June 17, 2026 |

ഇറാന്റെ മാസ്റ്റർ നെഗോഷ്യേറ്റർ! ആരാണ് അബ്ബാസ് അരാഗ്ചി?

അരാഗ്ചിക്ക് ഇറാന്റെ വിദേശനയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്

എതിരാളികളെ വാക്കുകള്‍ കൊണ്ട് മുക്കിക്കൊല്ലാന്‍ കെല്പുള്ളവന്‍! ‘മാസ്റ്റര്‍ നെഗോഷ്യേറ്റര്‍’ എന്ന് ലോകം വിളിക്കുന്ന അബ്ബാസ് അരാഗ്ചി. ഇറാന്റെ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, യുദ്ധമുഖത്ത് പോരാടിയ പടയാളി, ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്ന നയതന്ത്രജ്ഞന്‍. ആരാണ് സത്യത്തില്‍ സയ്യിദ് അബ്ബാസ് അരാഗ്ചി? എന്തുകൊണ്ടാണ് ലോകരാജ്യങ്ങള്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്നത്? ഇറാന്റെ ഈ നയതന്ത്ര ചാണക്യനെക്കുറിച്ച് അറിയാം.

യൂണിഫോം ഊരിവെച്ചാലും ഉള്ളിലെ പോരാളി മരിച്ചിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരാള്‍! ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അദ്ദേഹം ഇന്നും ഒരു പദപ്രശ്നമാണ്. ഇറാന്‍ – അമേരിക്ക സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന ഈ വേളയില്‍, ജനീവയില്‍ ചര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ എന്തായിരിക്കും ഇറാന്റെ നിലപാട് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അമേരിക്ക ഇത്രയേറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും യുദ്ധ സന്നാഹങ്ങളുമായി എത്തിയിട്ടും തിരികെ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണ് ഇറാന്‍. ഒരു പടി പോലും പിന്നോട്ട് പോവാത്ത ഇറാന്റെ തന്ത്രത്തിന് പിന്നിലെ മാസ്റ്റര്‍ മൈന്‍ഡും അരാഗ്ചി ആണെന്നാണ് പറയപ്പെടുന്നു. ഇറാന്റെ ഈ ‘മാസ്റ്റര്‍ മാനിപ്പുലേറ്ററുടെ മുന്നില്‍ ലോക രാജ്യങ്ങള്‍ പോലും അന്തിച്ച് നില്‍ക്കുകയാണ്.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് സയ്യിദ് അബ്ബാസ് അരാഗ്ചി. ഇറാന്റെ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അമേരിക്കയുമായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്. കേവലം ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി, ഇറാന്റെ പ്രതിരോധവും നയതന്ത്രവും ഒരുപോലെ ഹൃദ്യസ്ഥമായ ഒരാള്‍. അദ്ദേഹത്തിന്റെ ജീവിതവും വളര്‍ച്ചയും അതിശയിപ്പിക്കുന്നതാണ്.

1962-ല്‍ ടെഹ്‌റാനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് അരാഗ്ചി ജനിച്ചത്. 1979-ലെ ഇസ്ലാമിക് വിപ്ലവം നടക്കുമ്പോള്‍ അദ്ദേഹം ഒരു കൗമാരക്കാരനായിരുന്നു. ആ വിപ്ലവവീര്യത്തില്‍ ആകൃഷ്ടനായ അരാഗ്ചി ഉടന്‍ തന്നെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സില്‍ ചേര്‍ന്നു. അവിടെ ഒരു സാധാരണ സൈനികനായിട്ടല്ല അദ്ദേഹം തുടര്‍ന്നത്; 1980 മുതല്‍ 88 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് അദ്ദേഹം പോരാടി. ആ യുദ്ധക്കളത്തിലെ അനുഭവങ്ങളാണ് അദ്ദേഹത്തെ പില്‍ക്കാലത്ത് പതറാത്ത ഒരു നയതന്ത്രജ്ഞനാക്കി മാറ്റിയത്. ഇന്നും തന്റെ IRGC യൂണിഫോം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന അരാഗ്ചി, ഇറാന്റെ സൈനിക താല്‍പ്പര്യങ്ങളും നയതന്ത്രവും തമ്മിലുള്ള പ്രധാന കണ്ണിയാണ്.

യുദ്ധത്തിന് ശേഷം 1989-ലാണ് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫിന്‍ലന്‍ഡിലും ജപ്പാനിലും അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം ലോകരാഷ്ട്രീയത്തിന്റെ നാഡിമിടിപ്പ് കൃത്യമായി പഠിച്ചെടുത്തു. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ പ്രാവീണ്യവും ശാന്തതയും എതിരാളികളെ പോലും ബഹുമാനിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമല്ല ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് കെന്റില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഒരു വലിയ സ്‌കോളര്‍ കൂടിയാണ് അദ്ദേഹം.

അരാഗ്ചിയുടെ രാഷ്ട്രീയ വളര്‍ച്ച ചാണക്യതന്ത്രങ്ങളെ വെല്ലുന്നതാണ്. അഹമ്മദി നെജാദിന്റെ കാലത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സയീദ് ജലീലിയുടെ കൂടെ നിന്നുകൊണ്ട് തന്നെ, ജലീലിയുടെ പരാജയങ്ങള്‍ പരമോന്നത നേതാവിന്റെ ഓഫീസില്‍ എത്തിക്കാന്‍ അരാഗ്ചി ശ്രദ്ധിച്ചു. പിന്നീട് ഹസന്‍ റൂഹാനി വന്നപ്പോള്‍ സരിഫിന്റെ വലംകൈയായി മാറി. എന്നാല്‍ ഏറ്റവും ഒടുവില്‍, പാര്‍ലമെന്റിലെ ഹാര്‍ഡ്‌ലൈനറുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്റെ പഴയ സഹപ്രവര്‍ത്തകരെ ‘ന്യൂയോര്‍ക്ക് ഗാംഗ്’ എന്ന് വിളിച്ച് തള്ളിപ്പറയാനും അദ്ദേഹം മടിച്ചില്ല. അധികാരം നിലനിര്‍ത്താന്‍ ഏത് പക്ഷം പിടിക്കണമെന്ന കൃത്യമായ ബോധം അദ്ദേഹത്തിനുണ്ട്

അരാഗ്ചിയെ ലോകശ്രദ്ധയില്‍ എത്തിച്ചത് 2015-ലെ ആണവ കരാറാണ്. ലോക വന്‍ശക്തികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇറാന്റെ പ്രധാന ചര്‍ച്ചക്കാരന്‍ അദ്ദേഹമായിരുന്നു. സാങ്കേതിക വിഷയങ്ങളിലെ അറിവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കാരണം ‘സീരിയസ് ആന്‍ഡ് സ്ട്രെയിറ്റ് ഫോര്‍വേഡ് ഡിപ്ലോമാറ്റ്’ എന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഏത് ഗവണ്‍മെന്റ് വന്നാലും അരാഗ്ചിക്ക് ഇറാന്റെ വിദേശനയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. പരിഷ്‌കരണവാദികളോ മിതവാദികളോ തീവ്രനിലപാടുകാരോ ആകട്ടെ, ഏത് തരത്തിലുള്ള ഭരണകൂടങ്ങള്‍ ഇറാനില്‍ അധികാരത്തില്‍ വന്നപ്പോഴും അരാഗ്ചി തന്റെ ഔദ്യോഗിക പദവികളില്‍ തുടര്‍ന്നിട്ടുണ്ട്.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ, കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് അദ്ദേഹം എപ്പോഴും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന് ഇറാന്റെ പരമോന്നത നേതാവുമായും, റെവല്യൂഷണറി ഗാര്‍ഡ്‌സുമായും, രാജ്യത്തെ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളുമായും അടുത്ത ബന്ധമാണുള്ളത് എന്നാണ് ഇറാനിലെ നയതന്ത്രജ്ഞര്‍ തന്നെ അരാഗ്ചിയെക്കുറിച്ച് പറഞ്ഞത്. കൊല്ലപ്പെട്ട ഖാസിം സുലൈമാനിയോടുള്ള തന്റെ അചഞ്ചലമായ കൂറും, ഇറാന്റെ മിസൈല്‍ പദ്ധതികളെ പ്രതിരോധിക്കുന്ന അദ്ദേഹത്തിന്റെ രീതിയും പടിഞ്ഞാറന്‍ രാജ്യങ്ങളെ എന്നും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇറാനും ലോകത്തെ ആറ് വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച 2015-ലെ ‘ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍’ എന്ന ആണവ കരാറില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് അരാഗ്ചി. സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരമായി ഇറാന്റെ ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ഈ കരാര്‍. ഈ ചര്‍ച്ചകളില്‍ പങ്കെടുത്ത പാശ്ചാത്യ നയതന്ത്രജ്ഞര്‍ അരാഗ്ചിയെ ഗൗരവക്കാരനും, സാങ്കേതിക വിജ്ഞാനമുള്ളവനും, നേരായ രീതിയില്‍ സംസാരിക്കുന്നവനുമായ ഒരു നയതന്ത്രജ്ഞന്‍ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ 2018-ല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്ക ഏകപക്ഷീയമായി ഈ കരാറില്‍ നിന്ന് പിന്മാറുകയും ഇറാന്റെ മേല്‍ വീണ്ടും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

അമേരിക്കയുടെ ഈ പിന്മാറ്റം ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അളവിനോട് അടുത്തുവരുന്ന 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇറാന്‍ കടന്നു. കരാറിന്റെ തകര്‍ച്ച നയതന്ത്ര നീക്കങ്ങളെയും ബാധിച്ചു; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ പരോക്ഷമായ ശ്രമങ്ങളൊന്നും തന്നെ ഒരു പരിഹാരത്തിലെത്തിയില്ല.

ആ പരോക്ഷ ചര്‍ച്ചകളിലും അരാഗ്ചി പങ്കെടുത്തിരുന്നുവെങ്കിലും, പിന്നീട് കൂടുതല്‍ കര്‍ക്കശമായ നിലപാടുള്ള മറ്റൊരു നയതന്ത്രജ്ഞനെ ആ സ്ഥാനത്ത് നിയമിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സ്വാധീനം നിലനിന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ശക്തമായ ഉപദേശക സമിതിയായ ‘ഇറാന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സി’ന്റെ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി.

പടിഞ്ഞാറന്‍ രാജ്യങ്ങളുമായി വീണ്ടും സഹകരിക്കുമെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ തേടുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് ജൂലൈയില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്, അരാഗ്ചി വീണ്ടും സജീവ നയതന്ത്ര രംഗത്തേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് അരാഗ്ചി ഇറാന്റെ വിദേശകാര്യ മന്ത്രിയായി നിയമിതനായി. ഇന്ന് അരാഗ്ചി വെറുമൊരു മന്ത്രിയല്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പൂര്‍ണ്ണമായ അധികാരത്തോടെയും വിശ്വാസത്തോടെയുമാണ് അദ്ദേഹം ഓരോ നീക്കവും നടത്തുന്നത്. ജനീവയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കായി ടെഹ്‌റാന്‍ തയ്യാറെടുക്കുമ്പോള്‍, പരമോന്നത നേതാവിന്റെ പൂര്‍ണ്ണമായ അധികാരത്തോടെയാണ് അദ്ദേഹം ഇറാനിയന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്. രാഷ്ട്രീയ ചേരിതിരിവുകളില്‍ ഭാഗമാകാതെ രാജ്യതാല്‍പ്പര്യത്തിന് മാത്രം മുന്‍ഗണന നല്‍കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തനായ വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായാണ് നിരീക്ഷകര്‍ അദ്ദേഹത്തെ കാണുന്നത്.

ചുരുക്കത്തില്‍, അബ്ബാസ് അരാഗ്ചി എന്നാല്‍ നയതന്ത്രത്തിന്റെ മുഖംമൂടി അണിഞ്ഞ ഇറാന്റെ വിപ്ലവ ഗാര്‍ഡാണ്. തന്റെ 62-ാം വയസ്സില്‍, ഇറാന്റെ ആണവ നയതന്ത്രത്തിന്റെ പര്യായമായി അരാഗ്ചി മാറിക്കഴിഞ്ഞു. അരാഗ്ചി വാക്കുകള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുമ്പോള്‍, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഈ നയതന്ത്ര ചാണക്യന്‍ വരും ദിവസങ്ങളില്‍ ലോക രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Content Summary: The master negotiator of Iran; who is Abbas Araghchi?

Leave a Reply

Your email address will not be published. Required fields are marked *

×