ചെന്നൈയിലുള്ള ചെറിയ ഗ്രാമമായ തുളസേന്ദ്രപുരത്തു നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് അനേകം മെെൽ ദൂരമുണ്ട്. ആ ദൂരം ചെന്നെത്തി നിൽക്കുന്നത് അമേരിക്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കാണ്. അത് പ്രതിഫലിപ്പിക്കുന്ന സാമാന്യം വലിയൊരു ബോർഡും ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. ബൈഡന്റെ പിന്മാറ്റത്തോടെ ട്രംപിനെതിരെ തുറുപ്പ് ചീട്ടായി ഇറക്കിയേക്കാവുന്ന കമല ഹാരിസിന്റെ ചിത്രമടങ്ങിയതാണ് ആ ബോർഡ്. തുളസേന്ദ്രപുരം സ്വദേശിയാണ് കമലയുടെ അമ്മ.kamala haris family from tamil village
കമലയുടെ വിജയത്തിന് വേണ്ടി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും, ബൈഡന്റെ പിന്മാറ്റവും, കമലയുടെ സാധ്യതകളും തുളസേന്ദ്രപുരത്തെ ചൂടൻ ചർച്ചകളാണ്, അമേരിക്കൻ രാഷ്ട്രീയം അവർ അത്രകണ്ട് പിന്തുടരുന്നുണ്ട്. “ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിലേക്ക് കമല എത്തിയെന്നത് എളുപ്പമുള്ള കാര്യമല്ല.” റിട്ടയേർഡ് ബാങ്ക് മാനേജരായ കൃഷ്ണമൂർത്തി ബിബിസിയോട് പറയുന്നു. “ഞങ്ങൾ കമലയെ ഓർത്ത് ശെരിക്കും അഭിമാനിക്കുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യക്കാരെ വിദേശികൾ ഭരിച്ചിരുന്നെങ്കിൽ, ഇന്ന് ഇന്ത്യക്കാർ ലോക ശക്തികളെ നയിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ കമല ഹാരിസിന്റെ നേട്ടങ്ങളെ അവർ അത്യധികം സന്തോഷത്തോടെയാണ് കാണുന്നത്. എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് കമലയുടെതെന്ന് പറയുന്നു.
“അവൾ സ്വന്തം വേരുകൾ മറന്നില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഗ്രാമ തദ്ദേശ സ്ഥാപന പ്രതിനിധി അരുൾമൊഴി സുധാകർ പറഞ്ഞു. കമല ഹാരിസ് വൈസ് പ്രസിഡൻ്റായപ്പോൾ ഗ്രാമവാസികൾ പടക്കം പൊട്ടിച്ചും പോസ്റ്ററുകളുമായി തെരുവിലിറങ്ങിയിരുന്നു. നൂറുകണക്കിനാളുകൾക്ക് സമൂഹ സദ്യയും ഇവർ നടത്തിയിരുന്നു. പ്രധാന വിഭവം കമല ഹാരിസിന് ഏറ്റവും പ്രിയപെട്ടതെന്ന് ബന്ധുക്കൾ പറയുന്ന സാമ്പാറും ഇഡ്ഡലിയുമാണ്. 1958- ലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സ്തനാർബുദ ഗവേഷക ശ്യാമള ഗോപാലൻ (കമലയുടെ അമ്മ) അമേരിക്കയിലേക്ക് കുടിയേറുന്നത്.
19 വയസ്സുള്ളപ്പോൾ അമ്മ ശ്യാമള തനിച്ചാണ് ഇന്ത്യയിൽ നിന്ന് യുഎസിലെത്തിയതെന്ന് കഴിഞ്ഞ വർഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കമല ഹാരിസ് കുറിച്ചിരുന്നു. ശാസ്ത്രജ്ഞയും പൗരാവകാശ പ്രവർത്തകയുമായിരുന്നു അമ്മ. അതിനുപരി അതിശക്തയായ ഒരു സ്ത്രീയും, ഞങ്ങൾ രണ്ട് പെൺമക്കളും അമ്മയെ ഓർത്ത് അഭിമാനിക്കുന്നുണ്ട്.” കമല കൂട്ടിച്ചേർത്തു.
അമ്മയുടെ മരണശേഷം സഹോദരി മായയ്‌ക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് അവരുടെ ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന അക്കാദമിക് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് വരുന്നത്. അമ്മാവൻ ഗോപാലൻ ബാലചന്ദ്രൻ ഒരു അക്കാദമിക് ആണ്. മുത്തച്ഛൻ, പി വി ഗോപാലൻ ഇന്ത്യൻ ബ്യൂറോക്രാറ്റായിരുന്നു, അഭയാർത്ഥി പുനരധിവാസത്തിൽ വിദഗ്ധനായിരുന്ന അദ്ദേഹം1960-കളിൽ സാംബിയയുടെ ആദ്യ പ്രസിഡൻ്റിൻ്റെ ഉപദേശകനായും സേവനമനുഷ്ഠിച്ചിരുന്നു.
തുളസേന്ദ്രപുരത്തുള്ളവർ കമല സ്ഥാനാർത്ഥിയാകുമെന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. യുഎസിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയായിരിക്കാം തങ്ങളുടെ ഗ്രാമമെന്ന് സന്ദേശ വാസികൾ പറയുന്നു, എന്നാൽ കമലയുടെ യാത്രയുമായി അവർക്കും ആഭേദ്യമായ ബന്ധമുണ്ട്. കമല ഒരു ദിവസം അവരെ സന്ദർശിക്കുമെന്നും അല്ലെങ്കിൽ ഗ്രാമത്തെ കുറിച്ച് കമലയുടെ പ്രസംഗത്തിൽ പരാമർശിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്.
Content summary; Thulasendrapuram, a village in Tamil Nadu, is thrilled about the American electionkamala haris family from tamil village