കണ്ണൂര്‍ എരഞ്ഞോളി പഞ്ചായത്തിലെ കുടക്കളത്ത് വയോധികന്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചതോടെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുകയാണ്. തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം തന്നെ നിഷേധിച്ചിരുന്നു. ബോംബുണ്ടാക്കന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, എരഞ്ഞോളിയിലെ സംഭവം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമ്യ എ.കെ അഴിമുഖത്തോട് പറഞ്ഞു. പ്രദേശത്തുനിന്നും ബോംബ് ലഭിക്കുന്നതായോ ബോംബ് ഭീതിയുള്ളതായോ സാധരണക്കാരായ നാട്ടുകാരില്‍ നിന്നും ഇന്നുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഈ പഞ്ചായത്തും വാര്‍ഡും സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശം തന്നെയാണ്. എന്നാല്‍ സ്ഫോടനമുണ്ടായ വീടിരിക്കുന്ന പ്രദേശം കോണ്‍ഗ്രസ് അനുഭാവികള്‍ മാത്രം താമസിക്കുന്ന പ്രദേശമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ആര്‍എസ്എസുമാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവിടേക്ക് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് കൊണ്ടുപോയി വച്ചിട്ടും ഇതുവരെയും പരാതിയുയര്‍ന്നില്ല എന്ന് പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ട്. കൂടാതെ ഈ പ്രദേശത്തേക്കുള്ള രണ്ട് വഴികളും ജനവാസ കേന്ദ്രങ്ങളാണ്. പാതിരാത്രിയില്‍ പോലും വാഹനങ്ങള്‍ കടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടും. പിന്നെയെങ്ങനെയാണ് ഇവിടെ യാതൊരു സ്വാധീനവുമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ബോംബ് പോലുള്ള വസ്തുക്കള്‍ അതിസൂക്ഷ്മമായി ഇവിടെ എത്തിക്കാനും ഇറക്കിവയ്ക്കാനും ആകുകയെന്നും അവര്‍ ചോദിക്കുന്നു.
പാര്‍ട്ടി ഓഫീസിനടുത്ത് കൂടിയാണ് ഈ വീട്ടിലേക്ക് എത്താനുള്ള മറ്റൊരു വഴി. എന്നാല്‍ പാര്‍ട്ടി ഓഫീസിനും ഈ വീടിനും ഇടയ്ക്ക് കോണ്‍ഗ്രസ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുചേരുന്ന ഒരിടമുണ്ട്. പരിസരവാസികള്‍ മദ്യപിക്കാനും മറ്റും ഇവിടെ ഒത്തുകൂടാറുമുണ്ട്. 2017ല്‍ ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ എന്റെ ഭര്‍ത്താവിന് ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും രമ്യ പറയുന്നു. ആ കേസിന്റെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ സൂരജ് ഈ വീടിന് പിന്നിലാണ് താമസിക്കുന്നത്. ഇയാളുടെ ചേട്ടന്‍ കുറച്ചുനാള്‍ മുമ്പ് അരങ്ങേറ്റുപറമ്പ് വാര്‍ഡില്‍ നിടുങ്ങോട്ടില്‍ കാവില്‍ ക്ഷേത്രപരിപാടിക്കിടെ നടന്ന ആക്രമണത്തിലെ മുഖ്യപ്രതിയും രണ്ട് കൊലപാതക കേസിലെ പ്രതിയുമാണ്. സ്വാഭാവികമായും സിപിഎമ്മുകാരെക്കാള്‍ ഇവര്‍ക്കൊക്കെയാണ് ഇവിടെ ബോംബ് കൊണ്ടുവന്ന് സൂക്ഷിക്കാന്‍ എളുപ്പവും അതിന്റെ ആവശ്യവുമെന്നും രമ്യ ആരോപിച്ചു.
സമീപ പ്രദേശത്ത് അടുത്തകാലത്തായി രാഷ്ട്രീയ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിക്ക് സംഘര്‍ഷ സാധ്യതകള്‍ കുറഞ്ഞ സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് പരിസരവാസിയായ പ്രകാശന്‍ പറഞ്ഞു. അതുപോലെ ശക്തമായ മഴ പെയ്യുന്ന ഈ സമയത്ത് ഇത്തരമൊരു തുറസ്സായ പറമ്പില്‍ ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് പറയുന്നതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. അടുത്തകാലത്ത് ഇവിടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമ സംഭവം രണ്ട് പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായമാണ് കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയായ സിന മണിയത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി പങ്കുവച്ചത്. പ്രദേശത്ത് പതിവായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നും പലതവണ പറമ്പുകളില്‍ നിന്നും ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നുമാണ് സിന പറഞ്ഞത്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നു പറയുന്നതെന്നും അവര്‍ പറയുന്നു. ‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം’- അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആരോപിച്ചു.
റോഡരികിലുള്ള വീടിന് തൊട്ടടുത്ത് തന്നെ പഞ്ചായത്ത് ഓഫീസാണ് ഉള്ളത്. നൂറ് മീറ്റര്‍ അകലെ പാര്‍ട്ടി ഓഫീസായ കിസാന്‍ ഓഫീസും. കുടുംബ വഴക്കിന്റെ പേരില്‍ ആരും ഈ വീട്ടിലേക്ക് വരാറില്ലെന്നും സിന പറയുന്നു. ഞാനിപ്പോള്‍ തലശേരിയില്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, എല്ലാ ദിവസവും ഉച്ചയ്ക്ക് എന്റെ വീട്ടിലെത്തി അമ്മയോടൊപ്പമാണ് ഉച്ചയൂണ് കഴിക്കുന്നത്. ചുറ്റുപാടും വീടുകളുണ്ടെങ്കിലും പരസ്യമായി പാര്‍ട്ടിക്കാര്‍ ഇവിടെ കൊണ്ടുവന്ന് ബോംബ് വച്ചിട്ട് പോയാലും ആരും പേടിച്ചിട്ട് ചോദിക്കില്ലെന്ന് അവര്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന ആരോപണവുമായും സിന രംഗത്തെത്തിയിരുന്നു. ഞാനിതെല്ലം തുറന്നു പറയാന്‍ തയ്യാറായത് ഈ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ചില പാര്‍ട്ടിക്കാര്‍ വീട്ടിലെത്തി എന്റെ അമ്മയോട് മകളെ പറഞ്ഞ് മനസ്സിലാക്കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞ് നടന്നു. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെയെല്ലാം കൊല്ലുമായിരിക്കും അല്ലേയെന്ന് അമ്മ ചോദിച്ചപ്പോള്‍ അവരൊന്ന് ചിരിച്ചുകൊണ്ട് നടന്നുപോകുകയായിരുന്നു.’ സിന പറഞ്ഞു.
അതേസമയം ആ ചിരിയെ നിങ്ങള്‍ നിസ്സാരമായി കാണേണ്ടെന്നാണ് സിന അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. ‘നിങ്ങള്‍ മാധ്യമങ്ങള്‍ രണ്ടോ മൂന്നോ ദിവസം ഞങ്ങള്‍ക്കൊപ്പമൊണ്ടാകും. അതുകഴിഞ്ഞ് നിങ്ങള്‍ പുതിയ വാര്‍ത്തയുടെ പിന്നാലെ പോകും. ഇവിടെ ഇനിയും ജീവിക്കേണ്ടത് ഞങ്ങളാണ്. ഞങ്ങളുടെ ജീവനും വിലയില്ലേ?’ സിന ചോദിച്ചു.
കണ്ണൂരില്‍ ബോംബ് സ്ഫോടനങ്ങളുണ്ടാകുന്നതും ബോംബുകള്‍ കണ്ടെത്തുന്നതുമൊന്നും പുതുമയല്ലെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. ജൂണ്‍ പതിനെട്ടിന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വി. മോഹന്‍ദാസിന്റെ തറവാട് വീടിന്റെ മുറ്റത്ത് വച്ചുണ്ടായ സ്ഫോടനത്തില്‍ ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ വേലായുധന്‍ (85) കൊല്ലപ്പെട്ടത്.
വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത വീടിന് ചുറ്റിലുമുള്ള പറമ്പില്‍ നിന്നും തേങ്ങ ശേഖരിക്കുന്നത് വേലായുധനായിരുന്നു. തേങ്ങയാണെന്ന് കരുതിയെടുത്ത ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. തൊട്ടടുത്ത് തന്നെയുള്ള എരഞ്ഞോളി പഞ്ചായത്ത് ഓഫീസില്‍ നിന്നും പഞ്ചായത്ത് അംഗങ്ങള്‍ സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഫോടനം പരാജയത്തിന്റെ ജാള്യം മറയ്ക്കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്, ബിജെപി നേതൃത്വങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു.
English summary: Threats and allegations over Kannur bomb explosion