ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിന്റെ പ്രഖ്യാപന നാള്‍ മുതല്‍ക്കേ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ വിജയത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമമായ തുളസേന്ദ്രപുരം. ജനിച്ചിട്ടിന്ന് വരെ കമലാ ഹാരിസ് ഈ ഗ്രാമം സന്ദര്‍ശിക്കുകയോ, അവിടുത്തെ ഗ്രാമീണരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.
എന്നിട്ടും ഒരു ഗ്രാമം മുഴുവന്‍ കമലയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. കാരണം കമലാ ഹാരിസിന്റെ വിജയം തുളസേന്ദ്രപുരത്തിന്റെ വിജയമായാണ് അവര്‍ കരുതുന്നത്. Thulasedrapuram is waiting for the success of Kamala Harris
തമിഴ്നാട്ടിലെ പച്ചപുതച്ച നെല്‍പ്പാടങ്ങള്‍ക്കും നിലക്കടല ഫാമുകള്‍ക്കും ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗ്രാമത്തിലാണ് കമലാ ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ജനിച്ചത്. അതിനുശേഷം ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും അവര്‍ ഇന്നും അഭിമാനത്തോടെ കമലയെ വിളിക്കുന്നത് ‘നാടിന്റെ മകള്‍’ എന്നാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനിയായി കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന വെല്ലുവിളികളും, സ്വിംഗ് സ്റ്റേറ്റുകളിലെ പോരുകളുമെല്ലാം ഗ്രാമത്തിലെ ചായക്കടയില്‍ പോലും ഗൗരവമേറിയ ചര്‍ച്ചാ വിഷയങ്ങളാണ്. കമലയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും, തമിഴില്‍ വിജയാശംസകള്‍ നേരുന്ന ബാനറുകളും പരസ്യബോര്‍ഡുകളും തുളസേന്ദ്രപുരത്ത് ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല, കമലയുടെ വിജയത്തിനായി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദൈനംദിന പൂജകളും നടത്തിയാണ് അവര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നത്.
”അവര്‍ ജയിക്കുന്നോ, ഇല്ലയോ എന്നതല്ല. അവര്‍ മത്സരിക്കുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് ചരിത്രപരവും അഭിമാനകരവുമാണ്,” പ്രാദേശിക രാഷ്ട്രീയക്കാരനായ എം മുരുകാനന്ദന്റെ വാക്കുകളാണിത്. അമ്മ ശ്യാമള ഗോപാലന്‍ ഇന്ത്യന്‍ വേരുകള്‍ തന്റെ സ്വഭാവ രൂപീകരണത്തില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് കമല ഹാരിസ് പലപ്പോഴും വാചാലയായിട്ടുണ്ട്. കമലയുടെ മുത്തച്ഛനും മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനുമായ പിവി ഗോപാലന്റെ നാടാണ് തുളസേന്ദ്രപുരം. കമലയുടെ അമ്മയാകട്ടെ ചെന്നൈയില്‍ നിന്ന് തന്റെ പത്തൊമ്പതാം വയസ്സില്‍ ഡല്‍ഹിയിലും പിന്നീട് അവിടെ നിന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഉപരിപഠനത്തിനായി അമേരിക്കയിലേക്കും കുടിയേറി. അവിടെ വെച്ച് ജമൈക്കന്‍ പൗരനായ ഹാരിസിനെ വിവാഹം കഴിക്കുകയും ചെയ്തു.
ഇവര്‍ക്കുണ്ടായ മകളാണ് കമല ഹാരിസ്. ചെറുപ്പകാലത്ത് പലവട്ടം കമല ഹാരിസ് ചെന്നൈ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ‘തുളസേന്ദ്രപുരം’ ഇന്നുവരെ സന്ദര്‍ശിച്ചിട്ടില്ല. കമലയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിയുന്നത്. അവിടുന്നങ്ങോട്ട് തന്റെ ‘അമ്മ നേരിട്ട വെല്ലുവിളികള്‍ കമലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതായിരുന്നു. കാനഡയിലെ മോണ്‍ട്രിയാലില്‍ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലുള്‍പ്പെടെ അധ്യാപികയായി ജോലി ചെയ്ത്, വെള്ളക്കാര്‍ക്കിടയില്‍ ഒറ്റയ്ക്ക് അവര്‍ രണ്ട് പെണ്‍മക്കളെ വളര്‍ത്തി വലുതാക്കി. മികച്ച വിദ്യാഭ്യാസം നല്‍കി അവരെ കരുത്തരായി വളര്‍ത്തി. ചെന്നൈയില്‍ ജനിച്ച് ബിരുദാനന്തര പഠനത്തിന് യുഎസിലെത്തി, പ്രശസ്തയായ സ്തനാര്‍ബുദ ഗവേഷണ ശാസ്ത്രജ്ഞയായി മാറിയ അമ്മ ശ്യാമള കലയ്ക്ക് 5 അടി ഉയരമുള്ള തവിട്ട് നിറമുള്ള ആക്‌സന്റ് ഉള്ള കരുത്തയായ സ്ത്രീയാണ്. പലപ്പോഴും വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന കമലയ്ക്ക്, ആ കരുത്ത് തന്നെയാണ് പിന്നിട്ട് വന്ന ജീവിത വഴികള്‍ കൂടുതല്‍ ആര്‍ജ്ജവം നല്കിയതെന്ന് അവര്‍ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. കറുത്തവര്‍ഗക്കാരുടെ ജീവിതരീതികളും സംസ്‌കാരവും സ്വീകരിച്ച്, സ്വന്തം തൊലിനിറം വെളുപ്പല്ലെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് കമലയെയും സഹോദരിയെയും അവരുടെ ‘അമ്മ വളര്‍ത്തിയത്.
ജമൈക്കയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്. 1963-ലാണ് ശ്യാമളയും ഡൊണാള്‍ഡ് ഹാരിസും വിവാഹിതരായത്. 2009 ലാണ് ശ്യാമള കാന്‍സര്‍ ബാധിതയായി മരണമടയുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ശക്തമായ അവബോധത്തോടെയും വിലമതിപ്പോടെയുമാണ് കമലയും സഹോദരിയും വളര്‍ന്നത്. കമലാ ഹാരിസ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിരുന്നത് പോലെ തന്റെ അമ്മ അവരുടെ വാത്സല്യമോ നിരാശയോ പ്രകടിപ്പിച്ചിരുന്നതും അവരുടെ മാതൃഭാഷയില്‍ തന്നെ ആയിരുന്നു. കഴിഞ്ഞവര്‍ഷം വൈറ്റ് ഹൗസിലെ ഒരു ചടങ്ങിനിടെ ‘നീ തെങ്ങില്‍ നിന്ന് വീണതാണോ?’ എന്ന കമലയുടെ കോക്കനട്ട് ട്രീ മീം അവരുടെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിന്റെ നിര്‍ണായക നിമിഷങ്ങളില്‍ ഇന്റര്‍നെറ്റ് ഭരിച്ചത് ആരും മറന്നുകാണില്ല, സത്യത്തില്‍ അത് കമലയുടെ അമ്മ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്ന ഒരു വാമൊഴിയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഇഡ്ഡലിയോടും ദോശയോടും ഉള്ള തന്റെ പ്രത്യേക ഇഷ്ടത്തെക്കുറിച്ചും, ദക്ഷിണേന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചും കമല പൊതുവേദികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ബ്ലാക്ക് ബാപ്റ്റിസ്റ്റ് പള്ളിയും ഹിന്ദു ക്ഷേത്രവും സന്ദര്‍ശിക്കുമായിരുന്നു എന്നും കമല പറഞ്ഞിട്ടുണ്ട്. തന്റെ ഇന്ത്യ സന്ദര്‍ശനവും, ചെന്നൈയിലെ പ്രശസ്തമായ കടല്‍ത്തീരത്തുകൂടെ മുത്തച്ഛന്‍ ഗോപാലനൊപ്പമുള്ള സവാരിയും, പൗരാവകാശത്തിനും സമത്വത്തിനും വേണ്ടി പോരാടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മുത്തച്ഛന്റെ ഉപദേശവുമെല്ലാം കമല പല ഘട്ടത്തിലായി അനുസ്മരിക്കാറുണ്ടായിരുന്നു. പിന്നീട് 2009 ലാണ് അമ്മയുടെ ചിതാഭസ്മം കടലിലൊഴുക്കാന്‍ കമലാ ഹാരിസ് അവസാനമായി ചെന്നൈ ബീച്ചില്‍ എത്തിയത്.
തുളസേന്ദ്രപുരത്ത് ഇപ്പോള്‍ കമലയുടെ ബന്ധുക്കള്‍ ആരുംതന്നെയില്ല. അവളുടെ മുത്തച്ഛന്‍ ജനിച്ച തറവാട്ട് വീട് ഇന്ന് ഒഴിഞ്ഞ പറമ്പ് മാത്രമാണ്. എങ്കിലും പുരോഗമന മൂല്യങ്ങളും സജീവതയോടുള്ള അഭിനിവേശവുമുള്ള ആ നല്ല വായനക്കാരനെ ആ ഗ്രാമവും ജനങ്ങളും ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. ആ സ്‌നേഹം തന്നെയാണ് കൊച്ചുമകളായ കമലയോടും അവര്‍ക്കുള്ളത്. കമലാ ഹാരിസിന്റെ അമ്മായി സരള ഇപ്പോഴും ചെന്നൈയിലാണ് ഉള്ളത്.
ഒരു ദിവസം കമല അവരെ സന്ദര്‍ശിക്കുമെന്ന് തന്നെയാണ് ആ ഗ്രാമം മുഴുവന്‍ പ്രതീക്ഷിക്കുന്നത്. നാട്ടിലെ വില്ലേജ് ബസ് സ്റ്റോപ്പിനും, മഴവെള്ള സംഭരണിക്കുമടക്കം അവര്‍ കമലയുടെ പേരിലാണ് നിര്‍മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള അമേരിക്കയിലെ കമലാ ഹാരിസിന്റെ ഉയര്‍ച്ച ആ നാട് മുഴുവന്‍ ആഘോഷമാക്കുകയാണ്. ഇനി ആ നാട് കാത്തിരിക്കുന്നത് അവളുടെ വിജയം ഒരുത്സവമാക്കാനാണ്.
തമിഴ്നാട്ടിലെ സ്ഥിതിവിശേഷം ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കമലാ ഹാരിസിന്റെ ഇന്ത്യന്‍ വേരുകള്‍, വലിയ ചര്‍ച്ചാവിഷയമായി തുടരുകയാണ്. ചരിത്രപരമായി ഇന്ത്യയിലെ അമേരിക്കന്‍ വോട്ടര്‍മാര്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണ്. എന്നാല്‍ 2020 മുതല്‍ ഡെമോക്രാറ്റുകള്‍ക്കുള്ള പിന്തുണ കുറയുകയാണെന്നാണ് കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഈ ആഴ്ച പുറത്തിറക്കിയ സര്‍വേയില്‍ സൂചിപ്പിക്കുന്നത്. ഇവിടെയാണ് ആദ്യമായി ആഫ്രിക്കന്‍ – ഏഷ്യന്‍ വംശജയായ കമലയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതും. തുളസേന്ദ്രപുരം ഗ്രാമത്തില്‍ നിന്ന് 250 ഓളം കുടുംബങ്ങള്‍ അടുത്ത കാലത്തായി ജോലിക്കായി യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. പലരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതായത് ഈ കുടുംബങ്ങള്‍ക്ക് കമലയുടെ വിജയത്തിനായി കുറഞ്ഞത് 10 വോട്ടുകളെങ്കിലും ഉണ്ടായിരിക്കാം എന്ന് സാരം.
സര്‍വേ പ്രകാരം, രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 61% കമലയ്ക്ക് അനുകൂലമാണ്. എന്നാല്‍ 2020 മുതല്‍ ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധനയുണ്ടായി. ലിംഗ വ്യത്യാസം പ്രത്യേകിച്ചും ശ്രദ്ധേ നേടുന്നുണ്ട്: 67% ഇന്ത്യന്‍ അമേരിക്കന്‍ സ്ത്രീകളും കമലയ്ക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍, 53% പുരുഷന്മാരാണ് അവരെ അനുകൂലിക്കുന്നത്. Thulasedrapuram is waiting for the success of Kamala Harris
content summary; Thulasedrapuram is waiting for the success of Kamala Harris