January 18, 2025 |
Share on

ട്രാന്‍സ്‌ഫോര്‍മറും കൊണ്ട് കള്ളന്മാര്‍ പോയി, 20 ദിവസത്തിലേറേയായി ഇരുട്ടില്‍ മുങ്ങി യുപിയിലെ ഗ്രാമം

കള്ളന്മാരെയും കിട്ടിയിട്ടില്ല, ഗ്രാമീണര്‍ക്ക് കറണ്ടും കിട്ടിയിട്ടില്ല

ഒന്നര ടണ്‍ ഭാരമുള്ള 250 കെവിഎ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഗ്രാമം ഇരുട്ടില്‍ കഴിയാന്‍ തുടങ്ങിയിട്ട് 20 ദിവസത്തിലേറേ. ഉത്തര്‍ പ്രദേശിലെ ബുദൗണ്‍ ജില്ലയിലെ സോറഹയിലെ 5000-ലേറെ ഗ്രമീണരുടെ ജീവിതമാണ് ദുരിതത്തിലായത്. കടുത്ത ശൈത്യം നേരിടുന്ന സമയം കൂടിയാണിത്. കര്‍ഷകരും വിദ്യാര്‍ത്ഥികളുമെല്ലാം പലവിധ ബുദ്ധിമുട്ടുകളിലാണ്.

ഡിസംബര്‍ 15 നാണ് തങ്ങളുടെ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ അവിടെയില്ലെന്ന കാര്യം ഗ്രാമീണര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വയലുകളില്‍ കൂട്ടിയിട്ടിരുന്ന വൈക്കോലുകള്‍ക്കിടയില്‍ നിന്നും ട്രാന്‍സ്‌ഫോര്‍മര്‍ കണ്ടെത്തി. പക്ഷേ, വിലപിടിപ്പുള്ള ചെമ്പു കമ്പികള്‍, എണ്ണ, ലോഹഭാഗങ്ങള്‍ എന്നിവയെല്ലാം കള്ളന്മാര്‍ കൈക്കലാക്കിയിരുന്നു. അതിനുശേഷമാണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉപേക്ഷിച്ചത്. ഉഗൈട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, മോഷണം പോയ ട്രാന്‍സ്‌ഫോര്‍മറിന് പകരം ഇതുവരെയായിട്ടും പുതിയത് സ്ഥാപിച്ചിട്ടില്ല. തന്മൂലം ഗ്രാമവാസികളുടെ ജീവിതം ഇപ്പോഴും ഇരുട്ടില്‍ തപ്പിത്തടയുകയാണ്.

മൂന്നാഴ്ച്ചയോടടുത്ത് വൈദ്യുതി മുടങ്ങിക്കിടക്കുന്നതോടെ ഇവിടെയുള്ളവരുടെ ജീവിതം സതംഭിച്ചിരിക്കുകയാണ്. കര്‍ഷകരും വിദ്യാര്‍ത്ഥികളുമാണ് ഈ ദുരിതത്തിന്റെ പ്രധാന ഇരകള്‍. അടുത്ത മാസം, യു പി ബോര്‍ഡ് പരീക്ഷ ആരംഭിക്കുകയാണ്. കറണ്ട് ഇല്ലാതായതോടെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയ അവസ്ഥയിലാണ്. ഇന്‍വെര്‍ട്ടറുകളും മൊബൈല്‍ ഫോണുകളുമെല്ലാം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. കൃഷിക്കാവിശ്യമായ പമ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുന്നതോടെ കര്‍ഷകരും നിസ്സഹായരായിരിക്കുകയാണ്. ജില്ല ഭരണാധികാരികളുടെയും ഇലക്ട്രിസിറ്റി ബോര്‍ഡിലെയും ഉദ്യോഗസ്ഥരുടെ മുന്നില്‍ ഗ്രാമവാസികള്‍ കയറിയിറങ്ങി നടക്കുകയാണെങ്കിലും ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ലെന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ താത്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നരേന്ദ്ര ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. സമീപ ഗ്രാമത്തില്‍ നിന്നും താത്കാലികമായി കണക്ഷന്‍ എടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. ശൈത്യകാലത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം രൂക്ഷമാകുന്നതെന്നാണ് ചൗധരി പറയുന്നത്. പൊലീസിനോട് പെട്രോളിംഗ് ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവര്‍ എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വൈദ്യുതി വിതരണം പുനരാരംഭിക്കുന്നതിന് യാതൊരു താത്കാലിക നടപടികളും വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവര്‍ തെറ്റായ വിവരമാണ് നല്‍കുന്നതെന്നും ഞങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ് കഴിയുന്നതെന്നുമാണ് ഗ്രാമവാസികള്‍ പറഞ്ഞത്.

കള്ളന്മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഉഗൈട്ടി സ്റ്റേഷന്‍ ഓഫിസര്‍ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞത്. ഈ മോഷണത്തിന് ഇലക് ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള സഹായവും കിട്ടിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ലൈവ് കണക്ഷന്‍ ഉള്ള ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിക്കണമെങ്കില്‍, അകത്തു നിന്നുള്ള സഹായം കിട്ടാതെ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. കള്ളന്മാരെ ഉടന്‍ തന്നെ കുടുക്കുമെന്നും മിശ്ര പറയുന്നു. പക്ഷേ, ഗ്രാമവാസികള്‍ പറയുന്നത്, അവര്‍ക്ക് ആദ്യം വേണ്ടത് കറണ്ട് ആണെന്നാണ്.  Thieves steal transformer UP village suffer power outage for 20 days 

Post Thumbnail
അമേഠി, റായ്ബറേലി സസ്‌പെന്‍സ് ഇന്നെങ്കിലും പൊളിക്കുമോ?വായിക്കുക

Content Summary; Thieves steal transformer UP village suffer power outage for 20 days

×