നമുക്കിപ്പോഴും പൂർണ്ണമായും പിടിതരാത്ത വിശാലമാം സമുദ്രാഗാധതകളിൽ ഇന്നും മറഞ്ഞിരിക്കുന്ന അത്ഭുതരഹസ്യങ്ങൾ അനവധിയാണ്. അതിലൊന്നാണ് കാലം ഇഴകൾ തുന്നിച്ചേർക്കുന്ന ജലപ്രവാഹങ്ങളിലും കടലേറ്റങ്ങളിലൂടേയുമായി വസിക്കുന്ന ഒരു കൊച്ചുജീവി. ലോകത്തിലെ ഏതൊരു ജീവിയുടേയും മൃത്യുവിലേക്കുള്ള ഒഴിച്ചുകൂടാനാവാത്ത യാത്രയെ വെല്ലുവിളിക്കുന്ന ഒന്ന്. അതെ. അനശ്വര ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ടറിറ്റോപ്സിസ് ഡോർണൈ! മരണത്തിനെതിരെ നിർഭയം പോരാടുന്ന പ്രകൃതിയിലെ വിപ്ലവകാരി.
ഈ കൃശഗാത്രവിസ്മയത്തിന് പൂർണവളർച്ചയെത്തിയാൽപോലും ഒരു ചെറുവിരൽ നഖത്തിൻ്റെ വലിപ്പമേയുള്ളൂ. പക്ഷെ കടലുകൾതോറും ഒരു സുതാര്യമാം രൂപമെന്നോണം മുങ്ങിപ്പൊങ്ങി നടക്കും മണിയുടെ ആകൃതിയുള്ള ഈ അതിലോലസൗന്ദര്യം.
സൂര്യചുംബനങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന മധ്യധരണ്യാഴിയാണ് ഈ അനശ്വരൻ്റെ തറവാട്. അത്ര വലിയ നീന്തൽക്കാരൊന്നുമല്ല ഇവർ. എങ്കിലും, ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും എത്തിയിട്ടുണ്ട് ഇക്കൂട്ടർ. വിവിധ സമുദ്രജലപ്രവാഹങ്ങളിലൂടെയും, കപ്പലുകളിൽ സൂക്ഷിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന വെള്ളത്തിലൂടെയും എന്തിന്, കപ്പലിലെ ചരക്കുകളിലൂടെയുമാണ് ഈ കൃശഗാത്രൻ്റെ അന്തർസാഗരസഞ്ചാരം.

1883-ലായിരുന്നു ഈ ജീവിയെ മനുഷ്യർ ആദ്യമായി കണ്ടെത്തിയത്. പക്ഷെ, ഇതിൻ്റെ രഹസ്യം മനസ്സിലാക്കിയതാകട്ടെ, 1990-കളിൽ മാത്രവും. അന്നുമുതൽ ലോകമെമ്പാടുകള്ള ജീവശാസ്ത്രജ്ഞരേയും, ദാർശനികരേയും ഒരുപോലെ വശീകരിച്ചിട്ടുള്ള ഈ ചെറുജീവി ജീവിതത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു ചിന്തിക്കാൻ നമ്മളേയും പ്രേരിപ്പിക്കുന്നു. നിങ്ങളൊന്നാലോചിച്ചു നോക്കൂ. ഒരു ജീവി വാർദ്ധക്യത്തിൻ്റെയും പരിക്കിൻ്റെയും പരിസ്ഥിതിഭീഷണിയുടേയും സമ്മർദ്ദങ്ങളിലാഴുമ്പോൾ, അതിനു വഴങ്ങാതെ ശൈശവത്തിലേക്കു പിൻവാങ്ങുന്നതിനെക്കുറിച്ച്. അതാണ് ടറിറ്റോപ്സിസ് ഡോർണൈ. അത്ഭുതങ്ങൾ നിറഞ്ഞതാണ് ഹൈഡ്രൊസോവ എന്ന വർഗത്തിൽ പെടുന്ന ഈ ജെല്ലിഫിഷിൻ്റെ ജീവിതചക്രം. ആ ജൈവഗാഥ ചുരുൾവിരിയുന്നതാകട്ടെ, മുതിർച്ചയ്ക്കും പുനർജന്മത്തിനുമിടയിലെ ശാശ്വതസ്വരലയമെന്നോണമുള്ള ചാക്രികപ്രതിഭാസത്തിലൂടേയും.
ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലുമായി തീരക്കടലും ആഴക്കടലും ചേർന്ന സമുദ്രസാമ്രാജ്യമാണ് ടറിറ്റോപ്സിസ് ഡോർണൈ സ്പീഷീസുകൾ ആവാസത്തിനായി സ്വന്തമാക്കിയിട്ടുള്ളത്. എങ്കിലും അല്പം ചൂടുള്ള കടൽജലമാണ് കൂടുതൽ പഥ്യം. പ്രത്യേകിച്ചും ഇരുപത് സെൻ്റിഗ്രേഡിനും മുപ്പതിനും ഇടയിലുള്ള ഊഷ്മാവിൽ. കാരണം ആ ചൂടിലാണ് കടൽത്തട്ടിൽ പോളിപ്പുകൾ എന്ന കുനിപ്പുകൂട്ടങ്ങളായുള്ള അതിൻ്റെ പുനർജന്മം നടക്കുന്നത്. ഈ പോളിപ്പുകൾ പാറകളിലും, ആൽഗകളിലും, ചിലപ്പോൾ മനുഷ്യനിർമ്മിതവസ്തുക്കളിലും പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. കാലാവസ്ഥാവ്യതിയാനങ്ങളും, മനുഷ്യൻ്റെ ഇടപെടലുകളും ജെല്ലിഫിഷിൻ്റെ സ്വതന്ത്രവിഹാരജീവിതം ദുസ്സഹമാക്കുമ്പോൾ അത്ഭുതകരമാം വിധം ഒരു രൂപാന്തരത്തിലേക്കവ വഴിമാറുന്നു.

ജെല്ലിഫിഷിൻ്റെ സൗന്ദര്യം കാഴ്ചയിലോ, ഏതവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവിലോ മാത്രമല്ല, ഇരതേടുന്ന വേളയിൽ അവർ കാത്തുസൂക്ഷിക്കുന്ന ആകർഷകശൈലിയിലുമാണ്. തൻ്റെ വിഷവിരലുകൾ ആയുധമാക്കിക്കൊണ്ട് അവ നടത്തുന്ന പ്രകടനം കാണേണ്ടതുതന്നെ. പ്ലാംക്ടനുകൾ, മീൻമുട്ടകൾ, ചെറുമീനുകൾ, ഞണ്ടുവർഗങ്ങൾ, എന്നിവയെല്ലാം പിടികൂടി തൻ്റെയുള്ളിലേക്കു വലിച്ചെടുക്കും ഈ വീരന്മാർ. വിഷത്താൽ തളർന്നുപോകുന്ന ഇരകളെ കണ്ടാൽ വശീകരിക്കപ്പെട്ടു സ്വയംമറന്നു അച്ചടക്കത്തോടെ ചലിക്കുന്നതായേ തോന്നൂ. മരണത്തിലേക്കാണ് ഒഴുകിപ്പോകുന്നതെന്നു പോലുമറിയാതെ! അത്രമാത്രം മാസ്മരികവും കൃത്യവുമാണ് ജെല്ലിഫിഷിൻ്റെ ആക്രമണങ്ങൾ.
ടറിറ്റോപ്സിസ് ഡോർണൈയുടെ ജീവിതചക്രം വിശദീകരിക്കാം. ഇതിനു രണ്ടു പ്രാഥമികഘട്ടങ്ങളുണ്ട്. ഇതാണ് തലമുറകൾ തമ്മിലുള്ള വേർതിരിവ് മായ്ച്ചുകളയുന്നത്. വെള്ളത്തിൽ നിക്ഷേപിക്കപ്പെടുന്ന പുരുഷബീജവും സ്ത്രീ അണ്ഡവും തമ്മിൽ ഒന്നുചേരുന്നതിലൂടെയാണ് അതിൻ്റെ തുടക്കം. ബീജസങ്കലനശേഷം വെള്ളത്തിൽവെച്ചു തന്നെയാണ് ഭ്രൂണവും ഉണ്ടാവുന്നത്. ഭ്രൂണത്തിൽ നിന്ന് നീന്തിത്തുടിക്കുന്ന ലാർവകൾ ഉടലെടുക്കുന്നു. സൂക്ഷ്മവും പീലികളാൽ ആവൃതവുമായ ഈ ലാർവകളെ പ്ലാനുല എന്നാണ് വിളിക്കുക. ഈ പ്ലാനുലകൾ കാറ്റിൽ പറക്കുന്ന വിത്തുകളെന്നപോലെ വെള്ളത്തിലൂടെ സഞ്ചരിക്കും. തനിക്കു പറ്റിയ ഒരു പ്രതലത്തിൽ സ്ഥാനമുറപ്പിക്കുകയും ചെയ്യും. ഇനി അതിൻ്റെ രൂപാന്തരമാണ്. നിശ്ചലസംഘങ്ങളായ പോളിപ്പുകളായി. ഈ സമയത്ത് കടൽച്ചൊറി അഥവാ സീ-അനെമനികളെപ്പോലിരിക്കും അവയെ കണ്ടാൽ. ഇനിയതിൻ്റെ ഏർപ്പാടാണ് കൗതുകകരം.

സ്വയം ക്ലോണുകളെ സൃഷ്ടിക്കൽ! അസംഖ്യം പോളിപ്പുകളെയാണവ മുളപ്പിച്ചെടുക്കുക. ലൈംഗികത തൊട്ടുതീണ്ടാത്ത പ്രജനനമേളയാണത്. അങ്ങനെയൊരു സമൂഹമായി അവ കടൽത്തട്ടിൽ പടർന്നുകിടക്കും. പ്രതികൂല ജീവിതസാഹചര്യത്തെ മറികടക്കാനാവുന്നതുവരെ ആ അവസ്ഥ തുടരുകയും ചെയ്യും. എത്രകാലം വേണമെങ്കിലും. അവിടെ ജെല്ലിഫിഷുകൾ ജീവിതാതിർത്തികൾ മറികടന്നു സഞ്ചരിക്കുന്നു. എപ്പോൾ ചുറ്റുപാടുകൾ അനുകുമാവുന്നോ, അപ്പോൾ മാത്രമേ ഈ പോളിപ്പുകളിൽ നിന്ന് ജെല്ലിഫിഷിൻ്റെ മുതിർന്നരൂപം രംഗപ്രവേശം ചെയ്യുകയുള്ളൂ.
അതാണ് മെഡൂസ! നാലോ അഞ്ചോ സെൻ്റിമീറ്റർ വലിപ്പവും, കുടമണി പോലുള്ള ആകൃതിയും, തൊണ്ണൂറോളം വിഷവിരലുകളുമുള്ള ഇവയെ ഉപമിക്കുന്നത് ഗ്രീക്കുപുരാണത്തിലെ സർപ്പത്തലച്ചിയോടാണ്. അതുകൊണ്ടുതന്നെ മെഡൂസയെന്ന പേർ ഇവർ സ്വായത്തമാക്കി. ഈ മെഡൂസകൾക്ക് സ്വയം പ്രകാശിക്കാനുള്ള കഴിവുമുണ്ട്. അഗാധസമുദ്രത്തിലെ നിബിഡാന്ധാകാരത്തിൽ മിന്നാമിനുങ്ങുകളെന്നോണം ഈ ജൈവപ്രകാശജീവികൾ നക്ഷത്രത്തെളിച്ചം പകരും.
ഇത്രനേരം വിവരിച്ച ജീവിതചക്രം ഒരു അതിജീവനക്രിയ മാത്രമല്ലേ, അതിൽ ഇത്രയും അത്ഭുതംകൂറാനുണ്ടോ എന്നൊരു പക്ഷെ നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ ടറിറ്റോപ്സിസിനെ ഒരു അതിജീവനക്കാരൻ എന്നതിനേക്കാളേറെ ജീവലോകത്തിലെ അതിശയവും ഇതിഹാസവുമാക്കുന്നത് മറ്റൊരു കാര്യമാണ്. തീർത്തും അനന്യമായ ഒന്ന്. സമാന്തരങ്ങളില്ലാത്ത ട്രാൻസ്ഡിഫറൻസ്യേഷൻ എന്നൊരു പ്രതിഭാസത്തിലൂടെ ഈ ജീവിക്ക് മേല്പറഞ്ഞ ജീവിതചക്രത്തിലൂടെ പുറകോട്ടു നടക്കാനാവും എന്നതാണത്. ഭക്ഷണമില്ലായ്മ, മാരകമായ പരിക്ക്, ചുറ്റുപാടുമുള്ള ലവണാംശത്തിൽ വരുന്ന ഗുരുതരവ്യതിയാനങ്ങൾ എന്നിവ ജീവനെ അപകടപ്പെടുത്തുമ്പോൾ ഈ മെഡൂസകൾ മരിക്കുന്നില്ല. പകരം അവർ ആദിജീവിതത്തിലേക്കു തിരിച്ചുനടക്കും. വീണ്ടുമൊരു പോളിപ്പായി. അങ്ങനെയൊരു പുനർജീവിതം മറ്റു സ്പീഷീസുകളിലൊന്നും കാണാനാവില്ല. അതാണിവരെ അനശ്വരരാക്കുന്നതും. അത്യപൂർവ്വമായ ഒരു കോശരസതന്ത്രമാണ് ഇവരെ ഇത്തരത്തിൽ സജ്ജമാക്കുന്നത്.

മെഡൂസയെന്ന ജെല്ലിഫിഷ് കുമിള പോലുള്ള സിസ്റ്റ് എന്ന രൂപത്തിലൂടെയാണ് വീണ്ടും പോളിപ്പ് ആവുക. ഈ പുനർജ്ജന്മങ്ങൾ എത്ര പ്രാവശ്യം വേണമെങ്കിലും ജെല്ലിഫിഷുകൾക്ക് ആവർത്തിക്കാനാവും. അതായത്, വാർദ്ധക്യം എന്ന അവസ്ഥയെ മറികടന്ന്, ജൈവശാസ്ത്രപരമായ അനശ്വരതയെയാണിവിടെ ജെല്ലിഫിഷുകൾ പുല്കുന്നത്.
ചാരത്തിൽ നിന്നുയരുന്ന ഫീനിക്സ് പക്ഷിക്കു സമമല്ലിത്. മറിച്ച്, ജെല്ലിഫിഷിൻ്റെ ഉയിർത്തെഴുന്നേല്പ് ശാന്തവും അതിസൂക്ഷ്മവുമായ ജൈവവിസ്മയമാണ്. അതിൽ പ്രത്യേകകോശങ്ങൾ ‘റീപ്രോഗ്രാം’ ചെയ്ത്, വേഷം മാറി വീണ്ടും ജനിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ സ്റ്റെം സെല്ലുകൾ അഥവാ തായ്കോശങ്ങളുടെ സ്വഭാവമാണ് ജെല്ലിഫിഷുകൾ ഇവിടെ പ്രകടമാക്കുന്നത്. അതായത് എപ്പോൾ വേണമെങ്കിലും ജീവവേഷം മാറാനുള്ള കഴിവിനെ.
ഈ കഴിവിനാധാരമായ ഒരു ജനിതകപ്രക്രിയ നടക്കുന്നുണ്ട് എന്നതുറപ്പ്. മാത്രമല്ല, മിക്കവാറും കാലം ഉറങ്ങിക്കിടന്ന്, എന്നാൽ തക്കസമയത്ത് സക്രിയമാകുന്ന ഒരപൂർവ്വ ജീനും ഈ ജീവിയിലുണ്ടാവണം. ജൈവഘടികാരത്തെ പുനയാവർത്തിയിലേക്കു നയിക്കാൻ തക്കതായ ഒന്ന്. ഇതുവരേയും നമ്മളതിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നു മാത്രം.
ഈ അനശ്വരതയ്ക്കിടയിലും ചില താക്കീതുകൾ കാണാതെ വയ്യ. അത് ഒരിക്കലും മരിക്കില്ല ഇവർ എന്നു പറഞ്ഞുകൂടാ എന്നതാണ്. ഉദാഹരണത്തിന് ഈ ജെല്ലിഫിഷിനെ ഏതെങ്കിലും കടൽമത്സ്യങ്ങൾ വിഴുങ്ങിയാൽ, അല്ലെങ്കിൽ മാരകമായ ഒരു പരിക്ക് പൊടുന്നനെ മരണത്തിലേക്കു നയിച്ചാൽ, അനശ്വരത തകിടംമറിഞ്ഞതു തന്നെ. അതായത്, പൊടുന്നനെയുള്ള കൊടുംവിപത്തുകളെ അതിജീവിക്കാൻ ഇതിനായെന്നു വരില്ല എന്ന്. ഏതു പ്രായോഗികജീവിതത്തിലും അനശ്വരത അട്ടിമറിക്കപ്പെടുന്ന അവസരങ്ങളുണ്ടാവാം എന്ന തിരിച്ചറിവ് പ്രകൃതിയിലേക്കു എന്തൊക്കെയോ വിട്ടുകൊടുക്കുന്നതുപോലെയാണ്.

ടറിറ്റോപ്സിസ് ഡോർണൈയുടെ അനശ്വരജീവിതം കടലിൽ മാത്രമല്ല അലകളുയർത്തുന്നത് എന്നുകൂടി പറയട്ടെ. പുനരുജ്ജീവന വൈദ്യശാസ്ത്രത്തിലും, ആയുസ്സ് നീട്ടിയെടുക്കുന്നതിനെക്കുറിച്ചുള്ള പഠനമായ ബയോജെരൻ്റോളജിയിലും ഈ വിസ്മയകഥ കാര്യമായ പ്രതിധ്വനികൾ സൃഷ്ടിക്കുന്നുണ്ട്. ജെല്ലിഫിഷിലെ ട്രാൻസ്ഡിഫറൻസ്യേഷൻ എന്ന പ്രതിഭാസം മനസ്സിലാക്കിയെടുക്കുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന നാഡീഅപചയരോഗങ്ങളെ നേരിടാൻ ഭാവിയിൽ സാധിച്ചേക്കും എന്ന പ്രതീക്ഷ ശാസ്ത്രജ്ഞന്മാർ സൂക്ഷിക്കുന്നുണ്ട്. ജെല്ലിഫിഷിനെ അനുകരിക്കാൻ എന്നെങ്കിലും മനുഷ്യകോശത്തിനു സാധിക്കുമോ എന്നതിലാണവരുടെ സാകൂതശ്രദ്ധയും.
ഒരു കാര്യം കൂടി ഞാനിവിടെ പറയാനാഗ്രഹിക്കുന്നു. ഈ അനശ്വരത കൈമുതലായി ഉണ്ടായിട്ടും മനുഷ്യരെപ്പോലെ മറ്റു സ്പീഷീസുകളുടെ ജീവിതത്തെ തകർക്കാതെ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാതെ ഈ സൂക്ഷ്മജീവിക്ക് കഴിയുന്നു എന്നത് നമുക്കെന്നും ഒരു പാഠമായിരിക്കണം. ഈ പ്രകൃതിയിൽ അലോസരങ്ങൾ സൃഷ്ടിക്കാത്ത നിലനില്പിൻ്റെ ജീവിക്കുന്ന പ്രമാണം.
പ്രകൃതിജീവനനാടകത്തിൽ ടറിറ്റോപ്സിസ് നിത്യനൃത്തം ചവിട്ടിക്കൊണ്ടിരിക്കുകയാണ്, തിരിച്ചുവരവിൻ്റേയും പുനരുജ്ജീവനത്തിൻ്റേയും തിളങ്ങുന്ന ദൃഷ്ടാന്തമായി. ഈ സുതാര്യരൂപത്തെ നോക്കിക്കൊണ്ടിരിക്കവെ, നമ്മുടെ തന്നെ ജീവിതയാത്രകളിലേക്കൊന്നു സ്വയം പ്രതിഫലിപ്പിക്കാനതു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. സമുദ്രാഗാധതകളിൽ അനശ്വരത ഒരു മിഥ്യയല്ല, മറിച്ച്, ലോലസ്പന്ദനങ്ങളുടേതായ യാഥാർത്ഥ്യമാണ് എന്നതു നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, ഈ സൂക്ഷ്മജീവി അതിൻ്റെ നിസ്സീമമാം ജീവചക്രങ്ങളിലൂടെ പ്രകൃതിയുടെ മനോഹാരിതയെ അതേപടി നിലനിർത്തിക്കൊണ്ട്, അതിനെയാവോളം ആസ്വദിക്കാനാണ് പ്രേരിപ്പിക്കുന്നത്. അല്ലാതെ, പ്രകൃതിയെ നശിപ്പിക്കാനും ചൂഷണം ചെയ്യാനുമല്ല.
Content Summary: The Turritopsis dornii, or the Immortal Jellyfish, is a tiny ocean marvel