April 20, 2025 |

വീണ്ടും’ഇന്ത്യ കാനഡ ഭായി-ഭായി’! കാര്‍ണി വരുമ്പോള്‍ കാര്യങ്ങള്‍ മാറുമോ?

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെക്കുറിച്ച് പ്രചാരണ വേളയിൽ കാർണി പരാമർശിച്ചിരുന്നു

കനേഡിയൻ പ്രധാന മന്ത്രിയായി മാർക് കാർണി അധികാരമേൽക്കുന്നത്  ഇന്ത്യ കാനഡ ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് വിലയിരുത്തലുകൾ. അധികാരത്തിൽ വന്നാൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് കാർണി മുമ്പ് പറഞ്ഞിരുന്നു. ലിബറൽ പാർട്ടി നേതൃത്വ വോട്ടെടുപ്പിൽ വിജയിച്ചതോടെ ആണ് കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി മാർക് കാർണി ചുമതലയേൽക്കുന്നത്.

59-ാം വയസ്സിലാണ് കാർണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാർണിയുടെ വിപുലമായ സാമ്പത്തിക വൈദഗ്ധ്യം കാനഡയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണം ചെയ്തേക്കുമെന്നാണ് നിരീക്ഷണങ്ങൾ. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കാനഡയെ സഹായിക്കുന്നതിൽ കാർണി നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെക്കുറിച്ച് പ്രചാരണ വേളയിൽ കാർണി പരാമർശിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവകളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുകയും, സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയെ കാനഡ എടുത്തുകാണിക്കുകയും ചെയ്തിരുന്നു. വാണിജ്യ ബന്ധങ്ങളിൽ പൊതുവായ മൂല്യങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാർണി പരാമർശിച്ചിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവും കാർണി പ്രകടിപ്പിച്ചിരുന്നു. ട്രൂഡോയുടെ നേതൃത്വത്തിൽ ഇന്ത്യ-കാനഡ ബന്ധം വഷളാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

2023 സെപ്റ്റംബറിൽ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായത്. യുഎസ്- കാനഡ അതിർത്തിയിൽ അജ്ഞാതരുടെ വെടിയേറ്റ് ഹർദീപ് സിംഗ് നിജ്ജാർ മരിച്ചത്. ഇതോടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുമായി ട്രൂഡോ രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷക വിഭാഗ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിശ്വസനീയമായ ആരോപണത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണന്ന് അന്ന് ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞത്. അസംബന്ധമെന്ന് ട്രൂഡോയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നെങ്കിലും ട്രൂഡോയുടെ പ്രതികരണവും ഇന്ത്യയുടെ മറുപടിയും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. കാനഡയിലെ വാർഷിക ബജറ്റിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യൻ വിദ്യാർത്ഥികളാണ്. കാനഡുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അറുനൂറിലേറെ കനേഡിയൻ കമ്പനികളിലാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. കാനഡയിലുള്ള ഇന്ത്യയുടെ കയറ്റുമതി 410.97 കോടി ഡോളറാണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നു. 85.98 കോടി ഡോളറായിരുന്നു കാനഡ മുൻ വർഷങ്ങളിൽ ഇന്ത്യയിലേക്ക് നടത്തിയ പണ കൈമാറ്റമെന്ന് വേൾഡ് ബാങ്കിന്റെ കണക്കുകളും സൂചിപ്പിക്കുന്നു. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡിന് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യയിലുള്ളത്. വിപുലമായ ഇതത്രം വ്യവസായിക ബന്ധങ്ങളെ ആയിരുന്നു ട്രൂഡോയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയത്. കാർണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം കാനഡ വിദേശ ബന്ധങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

content summary: Mark Carney’s assumption of office as Canadian Prime Minister will signify a turning point in India-Canada relations

Leave a Reply

Your email address will not be published. Required fields are marked *

×