ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അനുമതി നിരസിച്ച വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. മുൻ വിധിയിൽ ഒരു തെറ്റുമില്ലെന്നും യഥാർത്ഥ വിധി നിയമപ്രകാരമാണെന്നും മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ ഈ നിലപാട് LGBTQIA + പ്രവർത്തകർക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. സ്വവർഗവിവാഹം സംബന്ധിച്ച തീരുമാനത്തെ ചോദ്യം ചെയ്തുള്ള എല്ലാ പുനപരിശോധനാ ഹർജികളും തള്ളിയ കോടതി മുൻ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത്, ബി. വി നാഗരത്ന, പി.എസ് നരസിംഹ, ദീപാശങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായി അടിസ്ഥാനമില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു,
കഴിഞ്ഞ വർഷം ജൂലൈയിൽ, പൊതുതാൽപ്പര്യം കണക്കിലെടുത്ത് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് രവീന്ദ്ര ഭട്ട്, മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് കോഹ്‌ലി എന്നിവർ വിരമിച്ചതിന് ശേഷമാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്ന് സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു. സ്വവർഗ്ഗാനുരാഗികളായ ദമ്പതികൾക്ക് സ്വത്വം വെളിപ്പെടുത്തി പുറത്തുവരാൻ വിധി തടസമാകുമെന്നും സത്യസന്ധമല്ലാത്ത ജീവിതം നയിക്കാൻ പ്രേരിപ്പിക്കുമെന്നും പുനപരിശോധനാ ഹർജികളിൽ ഹർജിക്കാർ വാദിച്ചു .
2023 ഒക്ടോബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ പിന്തുണ നൽകാൻ വിസമ്മതിച്ചിരുന്നു. നിയമപ്രകാരം അംഗീകരിക്കപ്പെട്ട വിവാഹങ്ങൾ ഒഴികെയുള്ള മറ്റ് വിവാഹങ്ങൾ യോഗ്യതയില്ലാത്തതായി വിധിക്കുകയും ചെയ്തു.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിക്കുന്നതിൽ അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായി തീരുമാനം അംഗീകരിക്കുകയായിരുന്നു. അത്തരമൊരു യൂണിയനെ സാധൂകരിക്കുന്നതിനുള്ള നിയമം മാറ്റുന്നത് പാർലമെൻ്റിൻ്റെ പരിധിക്കുള്ളിലാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
മുൻ സി.ജെ.ഐ ചന്ദ്രചൂഡ് 247 പേജുള്ള പ്രത്യേക വിധി എഴുതിയപ്പോൾ ജസ്റ്റിസ് കൗൾ 17 പേജുള്ള വിധിന്യായം എഴുതി. ഒരു യൂണിയനിലെ അത്തരം ദമ്പതികളുടെ അവകാശങ്ങൾ വ്യക്തമാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുൻ സി.ജെ.ഐ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ വിധിയിൽ രേഖപ്പെടുത്തി.1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പരിഷ്കരിക്കാൻ കഴിയില്ലെന്ന് എല്ലാ ജഡ്ജിമാരും അഭിപ്രായപ്പെട്ടിരുന്നു.
Content Summary: The Supreme Court rejected the review petitions on same-sex marriage
same sex marriage Supreme Court