June 04, 2026 |
Share on

കശ്മീരി പണ്ഡിറ്റ് നഴ്സിൻ്റെ കൊലപാതകം: മൂന്ന് പതിറ്റാണ്ടിന് ശേഷം പുനരന്വേഷണം

തെളിവ് ശേഖരണം ശക്തമാക്കി പോലീസ്

മൂന്ന് പതിറ്റാണ്ടിലേറെ മുമ്പ് നടന്ന കശ്മീരി പണ്ഡിറ്റ് നഴ്സിൻ്റെ ക്രൂരമായ കൊലപാതകം വീണ്ടും അന്വേഷിക്കാൻ ജമ്മു കശ്മീർ പോലീസ് പ്രത്യേക അന്വേഷണ ഏജൻസി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ശ്രീനഗറിൽ എട്ട് ഇടങ്ങളിൽ തെളിവ് ശേഖരിക്കാൻ റെയ്ഡുകൾ നടത്തി.

1990 ഏപ്രിൽ 18-ന് ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (SKIMS) ഹബ്ബ ഖാത്തൂൻ ഹോസ്റ്റലിൽ നിന്ന് സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശ്രീനഗർ ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ SIA പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിറ്റേന്ന് രാവിലെ ഉമർ കോളനി, മല്ലബാഗിൽ വെടിയേറ്റ നിലയിൽ ഭട്ടിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജമ്മു കശ്മീർ പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി (JKLF) ബന്ധമുള്ള തീവ്രവാദികളാണ്. ഭട്ടിനെ ഒരു പോലീസ് ഇൻഫോർമറായി ചിത്രീകരിക്കുന്ന ഒരു കുറിപ്പ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

നാഗീൻ പോലീസ് സ്റ്റേഷനിൽ ഒരു പ്രഥമ വിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, അന്നത്തെ അന്വേഷണത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല.

പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സർക്കാർ ജോലികൾ ഉപേക്ഷിച്ച് താഴ്‌വര വിട്ടുപോകാനുള്ള തീവ്രവാദികളുടെ നിർദ്ദേശങ്ങളെ ഭട്ട് ധിക്കരിച്ചിരുന്നു. കൂടാതെ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭട്ടിൻ്റെ മരണശേഷം പോലും അവരുടെ കുടുംബത്തിന് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു എന്നും, സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് നാട്ടുകാർ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷമാണ് ഈ കേസ് SIA-ക്ക് കൈമാറിയത്. ഭട്ടിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ സഹായിക്കുന്ന നിർണ്ണായകമായ തെളിവുകൾ റെയ്ഡുകളിൽ നിന്ന് ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

1990-കളിലെ ഇത്തരം ക്രൂരമായ ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനുമുള്ള ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ റെയ്ഡുകളെന്നും വൃത്തങ്ങൾ അറിയിച്ചു.

content summary: The murder of a Kashmiri Pandit nurse: Reinvestigation after three decades

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×