July 04, 2026 |
Share on

ഗാന്ധി പ്രതിമകളുടെ രാഷ്ട്രീയം

പ്രതിമ തകര്‍ത്താല്‍ തകരുന്നതല്ല ഗാന്ധി

ലോകപ്രശസ്ത ചിലിയന്‍ കവി നിക്കനോര്‍ പര (Nicanor Parra) ഒരിക്കല്‍ പറഞ്ഞത് അമേരിക്കയില്‍ സ്വാതന്ത്ര്യം ഒരു പ്രതിമ ആണെന്നാണ്. സാമ്രാജ്യത്വത്തിന്റെ ചെയ്തികള്‍ സൂചിപ്പിക്കാനാണ് കവി ഇങ്ങനെ പറഞ്ഞത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അവര്‍ക്ക് സമ്മാനം കിട്ടിയതാണെങ്കിലും അമേരിക്കയിലാണ് ഏറ്റവും അധികം പ്രതിമകള്‍ ഉള്ളത്. ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിയുടെ പ്രതിമകള്‍ കൂടുതല്‍ ഉള്ള രാജ്യം അമേരിക്കയാണ്. അവിടെ 13 ലധികം ഗാന്ധി സ്മാരകങ്ങള്‍ ഉണ്ട്. ഗാന്ധി ഒരിക്കല്‍ പോലും സന്ദര്‍ശിക്കാത്ത നാട്ടിലാണ് ഗാന്ധിയുടെ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളത് എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. ഗാന്ധിയന്‍ ജീവിതവും ആശയങ്ങളും സ്വാധീനിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ, രാജ്യത്ത് ഗാന്ധി സ്മാരകങ്ങള്‍ ഇല്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. വിവേചനം ഉള്ളിടത്ത് ഒക്കെ ഗാന്ധി ഇന്നും പ്രസക്തമാകുന്നത് ആ സമരശരീരം വലിയ സത്യം ഉത്പാദിപ്പിച്ചത് കൊണ്ടാണ്. അതിനാല്‍ ഇത്തരം ഇടങ്ങളില്‍ ഗാന്ധി സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഗാന്ധി ജീവിക്കും. പ്രതിമയായി പാര്‍ക്കുകളിലും പുസ്തകങ്ങളായി ലൈബ്രറികളിലും പ്രചോദനമായി വ്യക്തികളിലും ആശയങ്ങളായി സമൂഹത്തിലും ഗാന്ധി നിലകൊള്ളും. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ഗാന്ധി പ്രതിമകള്‍ ഒക്കെയും രാഷ്ട്രീയം സംസാരിക്കുന്നവയാണ്. ഈ കലാ നിര്‍മ്മിതികള്‍ പ്രധാനമായ ചരിത്രഘട്ടത്തെ അടയാളപ്പെടുത്തുന്നു.

gandhi statue

വലിയ പ്രതിമാ നിര്‍മ്മാണം രാഷ്ട്രങ്ങളുടെ സാംസ്‌കാരിക ശീലമാണ്. ഈ ശീലത്തിന് വലിയ ചരിത്രവും പ്രാധാന്യവും ഉണ്ട്. പുരാതന പിരമിഡുകള്‍ മുതല്‍ ആധുനിക വെങ്കല പ്രതിമകള്‍ വരെ ഉള്ള നീണ്ട ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവും, സാംസ്‌കാരിക അസ്തിത്വവും അധികാരത്തിന്റെ അടയാളവും ധീരസ്മരണകളും നിലനിര്‍ത്താന്‍ വേണ്ടിയാണ് ദേശരാഷ്ട്രങ്ങള്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത്. ഇത്തരം സ്മാരകങ്ങള്‍ പലപ്പോഴും സാമൂഹികമായ ഒരു ആസ്തിയാണ്. ചിലതെല്ലാം നുണകള്‍ സ്ഥാപിക്കാന്‍ നിര്‍മ്മിച്ചിട്ടുണ്ടാവാമെങ്കിലും ഗാന്ധി പ്രതിമകള്‍ അത്തരം ചരിത്ര നിരാസ്സത്തില്‍ നിന്നും വിമുക്തമാണ്. കാരണം പ്രതിമയായിരിക്കുമ്പോഴും സംസാരിക്കുന്ന പ്രതിഭാസമാണ് ഗാന്ധി.

ആശയങ്ങള്‍ പോലെ തന്നെ സൗമ്യവും മിനുസവും ഉള്ളതാണ് ഗാന്ധി പ്രതിമകളില്‍ മിക്കതും. ഈ പ്രസ്താവനയ്ക്ക് അപവാദമായി നില്‍ക്കുന്നത് രാം കിങ്കര്‍ ബെയ്ജ്, സിമന്റില്‍ തീര്‍ത്ത ഗാന്ധി പ്രതിമയാണ്. ഇന്ത്യയില്‍ മറ്റൊരു ഗാന്ധി ശില്പത്തിനും ഇല്ലാത്ത ഒരുതരം പരുക്കന്‍ ഭാവം ശാന്തിനികേതനിലെ ഗാന്ധി ശില്പത്തിനുണ്ട്. ഗാന്ധിയുടെ ജീവിതത്തിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്ന ഒരു ശില്പമായാണ് ഇത് ഭാവന ചെയ്തത്.

ഗാന്ധിപ്രതിമയുടെ ഇടതുകൈയിലെ ഉപ്പുപൊതി കണ്ട്, ദണ്ഡിയാത്രയുടെ ശില്പാവിഷ്‌ക്കാരമാണ് എന്ന് പറയാറുണ്ടെങ്കിലും വലിയ കലാനിരൂപകര്‍ക്ക് മറിച്ചൊരു അഭിപ്രായവും ഉണ്ട്. ഇന്ത്യയിലും പുറത്തുമുള്ള പ്രധാനപ്പെട്ട കലാനിരൂപകര്‍ പറയുന്നത് നവഖലിയില്‍ 1946 ല്‍ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം, ഗാന്ധിയും സംഘവും നടത്തിയ നവഖലി യാത്രയെക്കൂടി ആവിഷ്‌ക്കരിക്കുന്നതാണ് ഈ ശില്പം എന്നാണ്.

ശില്പത്തിലെ ഗാന്ധിയുടെ നീട്ടിവെച്ച വലംകാല്‍പ്പാദത്തിന് താഴെ, ഒരു തലയോട്ടി ശില്പിയായ രാം കിങ്കര്‍ നിര്‍മ്മിച്ചു വെച്ചത് ഈ ചരിത്ര സന്ദര്‍ഭത്തെ എക്കാലത്തേക്കുമായി അടയാളപ്പെടുത്താന്‍ ആണ് പോലും. ദണ്ഡിയാത്രയ്ക്കും നവഖലിയാത്രയ്ക്കുമിടയില്‍ ഗാന്ധിയുടെ രാഷ്ട്രീയശരീരം പറയാന്‍ ശ്രമിച്ചത് ഈ ശില്പാവിഷ്‌കാരത്തില്‍ സൂക്ഷ്മമായി കൊത്തിവെച്ചിട്ടുണ്ട്. പൊതുവേ രാം കിങ്കര്‍ ബെയ്ജിന്റെ ശില്പങ്ങള്‍ക്ക് വെറും തൃമാന സ്വഭാവമല്ല ഉള്ളത്. മറ്റൊരു കാഴ്ചയെ സാധ്യമാക്കുന്ന തരത്തിലാണ് ശില്പത്തിന്റെ ക്രാഫ്റ്റ്. ശില്‍പ്പത്തിലുള്ള വിടവിലൂടെ/ ദ്വാരത്തിലൂടെ പ്രകൃതിയെ കാണാം, മറ്റൊരു ശില്പം കാണാം. അദ്ദേഹത്തിന്റെ സാന്താള്‍ ഫാമിലി പോലുള്ള ശില്പങ്ങള്‍ ഈ അനുഭൂതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ശാന്തിനികേതനിലെ ഗാന്ധി പ്രതിമയിലും മറ്റൊരു കാഴ്ച നല്‍കുന്ന അനുഭൂതി ലഭിക്കുന്നു. ഗോഹത്തിയിലെ ഗാന്ധി മണ്ഡപം മൈതാനത്തിലുള്ള വെങ്കല പ്രതിമയും അദ്ദേഹം നിര്‍മ്മിച്ചതാണ്. ആധുനിക ഇന്ത്യന്‍ ശില്പ കലയുടെ പിതാവായി അറിയപ്പെടുന്ന രാം കിങ്കര്‍ ബെയ്ജ്, ഗോവ ഹാത്തിയില്‍ നിര്‍മ്മിച്ച ശില്പത്തിനും രാഷ്ട്രീയമാനമുണ്ട്. Walk alone… Walk അലോണ്‍. കൂടെ നടക്കാന്‍ ആരുമില്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കുക എന്ന ടാഗോര്‍ പ്രയോഗത്തെ അനുസ്മരിക്കുന്ന ഗാന്ധിയന്‍ സന്ദര്‍ഭത്തെ ഈ ശില്പം ഉള്‍ക്കൊള്ളുന്നു. നടക്കുന്ന അസ്വസ്ഥനായ ഗാന്ധിയുടെ ഭാവമാണ് അതിന്. ഇന്ത്യയിലൊട്ടാകെ ചെറുതും വലുതുമായ അനേകം ഗാന്ധിപ്രതിമകള്‍ ഉണ്ടെങ്കിലും തികച്ചും രാഷ്ട്രീയം സംസാരിക്കുന്ന, ഗാന്ധി ശില്പം ശാന്തി നികേതനിലേതാണ്. രാം കിങ്കറിന്റെ കൈകള്‍ വാര്‍ത്തെടുത്തത് ഒരു പരുക്കന്‍ രാഷ്ട്രീയയാഥാര്‍ത്ഥ്യത്തെയാണ്.

ലോകപ്രശസ്ത വനിതാ ശില്പി ക്ലാര ക്യൂന്‍ ഗാന്ധിയുടെ ഒരു പൂര്‍ണ്ണകായ പ്രതിമ ചെയ്തിട്ടുണ്ട്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധി ശില്പം 1946 ല്‍ ഗാന്ധിയെ നേരില്‍ കണ്ടുകൊണ്ടാണ് അവര്‍ ആവിഷ്‌കരിച്ചത്. വര്‍ദ്ധയിലെ ( wardha) സേവാഗ്രാമില്‍ വച്ചായിരുന്നു ശില്പ നിര്‍മ്മാണം. കളിമണ്ണില്‍ ആണ് ആദ്യം ചെയ്തത്. അതിന്റെ മോള്‍ഡ് എടുത്ത് ഇറ്റലിക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് വെങ്കലത്തില്‍ തീര്‍ത്തത്. 1969 ല്‍ വാഷിംഗ്ടണ്‍ ഡിസിയിലെ, സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നെ അമേരിക്കയില്‍ തന്നെയുള്ള ഗാന്ധി മെമ്മോറിയല്‍ സെന്ററില്‍ അനാച്ഛാദനം ചെയ്തു. നൂല്‍ നൂല്‍ക്കുന്ന രൂപത്തിലുള്ള ഗാന്ധിയുടെ ഏറ്റവും മനോഹരമായ ശില്പമാണിത്. ചര്‍ക്കയുടെ രാഷ്ട്രീയം സംസാരിക്കുന്ന പ്രതിമ. സ്വയം പര്യാപ്തതയുടെയും സാമൂഹ്യനീതിയുടെയും പ്രതീകമായ ചര്‍ക്ക ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രകാശനമായാണ് ഈ ശില്‍പത്തില്‍ സന്നിവേശിപ്പിച്ചത്. നാസികളുടെ പ്രതിഷേധത്തിന് ഇരയായ ശില്പിയാണ് ക്ലാര ക്യൂന്‍. അവര്‍ ചെയ്ത 34 യുദ്ധവിരുദ്ധ ശില്പങ്ങള്‍, ഹേഗിലുള്ള ( Hague ) പീസ് ഹൗസ് മ്യൂസിയത്തില്‍ ഉണ്ടായിരുന്നു. നാസികള്‍ ഈ ശില്പങ്ങളൊക്കെയും അടിച്ചു തകര്‍ത്തു. സമാധാനത്തിന്റെ ശില്പങ്ങള്‍ അക്രമത്തിനിരയായി. ക്ലാര ക്യൂന്‍ ഗാന്ധി ശില്പം ചെയ്തതിനുശേഷം ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആളായി മാറിയിരുന്നു. ഈ വിഷയത്തിലുള്ള അനേകം ശില്പശാലകളില്‍ ലോകമെമ്പാടും അവര്‍ പങ്കെടുത്തു. ഗാന്ധിയുടെ ശില്പം ചെയ്യുമ്പോള്‍ അവര്‍ എത്രമാത്രം ആ വ്യക്തിത്വത്തെ ഉള്ളറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് പിന്നീടുള്ള അവരുടെ ജീവിതം.

ഒരു വിവരാവകാശ രേഖ പ്രകാരം, നൂറോളം രാഷ്ട്രങ്ങളില്‍ ഗാന്ധിയുടെ പ്രതിമകള്‍ ഉണ്ടെന്നാണ് പറയുന്നത്. ജനീവയില്‍ ഉള്ള, യു എന്‍ ആസ്ഥാനത്ത് സമാധാനത്തിന്റെ പ്രതീകമായി ഇരിക്കുന്ന ഗാന്ധി ഉണ്ട്. പ്രതിമ നില്‍ക്കുന്ന തറക്കല്ലില്‍ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നെഴുതിയിരിക്കുന്നു. സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലും, മൂന്നുവര്‍ഷം (1888 – 1891) നിയമ വിദ്യാര്‍ത്ഥിയായി ചിലവഴിക്കുകയും പലവട്ടം സന്ദര്‍ശിക്കുകയും ചെയ്ത ഇംഗ്ലണ്ടിലും, സ്ഥാപിതമായ ഗാന്ധി പ്രതിമകള്‍ക്ക് സമാധാനത്തിന്റെ കഥ മാത്രമല്ല പറയാനുള്ളത്, വിദ്വേഷത്തിന്റെ ഓര്‍മ്മയും അത് പേറുന്നുണ്ട്. ഈ രണ്ടിടങ്ങളിലും ഗാന്ധി പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

ജോഹന്നാസ് ബര്‍ഗിലെ ഗാന്ധി സ്‌ക്വയറിലുള്ള പ്രതിമയ്ക്ക് യുവാവായ ഗാന്ധിയുടെ രൂപമാണ്. ബാരിസ്റ്റര്‍ വേഷത്തില്‍ നില്‍ക്കുന്ന പ്രതിമയാണിത്. 2021ല്‍, ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് പാര്‍ട്ടിയിലെ പ്രക്ഷോഭകാരികള്‍ ഈ പ്രതിമ തകര്‍ത്തു. ഗാന്ധി തന്റെ സൗത്ത് ആഫ്രിക്കന്‍ ജീവിതകാലത്ത് വംശീയവാദിയും കറുത്ത വര്‍ഗ്ഗക്കാരോട് വിവേചനം വെച്ചുപുലര്‍ത്തിയിരുന്നു എന്നും ആരോപിച്ചായിരുന്നു പ്രക്ഷോഭം. ഈ പ്രതിമ തകര്‍ത്തത് പരക്കെ അപലപിക്കപ്പെട്ടു. ഗാന്ധി കാപ്പിരി വിരുദ്ധന്‍ ( Anti – black) ആയിരുന്നില്ല. ആഫ്രിക്കയിലെ ഗാന്ധിയുടെ സമരപൈതൃകം സങ്കീര്‍ണ്ണവും ബഹുമുഖവും ആണെങ്കിലും അവിടുത്തെ ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടിരുന്നു. ഈ ചരിത്രം മായ്ച്ചുകളയാന്‍ വേണ്ടിയാണ് പ്രതിമ തകര്‍ത്തത് എന്നായിരുന്നു ലോക നേതാക്കളുടെ അക്കാലത്തെ പ്രസ്താവനകള്‍. ഈ സംഭവത്തോട് കൂടി ഗാന്ധിയുടെ ഓര്‍മ്മകള്‍ സൗത്ത് ആഫ്രിക്കയില്‍ കൂടുതല്‍ ദൃഢമാവുകയാണ് ഉണ്ടായത്. പ്രതിമ അറ്റകുറ്റപ്പണികള്‍ നടത്തി പുനഃസ്ഥാപിക്കപ്പെട്ടു. പ്രതിമ തകര്‍ത്താല്‍ തകരുന്നതല്ല ഗാന്ധി.

Mahathma gandhi

ഇംഗ്ലണ്ടിലെ ആദ്യത്തെ ഗാന്ധി പ്രതിമ സ്ഥാപിക്കപ്പെട്ടത് 1968 ആണ്. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ (Tavistock Square) ഫ്രെഡ ബ്രില്യന്റ് ( Fredda Brilliant ) ആണ് ശില്പി. ചിന്താവിഷ്ടനായ ഗാന്ധി ഭാവമുള്ള പ്രതിമയാണിത്. പോര്‍ട്ട്‌ലാന്‍ഡ് കല്ലുകൊണ്ട് നിര്‍മ്മിച്ച സ്തംഭപാദത്തിന് മുകളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജന്മശതാബ്ദിയോട് അനുബന്ധിച്ച് സ്ഥാപിച്ച ഈ പ്രതിമ ഒരു പോറലുമേല്‍ക്കാതെ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ലണ്ടനില്‍ തന്നെ സ്ഥാപിച്ച രണ്ടാമത്തെ പ്രതിമ 2020 ല്‍ തകര്‍ക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭം നയിക്കാനായി ഗാന്ധി ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് സ്‌ക്വയറില്‍ സ്ഥാപിച്ച ഈ പ്രതിമ പ്രക്ഷോഭത്തിന് ഇടയിലാണ് വികൃതമാക്കപ്പെട്ടത്. 2020ല്‍ ജോര്‍ജ് ഫ്‌ലോയ്ഡ് സമരാനുകൂലികള്‍ ആണ് പ്രതിമ കേടുവരുത്തിയത്. പ്രതിമക്ക് മുകളില്‍ വംശീയവാദി എന്ന് അവര്‍ പെയിന്റ് കൊണ്ട് എഴുതിവെച്ചു. ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനും ഗാന്ധിയന്‍ ഫിലോസഫി ആയ അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കാനും ഉദ്ദേശിച്ചാണ് ഈ പ്രതിമ ജനകീയ ധനസമാഹരണത്തിലൂടെ, ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റ് പണികഴിപ്പിച്ചത്. ഫിലിപ്പ് ജാക്‌സണ്‍ ആണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. 9 അടി നീളമുള്ള ഈ വെങ്കലപ്രതിമ സമാധാനത്തിന്റെയും സഹോദരത്തിന്റെയും പ്രതീകമായി തകര്‍ക്കലിന് ശേഷവും നിലകൊള്ളുന്നു. ഗാന്ധി വംശീയവാദി ആണെന്ന് ആരോപണം ഉന്നയിച്ച് ഗാനയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും ഒരു പൂര്‍ണ്ണകായ പ്രതിമ നീക്കം ചെയ്തിരുന്നു. അത് പിന്നീട് ഗാനയിലെ തന്നെ മറ്റൊരിടത്ത് സ്ഥാപിക്കുകയാണുണ്ടായത്.

പാര്‍ലമെന്റ് അമ്പലമാവുകയും അമ്പലം പാര്‍ലമെന്റ് ആവുകയും ചെയ്യുന്ന അശ്ലീലമായ ഒരു രാഷ്ട്രീയം പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റിന്റെ മുന്നിലും ഗാന്ധി പ്രതിമ ഉണ്ട്. ദളിത് ശില്പി രാം സുതാര്‍ ( Ram Sutar ) നിര്‍മ്മിച്ച പതിനാറടി വലിപ്പമുള്ള പ്രതിമ ജനാധിപത്യത്തിന് കാവല്‍ ഇരിക്കുന്നതായി ഈ കെട്ടകാലത്ത് സങ്കല്‍പ്പിക്കാവുന്നതാണ്.

കര്‍ണാടക നിയമസഭയുടെ വളപ്പിലും ഇതേ പ്രതിമയുടെ തനിസ്വരൂപം സ്ഥാപിച്ചിട്ടുണ്ട്. 27 അടി വലിപ്പമുള്ള ഈ പ്രതിമ കാലുമടക്കി ഇരിക്കുന്ന സ്ഥിതിയിലുള്ള ഗാന്ധിയുടെ, ഏറ്റവും വലിയ ശില്പാവിഷ്‌കാരമാണ്. രാം സുതാര്‍ തന്നെയാണ് ഈ ശില്പവും നിര്‍മ്മിച്ചത്.

ബീഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗാന്ധിയുടെ പങ്ക് ഒരു ഇന്ത്യക്കാരനും തള്ളിക്കളയാന്‍ ആവില്ല. ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ ബീഹാറില്‍ ആണുള്ളത്.പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍. 72 അടിയുള്ള ഈ ഗാന്ധി ശില്പവിസ്മയം തീര്‍ത്തത് രാം സുതാര്‍ തന്നെയാണ്. ഗാന്ധി സന്തോഷത്തോടെ രണ്ടു കുട്ടികളെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ശില്പമാണിത്. ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നാല് വഴിത്തിരിവുകളാണ് ഈ ശില്‍പ്പത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ചമ്പാരന്‍ സത്യഗ്രഹം ( 1917) ദണ്ഡി യാത്ര ( 1930), ക്വിറ്റ് ഇന്ത്യ സമരം ( 1942), ചര്‍ക്ക സമരായുധമായത്. പുഞ്ചിരിക്കുന്ന ഈ ഗാന്ധിശില്പത്തില്‍ ലോകസമാധാനത്തിന്റെ ആഹ്വാനം ഉണ്ട്. ചരിത്രസത്യങ്ങളും സമാധാനത്തിന്റെ രാഷ്ട്രീയവും സംസാരിക്കുന്ന ഈ ശില്പം പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിന്റെ സ്വപ്നവും പങ്കുവെക്കുന്നുണ്ടെന്നാണ് കലാ നിരൂപകള്‍ പറയുന്നത്.

രാഷ്ട്രീയ ഭാവന മാറുമ്പോള്‍ പ്രതിമകളുടെ രാഷ്ട്രീയം പ്രതിലോമകരമായി തീരാനുള്ള സാധ്യത ഏറെയാണ്,  എന്നിരുന്നാലും പ്രതിമയായിരിക്കുമ്പോഴും ഗാന്ധി സമരശരീരമായിരിക്കുന്നു എന്നതാണ് ഗാന്ധിയന്‍ പ്രത്യയശാസ്ത്രം ചരിത്രത്തില്‍ നിന്നും പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം.The politics of gandhi statues

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: The politics of gandhi statues

Leave a Reply

Your email address will not be published. Required fields are marked *

×