UPDATES

സിനിമ

ദി ഗ്രേറ്റ് ഫാദര്‍; താര ചിത്രമാണ്, ഒപ്പം പുതിയൊരു സംവിധായകന്റെ പിറവിയും

ചലച്ചിത്ര കാഴ്ച്ചയുടെ ആഘോഷമാണ് ‘ദി ഗ്രേറ്റ് ഫാദര്‍’. അത്തരം പ്രതീക്ഷകളോടെ സമീപിക്കുന്നവരെ നിരാശരാക്കില്ല ഈ ചിത്രം.

                       

Dad; A son’s first Hero, Daughter’s first Love എന്നൊരു ചൊല്ലുണ്ട് ആംഗലേയ ഭാഷയില്‍. മകളും, അച്ഛനും തമ്മിലെ ഹൃദയഹാരിയായ ബന്ധങ്ങളുടെ കഥകള്‍ മമ്മൂട്ടിയുടെ തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ധാരാളമുണ്ട്. പാഥേയം, അമരം… തുടങ്ങിയവ ആ ജനുസ്സിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. പുതിയ കാലത്തെ സാമൂഹിക ആസുരതകളെ പ്രമേയമാക്കി മറ്റൊരു അച്ഛന്‍ – മകള്‍ ബന്ധത്തിന്‍റെ ഊഷ്മളതയെ വരച്ചിടുകയാണ് ഹനീഫ് അദേനി എന്ന മലയാള സിനിമയിലെ തുടക്കക്കാരനായ മിടുക്കന്‍. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമാ ചിത്രത്തെ പുതിയ കാലത്തിന്‍റെ ചുമരില്‍ വരയ്ക്കുകയാണ് അദേനി; അത് മമ്മൂട്ടിയെ പോലെ വലിയ ആരാധക വൃന്ദമുള്ള  ഒരു താര ശരീരത്തെ വിപണനം ചെയ്യുകയെന്ന വ്യാവസായിക ലക്ഷ്യത്തെക്കൂടി മുന്‍നിര്‍ത്തി ഉള്ളതായതിനാല്‍, പ്രമേയത്തെ ‘സിനിമാറ്റിക്’ ആക്കി മാറ്റുന്നതിനുള്ള പൊടിക്കൈകളും, ‘വിട്ടുവീഴ്ച’കളുമെല്ലാം ആവോളം സിനിമയിലുണ്ട്. സിനിമ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ക്കൂടി, സിനിമ ജീവിതമല്ല എന്ന ബോധ്യത്തിന് അത്തരം ‘വിട്ടുവീഴ്ചകള്‍’ പൊറുക്കാനുമായേക്കും.

പരാജയങ്ങളുടെ ഭൂതകാല ദിനങ്ങള്‍ ഒരു താരമെന്ന നിലയില്‍ പരിക്കേല്‍പ്പിച്ച താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് എന്ന് വരെ ആരാധകര്‍ പറയുമ്പോള്‍, മമ്മൂട്ടി കരിയറില്‍ ഇന്നുവരെ ചെയ്തിട്ടുള്ള ആക്ഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ആ നിരീക്ഷണം ഏറെക്കുറെ യാഥാര്‍ത്ഥ്യവുമാണ്. ‘ദി ഗ്രേറ്റ് ഫാദര്‍’ പോലെ സാങ്കേതിക തികവാര്‍ന്ന ഒരു ചിത്രം മമ്മൂട്ടിയുടെ കരിയറില്‍ വേറെയില്ല എന്നത് സത്യസന്ധമായ നിരീക്ഷണമായിരിക്കും.

പഴുതടച്ച പരിപൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയുന്ന സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ‘ദി ഗ്രേറ്റ് ഫാദര്‍’ എന്നത് ഒരു തീവ്ര മമ്മൂട്ടി താരാരാധകന്‍ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. മുകളില്‍പ്പറഞ്ഞ ജനുസ്സിലെ മറ്റ് സിനിമകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗ്രേറ്റ് ഫാദര്‍ അല്‍പ്പമൊക്കെ ന്യൂനതകളുള്ള സിനിമ തന്നെയാണ്. പക്ഷേ, ഹനീഫ് അദേനിയെന്ന ഒരു ചലച്ചിത്രകാരന്‍റെ വരവിനെ ആഘോഷപൂര്‍വ്വം അറിയിക്കാന്‍ സിനിമയ്ക്കാവുന്നുണ്ട്. അതല്ലാതെ മമ്മൂട്ടിയുടെ കരിയറില്‍, അഭിനയത്തിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിനു എന്തെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന സിനിമയേയല്ല ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ താര ശരീരത്തിന്‍റെ വിപണനത്തിന് ഉപരിപ്ലവമായി സഹകരിക്കുക എന്നത് മാത്രമാണ് ആ നിലയില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ സിനിമയില്‍ മമ്മൂട്ടിയുടെ ധര്‍മ്മം. അതിന്‍റെ പൂര്‍ത്തീകരണത്തിന് അണിയറക്കാര്‍ പുതിയ മോഡല്‍ ജാക്കറ്റും, ജീന്‍സും, ഷൂസും, സണ്‍ ഗ്ലാസ്സും, കാറുകളും മറ്റും നിര്‍ലോഭം ഉപയോഗിക്കുന്നു. താടിയൊക്കെ വച്ച് ഫ്രീക്കന്‍ ലുക്കില്‍ ആധുനികനായി വേഷമിട്ട ഡേവിഡ്‌ നൈനാന്‍ എന്ന കഥാപാത്രമായി, ആ കഥാപാത്രം ആവശ്യപ്പെടുന്ന പരിപൂര്‍ണ്ണത നല്‍കുന്നതിലും മമ്മൂട്ടി പിശുക്കിയിട്ടില്ല എന്നല്ല, ആഡംബരം തന്നെ കാണിച്ചിരിക്കുന്നു എന്നതാണ് ദൃശ്യങ്ങളുടെ ഘോഷങ്ങള്‍ പറയുന്നത്. ഒരു പക്ഷേ, താരാരാധകര്‍ എന്ന് പറയുന്ന, സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായിട്ടുള്ള, സിനിമയുടെ വ്യവസായ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തുക എന്നത് തന്നെയാകാം ഈ ‘താരകച്ചവട’ത്തിന്‍റെ ലക്ഷ്യങ്ങള്‍. ആ ലക്ഷ്യങ്ങള്‍ ഈ സിനിമ പൂര്‍ത്തീകരിക്കും എന്നത് ഉറപ്പ്.

ഡേവിഡ്‌ നൈനാന്‍ കൊച്ചിയിലെ ഒരു ബില്‍ഡറാണ്. കോടീശ്വരനായ നൈനാന്‍ അനവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വ്യവസായി എന്നത് മാത്രമാണ് ചിത്രത്തില്‍ അയാളെക്കുറിച്ചുള്ള പശ്ചാത്തല വിവരണം. കൌമാരത്തിലേക്ക് എത്താന്‍ തുടങ്ങുന്ന ഏക മകള്‍ നഗരത്തിലെ പ്രശസ്തമായ സ്കൂളില്‍ വിദ്യാര്‍ഥിനിയാണ്. ഡേവിഡിന്റെ ഭാര്യ മിഷേല്‍ (സ്നേഹ) നഗരത്തിലെ ആശുപത്രിയില്‍ ഡോക്ടറാണ്. നഗരകേന്ദ്രത്തിലെ ഒരു ഫ്ലാറ്റിലെ ന്യൂക്ലിയര്‍ കുടുംബനാഥന്‍, വ്യവസായി എന്നതിനപ്പുറം നായക കഥാപാത്ര പശ്ചാത്തലങ്ങളൊന്നും കഥയില്‍ വിവരണമില്ല. ഈ സിനിമയുടെ മുന്നോട്ട് പോക്കിന് അത് ആവശ്യവുമില്ല എന്നതാണ് വസ്തുത. കാരണം അജ്ഞാതനായ പ്രതിനായകനെ തേടിപ്പോകുന്ന വഴിക്കാഴ്ചകളിലേക്ക് മിഴികളാഴ്ത്താനാണ് ചിത്രം മിക്കപ്പോഴും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്. എന്തായാലും ഡേവിഡ്‌ ജീവനെപ്പോലെ സ്നേഹിക്കുന്ന, അയാള്‍ക്ക്‌ കരുതലുള്ള അയാളുടെ മകളുടെ ജീവിതത്തില്‍ ഒരു ദുരന്തം നടക്കുന്നു. സംഭാവാനന്തരം, “സമൂഹത്തിലായാലും, ശരീരത്തിലായാലും, ബാധിച്ചിരിക്കുന്ന അര്‍ബുദത്തെ മുറിച്ചു മാറ്റണം” എന്ന ഡോ. സൂസന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കാന്‍, ഒരു പിതാവ് നടപ്പിലാക്കുന്ന നീതിയുടെ കാഴ്ചകള്‍ കാണാന്‍ ദൃശ്യങ്ങളൊരുങ്ങുകയാണ് പിന്നീട് സ്ക്രീനില്‍. ആ ദൃശ്യ പരിസരങ്ങള്‍ ഒരുക്കുന്നതില്‍ ഹനീഫ് അദേനി ഒരു തുടക്കക്കാരനെന്ന് ഒരു രംഗത്തില്‍ പോലും തോന്നുകയില്ല എന്നതാണ് ഈ ചിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കാര്യം.

ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലടക്കം സംവാദങ്ങളുടെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയ ചൈല്‍ഡ് മൊളെസ്റ്റെഷന്‍, പീഡോഫീലിയ തുടങ്ങിയ അതിഗൌരവമായ വിഷയങ്ങളാണ് ഈ ചിത്രത്തിന്റെയും പ്രമേയ പരിസരങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്കിലും, ഗൌരവതരമോ, ശാസ്ത്രീയമായതോ ആയ ഒരു സമീപനം രചനയുടെ സമയത്ത് ഈ വിഷയങ്ങളില്‍ പുലര്‍ത്തിയിട്ടില്ല എന്നത് സിനിമയുടെ വലിയ ന്യൂനതയാണ്.

പുതുമുഖങ്ങളെയും തുടക്കക്കാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ എപ്പോഴും ശ്രദ്ധയും താത്പര്യവും കാട്ടിയിട്ടുള്ള നടനാണ് മമ്മൂട്ടി. അക്കാരണത്താല്‍ തന്നെ പുതു ശൈലികളാലും പുതു ചലച്ചിത്ര ഭാഷകളാലും സമ്പന്നമാവാറുണ്ട് പുതിയ കാലത്തെ മമ്മൂട്ടി സിനിമകള്‍. ബ്ലെസ്സി എന്ന സംവിധായകന്‍റെ ‘കാഴ്ച’യും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘ബെസ്റ്റ് ആക്ടറു’മൊക്കെ മുകളിലെ നിരീക്ഷണത്തെ ന്യായീകരിക്കുന്ന ചലച്ചിത്ര ശ്രമങ്ങളാണ്. അക്കൂട്ടത്തില്‍ വിജയകരമായി ചേര്‍ക്കപ്പെടുകയാണ് ഹനീഫ് അദേനി എന്ന ചെറുപ്പക്കാരനും.

ചലച്ചിത്ര ഭാഷയുടെ കൈകാര്യത്തില്‍ പുതിയൊരു ശൈലി, ദൃശ്യവും അദൃശ്യവുമായി പരീക്ഷിക്കുന്നുണ്ട് ഹനീഫ് അദേനി എന്ന് സൂക്ഷ്മമായി ചലച്ചിത്രം വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകും. ചെറിയ സംഭാഷണ ശകലങ്ങള്‍ കൊണ്ട് കഥയുടെ നിര്‍ണ്ണായകമായ രംഗങ്ങളെപ്പോലും മുന്നോട്ട് കൊണ്ട് പോവുക എന്നതാണത്. ദൃശ്യ പരിചരണത്തിലും സമാനമായ പുതുമകള്‍ കാണാം. ഒരു പക്ഷേ, അമല്‍ നീരദ് സമാനമായ പരീക്ഷണങ്ങള്‍ ‘ബിഗ്‌ ബി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ത്തന്നെ ചെയ്തിട്ടുണ്ട് എന്ന് തോന്നാമെങ്കിലും, പൂര്‍ണ്ണമായും വ്യക്തിത്വമുള്ള ഉദ്യമമാണ്‌ ഹനീഫിന്റെത്.

സ്കൂള്‍ വിദ്യാര്‍ഥിനി ക്ലാസ്സിലേക്ക് തോക്കുമായി വരിക, ഒരു രാജ്യത്തെ ഭരണകൂടത്തിന്‍റെ ഭാഗമായ പോലീസിനെ നോക്കുകുത്തിയാക്കി വെറുമൊരു വ്യവസായിയായ നായകന്‍ സൂപ്പര്‍ ഹീറോ ചമയുക, ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കല്‍പ്പോലും യൂണിഫോം ധരിക്കാതെ, മുടി നീട്ടി വളര്‍ത്തി, ഷേവ് ചെയ്യാതെ ഫ്രീക്കന്‍ വസ്ത്രങ്ങളില്‍ നടക്കുക തുടങ്ങിയ ചില്ലറ കല്ലുകടികള്‍ സിനിമയിലുണ്ട് എന്നത് വസ്തുതയാണ്. തമിഴ് താരം ആര്യയുടെ ആൻഡ്രൂസ് എന്ന പോലീസ് കഥാപാത്രത്തെ മുകളില്‍ വിവരിച്ച പ്രകാരമാക്കി സ്ക്രിപ്റ്റ് കൃത്രിമത്വം നിറഞ്ഞതാക്കിയത്, ഒരു പക്ഷേ ആ നടന്‍റെ ഇന്‍ഡസ്ട്രിയിലെ ഇമേജിനെ രക്ഷിക്കാനുമാവാം.

‘അഞ്ച് സുന്ദരികളി’ലെ സേതുലക്ഷ്മിയിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച  ബാലതാരമാണ് ബേബി അനിഘ. മമ്മൂട്ടിയ്‌ക്കൊപ്പം അനിഘയുടെ രണ്ടാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ മകളായ സാറ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ബേബി അനിഘ അവതരിപ്പിച്ചത്. ‘സ്ത്രീ കഥാപാത്രം’ എന്ന് വിളിക്കാവുന്നത് ഈ പെണ്‍കുട്ടി മാത്രമാണ് എന്നതാണ് സിനിമയുടെ മറ്റൊരു പോരായ്മ. നായിക സ്നേഹ പോലും പതിവുപോലെ നായക താണ്ഡവങ്ങളില്‍ കേവലം നിഴല്‍ കഥാപാത്രം മാത്രമാണ്. സ്റ്റൈലിഷ് നായകന് ചേരുന്ന ഭാര്യയായി ഉടുത്തൊരുങ്ങി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയല്ലാതെ നായികയ്ക്ക് കാര്യമായി ജോലിഭാരം ഒന്നും ചിത്രത്തിലില്ല.

വളരെ സുപ്രധാനപ്പെട്ട ഒരു കഥാപാത്രമായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ തമിഴ് നടന്‍ ആര്യയും ഗ്രേറ്റ് ഫാദറില്‍ എത്തുന്നു. ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആര്യ എത്തുന്നത്. കൊള്ളാവുന്ന പ്രകടനമാണ് മലയാളത്തില്‍ ആര്യ കാഴ്ച വച്ചിരിക്കുന്നത് എന്നത് യുക്തിസഹമായി പറയാം. മിയ ജോര്‍ജ്, മാളവിക മോഹന്‍, ഷാം, ഐ എം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, ഷാജോണ്‍, സുനില്‍ സുഗത, ബാലാജി ശര്‍മ എന്നിവരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെന്നു മിതമായി പറയാം .

റോബി വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകന്റെ കാഴ്ചയെ, ഭാവനയെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഈ കലാകാരന്‍ ഒരു വിസ്മമയം പോലെ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് ഇടുക്കിയുടെ ഭംഗി പകര്‍ത്തുന്ന രണ്ടാം പകുതി. ക്ലൈമാക്സ് രംഗങ്ങളില്‍ ക്യാമറ തന്നെയാണ് താരം.

സുശിന്‍ ശ്യാം വിസ്മയിപ്പിക്കുന്നത് പശ്ചാത്തല സംഗീതത്തിലെ അനിതരസാധാരണമായ പ്രതിഭയുടെ ധാരാളിത്തം കൊണ്ടാണ്. ഒരു പക്ഷേ ഈ സിനിമയില്‍ ഏറ്റവും മികച്ച വിഭാഗം എന്ന് വിളിക്കാവുന്നത്, ഈ സിനിമയുടെ ആത്മാവായ ഇതിന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. ഓരോ ദൃശ്യവും അനുഭവവേദ്യമാക്കുന്നതില്‍ ഗോപി സുന്ദറിന്റെ സംഗീതം വലിയ പങ്കാണ് വഹിക്കുന്നത് .

നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. സാങ്കേതികമായും എന്റര്‍ടൈന്‍മെന്റായും മികച്ച അനുഭവമാകുന്നതില്‍ ഒരു പങ്ക് നൌഫലിനുള്ളതാണ്. താര കേന്ദ്രീകൃതമായ ചലച്ചിത്ര കാഴ്ച്ചയുടെ ആഘോഷമാണ് ‘ദി ഗ്രേറ്റ് ഫാദര്‍’. അത്തരം പ്രതീക്ഷകളോടെ സമീപിക്കുന്നവരെ നിരാശരാക്കില്ല ഹനീഫ് അദേനിയുടെ ഈ ചിത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍