ഇതൊരു അടയാളപ്പെടുത്തലാണ് എല്ലാക്കാലവും ആളുകളെന്നെ ഓർക്കും’ ; ആർഎൽവി കോളേജിൽ നിറയുന്ന  ചെല്ലമ്മ ‘മോഡൽ’

ചൂരക്കാട് സ്വദേശിയാണ് ഈ 70കാരി

പന്ത്രണ്ട് വർഷമായി തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ ശില്പകല വിഭാഗത്തിലെ മോഡലാണ് ചെല്ലമ്മ. കോളജിന്റെ ഇടനാഴികളിൽ ശിൽപമായും ചുവരുകളിൽ ചിത്രമായും നിറയുകയാണ് കുട്ടികളുടെ ഇഷ്ട മോഡൽ. ഭർത്താവിന്റെ മരണശേഷം കൈമാറിക്കിട്ടിയ ജോലി ഇന്ന് ചെല്ലമ്മയുടെ ഉപജീവനമാർ​ഗമാണ്.

തൃപ്പൂണിത്തുറയിലെ ചൂരക്കാട് സ്വദേശിയാണ് ഈ 70കാരി. ചെല്ലമ്മയ്ക്ക് വീടിനേക്കാളേറെ പ്രിയം കോളേജിനോടാണ്. വർഷങ്ങൾക്ക് മുമ്പ് അം​ഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തിരുന്നു ചെല്ലമ്മ ഭ‌ർത്താവ് രവിക്കു ജോലിയില്ലെന്ന കാര്യം അം​ഗനവാടി ടീച്ചറിനെ അറിയിച്ചു ടീച്ചറിന്റെ ഭർത്താവ് മനോഹരൻ അന്ന് ആർഎൽവി കോളേജിൽ അധ്യാപകനായി ജോലി നോക്കുകയാണ്. മനോഹരൻ മാഷിന്റെ നിർദേശപ്രകാരം രവിയ്ക്ക് ശില്പകല വിഭാ​ഗത്തിന്റെ മോഡലായി ജോലി ലഭിച്ചു. അങ്ങനെ രവി കുറേക്കാലം കോളേജിന്റെ മോഡലായി. രവിയുടെ മരണത്തോടെയാണ് ഈ റോളിലേക്ക് ചെല്ലമ്മയെത്തുന്നത്. രവി-ചെല്ലമ്മ ദമ്പതികളുടെ മക്കൾ രണ്ടു പേരും വിവാഹിതരാണ്. ഭർത്താവിന്റെ മരണത്തിന് ശേഷം തനിച്ചായി പോയ ചെല്ലമ്മയ്ക്ക് ആശ്വാസമാവുന്നത് കോളേജിലെ ഈ ജോലിയാണ്.

രാവിലെ 10 മണിയ്ക്ക് കോളേജിലെത്തണം. അപ്പോഴേക്കും 6 ക്ലാസുകളിലെയും വി​ദ്യാർത്ഥികളെത്തിയിട്ടുണ്ടാവും. പിന്നെ അധ്യാപകരുടെ നിർദേശ പ്രകാരം കുട്ടികൾക്ക് മുന്നിൽ മോഡലായിരിക്കണം. മാസത്തിൽ 16 ദിവസവും, ഒരു ദിവസം 6 മണിക്കൂറുമാണ് ചെല്ലമ്മയുടെ ജോലി സമയം. എന്നാൽ ക്ലാസില്ലാത്ത ദിവസങ്ങളിലും ചെല്ലമ്മ ക്യാമ്പസിൽ ഹാജരാണ്.

ക്യാമ്പസിനുള്ളിലേക്ക് കയറുമ്പോൾ തന്നെ നിരത്തി വച്ചിരിക്കുന്ന ശില്പങ്ങളിൽ പകുതിയും ചെല്ലമ്മയുടേതാണ്. ഇതൊരു അടയാളപ്പെടുത്തലാണ്, എല്ലാക്കാലവും ആളുകൾ ‍എന്നെ ഓർത്തിരിക്കുമല്ലോ കുസൃതി നിറഞ്ഞ ചിരിയോടെ ചെല്ലമ്മ പറഞ്ഞു. മഞ്ചേരിയിലേക്കാണ് ചെല്ലമ്മയെ വിവാഹം കഴിച്ച് അയച്ചത്. ഭർത്യ കുടുംബത്തിന്റെ പീഡനത്തെ തുടർന്ന് ചെല്ലമ്മ തിരികെ ഭർത്താവിനെയും മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കെത്തി. നെറ്റിയിലെ ചുമന്ന പൊട്ട് ചെല്ലമ്മയുടെ അടയാളമാണ്. നിരവധിയാളുകളാണ് കുട്ടികളുടെ ഈ മോഡലിന്റെ ശില്പവും ചിത്രവുമെല്ലാം സ്വന്തമാക്കിയത്. നല്ല കാര്യമല്ലേ എല്ലാ വീടുകളിലും ഞാനുണ്ടാവുമല്ലോ ചെല്ലമ്മ കണ്ണിറുക്കി ചിരിച്ചു.

ഒരിക്കൽ ഒരു ബസ് യാത്രയ്ക്കിടയിൽ അപരിചിതയായ ഒരു സ്ത്രീ ചെല്ലമ്മയെ സമീപിച്ചു ചേച്ചിയെ എനിയ്ക്ക് നല്ല പരിചയമുണ്ടെന്ന് പറഞ്ഞു. സംസാരിച്ച് വന്നപ്പോഴാണ് അവരുടെ മകൻ ചെല്ലമ്മയുടെ ചിത്രം വരച്ചിട്ടുണ്ടെന്നും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അറിയുന്നത്. മകൻ ആർഎൽവി കോളേജിലാണ് പഠിക്കുന്നത് എന്നുകൂടി കേട്ടപ്പോൾ ചെല്ലമ്മയ്ക്ക് കാര്യങ്ങളെക്കുറിച്ച് ഏകദേശം ധാരണ ലഭിച്ചു. കുട്ടികളൊക്കെ ചെല്ലമ്മയ്ക്ക് പ്രിയപ്പെട്ടവരാണ് ഓർമ്മ കുറവുള്ളതിനാൽ ആരുടെയും പേര് ഓർത്തിരിക്കാൻ കഴിയില്ലെങ്കിലും എല്ലാവരെയും കണ്ണേ എന്നാണ് വിളിക്കുന്നത്.

ഞങ്ങൾക്ക് സുപരിചിതയാണ് ചെല്ലമ്മ. ആവശ്യപ്പെടുന്നത് അനുസരിച്ച് വർക്ക് ചെയ്ത് തീരും വരെ ഭം​ഗിയായി ചെല്ലമ്മ ഇരിക്കും. മടുക്കുമ്പോൾ വിശ്രമിക്കാൻ അഞ്ചോ പത്തോ മിനിറ്റ് ചോദിക്കും. അത് കഴിഞ്ഞ് വീണ്ടും അതേ രീതിയിൽ ഞങ്ങൾക്ക് മുന്നിലിരിക്കുമെന്ന് ശില്പകല വിദ്യാർത്ഥിനിയായ ശ്രേയ പറഞ്ഞു.

വിദ്യാർത്ഥികൾ ശില്പങ്ങൾ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും വ്യത്യാസം വരുത്തേണ്ടതുണ്ടെങ്കിൽ കുട്ടികളോട് പറയും. തിരികെ മുത്തശിയെന്ന് കുട്ടികൾ വിളിക്കുന്നത് കേൾക്കാനാണ് ചെല്ലമ്മയ്ക്ക് ഏറെ ഇഷ്ടം. പ്രായത്തിന്റേതായ പ്രശ്നങ്ങളൊക്കെയുണ്ട് കൂടുതൽ നേരം ഒരേ പൊസിഷനിൽ കിടക്കാനോ ഇരിക്കാനോ കഴിയില്ല അപ്പോൾ കുറച്ചു നേരം എഴുന്നേറ്റു നടക്കും. അക്കാര്യത്തിലൊന്നും ഇവിടെ ആരും എതിർപ്പ് പറഞ്ഞിട്ടില്ല ചെല്ലമ്മ പറഞ്ഞു. ഭർത്താവ് രവി ആർഎൽവിയിൽ ജോലി ചെയ്തിരുന്ന സമയത്ത് കുട്ടികൾ വരച്ചു നൽകിയ ചിത്രങ്ങളിലൊന്നുമായി ഒരിക്കൽ വീട്ടിൽ എത്തി. അന്ന് കൊതിയോടെ ചെല്ലമ്മ ആ ചിത്രത്തെ നോക്കി. തനിക്കും ഇതു പോലൊന്ന് വേണമെന്ന് ആശിച്ചു. അങ്ങനെ വർഷങ്ങൾക്ക് ശേഷം ചെല്ലമ്മ അതേ ജോലിയിലേക്കെത്തി. രവി ജോലി ചെയ്തിരുന്ന സമയത്ത് കോളേജിലെ സ്ഥിരം സന്ദ‌‍ർശകയായിരുന്നു ചെല്ലമ്മ. എന്റെ കൈയിലെ ചുളിവുകളും കണ്ണിനടിയിലെ തടിപ്പുമെല്ലാം കൃത്യമായി ഒപ്പിയെടുക്കും ഇവിടുത്തെ വിദ്യാർത്ഥികൾ.

മൂന്ന് വർഷത്തെ പഠനകാലത്തിൽ കൃപാശങ്കറിന്റെ വരകളിലും ശില്പങ്ങളിലും ചെല്ലമ്മ നിറഞ്ഞു നിന്നു. കലാസൃഷ്ടികൾക്കൊപ്പം തന്നെ തങ്ങളുടെയെല്ലാം ഹൃദയത്തിൽ കൂടിയാണ് ഈ അമ്മ കിളി സ്ഥാനം പിടിച്ചതെന്ന് കൃപാശങ്കർ പറയുന്നു. ടേബിളിന് മുന്നിൽ ഏകദേശം പൂർത്തിയാവുന്ന ശില്പം ചെല്ലമ്മയുടേതാണ്.

ചെറുപ്പത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ മണ്ണു കുഴച്ച് കൂമ്പാരം പോലാക്കി അതിൽ നിന്ന് ഓരോ രൂപങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അന്ന് വീട്ടിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ഓർമ്മയിലുണ്ട്. ഏതെങ്കിലും കാലത്ത് ഞാനെന്റെ ഇഷ്ടപ്രകാരം മണ്ണു കുഴച്ചു രൂപങ്ങളുണ്ടാക്കുമെന്ന് പിറുപിറുത്ത് അമ്മയോട് വഴക്കിട്ട് ചെല്ലമ്മ വീട്ടിലേക്ക് കയറി പോകും. ആ ചെല്ലമ്മയാണ് ഇന്ന് ചിത്രങ്ങളായും ശില്പങ്ങളായും ആർഎൽവിയിൽ നിറയുന്നത്.

ചെല്ലമ്മയിലൂടെ സമൂഹത്തിന്റെ മറ്റൊരു തലത്തെ, അവർക്ക് മുന്നേയുള്ള ഒരു കാലഘട്ടത്തെയാണ് ഈ വിദ്യാർത്ഥികൾ കാണുന്നത്. ജീവിതത്തെയാണ് അവർ ഓരോരുത്തരും അറിയുന്നത്. കണ്ടു ശീലിച്ച രൂപങ്ങളെ ഓർത്തെടുത്ത് വരയ്ക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു മുന്നിലുള്ള ഒരാളെ കണ്ടു വരയ്ക്കുമ്പോൾ അവർ ജീവിതത്തെ പഠിക്കുന്നുവെന്ന് ആർഎൽവി കോളേജിലെ ശില്പകല വിഭാ​ഗം മേധാവി അനു അഴിമുഖത്തോട് പറഞ്ഞു.

കേരളത്തിൽ നിലവിൽ അ‍ഞ്ച് ഫൈൻ ആർട്സ് കോളേജുകളുണ്ട്. അവയിലെല്ലാം ഇത്തരത്തിൽ മോഡലുകളുമുണ്ട്. ചെല്ലമ്മയെ മോഡലാക്കി കൊണ്ടുള്ള ഓരോ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന രീതിയും വ്യത്യസ്തമായിരിക്കും. പാർട്ട് സ്റ്റഡി, പോർട്ടറേറ്റ്, ഫുൾ ഫി​ഗർ എന്നിങ്ങനെയാണ് പഠനത്തിന്റെ ഓരോ ഘട്ടങ്ങളെന്ന് അനു കൂട്ടിച്ചേർത്തു.

ഒരു ദിവസം 230 രൂപ എന്ന നിലയിലാണ് മോഡലുകൾക്ക് അനുവദിച്ചിരിക്കുന്ന തുക. മാസത്തിൽ 16 ക്ലാസുകളാണ് ഉണ്ടാവുന്നത്. ഓരോ ദിവസവും 6 മണിക്കൂറാണ് ജോലിസമയം. ബാങ്കു വഴിയാണ് ഇവർക്കും സാലറി ലഭിക്കുന്നത്. മറ്റു ജോലികൾക്ക് പോകാൻ കഴിയാത്തവരെ ഇത്തരത്തിൽ പരി​ഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അനു പറഞ്ഞു.

ആർഎൽവി കോളേജിനോട് ചേർന്ന് ഒരു യുപി സ്കൂളുണ്ട് അവിടുത്തെ കുട്ടികൾ ശില്പകല വിഭാ​ഗത്തിലെ സ്ഥിരം സന്ദർശകരാണ്. എത്തിനോക്കിയും കള്ളചിരിയൊതുക്കിയും അവർ ചെല്ലമ്മയെ തിരിച്ചറിയും. ഭം​ഗിയുണ്ടെന്ന് പറയും. സ്വകാര്യത്തിൽ ഇത് ടീച്ചർമാരോട് പറയും. ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയും എല്ലാവർക്കും അറിയാം ഈ ആർഎൽവി മോഡലിനെ. ഈ ജോലി എന്റെ ഭാ​ഗ്യമായാണ് ഞാൻ കരുതുന്നത്. ആരെയും ആശ്രയിക്കാതെ ആരുടെയും കാലുപിടിക്കാതെ എനിക്ക് ജീവിക്കാലോ. വയസാലായും സുന്ദരിയാണ് എന്ന് കുട്ടികൾ പറയും. അതു കേൾക്കുമ്പോൾ ചെല്ലമ്മയ്ക്ക് നാണമാണ്. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിലെത്തുമ്പോൾ അടുക്കള മുതൽ അകത്തളം വരെ ചെല്ലമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. വിശ്രമമില്ലാത്ത ജീവിതത്തിന് അവസാനം ലഭിച്ചത് ആർഎൽവി കോളേജിലേക്ക് എത്തിയതോടെ ആണ്.

content summary: The life of Chellamma, the model for the sculpture at RLV College

This post was last modified on July 23, 2025 7:10 am

എല്‍ക്കാന ഏലിയാസ്‌: Sub Editor
Related Post
Leave a Comment