UPDATES

കേരളം

ആഗോള മാധ്യമ പുസ്തക പുരസ്‌കാരം ജോസി ജോസഫിന്

ജോസി ജോസഫിന്റെ ‘ നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം

                       

കേരളീയരായ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമി യുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’ (ദി സൈലന്റ് കൂ-The Silent Coup – A History of Deep State in India) എന്ന പുസ്തകം അര്‍ഹമായി.

50,000/ രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 25 ന് എറണാകുളത്ത് അന്തര്‍ദേശീയ മാധ്യമോത്സവ വേദിയില്‍ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, എന്‍.ഇ. സുധീര്‍, ഡോ.മീന ടി.പിള്ള, എന്നിവരായിരുന്നു അന്തിമ ജഡ്ജിങ് കമ്മിറ്റിയില്‍. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഇംഗ്ളീഷിലോ മലയാളത്തിലോ പ്രസിദ്ധീകരിച്ച മാധ്യമ സംബന്ധമായ കൃതികളെയാണ് പരിഗണിച്ചത്. 56 പുസ്തകങ്ങളില്‍ നിന്നും അഞ്ചംഗ ജൂറി നിര്‍ദേശിച്ച ചുരുക്കപ്പട്ടികയില്‍ നിന്നാണ് പുരസ്‌കാര ഗ്രന്ഥത്തെ തിരഞ്ഞെടുത്തത്.

നിശ്ശബ്ദ അട്ടിമറി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢ സ്റ്റേറ്റിന്റെ ചരിത്രം എന്ന ജോസി  ജോസഫിന്റെ കൃതി നീതി വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ശബ്ദമാണെന്ന് ജൂറി വിലയിരുത്തി.

ഭരണകൂടരാഷ്ടീയത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ക്കായി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നമ്മുടെ രാജ്യത്ത് നടത്തിവരുന്ന രഹസ്യപ്രവര്‍ത്തനങ്ങളപ്പറ്റി വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പുസ്തകമാണ് The Silent Coup – A History of Deep State in India. പോലിസ് , ഇന്റലിജന്‍സ്. സിബിഐ, ദേശീയ സുരക്ഷാ ഏജന്‍സി , ദീകരവിരുദ്ധ സ്‌ക്വാഡ് തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികളും ഇന്‍കം ടാക്‌സ്, എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളും ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങളാണ് ജോസിയുടെ പുസ്തകത്തിന്റെ വിഷയം. ജനാധിപത്യത്തെ സംരക്ഷിക്കുവാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത്തരം സംവിധാനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നത് എന്ന് പുസ്തകം കണ്ടെത്തുന്നു. ഇവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ഭരണകൂട താല്പര്യങ്ങളെ സംരക്ഷിക്കുവാനാണ്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യയില്‍ നടന്നിട്ടുള്ള ഒട്ടുമിക്കവാറും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും, സാമ്പത്തിക കുംഭകോണങ്ങള്‍ക്കും ഒക്കെ പുറകില്‍ ഇത്തരം ഏജന്‍സികളുടെ നിശ്ശബ്ദ പ്രഹരങ്ങള്‍ അടിസ്ഥാനമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ജോസി ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നത്. സംസ്ഥാന തലത്തിലുള്ള ജനാധിപത്യ സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നതിലും വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും നിശ്ശബ്ദമാക്കുന്നതിലും ഇവരുടെ നീക്കങ്ങളുണ്ട്. ഇതിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഗ്രന്ഥകാരന്‍ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ചിത്രം ഭയപ്പെടുത്തുന്ന ഒന്നാണ്. അന്വേഷണാത്മകമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ രചന . ഇംഗ്ലിഷില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മലയാളിയായ ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തമാണ് ഇത്. A Feast of Vultures ആണ് ആദ്യ പുസ്തകം.

മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share on

മറ്റുവാര്‍ത്തകള്‍