December 09, 2024 |

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ ഗതി മാറുമോ?

ഇസ്രയേലിനെ സഹായിക്കാന്‍ യു എസ്സിന്റെ മിസൈല്‍ പ്രതിരോധ സേന

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ തങ്ങളുടെ പങ്കിന്റെ വ്യാപ്തി കൂട്ടുകയാണ് യു എസ്. ഏകദേശം 100 സൈനികരെയും, ഒപ്പം അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സിനെയും (THAAD) ഇസ്രായേലിന്റെ സഹായത്തിനായി അയച്ചതോടെയാണ് യുഎസ് ഇടപെടലിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നത്. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറക്കങ്ങളുടെയും ഇറാനെതിരേ ഉണ്ടായേക്കാവുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. നിലവിലെ സാഹചര്യം മധ്യപൂര്‍വേഷ്യയില്‍ ഭയനാകമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന പേടിയില്‍ ലോകം നില്‍ക്കവെ അമേരിക്കയുടെ ഇടപെടല്‍ പല ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഗാസ യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലില്‍ യുഎസ്സിന്റെതായ ആദ്യത്തെ സുപ്രധാന സാന്നിധ്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്ന സൈനിക വിന്യാസം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് അവരുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിനുള്ള യുഎസ് പിന്തുണയിലുള്ള വിരുദ്ധ അഭിപ്രായങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു ധ്രുവീകരണം ഉണ്ടാക്കിയിട്ടുണ്ട്.

ഇറാനെതിരായ ആക്രമണോദ്ദേശ്യങ്ങളില്‍ സംയമനം പാലിക്കണമെന്നു ഇസ്രയേലിന് അകത്തു നിന്നു തന്നെ സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് അമേരിക്കയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്ക ഇസ്രയേലിന് 50,000 ടണ്‍ സൈനിക സാമഗ്രികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ സമഗ്രമായ ആക്രമണം നടത്തിയാല്‍ അതിന് പ്രതികരണമായി ഇറാനില്‍ നിന്ന് ശക്തമായ പ്രതികാര നടപടി ഉണ്ടായേക്കുമെന്നു യുഎസ് പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ സൂചനയായാണ് THAAD-നെ അയക്കാനുള്ള തീരുമാനത്തെ കാണുന്നത്. ഈ തന്ത്രപ്രധാനമായ സൈനിക സഹായം മേഖലയില്‍ യുഎസിന്റെ ഇടപെടല്‍ എത്രത്തോളം ഉണ്ടെന്നു കാണിക്കുന്നതിനൊപ്പം, വര്‍ദ്ധിച്ചുവരുന്ന ഭീഷണികളില്‍ നിന്നും ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെയും വ്യക്തമാക്കുന്നു.

ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരേ നടന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനു പിന്നാലെ തങ്ങളുടെ ശത്രുവിനെതിരേ ശക്തമായ തിരിച്ചടി ഉണ്ടാവുക തന്നെ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉറപ്പിച്ച് പറഞ്ഞിരുന്നത്. ഈ മേഖലയില്‍ ഇറാന്റെ സ്വാധീനത്തെ ചെറുക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായിട്ടു വേണം ഇസ്രയേലിന്റെ ആക്രമണ പദ്ധതിയെ കാണാന്‍. അതേസമയം തന്നെ, അടുത്തിടെ ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യത്തെക്കൂടി തുറന്നു കാണിക്കുന്നതായിരുന്നു. യുഎസ്-ഇസ്രയേല്‍ സഖ്യത്തിന് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിച്ചെങ്കിലും, പൂര്‍ണമായി പരാജയപ്പെടുത്താന്‍ സാധിച്ചില്ല. എതിരാളികള്‍ ഒരുക്കിയ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തും ഇറാന്റെ മിസൈലുകള്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ പതിക്കുകയുണ്ടായി. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഇസ്രയേലിന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന കാര്യമാണത്. ഈ ആശങ്ക കൂട്ടുന്നതായിരുന്നു ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ പരാജയപ്പെടുത്തി ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണം. ഇതില്‍ നാല് ഇസ്രയേലി സൈനികരാണ് കൊല്ലപ്പെട്ടത്, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ ആക്രമണം, മേഖല നേരിടാന്‍ പോകുന്ന തീവ്രമായ വ്യോമയുദ്ധത്തിന്റെ മുന്നറിയിപ്പാണ്. അതോടൊപ്പം ഇസ്രയേലിന്റെ സൈനിക തന്ത്രങ്ങളുടെ സങ്കീര്‍ണ്ണതയെയും അത് പ്രതിഫലിപ്പിക്കുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുഎസിനുള്ളില്‍ കാര്യമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. നിലവിലെ വൈസ് പ്രസിഡന്റും, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസും, മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഇസ്രയേലിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതോടൊപ്പം യുദ്ധത്തിന് വേഗത്തിലുള്ള പരിഹാരത്തിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു. എന്നാല്‍, മിഡില്‍ ഈസ്റ്റ് പ്രശ്‌നം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്. യുവ വോട്ടര്‍മാരും അറബ്-അമേരിക്കന്‍ പൗരന്മാരും ഭരണകൂടത്തിന്റെ സമീപനത്തില്‍ അതൃപ്തരാണ്, പ്രത്യേകിച്ച് ഗാസയിലെ മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ ഇസ്രയേലിന് ആയുധ വിതരണം നടത്തിയതില്‍.

മറുവശത്ത്, റിപ്പബ്ലിക്കന്‍മാര്‍, ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. പരസ്പരമുള്ള പഴിചാരലുകളും തര്‍ക്കങ്ങളും യുഎസിന്റെ വിദേശനയത്തിലെ ആഴത്തിലുള്ള സങ്കീര്‍ണ്ണതകളെയും ആഭ്യന്തര രാഷ്ട്രീയത്തില്‍ മിഡില്‍ ഈസ്റ്റ് വിഷയം പുലര്‍ത്തുന്ന സ്വാധീനത്തെയും തുറന്നു കാണിക്കുന്നുണ്ട്.

പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ വ്യക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, THAAD വിന്യസിക്കാനുള്ള തീരുമാനം ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ സന്നദ്ധതയെകാണിക്കുന്നുതാണ്. ഇത് അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന പിരിമുറുക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണേണ്ടതാണ്, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൂക്ഷ്മമായ ബന്ധത്തെയാണ് എടുത്തുകാണിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് THAAD സിസ്റ്റം. ആക്രമണത്തിനല്ല പ്രതിരോധത്തിനാണ് സഹായിക്കുന്നത്. ആയുധമായിട്ടല്ല, പകരം അത് ഇങ്ങോട്ടു വരുന്ന ഭീഷണികളെ തടയുകയാണ്. അപകടസാധ്യതയുള്ള മേഖലയില്‍ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള യുഎസിന്റെ പ്രതിബദ്ധതയാണ് ഈ പ്രതിരോധ പദ്ധതി അടിവരയിടുന്നത്.

മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് വളരുന്നതിനിടയില്‍, ഇസ്രയേലിനുള്ള യുഎസ് സൈനിക പിന്തുണയുടെ പ്രത്യാഘാതങ്ങള്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നതാണ്. നൂതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ വിന്യാസം ഇസ്രയേലിന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും. എന്നാല്‍ സങ്കീര്‍ണ്ണവും അസ്ഥിരവുമായ ഒരു സംഘട്ടനത്തില്‍ യു എസ്സിന്റെ പങ്കാളിത്തം കൂട്ടാനും ഇത് കാരണമാകും.

ഇസ്രയേലിനെ സഹായിക്കാന്‍ യുഎസ് മിസൈല്‍ പ്രതിരോധ സേനയെ അയയ്ക്കുന്നത് യുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചേക്കാം, പ്രത്യേകിച്ചും ഇറാന്റെ പ്രത്യാക്രമണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍. ഇരു രാജ്യങ്ങളും സാധ്യമായ പ്രതികരണത്തിന് തയ്യാറെടുക്കുമ്പോള്‍, ഈ സൈനിക തന്ത്രങ്ങളുടെ അനന്തരഫലങ്ങള്‍ സഖ്യകക്ഷികളും എതിരാളികളും ഒരുപോലെ സൂക്ഷ്മമായി പരിശോധിക്കും. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ കൂടുതല്‍ കക്ഷികള്‍ പങ്കാളികളാകുമ്പോള്‍ യു.എസ് ഇടപെടലുകള്‍ക്ക് തീര്‍ച്ചയായും വെല്ലുവിളികള്‍ ഉണ്ടാകും, വരും വര്‍ഷങ്ങളില്‍ സൈനികവും നയതന്ത്രപരവുമായ ശ്രമങ്ങളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകവുമാകും ഇത്.  The U.S. Is Sending Missile Defense Troops to Help Israel: Will It Change the War?

Content Summary; The U.S. Is Sending Missile Defense Troops to Help Israel: Will It Change the War?

Advertisement
×