പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ കേരളത്തിൽ നിന്നുള്ള നാല് എംഎൽമാരും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയതോടെ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ശ്രീനഗർ സർക്യൂട്ട് ഹൗസിലേക്ക് മാറ്റിയിരിക്കയാണ്. കാശ്മീരിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ എംഎൽഎമാരുടെ മടക്കയാത്ര വൈകിയേക്കുമെന്നാാണ് സൂചന. കൊല്ലം എംഎൽ എം മുകേഷ്, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ എന്നിവരാണ് നിലവിൽ കാശ്മീരിലുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് എംഎൽഎമാർ അന്തിമോപചാരം അർപ്പിക്കുന്ന ചിത്രങ്ങൾ ടി സിദ്ദിഖ് സമൂഹ്യമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്. നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായാണ് എംഎൽഎമാർ കാശ്മീരിലെത്തിയത്. ഇന്ന് കശ്മീർ നിയമസഭ സമിതിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം.
തങ്ങൾ ശ്രീനഗറിൽ ലാൻഡ് ചെയ്യുന്ന സമയത്താണ് ഭീകരാക്രമണത്തിന്റെ വാർത്ത അറിയുന്നതെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവർക്ക് അന്തിമോപചാരം അർപ്പിക്കാൻ വേണ്ടി എംഎൽഎമാർ പോയതായും ഭീകരാക്രമണത്തിൽ മരണപ്പെട്ട മലയാളി രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചതായും മുകേഷ് പറയുന്നു. തന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ സാക്ഷ്യം വഹിച്ച ഏറ്റവും വേദനജനകമായ സന്ദർഭമായിരുന്നു ഇതെന്ന് മുകേഷ് വ്യക്തമാക്കി. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്. നിലവിൽ ശ്രീ നഗറിലെ എംഎൽഎ ഹോസ്റ്റലിലാണുള്ളത്. വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കയാണ്. ഔദ്യോഗിക നിർദ്ദേശപ്രകാരം വൈകിട്ട് നാല് മണിയ്ക്ക് ശേഷം പുറത്തിറങ്ങാൻ അനുമതിയില്ലെന്ന് തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കൽ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എംഎൽഎമാരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. പര്യടനത്തിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കേണ്ടിയിരുന്നു എല്ലാ കൂടിക്കാഴ്ചകളും മാറ്റി വച്ചതായും റിപ്പോർട്ടുകളുണ്ട്. 9 ദിവസം നീണ്ടു നിൽക്കുന്ന ശ്രീനഗർ പര്യടനത്തിനായി ബുധനാഴ്ചയാണ് എംഎൽഎമാർ കാശ്മീരിലെത്തുന്നത്. എന്നാൽ ഭീകരാക്രമണത്തെ തുടർന്ന് പര്യടന പദ്ധതികളെല്ലാം ഇവർക്ക് പിൻവലിക്കേണ്ടി വന്നു. കേരളത്തിൽ നിന്നുള്ള നാല് എംഎൽമാർക്കും മൂന്ന് ജഡ്ജിമാരും ഉൾപ്പെടെ ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങികിടക്കുന്നതായാണ് നോർക്ക റിപ്പോർട്ട്. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരമാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തിയതായും ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും നോർക്ക അറിയിച്ചു.
content summary: The MLAs from Kerala who were in Kashmir during the Pahalgam attacks are safe, but their return has been delayed