July 08, 2025 |
Share on

അവസാന ശ്രമം സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ, പിന്തുടർന്ന് ഇന്ത്യന്‍ ഏജന്‍സികൾ

മെഹുല്‍ ചോക്‌സിയെ പിടികൂടിയത് ഇങ്ങനെ

ഏഴ് വര്‍ഷത്തിലേറെയായുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഫലമായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയുടെ അറസ്റ്റ്. മൂന്ന് രാജ്യങ്ങളിലായിട്ടായിരുന്നു അന്വേഷണം നടന്നത്.

ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയായ രോഹിത് ശർമ്മ, അനന്തരവന്‍ നീരവ് മോദി, ഭാര്യ അമി മോദി, സഹോദരന്‍ നീഷല്‍ മോദി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് മെഹുല്‍ ചോക്‌സി, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,636 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് തന്നെ ചോക്‌സി 2018 ൽ ഇന്ത്യ വിട്ടിരുന്നു.

നിക്ഷേപ പരിപാടിയിലൂടെ പൗരത്വം നേടിയ ചോക്സി, കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയിലേക്കാണ് ആദ്യം കടന്നത്. 2021 ല്‍ അനധികൃതമായി കടന്നതിന്റെ പേരില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ചോക്‌സി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഉടൻ തന്നെ സിബിഐ സംഘം ചോക്‌സിയെ കസ്റ്റഡിയിലെടുക്കാനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ എത്തി. എന്നാൽ

ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ചോക്സിയുടെ അഭിഭാഷകർ ഡൊമിനിക്കൻ കോടതിയെ അറിയിച്ചു. പിന്നീട് വിചാരണ നേരിടാൻ അദ്ദേഹം തിരിച്ചെത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശേഷം 51 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ബ്രിട്ടീഷ് ക്വീൻസ് പ്രിവി കൗൺസിലിൽ നിന്ന് ചോക്സിക്ക് ഇളവ് ലഭിച്ചു. അതിനാൽ കൈമാറൽ നടന്നില്ല, ചോക്സി ആന്റിഗ്വയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ചോക്സിക്കെതിരെയുള്ള നിയമവിരുദ്ധ പ്രവേശന കുറ്റങ്ങൾ ഒഴിവാക്കുകയായിരുന്നു.

ഈ കാലയളവിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്സിയെ നിരീക്ഷിച്ചു. കഴിഞ്ഞ വർഷം, ചോക്സി ബെൽജിയത്തിലാണെന്ന് മനസ്സിലാക്കുകയും അവിടത്തെ ഏജൻസികളെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ചോക്‌സിക്കെതിരായ തെളിവുകള്‍ ബെല്‍ജിയത്തിന് കൈമാറുകയും ഇന്ത്യക്ക് കൈമാറണെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശനിയാഴ്ചയാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയില്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏഴ് വര്‍ഷത്തിനിടയില്‍ മൂന്ന് രാജ്യങ്ങളിലാണ് ചോക്‌സിക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയത്.

മെഹുല്‍ ചോക്‌സിയുടെ ഭാര്യ പ്രീതി ബെല്‍ജിയം പൗരയാണ്. ബെല്‍ജിയം പൗരത്വം ലഭിക്കാനും ചോക്‌സി ഇതിനിടയില്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലും ആന്റിഗ്വയിലും പൗരത്വമുള്ള കാര്യവും മറച്ചുവെച്ചു.

രക്താര്‍ബുധത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയിലാണെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ചോക്‌സിയുടെ അഭിഭാഷകന്‍ മുംബൈ കോടതിയെ അറിയിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്കു മുന്നില്‍ ഹാജരാകാമെന്നുമായിരുന്നു ചോക്‌സിയുടെ നിലപാട്. എന്നാല്‍ ഈ ആവശ്യം ഇന്ത്യ തള്ളുകയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

Content summary: This is how Indian agencies arrested Mehul Choksi after his last attempt to enter Switzerland

Leave a Reply

Your email address will not be published. Required fields are marked *

×