2002 ഫെബ്രുവരി 27ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റിലും ജില്ല കളക്ടര്‍ ജയന്തി രവി സംഭവസ്ഥലത്തും ‘അപകടം’ എന്ന് വിശേഷിപ്പിച്ച ഗോധ്ര തീവണ്ടി ദുരന്തം എങ്ങനെ പിന്നീട് മുസ്ലിം തീവ്രവാദികള്‍ നടത്തിയ ആക്രമണം ആയി മാറി. ഇപ്പോള്‍ എമ്പുരാന്‍ എന്ന സിനിമയിറങ്ങിയ ശേഷം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എവിടെ നിന്നാണ് ഈ സംഭവത്തെ കുറിച്ചുള്ള ആഖ്യാനത്തില്‍ മാറ്റമുണ്ടായത്, ആരാണ് അതിന് പാകത്തിന് അന്വേഷണം നടത്തിയത് എന്ന് നമ്മളറിയറിയേണ്ടതുണ്ട്.
നരേന്ദ്ര മോദി ഗോധ്ര കൂട്ടക്കൊല അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി.ഐ.ഡി) (ക്രൈം ആന്‍ഡ് റെയില്‍വേസ്) ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി)യായി 1984 ബാച്ച് ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയെ നിയമിക്കുകയാണ് ചെയ്തത്. ഗുജറാത്ത് കേഡര്‍ ഐ.പി.എസുകാരനായ, ബിഹാര്‍ (ജാര്‍ഖണ്ഡ്) സ്വദേശിയായ രാകേഷ് അസ്താന അക്കാലത്ത് സംഘപരിവാറിന് സ്വീകാര്യനാകുന്നത് ഇടക്കാലത്ത് സ്വന്തം സ്റ്റേറ്റില്‍ സര്‍വ്വീസ് ചെയ്യുമ്പോള്‍ ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണത്തില്‍ കുടുക്കി എന്നത് കൊണ്ടായിരുന്നു. ബാബ്രിപള്ളി പൊളിക്കുന്നതിനുള്ള ആഹ്വാനവുമായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയെ ബിഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് അറസ്റ്റ് ചെയ്തത് മുതല്‍ സംഘപരിവാറിന്റെ കടുത്ത ശത്രുവായിരുന്നു ലാലു. ലാലുപ്രസാദിന്റെ രാഷ്ട്രീയ മുന്നേറ്റത്തെ തടഞ്ഞ, രണ്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറവും വേട്ടയാടുന്ന കാലിത്തീറ്റ കുംഭകോണം പുറത്ത് കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നത് രാകേഷ് അസ്താനയുടെ ജീവിതത്തിലെ പ്രധാന നേട്ടമായിരുന്നു.
എന്തായാലും കാലിത്തീറ്റ കുംഭകോണമല്ല, അസ്താനയുടെ ജീവിതം മാറ്റി മറച്ചത് ഗോധ്ര തീവണ്ടി ദുരന്തത്തെ കുറിച്ചുള്ള അന്വേഷണമാണ്. മുഖ്യമന്ത്രി മോദി പ്രഖ്യാപിച്ചത് പോലെ മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആക്രമണമായി മാറി 2002 ഫെബ്രുവരി 27ന് വൈകുന്നേരത്തോടെ ഗോധ്ര ദുരന്തം. അന്വേഷങ്ങളുടെ പിന്തുണയൊന്നുമില്ലാതെ മോദി പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ കൈകളുണ്ട് ഇതിന് പുറകില്‍ എന്ന് പ്രഖ്യാപിക്കുകയും സബര്‍മതി ട്രെയില്‍ സ്റ്റേഷന്‍ വിട്ട് നിര്‍ത്തിയ, എസ്.ആറ് കമ്പാര്‍ട്ട്മെന്റില്‍ തീ പടര്‍ന്ന പ്രദേശമായ ഗോധ്രയിലെ സിഗ്നല്‍ ഫാലിയ എന്ന പ്രദേശത്തെ മുസ്ലീം വീടുകളും കടകളും പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. അസ്താന അന്വേഷണം ഏറ്റെടുത്തതോടെ ആ പ്രദേശത്തുള്ള മുസ്ലീം ചെറുപ്പക്കാരെല്ലാം കേസില്‍ പ്രതികളായി. ഇതേ കുറിച്ച് ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:
‘ഗോധ്ര തീവണ്ടി ദുരന്തം മുന്‍കൂര്‍ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമാണ് എന്ന മുന്‍കൂര്‍ നിശ്ചയത്തോടെ തന്നെ രാകേഷ് അസ്താനയുടെ സംഘം ഈ കേസ് അന്വേഷിച്ചു. പ്രധാന പ്രതികള്‍ മാത്രം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. ആദ്യം അത് ഐ.എസ്.ഐ ആയിരുന്നു. പിന്നെ സിമിയായി. ഇടയ്ക്കിടെ മയക്ക് മരുന്ന ഭീകരസംഘങ്ങളില്‍ വരെ അവര്‍ കുറ്റമാരോപിച്ചു. അഹ്‌മദാബാദിലെ സബര്‍മതി ജയിലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിയില്‍ ഗോധ്രക്കേസിലെ വിചാരണ ആരംഭിച്ചു. പ്രതികള്‍ക്കെതിരെ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തുക പോലും ചെയ്തില്ല. പക്ഷേ ഗൂഢാലോചന കുറ്റം നിലനിന്നു. ഗൂഢാലോചന സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുവെങ്കിലും 94 പ്രതികളില്‍ 63 പേരേയും -ഈ കേസിലെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെട്ടിരുന്ന മൗലവി ഹുസൈന്‍ ഇബ്രാഹിം ഉമര്‍ജി അടക്കം-വിചാരണക്കോടതി വെറുതെ വിട്ടു.

അപ്പോഴേയ്ക്കും ഉമര്‍ജി എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. മാത്രമല്ല, കോടതികളില്‍ വളരെ പ്രധാനപ്പെട്ട പല രേഖകളും അദ്ദേഹം ഹാജറാക്കുകയും ചെയ്തു. ഏതെങ്കിലും മുസ്ലീംമതതീവ്രവാദ സംഘടനാംഗമല്ല അദ്ദേഹമെന്നും കലാപക്കാലത്ത് പോലും സംസ്ഥാന ഭരണകൂടം വിശ്വസിച്ചിരുന്നയാളാണെന്നും തെളിയിക്കുന്നവയായിരുന്നു അത്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം വിശ്വസിച്ചേല്‍പ്പിച്ച ഒരേയൊരു മുസ്ലീം സമുദായ നേതാവായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച സമാധാനയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. എന്തിന് തീവണ്ടി കത്തിയ സംഭവത്തില്‍ പരസ്യമായി മാപ്പ് പറയുക പോലും അദ്ദേഹം ചെയ്തു. 2003 ഫെബ്രുവരിയിലാണ് അദ്ദേഹം അറസ്റ്റിലായത്. 2002 ഏപ്രിലില്‍ വാജ്പേയിയുടെ ഗോധ്ര സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയെ പരിഹസിച്ചതിനാണ് തന്നെ കുടുക്കിയത് എന്ന് ഉമര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പറഞ്ഞു. ആ സന്ദര്‍ശന സമയത്ത് ഗോധ്ര പ്രദേശത്തെ മുസ്ലീങ്ങളെ കേസില്‍ കുടുക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് ഒരു നിവേദനം അദ്ദേഹം സമര്‍പ്പിച്ചിരുന്നു. വാജ്പേയി അദ്ദേഹത്തോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഉമര്‍ജി മോഡിയെ നോക്കി പരിഹാസ രൂപേണ മുഖ്യമന്ത്രിക്ക് കൂടുതല്‍ വിശദമായി കാര്യങ്ങളറിയാം എന്ന് പറഞ്ഞു. (31)
സൂത്രധാരനെ വെറുതെ വിടുമ്പോള്‍ തന്നെ ഗൂഢാലോചന സിദ്ധാന്തത്തെ കോടതികള്‍ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ ഇവിടെ അത് സംഭവിച്ചില്ല. കോടതി വിധിയില്‍ രണ്ട് വസ്തുതകള്‍ വേറിട്ട് നില്‍ക്കുന്നുണ്ട്. അസ്താനയുടെ സംഘം പറയുന്നത് അനുസരിച്ച് രണ്ട് മുസ്ലീങ്ങളാണ് തീവണ്ടി ഗോധ്ര സ്റ്റേഷവിട്ടയുടനേ അപായചങ്ങല വലിച്ച് നിര്‍ത്തിയത്. ഇരുവരും പക്ഷേ പ്രതികളല്ല, പ്രോസിക്യൂഷന്റെ സാക്ഷികളാണ്. വിചാരണ സമയത്ത് അവര്‍ കൂറുമാറിയെങ്കിലും അവരുടെ വിചാരണക്ക് മുമ്പുള്ള തെളിവ് നല്‍കലിനെ കോടതി മുഖവിലയ്ക്കെടുത്തു. തികച്ചും അസ്വസ്ഥജനകമായ രണ്ടാമത്തെ വസ്തുത പ്രോസിക്യൂഷന്‍ സാക്ഷികളും വി.എച്ച്.പി അംഗങ്ങളുമായ ഒന്‍പത് പേരുടേയും മൊഴി കോടതി അവിശ്വസനീയം എന്ന് ചൂണ്ടിക്കാണിച്ച് തള്ളിയിരുന്നുവെന്നാണ്. ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയായിരുന്നുവെന്ന ഭരണകൂടത്തിന്റെ വാദത്തിനെ പിന്തുണയ്ക്കാനായിരുന്നു പ്രോസിക്യൂഷന്റെ ഈ സാക്ഷികള്‍ എത്തിയത്. തിരികെ വരുന്ന കര്‍സേവകരെ സ്വീകരിക്കാനായി ഭക്ഷണപ്പൊതികളും പൂമാലകളുമായി സ്റ്റേഷനില്‍ പോയതായിരുന്നു തങ്ങളെന്നാണ് സാക്ഷികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെളുപ്പിന് 2.55ന് ഗോധ്രയിലെത്തേണ്ട തീവണ്ടി ആറുമണിക്കേ എത്തിച്ചേരുകയുള്ളൂ എന്ന് എങ്ങനെയാണ് നേരത്തേ മനസിലാക്കിയത് എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമുണ്ടായിരുന്നില്ല. തീവണ്ടിയുടെ വൈകിയോട്ടമറിയാന്‍ അന്നൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.’
ഇത്തരത്തിലുള്ള അന്വേഷണം അസ്താനയുടെ ജീവിതം തന്നെ മാറ്റി മറച്ചു. അതിന്റെ പ്രതിഫലങ്ങള്‍ 2021-ല്‍ ന്യൂഡല്‍ഹിയില്‍ പോലും നമുക്ക് കാണാം. സി.ബി.ഐ മേധാവിയെ പുറത്താക്കുന്നതില്‍ മുതല്‍ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള റ്റെലിവിഷന്‍ നാടകങ്ങളുടെ ആഖ്യാനം നിര്‍ണയിക്കുന്നതില്‍ വരെ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യത്തെ ഏറ്റവും പ്രബലനായ ഐ.പി.എസ് ഓഫീസര്‍മാരില്‍ ഒരാളായി അസ്താന സ്വയം പ്രതിഷ്ഠിച്ചു.
അസ്താനയ്ക്ക് നേരെയുയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് നിശബ്ദഅട്ടിമറി വിശദീകരിക്കുന്നു:
‘അഴിമതി സംബന്ധിച്ച ആരോപണങ്ങളും സ്വന്തം ഏജന്‍സി അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന വസ്തുതയും നിലനില്‍ക്കെ തന്നെ ഡല്‍ഹിയില്‍ അസ്താനയ്ക്ക് നല്ല വളര്‍ച്ചയുള്ള പ്രൊഫഷണല്‍ ജീവിതം സാധ്യമായി. മറ്റ് പലതിനുമിടയില്‍ 2016 ഡിസംബറില്‍ ഒരു പ്രത്യേക സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി അദ്ദേഹം ഏതാനും ആഴ്ചകള്‍ സി.ബി.ഐയുടെ ഇടക്കാല മേധാവി എന്ന പദവിയും വഹിച്ചു. ഒന്നാമതായി ആ സമയത്ത് പുതിയ സി.ബി.ഐ മേധാവിയെ നിശ്ചയിക്കുന്നതില്‍ അസാധാരണമായ കാലതാമസം വന്നു. അതുകൂടാതെ സി.ബി.ഐ മേധാവിയാകേണ്ട, ഏറ്റവും മുതിര്‍ന്ന ഓഫീസറെ ആഭ്യന്തരമന്ത്രാലയത്തില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം സൃഷ്ടിച്ച തസ്തികയിലേയ്ക്ക് മാറ്റി. ആ ഒക്ടോബറില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി അസ്താനയ്ക്ക് ജോലിക്കയറ്റം നല്‍കി സി.ബി.ഐയുടെ പ്രത്യേക ഡയറക്ടറാക്കാനുള്ള ശുപാര്‍ശ പരിഗണിക്കാന്‍ യോഗം ചേര്‍ന്നപ്പോള്‍ നിലവിലുള്ള മേധാവി അലോക് വര്‍മ്മ അതിനോടുള്ള വിയോജിപ്പ് രേഖാമൂലം അറിയിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള സന്‍ഡേസാര കമ്പിനിയില്‍ നിന്ന് മൂന്നരകോടി രൂപ ആസ്താന കൈക്കൂലി വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങളാണ് രേഖാമൂലം സമിതിക്ക് മുന്നാകെ അലോക് വര്‍മ്മ നല്‍കിയ വിവരങ്ങള്‍. സന്‍ഡേസാര കുടുംബവുമായി ആസ്താനയ്ക്കുണ്ടായിരുന്ന സൗഹൃദം വഡോദരയില്‍ രഹസ്യമൊന്നുമായിരുന്നില്ല. 2016-ല്‍ അവരുടെ ആഡംബര ഫാംഹൗസില്‍ സന്‍ഡേസാര കുടുംബം ആസ്താനയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ഒരു വലിയ സത്കാരം തന്നെ നടത്തിയിരുന്നു.
2011 ജൂണില്‍ ആദായനികുതി വകുപ്പും മറ്റ് ഏജന്‍സികളും സന്‍ഡേസാര ഗ്രൂപ്പിന്റെ രാജ്യത്തുള്ള വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകളില്‍ അവര്‍ വിവിധ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയ കൈക്കൂലികളുടേയും അമേരിക്ക, ദുബായ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള സംശയാസ്പദമായ ഇടപാടുകളുടേയും വിവരങ്ങളടങ്ങിയ നൂറുകണക്കിന് പേജുകളുള്ള രേഖകള്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിക്കുന്ന കൈക്കൂലികളുടേയും ഇടനിലകൂലികളുടേയും നിക്ഷേപം നടത്തുന്ന സ്ഥാപനമായും സന്‍ഡേസാര ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനും കയറ്റുമതി -ഇറക്കുമതി തുകകള്‍ സംബന്ധിച്ച രേഖകളില്‍ കൃത്രിമം കാണിച്ച് (ഓവര്‍/അണ്ടര്‍ ഇന്‍വോയ്സിങ്) വിവിധ രാജ്യങ്ങളിലേയ്ക്ക് അവര്‍ പണം നീക്കുകയും ചെയ്യുന്നുതിനും തെളിവുകള്‍ ലഭിച്ചു. ഈ തട്ടിപ്പ് വഴിമാത്രം 5000 കോടി രൂപയോളം അവര്‍ വിദേശരാജ്യങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ കണക്ക്. വിവിധ ബാങ്കുകളില്‍ നിന്ന് 5383 കോടി രൂപ തട്ടിയ ഒരു സംഘത്തിലും ഈ ഗ്രൂപ്പ് ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സന്‍ഡേസാര തട്ടിപ്പ് വഴിമാത്രം ഏതാണ്ട് 15000 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

2020 സെപ്തംബറില്‍, 2018-ല്‍ മോഡി സര്‍ക്കാര്‍ തന്നെ പാസാക്കിയ ഫുജിറ്റീവ് ഇക്ണോമിക് ഒഫന്‍ഡേഴ്സ് ആക്ട് (പാലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളെ സംബന്ധിച്ച നിയമം) നല്‍കുന്ന അധികാരങ്ങളുപയോഗിച്ച് ഡല്‍ഹി കോടതി സന്‍ഡേസാര സഹോദരന്മാരായ നിതിന്‍, ചേതന്‍ എന്നിവരേയും ചേതന്റെ ഭാര്യ ദീപ്തിയേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. മറ്റ് രണ്ട് പേരെ മാത്രമേ ഇതേ തരത്തില്‍ പിടികിട്ടാപ്പുള്ളികളായി അത് വരെ പ്രഖ്യാപിച്ചിരുന്നുള്ളൂ-വിജയ് മല്യയേയും നീരവ് മോഡിയേയും. ഈ സഹോദരന്മാരുമായുള്ള ബന്ധം അന്വേഷിച്ചറിയാന്‍ ഇ.ഡി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് പട്ടേലിന്റെ വസതിയിലെത്തുകയും അതൊരു മാധ്യമക്കാഴ്ചയാക്കി മാറ്റുകയും ചെയ്തു. അതേസമയം സന്‍ഡേസാര ഫയലുകളില്‍ പേരുണ്ടായിരുന്ന അസ്താനയേയോ മറ്റ് ഗുജറാത്ത് ഉദ്യോഗസ്ഥന്മാരേയോ കുറിച്ചന്വേഷിക്കാന്‍ ഇഡിയും സി.ബി.ഐയും യാതൊരു താത്പര്യവും കാണിച്ചില്ല.’
അഥവാ സന്‍ഡേസാര ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങിയതോ രാജ്യത്തെ കൊടും കുറ്റവാളികളും രാജ്യത്തെ സാമ്പത്തികമായി പറ്റിച്ചതിന് ശേഷം നാട് വിട്ട് പോയ പിടികിട്ടാപുള്ളികളുമായുള്ള ബന്ധമോ പിന്നീട് രാകേഷ് അസ്താനയ്ക്ക് സി.ബി.ഐയുടെ പ്രത്യേക ഡയറക്ടര്‍ എന്ന പദവിയിലേയക്ക്് എത്തുന്നതിന് തടസമായില്ല. അതിനെല്ലാം അസ്താന നന്ദി പറയുന്നത് ഗോധ്ര അന്വേഷണത്തോടാണ്. സി.ബി.ഐയുടെ മേധാവിയായിരുന്ന ആള്‍, ഒരു വര്‍ഷം അധിക സേവനവും ലഭിച്ച്, റിട്ടയര്‍ ആയിട്ടും കൈക്കൂലി കേസുകള്‍ അവസാനിച്ചിട്ടില്ല. പക്ഷേ മോദി ഭരണകാലത്ത് അതൊന്നും ഭയപ്പെടേണ്ട കാര്യങ്ങളല്ല.
അഹ്‌മ്മദാബാദ സ്ഥോടനവുമായി ഇന്ത്യന്‍ മുജാഹിദ്ദീനെ ബന്ധിപ്പിച്ചതിലും ഗുജറാത്തിലെ ലൈംഗികാക്രമണ കേസുകളിലും കൊലപാതകകേസുകളും ആരോപണ വിധേയനായിട്ടുള്ള ആള്‍ ദൈവം ആശാറാം ബാപ്പുവിന് എതിരെയുള്ള കേസുകള്‍ ലഘൂകരിച്ചതിലും രാകേഷ് അസ്താനയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. അങ്ങനെ നിറം പിടിപ്പിച്ച, ഡല്‍ഹിയില്‍ പ്രധാനമന്ത്രി പദവിയില്‍ മോദിയെത്തുമ്പോഴും ചുറ്റുമുള്ള, ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അസ്താന. ആ ജൈത്രയത്രയുടെ തുടക്കം ഗോധ്രയില്‍ നിന്നാണ്. The story of Rakesh Asthana’s service life, who investigated the Godhra train tragedy
Content Summary; The story of Rakesh Asthana’s service life, who investigated the Godhra train tragedy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.