ആദ്യ നോവൽ മുതൽ ജയിൽവാസം വരെ; വിവാദങ്ങൾ പിന്തുടർന്ന അരുന്ധതി റോയി

വിവാദങ്ങളിൽ തിളങ്ങിയ 'ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്'

തന്റെ പുസ്തകങ്ങളിലെ സാഹിത്യത്തെപ്പോലെ തന്നെ, രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങളാൽ മുഖരിതമാണ് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ വ്യക്തി ജീവിതവും. ശക്തമായ നിലപാടുകൾ, ഭരണകൂടത്തോടുള്ള വിമർശനങ്ങൾ, പരമ്പരാഗത ആചാരങ്ങൾക്കെതിരായുള്ള അഭിപ്രായപ്രകടനങ്ങൾ എന്നിവ പലപ്പോഴും അവരെ വിവാദങ്ങളുടെയും നിയമക്കുരുക്കുകളുടെയും കേന്ദ്രബിന്ദുവാക്കിയിട്ടുണ്ട്.

അരുന്ധതി റോയിയുടെ നിലപാടുകൾ പലപ്പോഴും രാജ്യത്തിൻ്റെ പൊതുബോധത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇത് അവരെ സമൂഹത്തിൻ്റെ ഒരു വിഭാഗത്തിന് പ്രിയപ്പെട്ടവളാക്കുകയും, മറ്റൊരു വിഭാഗത്തിന് വിമർശനവിധേയയാക്കുകയും ചെയ്തു. ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്’ൽ തുടങ്ങി ‘മദർ മേരി കംസ് ടു മി’യുടെ കവർ പേജിലെത്തി നിൽക്കുകയാണ് ആ യാത്ര.

വിവാദങ്ങളിൽ തിളങ്ങിയ ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്’

അരുന്ധതി റോയിയെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് ആദ്യ നോവലായ ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്’ ആണ്. കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയ ഈ നോവലാണ്, 1997 ലെ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കുന്നതും. 24 ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട, അതേ വർഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്ന് കൂടിയായിരുന്നു അത്. അയ്മനം എന്ന ഗ്രാമത്തിലെ ഒരു പ്രശസ്തമായ സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടേയും ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെ നീങ്ങുന്ന കഥാതന്തു.

കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറുമാണ് ഈ നോവലിന്റെ പശ്ചാത്തലം. നാട്ടിൻപുറത്തിൻ്റെ നിഷ്കളങ്കതയും ഒരു വലിയ തറവാടിന്റെ അകത്തളത്തിലെ ജീവിതവും, തൊട്ടുകൂടായ്മ, രാഷ്ട്രീയം, സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട പിതൃസ്വത്ത് എന്നിങ്ങനെ കേരളീയ സമൂഹത്തിൻ്റെ നേര്‍ചിത്രം അനാവരണം ചെയ്യുന്നു നോവല്‍. നോവൽ വലിയ വിജയമായി മാറിയെങ്കിലും, ഇതിലെ ലൈംഗിക ഭാഗങ്ങൾ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പ്രത്യേകിച്ച് ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന ഭാഗങ്ങൾ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

നോവലിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ ചിത്രീകരിച്ചത് വിമർശനങ്ങൾക്ക് കാരണമായി. രാഷ്ട്രീയ പാർട്ടികളും നേതാക്കളും നോവലിന് എതിരായി രംഗത്തുവന്നു. നോവലിലെ ചില ഭാഗങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച്, പുസ്തകത്തിൻ്റെ വിതരണം തടയണമെന്നും ആവശ്യപ്പെട്ട് കോട്ടയം ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, ഈ കേസ് പിന്നീട് റദ്ദാക്കപ്പെട്ടു. നോവലിലെ ചില വിമർശനങ്ങൾ ഇന്ത്യയെയും അതിൻ്റെ സാമൂഹ്യ വ്യവസ്ഥകളെയും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം.

ഈ വാദങ്ങൾ അരുന്ധതി റോയിയെ രാജ്യദ്രോഹിയായി വരെ മുദ്രകുത്താൻ ശ്രമിച്ചു. വിവാദങ്ങളെല്ലാം ആളിക്കത്തിയപ്പോഴും, സാഹിത്യപരമായി നോവലിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഇതിലൂടെ അരുന്ധതി റോയ് ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരികളിൽ ഒരാളായി മാറി. ഈ വിവാദങ്ങൾ പിന്നീട് അവരുടെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകൾക്കും നിലപാടുകൾക്കും ഒരു നാന്ദിയായി ഭവിക്കുകയും ചെയ്തിട്ടുണ്ട്.

കോടതിയലക്ഷ്യത്തിന് ജയിൽവാസം

നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ട് പദ്ധതിക്കെതിരെ അരുന്ധതി റോയ് നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളാണ് മറ്റൊരു പ്രധാന വിവാദം. പദ്ധതി ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്നും ഭൂമിയിൽ നിന്നും കുടിയിറക്കുകയും വലിയ പാരിസ്ഥിതിക നാശങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ അവർ എഴുതിയ ലേഖനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ദി ഗ്രേറ്റർ കോമൺ ഗുഡ്’ എന്നത്. ഈ ലേഖനത്തിലൂടെ അണക്കെട്ട് പദ്ധതിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ദോഷവശങ്ങൾ അവർ തുറന്നുകാട്ടി. വികസനത്തിന്റെ പേരിൽ സാധാരണക്കാരായ മനുഷ്യരെയും പ്രകൃതിയെയും എങ്ങനെയാണ് ബലിയാടാക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.

നർമദാ ബച്ചാവോ ആന്ദോളൻ (നർമദ സംരക്ഷിക്കാനുള്ള പ്രസ്ഥാനം) എന്ന സംഘടനയോടൊപ്പം ചേർന്ന് അരുന്ധതി റോയ് കോടതികളിൽ നിയമപരമായ പോരാട്ടങ്ങൾക്കും പിന്തുണ നൽകി. അണക്കെട്ടിനെതിരായുള്ള സമരത്തിൻ്റെ മുൻനിരയിൽ തന്നെ അവർ നിലയുറപ്പിച്ചു. സ്വാഭാവികമായും, അരുന്ധതി റോയിയുടെ ഈ നിലപാടുകൾ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചു. ഇന്ത്യയുടെ വികസനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഒരു വിഭാഗം അരുന്ധതി റോയിയെ ശക്തമായി കടന്നാക്രമിച്ചു.

രാജ്യത്തിൻ്റെ പുരോഗതിക്ക് അണക്കെട്ട് പദ്ധതി അനിവാര്യമാണെനന്നായിരുന്നു അവരുടെ വാദം. അണക്കെട്ട് പദ്ധതിക്ക് അനുകൂലമായ സുപ്രീം കോടതിയുടെ വിധി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അരുന്ധതി റോയിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയുണ്ടായി. ഈ കേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ഒരു ദിവസത്തേക്ക് ജയിലിലടക്കുകയും ചെയ്തു.

കാശ്മീർ വിഷയത്തിലെ നിലപാടുകൾ

തൻ്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി അരുന്ധതി റോയ് നിരന്തരം ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യ കശ്മീരിനെ അന്യായമായി സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചടക്കി നിലനിർത്തുകയാണെന്നായിരുന്നു അരുന്ധതി റോയ് വാദിച്ചത്. കശ്മീരി ജനതയ്ക്ക് സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ട്. അല്ലാതെ ഒരു രാജ്യത്തിൻ്റെയും ഭാഗമാവാനുള്ള നിർബന്ധം അവർക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.

കശ്മീരിലെ സാധാരണ ജനങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം അതിക്രമങ്ങൾ നടത്തുന്നുണ്ടെന്നും, ഇത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും അവർ ആരോപിച്ചു. റോയിയുടെ നിലപാടുകൾ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമായി. കശ്മീരിനെ ഇന്ത്യയുടെ ഭാഗമല്ലാതാക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് റോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു.

2010-ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിൽ അവർ നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സുശീൽ പണ്ഡിറ്റ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് കേസെടുത്തു. ഇന്ത്യയുടെ ദേശീയതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യാനുള്ള ശ്രമമാണിതെന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും വിമർശിച്ചു.

ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും അരുന്ധതി റോയ് കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ടെങ്കിലും, അവരുടെ വാക്കുകൾ രാജ്യദ്രോഹത്തിന് തുല്യമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി കാണണമെന്നും ഒരു വിഭാഗം ആളുകൾ വാദിച്ചു. കശ്മീർ വിഷയത്തിലെ അവരുടെ നിലപാടുകൾ ഇന്ത്യയിലെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ വിഷയങ്ങളിൽ ശ്രദ്ധ നേടിയെടുക്കാൻ ഇത് കാരണമായി. ഈ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ ഇന്നും തുടരുകയാണ്.

‘വാക്കിംഗ് വിത്ത് ദ കോമ്രേഡ്‌സ്’

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ദണ്ഡകാരണ്യയിലെ ഉൾവനങ്ങളിലൂടെ അരുന്ധതി റോയ് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന മാവോയിസ്റ്റുകളുടെ ജീവിതവും അവരുടെ കാഴ്ചപ്പാടുകളും അടുത്തറിയാൻ നടത്തിയ ഈ യാത്രയെക്കുറിച്ച് അവർ ലേഖനത്തിൽ വിശദീകരിക്കുന്നു. മാവോയിസ്റ്റുകൾ നിയന്ത്രിക്കുന്ന ഉൾവനങ്ങളിലെ ഗ്രാമങ്ങളിൽ ആദിവാസികളുടെ ജീവിതം, അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ അരുന്ധതി റോയ് ഉയർത്തിക്കാട്ടി.

സർക്കാർ നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും ‘ഓപ്പറേഷൻ ഗ്രീൻ ഹണ്ട്’, എങ്ങനെയാണ് നിരപരാധികളായ ആദിവാസികളെ ബാധിക്കുന്നതെന്ന് റോയ് വിവരിച്ചു. അവരുടെ വീടുകളും ഗ്രാമങ്ങളും നശിപ്പിക്കപ്പെടുന്നതിനെയും മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെയും തങ്ങളുടെ ആശയങ്ങളെയും അവർ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്നും തൻ്റെ നിരീക്ഷണങ്ങളിലൂടെ അരുന്ധതി റോയ് തുറന്നുകാട്ടി. ഈ ലേഖനം പുറത്തുവന്നപ്പോൾത്തന്നെ വലിയ വിവാദങ്ങൾക്ക് കാരണമായി.

അവർ മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നുവെന്നും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നുവെന്നും ആരോപണമുയർന്നു. മാവോയിസ്റ്റ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ ലേഖനം കാരണമാകുമെന്നും ചിലർ വാദിച്ചു. ഭരണകൂടത്തിന് എതിരായ ഒരു പ്രചാരണത്തിനുള്ള ഉപകരണമായി റോയ് പ്രവർത്തിക്കുന്നുവെന്നായിരുന്നു രാഷ്ട്രീയ നേതാക്കൾ ആരോപിച്ചത്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിന് അരുന്ധതി റോയിക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിക്കുകയുണ്ടായി.

എന്നാൽ തന്റെ ലേഖനത്തിൽ മാവോയിസ്റ്റുകളെ പൂർണ്ണമായും ന്യായീകരിക്കാൻ അരുന്ധതി റോയ് ശ്രമിച്ചിരുന്നില്ല. പകരം, അവർ പ്രശ്നത്തിന്റെ മറുവശം മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണകൂടം മാധ്യമങ്ങൾ വഴി മാത്രം പ്രചരിപ്പിക്കുന്ന വിവരങ്ങൾക്കപ്പുറം, ഈ പോരാട്ടത്തിൽ ജീവിക്കുന്നവരുടെ ജീവിതം എന്താണെന്ന് മനസ്സിലാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ഒരു വിഭാഗം ഈ ലേഖനത്തെ മാവോയിസ്റ്റ് അനുകൂല പ്രചരണമായി കണ്ട് ശക്തമായി എതിർക്കുകയായിരുന്നു. അടുത്തിടെ ജമ്മു കശ്മീർ സർക്കാർ നിരോധിച്ച പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ ആസാദിയും ഉണ്ടായിരുന്നു.

ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു വിശദീകരണം.  PEN എന്ന അന്താരാഷ്ട്ര എഴുത്തുകാരുടെ സംഘടന സാഹിത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ഹരോൾഡ് പിന്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പെൻ പിന്റർ പുരസ്‌കാരം 2024-ൽ തേടിയെത്തിയത് അരുന്ധതിയെയായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളെ തുറന്നുകാട്ടാനും സത്യത്തിനും നീതിക്കും വേണ്ടി പോരാടാനും സാഹിത്യത്തെ ആയുധമാക്കുന്ന എഴുത്തുകാരെയാണ് സാധാരണയായി ഇതിനായി തിരഞ്ഞെടുക്കുന്നത്.

‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിൻ്റെ കവർ ചിത്രമാണ് ഏറ്റവും ഒടുവിലായി നിയമക്കുരുക്കിൽ അകപ്പെട്ടത്. പുസ്തകത്തിൻ്റെ കവറിൽ പുകവലിക്കുന്ന ചിത്രം ഉപയോഗിച്ചത് സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA), 2003-ൻ്റെ ലംഘനമാണെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. നിയമപ്രകാരം നൽകേണ്ട ആരോഗ്യ മുന്നറിയിപ്പുകൾ ഇല്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് യുവതലമുറക്ക് തെറ്റായ സന്ദേശം നൽകുമെന്നുമാണ് ഹർജിയിലെ പ്രധാന വാദം. നിലവിൽ ഈ ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് തേടിയിരിക്കുകയാണ് കേരള ഹൈക്കോടതി.

content summary: The Trail of Controversy: Arundhati Roy’s Life and Legal Battles

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment