26 സാധാരണ പൗരന്മാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം നിന്നപ്പോഴും സമൂഹത്തിൽ വിദ്വേഷവും വെറുപ്പും നിറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. ഹിന്ദുവാണോയെന്ന് ഉറപ്പുവരുത്താൻ പേര് ചോദിച്ചു കൊണ്ടാണ് സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭീകരവാദത്തിന്റെ കാരണക്കാർ മുസ്ലീങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണതെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഭീകരാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നാണ് കശ്മീർ ജനത പ്രതികരിച്ചത്.
കശ്മീരിലെ സാധാരണ ജനങ്ങളുടെ പേരിൽ ഭീകരപ്രവർത്തനം നടത്തേണ്ടയെന്നവർ ഒരുമിച്ച് പറഞ്ഞു. ‘മിണ്ടാതിരിക്കുന്നത് പാപമാണ്, കുടുംബത്തോടൊപ്പം ജമ്മു കശ്മീർ ആസ്വദിക്കാൻ വന്നവർ ഒരിക്കലും ശവമഞ്ചത്തിലല്ല മടങ്ങേണ്ടത്,’ ആക്രമണത്തെ തള്ളിപ്പറഞ്ഞു കൊണ്ട് കശ്മീർ ജനത പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചവർക്ക് അത് നടപ്പായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഭീകരവാദത്തിനെതിരെയുള്ള കശ്മീരികളുടെ പ്രതികരണം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ പഹൽഗാം മുതൽ ശ്രീനഗർ വരെയും ജമ്മുവിൽ കിഷ്ത്വാർ മുതൽ ദോഡ വരെയും കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായിട്ടാണ് തീവ്രവാദ കൊലപാതകങ്ങളിൽ വ്യാപകമായ പ്രതിഷേധം ജമ്മു കശ്മീരിൽ നടന്നത്.
പഹൽഗാമിൽ ഏകദേശം 800 ഓളം പേർ ഹർത്താൽ ആചരിക്കുകയും കൊലപാതകങ്ങളെ അപലപിക്കുന്ന പ്ലക്കാർഡുകൾ പിടിച്ച് തെരുവിലിറങ്ങുകയും ചെയ്തു. ലോകത്തോടും അക്രമകാരികളോടും തങ്ങൾ വിനോദസഞ്ചാരികൾക്കൊപ്പമാണെന്ന് അവർ വിളിച്ചു പറഞ്ഞു. പ്രതിഷേധിച്ചവരിൽ ഭൂരിഭാഗവും ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ നിന്നുള്ളവരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരം ആക്രമണങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അക്രമികളോട് പറയാൻ പ്രതിഷേധങ്ങൾ ആവശ്യമായിരുന്നു. ഞങ്ങളുടെ ഉപജീവനമാർഗ്ഗം തകർന്നു എന്നത് കൊണ്ടല്ല പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഞങ്ങൾക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളുണ്ട്. എന്നാൽ അക്രമങ്ങൾക്ക് നേരെ മൗനം പാലിക്കുന്നത് പാപമാണ്, പഹൽഗാം ഹോട്ടലുടമകളുടെയും ഗസ്റ്റ്ഹൗസുകളുടെയും അസോസിയേഷൻ പ്രസിഡന്റ് മുഷ്താഖ് അഹമ്മദ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വ്യാപാരികളും സിവിൽ സൊസൈറ്റി അംഗങ്ങളും ജനപ്രതിനിധികളും ഒരുമിച്ച് നിന്നാണ് ആക്രമണത്തെ അപലപിച്ചത്. ബുധനാഴ്ച വൈകുന്നേരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ശ്രീനഗറിലെ നൗഹട്ടയിലെ ജാമിയ മസ്ജിദിന് പുറത്ത് ഉൾപ്പെടെ പ്രദേശവാസികൾ പ്ലക്കാർഡുകളും മെഴുകുതിരികളും വഹിച്ചുകൊണ്ട് ജാഥ നടത്തിയിരുന്നു.
ഈ ആക്രമണം നടത്തിയവർ മനുഷ്യത്വത്തിനും കശ്മീരികൾക്കും എതിരാണെന്ന് ഇവിടെയുള്ള എല്ലാവർക്കും മനസ്സിലാകുമെന്നാണ് ആക്രമണത്തെ എതിർത്തുകൊണ്ട് നൗഹട്ടയിലെ ഒരു കടയുടമ പ്രതികരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി സ്ത്രീകളാണ് ശ്രീനഗറിലെ അബ്ദുള്ള പാലത്തിൽ ഒത്തുകൂടിയത്. മതപരവും രാഷ്ട്രീയവുമായ വേർതിരിവുകൾക്കപ്പുറമാണ് ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ കിഷ്ത്വാറിലും ദോഡയിലും ആക്രമണകാരികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി.
ഭീകരരുടെ കൈയിൽ നിന്ന് സ്വയം രക്ഷ നേടാനും ഒപ്പമുള്ളവരെ രക്ഷിക്കാനും ശ്രമിച്ചവരുടെ ധീരതയെയും കശ്മീർ ജനത പ്രശംസിച്ചു. ഭീകരന്മാരുടെ കൈയിൽനിന്നു തോക്കു തട്ടിപ്പറിക്കാൻ ശ്രമിച്ചു വെടികൊണ്ടുവീണ കുതിരക്കാരൻ സയ്യദ് ആദിൽ ഹുസ്സൈൻ ഷായെ രാജ്യത്തിന്റെ ഹീറോ ആയാണ് അവർ വാഴ്ത്തിയത്.
പഹൽഗാം ഭീകരാക്രമണത്തെ ക്രൂരമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തീവ്രവാദത്തിന് സമൂഹത്തിൽ സ്ഥാനമില്ലായെന്ന് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ആക്രമണത്തിന് പിന്നാലെ വിചിത്ര വാദങ്ങളുമായി സംഘപരിവാർ അനുകൂലികൾ എത്തിയെങ്കിലും മനുഷ്യത്വത്തിന് മുകളിൽ വെറുപ്പിനെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കുന്നതാണ് കശ്മീർ ജനതയുടെ പ്രതികരണം. കൊല്ലപ്പെട്ട മനുഷ്യരുടെ രക്തം ഇന്ത്യയെ വിഭജനത്തിലേക്കല്ല കൂടുതൽ ഐക്യത്തിലേക്ക് നയിച്ചു എന്ന് അവരുടെ ഓരോ വാക്കുകളിലും പ്രവൃത്തിയിലും വ്യക്തമാണ്.
Content Summary: ‘Those who came to enjoy Kashmir should not return in coffin’, Kashmiris Stand United Against Pahalgam Attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.