാല് സുഹൃത്തുക്കളുടെ പേരുകളാണിത്. ജൂത തെരുവിലെ നിരത്തുകളിൽ പണ്ട് മുതൽ കച്ചവടം നടത്തുന്നവർക്ക് ഇവർ സുപരിചിതയായിരുന്നു. തൂവെളള വസ്ത്രം ധരിച്ച് ഹീബ്രു ഭാഷയിലെ പ്രാർത്ഥനകൾ ചൊല്ലി, വിശുദ്ധ പുസ്തകമായ തോറയിൽ ഇടയ്ക്കിടെ തൊട്ടു തലോടി അവർ വിശേഷ ദിവസങ്ങളിൽ പള്ളിയിലെത്തുമായിരുന്നു. നാൽവർ സംഘമെത്തിയാൽ പള്ളിയിൽ ജൂത പെൺ പാട്ട് ഉയർന്നു കേൾക്കും.

ഒരേ തലമുറയിൽ നിന്നുള്ള ഈ നാലുപേർ മട്ടാഞ്ചേരിയിലെ ജൂത ചരിത്രത്തിന്റെ കാവൽക്കാരായിരുന്നു. ജൂത തെരുവിന്റെ വളർച്ചയുടെ കാലവും, ഇവിടം വിട്ട് വാഗ്‌ദത്ത ഭൂമിയിലേക്കുള്ള ജൂതന്മാരുട മടങ്ങി പോക്കിനും സാക്ഷികളായവർ. തെരുവിന്റെ ഒരറ്റം മുതലുള്ള ജൂതർ പള്ളികളിൽ പ്രാർത്ഥനക്കെത്തുന്ന കാലവും; പിന്നീട് പത്തു പേരെ തികക്കാനാവാതെ പ്രാർത്ഥനകൾ മുടങ്ങിയ കാലവും ഇവരുടെ ജീവിത സപര്യയിൽ എഴുതി ചേർക്കപ്പെട്ട ഏടുകളാണ്.

തന്റെ മരണത്തിന് വാഗ്ദത്ത ദേശം അടയാളപ്പെടുത്തണമെന്ന തോന്നലിൽ ജൂലിയറ്റ് ഇസ്രയേലിലേക്ക് മടങ്ങി. എന്നാൽ മട്ടാഞ്ചേരിയെ തങ്ങളുടെ ഇസ്രയേലായി, വാഗ്ദത്തഭൂമിയായി കണ്ട സാറ ജേക്കബ് കോഹനാനും, റീമയും, ജൂത പള്ളിയിൽ അന്ത്യ വിശ്രമം കൊണ്ടു. ഒടുവിൽ ക്വീനി ഹലേഖ കൂടി മരണപെട്ടതോടെ മട്ടാഞ്ചേരിയിലെ ജൂതർ ചരിത്രത്തിന്റെ താളുകളിലേക്ക് മടങ്ങി പോയിരിക്കുകയാണ്.

”പ്രവാസത്തിന് ഒടുവിൽ ഒരു ദിവസം നിങ്ങൾ മടങ്ങിപ്പോകും, അന്ന് എന്റെ അസ്ഥികൾ നമ്മുടെ വാഗ്‌ദത്ത ദേശത്ത് അടക്കം ചെയ്യണം. ”നാനൂറു വർഷം ജോസഫിന്റെ മൃതദേഹം യഹൂദർ സൂക്ഷിച്ചു വച്ചു. പ്രവചനങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടപ്പോൾ ഈജിപ്തിൽ നിന്ന് തിരികെ മടങ്ങിയവരുടെ പക്കൽ ജോസഫിന്റെ സൂക്ഷിച്ചു വച്ച മൃതദേഹവും ഉണ്ടായിരുന്നു, അവരത് തങ്ങൾക്ക് ദൈവം തന്ന ദേശമെന്ന് കരുതിന്നിടത്ത് സംസകരിച്ചു.

ചരിത്രത്തിന്റെ യാതൊരു ആവേശിഷിപ്പു പോലും ബാക്കിയില്ലാത്ത മിത്തുകളിൽ പോലും യഹൂദരുടെ ദേശത്തോടുള വൈകാരികത പ്രകടമാണ്. യഥാർത്ഥത്തിൽ ലോകത്തിന്റെ പല കോണുകളിൽ പല സംസ്കാരങ്ങളുമായി ഇടപഴകിയിട്ട് പോലും ജന്മ നാട്ടിൽ ഒരിക്കെലെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ യഹൂദർ തങ്ങളുടെ ഭാഷയും, മത ചടങ്ങുകളും, പാരമ്പര്യവും മുറുകെ പിടിച്ചാണ് ജീവിച്ചത്. വാഗ്‌ദത്ത ദേശത്ത് അടക്കം ചെയ്യപ്പെടണമെന്നത് ഓരോ യഹൂദനും ഉള്ളിൽ പേറി നടന്നിരുന്ന വികാരമായിരുന്നു.

യഹൂദ ചരിത്രത്തിന്റെ നൂലുകൾ കേരളത്തിലെ പല ഭാഗങ്ങളിലും പിണഞ്ഞു കിടക്കുന്നുണ്ട്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിലായി കേരളത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള യഹൂദർ. മട്ടാഞ്ചേരിയിലെ അവസാന ജൂത വംശജയും മരണപ്പെട്ടതോടെ മട്ടാഞ്ചേരിയുടെ പൈതൃകത്തിന്റെ അടയാളമായ ജൂത സംസ്‍കാരം കൂടി ചരിത്രാവശേഷിപ്പായി മാറിയിരിക്കുകയാണ്. സെഫാർദിം ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നാണ് കരുതുന്നത്. ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം നിങ്ങൾക്കിവിടെ കഴിയാമെന്ന വാഗ്ദാനം നൽകി യഹൂദർക്ക് കേരളത്തിന്റെ മണ്ണിൽ വേരാഴ്ത്താൻ ചേരമാൻ പെരുമാൾ രാജാവ് ഇടം നൽകി. പിന്നീട് കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്കും മട്ടാഞ്ചേരിയിലേക്കും ജൂതർ ചേക്കേറി.

നാല് സുഹൃത്തുക്കളിൽ ജൂലിയറ്റിനൊഴിച്ച് ബാക്കി മൂന്ന് പേർക്കും കേരളത്തിന്റെ മണ്ണിൽ മരിക്കണം എന്നായിരുന്നു അതവർ സാധിക്കുകയും ചെയ്തു. അവർ അത്രമേൽ അവർ കേരളത്തെ സ്നേഹിച്ചിരുന്നിരിക്കണം. തങ്ങളുടെ തലമുറകൾ വേരാഴ്ത്തിയ മണ്ണിന്റെ പുത്രികളാണെന്ന വിശ്വാസവും അതിൽ അടങ്ങിയിരുന്നു. അടിമത്വത്തിൽ നിന്ന് വിമോചിക്കപ്പെട്ട് വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തിയ യഹൂദരുടെ പിന്തലമുറയിൽ പെട്ടവർക്ക് അത്രത്തോളം പ്രധാനമാണ് വാഗ്‌ദത്ത ഭൂമി, എന്നാൽ ഈ നാലുപേരും സ്വയം വാഗ്‌ദത്ത ഭൂമിയായി കേരളത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇടത്ത് നിന്ന് ജൂലിയറ്റ്, സാറ, ക്വീനി

കേരളത്തിലെ ജൂത ജനതയുടെ ചരിത്രത്തിൽ കൊത്തിവയ്ക്കപ്പെട്ട പേരാണ് ക്വീനി ഹലേഖ. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചിയിലെ ഏറ്റവും സമ്പന്നകുടുംബമായിരുന്നു കോഡർ കുടുംബം. എസ് കോഡറുടെയും ഗ്ളാഡിസിന്റെയും മകളായിരുന്നു ക്വീനി കേരളത്തിലെ ആദ്യവൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു സാട്ടു കോഡർ. ഒപ്പമുണ്ടായിരുന്നവരിൽ ഭൂരിഭാഗവും വാഗ്‌ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് മടങ്ങിയപ്പോഴും കൊച്ചിയോട് വിടപറയാൻ ക്വീനി തയ്യാറായില്ല. തന്റെ പൂർവ്വികരുടെ മണ്ണ് ഇതാണെന്നായിരുന്നു ക്വീനിയുടെ നിലപാട്. ക്വീനിയുടെ നിര്യാണത്തോടെ കൊച്ചിയിലെ ജൂതവംശത്തിന്റെ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു ജൂതൻ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സുകാരനായ കീത്ത് ഹലേഗയാണ് മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന ഏക ജൂതൻ.

89 വയസ്സുകാരിയായ ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു. സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂഉടമയായിരുന്നു. ഭർത്താവ് സാമുവേലിന്റെ കല്ലറയല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. അതനുസരിച്ച് ഓഗസ്റ്റ് 11 ന് മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ വച്ചായിരുന്നു സംസ്കാരം ചടങ്ങുകൾ നടന്നത്.

അഞ്ചു വർഷം മുൻപാണ് നീലനിറമുള്ള കണ്ണുകളും വെള്ളിത്തലമുടിയും സ്വതവേ പുഞ്ചിരി തൂകുന്ന വദനങ്ങളുമുള്ള സാറ ജേക്കബ് കോഹൻ മരിക്കുന്നത്. 1942 ൽ ഇൻകം ടാക്സ് ഓഫീസറായിരുന്ന ജേക്കബ് കോഹന്റെ ഭാര്യയായാണ് സാറ മട്ടാഞ്ചേരിയിൽ എത്തുന്നത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്നേക്ക് മൂന്നാം നാൾ ക്വീനി അമേരിക്കയിലേക്ക് പോകാനിരിക്കവെയാണ് ഉറ്റ തൊഴിയുടെ അപ്രതീക്ഷിത മരണം. ജൂതരുടെ പ്രത്യേക വസ്ത്രങ്ങൾ തുന്നുന്ന ജോലിയിൽ മുഴുകിരുന്ന സാറയുടെയും ഭർത്താവിന്റെയും ജീവിതത്തിലേക്ക് ആശ്വാസമെന്ന പോലെയാണ് മട്ടാഞ്ചേരിയിൽ പോസ്റ്റുകാർഡുകൾ വിറ്റു നടന്നിരുന്ന താഹ ഇബ്രാഹിമെത്തുന്നത്. സാറയുടെ അവസാന നാളുകളിൽ കൈത്താങ്ങായതും താഹയാണ്.

”സാറ ആന്റിയെ ആശുപത്രയിൽ കൊണ്ടു പോകാൻ വരെ ക്വീനി ആന്റി എനിക്കൊപ്പം കൂട്ടുവന്നിരുന്നു. ഇഴപിരിയാത്ത അടുപ്പമായിരുന്നു രണ്ടാളും തമ്മിൽ. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ സൗഭാഗ്യവും അത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം മറ്റുള്ളവർ ചരിത്രത്തെ അന്വേഷിച്ചും, കേട്ടറിഞ്ഞും മട്ടാഞ്ചേരി തെരുവുകളിലൂടെ നടക്കുമ്പോൾ, ഞാൻ ഈ ചരിത്രത്തിലൂടെയാണ് ജീവിച്ചിരുന്നത്, ജൂതരുടെ ഈ ചരിത്രം എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമായിരുന്നു. ” താഹ അഴിമുഖത്തിനോട് പറയുന്നു.

സാറയുടെ മരണശേഷവും ക്വീനി പള്ളി സന്ദർശിക്കുമായിരുന്നുവെന്ന് താഹ പറയുന്നു. പള്ളിയിലേക്ക് എണ്ണയുമായി പോയിരുന്ന ക്വീനി ജൂത തെരുവിലെ പതിവ് കാഴ്ചകളിൽ ഒന്നാണ്. അതവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന ചൊല്ലുന്നതിന് വേണ്ടിയാണ്. സാറ മകനെ പോലെ പരിഗണിച്ചിരുന്ന താഹക്ക് ക്വീനിയും അതെ അളവിൽ സ്നേഹം പകർന്നു നൽകിയിരുന്നു. സാറ പകർന്നു നൽകിയ ജീവിത പാഠങ്ങളിൽ ജീവിക്കുന്ന താഹയാണ് ക്വീനിയുടെ സംസ്ക്കാര ചടങ്ങുകളിൽ ധരിക്കേണ്ട ജ്യൂയഷ് വസ്ത്രം തയ്ച്ചു നൽകിയത്. മൂന്ന് ശതകങ്ങൾ പഴക്കമുള്ള സാറയുടെ കുഞ്ഞു വീടിനോടു ചേർന്ന് എംബ്രോയിഡറികളും മറ്റും വിൽക്കുന്ന ഷോപ്പ് നടത്തുകയാണ് താഹ. സാറ കൊഹ്‌നാൻ സ്വന്തമായി ചെയ്ത എംബ്രോയിഡറികളും, ചിത്രങ്ങളും താഹ ഇന്നും സൂക്ഷിക്കുന്നുണ്ട്.

സാറയുടെ വീടിന്റെ മുൻപിൽ താഹിം ഇബ്രാഹിം

 

ജ്യൂ ടൗണിൽ നിന്ന് മടങ്ങി പോയ ജൂതന്മാരുമായും, ഇപ്പോഴും സമ്പർക്കം വച്ച് പുലർത്തുന്നുണ്ട് താഹ. മട്ടാഞ്ചേരിയിൽ അവശേഷിച്ചിരുന്ന ജൂത ചരിത്രത്തെയും, സമകാലികതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കണ്ണി എന്നുവേണമെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിക്കാം. സാറയെയും, ക്വീനിയെയും, ജൂലിയ്റ്റിനേയും, റീമയെയും ബന്ധിപ്പിക്കുന്ന താഹയുടെ ഏറ്റവും തെളിച്ചമുള്ള ഓർമ്മ ഉത്സവ ദിനങ്ങളിലേതാണ്. അന്നും വിശേഷ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ പള്ളിയിലെത്തുക. കല്യാണ ആഘോഷങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും, സിംചത് തോറക്കും വേണ്ടിയുള്ള പ്രത്യേക ജൂത വസ്ത്രങ്ങൾ തുന്നിയിരുന്നത് സാറയാണ്.

ജൂലിയറ്റിന്റെ വിവാഹ ആഘോഷം

നോമ്പ് എടുത്ത ദിവസങ്ങളിൽ ആരാധനക്കായി എല്ലാവരും പള്ളിയിൽ ഒത്തു കൂടും, ജ്യൂയഷ് കലണ്ടർ പ്രകാരമുള്ള പുതുവർഷത്തെ റോഷ് ഹഷാന എന്നാണ് വിളിക്കുന്നത്. റോഷ് ഹഷാന മുതൽ സിംചത് തോറ വരെ നീണ്ടുനിൽക്കുന്നതാണ് ഉത്സവാഘോഷം. നോമ്പ് എടുക്കുന്ന ദിവസങ്ങളിൽ വെള്ള നിറത്തിലുള്ള പ്രത്യേക ഉടുപ്പുകൾ ധരിക്കണം. മട്ടഞ്ചേരിയിലെ തന്റെ അവസാന വിശേഷ ദിവസമാണ് ഇതെന്ന് അറിയുന്ന ജൂലിയറ്റ് അതെല്ലാം ക്യാമറയിൽ പകർത്തി സിഡി ആക്കി മാറ്റാൻ തഹയോട് ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും മട്ടഞ്ചേരിയിലെ ജൂതർ നാമമാത്രമായിരുന്നു. സാറയുടെ മരണാനന്തര ചടങ്ങുകൾക്ക് കൃത്യം 13 പേർ എത്തിയിരുന്നു, 10 പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ വിശ്വാസ പ്രകാരം പ്രാർത്ഥനകൾ നടത്താൻ കഴിയില്ലായിരുന്നു. അന്ന് ക്വീനിയെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ എത്തിയ മക്കളും, ആലുവയിൽ നിന്നെത്തിയായ ജൂതന്മാരും ചേർന്നാണ് ചടങ്ങ് നടത്തിയത്. ക്വീനിയുടെ സംസ്കാരത്തിനും 18 പേർ എത്തിയിരുന്നു. ജൂതരുടെ മരണത്തിനു ശേഷം മോക്ഷപ്രാപ്തി നേടണമെങ്കിൽ 13 വയസ്സിനു മുകളിലുള്ള 10 ആണുങ്ങൾ ഖാദിഷ് എന്ന പ്രാർത്ഥന നടത്തണമെന്നാണ് വിശ്വാസം.

10 പേർ തികയാഞ്ഞത് കൊണ്ടു തന്നെ, അന്ന് സിനഗോഗിൽ മെനോറ വിളക്ക് തെളിഞ്ഞില്ല. പ്രാർത്ഥന ഒഴിച്ചുള്ള ബാക്കി ചടങ്ങുകളും, അലങ്കാരങ്ങളും മറ്റും സിഡിയാക്കി നൽകി. അന്ന് ഈ സിഡിയും, അതിലടങ്ങിയ ഒരുപാട് ഓർമ്മകളും, മട്ടാഞ്ചേരിയുടെ ജൂത തെരുവിന്റെ സംസ്കാരവും പേറിയാണ് ജൂലിയറ്റ് ഇസ്രയേലിലേക്ക് യാത്രയായത്. ജൂലിയറ്റ് പോയതിന് ശേഷം സാറയും, ക്വീനിയും മാത്രമായി. അഞ്ചു വർഷത്തിന്റെ ഇടവേളയിൽ സാറയും ക്വീനിയും ഓർമായാകുമ്പോൾ ജ്യൂ ടൗണിലെ ജൂതന്മാർ ചരിത്രമാകുകയാണ്. മാതാവിന്റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയാക്കി ക്വീനിയുടെ മക്കൾ അമേരിക്കയിലേക്ക് മടങ്ങും.

Content summary; The last Jewish woman of Kochi Queenie Hallegua passes away last Jewish woman of Kochi Queenie Hallegua

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍