നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ സിനിമയിലെ താരങ്ങളെയും, അവരുടെ കലാപാരമ്പര്യത്തെയും ഫോക്കസ് ചെയ്യുന്ന ഡോക്യുമെന്ററികള്‍ കൂടുതലായി ചെയ്തു വരികയാണ്. രാജമൗലിയും, യാഷ് ചോപ്രയും, വന്നു. ഇപ്പോള്‍ ‘ദി റോഷന്‍സ്” ആണ് സെന്‍സേഷന്‍. എളുപ്പത്തില്‍ മനസ്സിലാവാന്‍ ഋതിക് റോഷന്‍ ഫാമിലി എന്ന് പറയാം.the story of eight decades of the Roshan family
1940 കളില്‍ നിന്ന് തുടങ്ങുന്ന ചരിത്രം. ഋതിക്കിന്റെ അപ്പൂപ്പനായ, റോഷന്‍ ലാല്‍ നഗരത് പഞ്ചാബിലെ എല്ലാ സുഖസൗകര്യങ്ങളുമുള്ള വീട് വിട്ട് ആദ്യം ദില്ലിയിലും, പിന്നെ സിനിമ തേടി ബോംബെയിലും എത്തിപ്പെട്ട കഥ. സംഗീതമായിരുന്നു റോഷന്‍ ലാലിന് എല്ലാം. പക്ഷെ എന്ത് ചെയ്താലും തുടക്കത്തില്‍ ശ്രദ്ധിക്കപ്പെടുകയോ പ്രസിദ്ധി ലഭിക്കുകയോ ചെയ്യാത്ത ഒരു ദുര്‍വിധി ഉണ്ട് റോഷന്‍ കുടുംബത്തിന്. എവിടെയോ ഒരു രാശിക്കുറവ്. പിന്നെ, ഇടിച്ചുകയറി മുന്നേറാനുള്ള മടി. ചെയ്യുന്ന കലയോടായിരുന്നു പ്രേമവും ആത്മാര്‍ത്ഥതയും. അക്കാലത്ത് റോഷന്‍ ലാലിന്റെ ശോക ഗാനങ്ങള്‍ പാടാത്ത ഗായകര്‍ ഉണ്ടായിരുന്നില്ല. റാഫിയും, മുകേഷും, തലത് മഹ്‌മൂദും, കിഷോറും, മന്നാഡെയും, ലത മങ്കേഷ്‌ക്കറും, ആശ ബോസ്ലെയും, പ്രശസ്തരായ മറ്റ് ഗായകരും 60-കളുടെ പകുതി വരെ റോഷന്റെ പാട്ടുകള്‍ പാടി. റോഷന്റെ ഭാര്യ ഇറയും പാട്ടുകാരിയായിരുന്നു. പല ഹിറ്റുകളും പിറന്നു. അദ്ദേഹത്തിന്റെ ഖവാലികളും പ്രശസ്തമാണ്. റേഡിയോഗ്രാമിന് ചുറ്റും ഇരുന്നു ആളുകള്‍ അത് ആസ്വദിച്ചു. ആ ഓര്‍മ ഷാരൂഖ് ഖാനും പങ്കുവെക്കുന്നുണ്ട്. രാകേഷ് റോഷന്റെ ഓര്‍മയില്‍ ചില വരികള്‍ ഒരു ദിവസം മുഴുവനും ട്യൂണ്‍ ചെയ്തിരുന്ന ബാബയുണ്ട്. രാജേഷ് റോഷനെ പിടിച്ചിരുത്തി സംഗീതോപകരണങ്ങള്‍ വായിപ്പിച്ചു. അങ്ങനെ ഹിന്ദി സിനിമയിലെ റോഷന്റെ പിന്‍ഗാമിയായി രാജേഷ്. 75-ലെ ‘ജൂലിയിലെ’പാട്ടുകള്‍ മുതല്‍ 80കളും 90കളും ബോളിവുഡ് രാജേഷിന്റെ ഹിറ്റുകളെ ഏറ്റെടുത്തു. കൂടെ കോപ്പിയടിയുടെ വിമര്‍ശനവും വന്നു. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഉണ്ട് രാജേഷ്. സ്വന്തം കഥകള്‍ പറയുമ്പോള്‍ അയാളിലും ഒരു അപകര്‍ഷതാബോധം കാണാം. വിജയങ്ങളേക്കാള്‍ കൂടുതല്‍ തിരിച്ചടികള്‍ ബാധിച്ചപോലെ. അച്ഛന്‍ റോഷന്റെ പോലെ തന്നെ അംഗീകാരങ്ങള്‍ കുറഞ്ഞുപോയതിന്റെ വിഷമം. ആദ്യത്തെ രണ്ട് എപ്പിസോഡ് ഇവരുടെ കഥ പറയുന്നു.
അടുത്ത രണ്ട് എപ്പിസോഡുകളില്‍ റോഷന്‍ പാരമ്പര്യം – സിനിമ, അഭിനയം. ചുവന്നു തുടുത്തു ഇരിക്കുന്ന രാകേഷ് റോഷന് ചെറുപ്പത്തിലേ അഭിനയമോഹം ഉണ്ട്. ആദ്യം ഹിന്ദി സിനിമയിലെ അസിസ്റ്റന്റ് ആവുന്നു. അച്ഛന്റെ മരണശേഷം കുടുംബഭാരം ഉണ്ട്. വരുമാനം തുച്ഛമാണ്. 70കളും 80കളും രാകേഷിനെ അനവധി ഹിന്ദി സിനിമകളില്‍ സപ്പോര്‍ട്ടിങ് റോളുകളില്‍ കാണാം, രാകേഷിനും അതേ ദുര്‍വിധി. എത്ര കഷ്ടപ്പെട്ടാലും ഒരു ഗതി പിടിക്കുന്നില്ല. സിനിമകള്‍ പൊട്ടുന്നു. ഒട്ടും ശ്രദ്ധിക്കപ്പെടുന്നില്ല. അന്നത്തെ പ്രശസ്ത നിര്‍മാതാവായ ജെ ഓംപ്രകാശിന്റെ മകള്‍ പിങ്കിയുമായുള്ള വിവാഹം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നു. 80ല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആയ filmkraft വഴി രാകേഷ് നായകനായ ചിത്രങ്ങളുടെ പ്രശസ്തിയും അക്കാലത്തെ നായികമാരായ ജയപ്രദയും രേഖയുമൊക്കെ പങ്കിട്ടെടുക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതാനുള്ള രാകേഷിന്റെ കരുത്താണ് അയാളെ ഒരു സംവിധായകന്‍ ആക്കുന്നത്. ആദ്യ സംവിധാനത്തില്‍ 87ഇല്‍ ഇറങ്ങിയ khudgarz ആണ് രാകേഷിന്റെ ജാതകം മാറ്റുന്നത്. പുതിയ തീമുകളും ശൈലിയും രാകേഷിന്റെ സിനിമകളെ വിജയിപ്പിച്ചു. ‘കരണ്‍ അര്‍ജുന്‍’ ആണ് ഓര്‍മയില്‍ ഉള്ളത്. പക്കാ കമേഴ്സ്യല്‍. ഷാരൂഖിനെ കുറിച്ചും സല്‍മാന്‍ ഖാനെ കുറിച്ചും ഈ പടത്തോടനുബന്ധിച്ച് ചില രഹസ്യങ്ങള്‍ ഡോക്യുമെന്ററി പങ്കുവയ്ക്കുന്നുണ്ട്.
‘ക’ യില്‍ നിന്ന് തുടങ്ങുന്ന രാകേഷ് റോഷന്‍ ചിത്രങ്ങള്‍ ഇതുവരെ മാറിനിന്ന പണവും, പ്രശസ്തിയും പദവിയുമൊക്കെ കൊണ്ടുവരുന്നു. 2000 ല്‍ മകനായ ഋതിക് റോഷനെ Kaho Naa… Pyaar Hai-ലൂടെ അവതരിപ്പിക്കുന്നു. റോഷന്‍ ഫാമിലിയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ പിറവിയെടുക്കുന്നു. ഗ്രീക്ക് ഗോഡ് ലുക്കുള്ള പുതിയ ഹീറോക്ക് ഇന്ത്യ മുഴുവന്‍ ഫാന്‍സ് ഉണ്ട്. ബോളിവുഡില്‍ 25 വര്‍ഷം തികയ്ക്കുന്ന ഋതിക്കിലേക്ക് വരുമ്പോഴും ഇതേ ഉയര്‍ച്ച താഴ്ചകള്‍ കാണാം. അടുത്ത കാലത്തൊന്നും ഋതിക്കിന് ഹിറ്റുകള്‍ ഇല്ല. ഒരു ഉള്‍വലിവും ഉണ്ട്. റോഷന്‍ കുടുംബത്തെ പിന്തുടരുന്ന വിധിയില്‍ അയാളും പെട്ട പോലെ.
‘ദി റോഷന്‍സ്’ റോഷന്‍ ഫാമിലിയെ പോലെ തന്നെ അത്ര ‘ഓപ്പണ്‍’ അല്ല. ഒരു ബാലന്‍സ്ഡ് സമീപനം ആണ് കാര്യങ്ങളോട്. കൃത്യമായ അതിര്‍വരമ്പുകള്‍ ഉണ്ട് ഈ ഡോക്യൂമെന്ററിക്ക്. ബോളിവുഡിലെ താര കുടുംബങ്ങള്‍ എല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ആരും ഒന്നും വിട്ടു പറയുന്നില്ല. സെല്‍ഫ് പ്രൊമോഷന്റെ കുറവാണ് റോഷന്‍സിന്റെ പ്രശ്‌നം എന്ന മട്ടാണ്. രാകേഷിന്റെ വധശ്രമം ചിത്രീകരിച്ചത് നല്ല ബോറാണ്. വിമര്‍ശനങ്ങളെ പറ്റി പറയുന്നേ ഇല്ല.
നന്നായി തോന്നിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതലുള്ള ഹിന്ദി സിനിമയിലെ റോഷന്റെ പാട്ടുകളും, അവയുടെ വിഷ്വല്‍സും, സംഗീതശൈലിയും, ആശ ഭോസ്ലെ പോലുള്ള പഴയ പാട്ടുകാരുടെ ഓര്‍മകളും മറ്റുമാണ്. നമുക്ക് തീര്‍ത്തും അന്യമായ ഒരു കാലം. പുതിയ അറിവുകള്‍. രാജേഷിന്റെ പാട്ടുകളിലൂടെയും, രാകേഷിന്റെ സിനിമകളിലൂടെയും തുടര്‍ന്നും പാട്ടുകളും, ഷൂട്ടിങ്ങ് കഥകളും, കാണാം. റോഷന്‍ കുടുംബത്തിന്റെ മൂന്നുതലമുറകള്‍, അവരുടെ സ്വന്തം പ്രൊഡക്ഷനിലൂടെ അവരുടെ കഥ പറയുന്നു. നമ്മള്‍ അറിയേണ്ടതാണ് എന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ മാത്രം. അതുകൊണ്ടാവാം ഡോക്യുമെന്ററി സംവിധായകനായ ശശി രഞ്ജന് കൂടുതല്‍ റോള്‍ ഒന്നും കാണുന്നില്ല. നാലാമത്തെ തലമുറയായ ഋതിക്കിന്റെ മക്കള്‍ക്കും സംഗീതമുണ്ട് എന്ന് കാണിച്ചു നിര്‍ത്തുന്നു. ശുഭം.the story of eight decades of the Roshan family
Content Summary: the story of eight decades of the Roshan family